തിരുവനന്തപുരം: നിന്ദിതരെയും പീഡിതരെയും ഒപ്പം ചേർക്കുകയാണ് ക്രിസ്തുവിലേക്കുളള വഴിയെന്ന് ജീവിതത്തിലൂടെ കാണിച്ചുതന്ന മനുഷ്യസ്‌നേഹിയാണ് അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പായെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് മുന്‍പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെങ്കൊടി താഴ്ത്തുന്നു, ബിനോയ് വിശ്വം പറഞ്ഞു.
മൂലധനത്തിന്‍റെ കണ്ണില്‍ച്ചോരയില്ലാത്ത അനീതികളെക്കുറിച്ച് മാര്‍പ്പാപ്പ ലോകത്തെ പഠിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടികളോടും യുവാക്കളോടും വിശ്വാസവഞ്ചന കാണിക്കുന്ന മൂലധനവാഴ്ച സ്ത്രീയെയും പ്രകൃതിയെയും ചവുട്ടി മെതിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിരല്‍ചൂണ്ടി പറഞ്ഞു. തന്‍റെ ഏറ്റവുമൊടുവിലത്തെ ക്രിസ്തുമസ് സന്ദേശത്തിലും മാര്‍പ്പാപ്പ പറഞ്ഞത് പാവങ്ങളെ ചൊല്ലി വ്യഥ കൊള്ളുന്ന രാഷ്ട്രീയക്കാര്‍ രാജ്യംതോറുമുണ്ടാകട്ടെ എന്നായിരുന്നു.
തീവ്ര വലതുപക്ഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മേല്‍ കമ്മ്യൂണിസ്റ്റ് മുദ്ര ചാര്‍ത്തിയപ്പോള്‍ അദ്ദേഹം അതു നിഷേധിച്ചു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ സത്യം പറയുമ്പോള്‍, അതു സത്യമാണെന്ന് തന്നെ താന്‍ പറയുമെന്നും മഹാനായ ആ ക്രിസ്തു ശിഷ്യന്‍ തറപ്പിച്ചു പറഞ്ഞു. അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് മുന്‍പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെങ്കൊടി താഴ്ത്തുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.