പ്രസിഡന്റ് ട്രംപിന്റെ താരിഫുകളിൽ നിന്നു രക്ഷ നേടാൻ അദ്ദേഹത്തിനു വഴങ്ങി കരാർ ഉണ്ടാക്കുന്ന രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടി വരുമെന്നു ചൈന താക്കീതു നൽകി.
ചൈനയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി യുഎസുമായി കരാർ ഉണ്ടാക്കുന്ന ഏതു രാജ്യവും അതിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ചൈനീസ് വാണിജ്യ വകുപ്പ് പറഞ്ഞു. "അങ്ങിനെയുള്ള കരാറുകൾ ചൈന ഒരിക്കലും അംഗീകരിക്കില്ല. ശക്തമായ തിരിച്ചടി നടപടികൾ സ്വീകരിക്കയും ചെയ്യും. ചൈന സ്വന്തം താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ ഉറച്ചാണ് നീങ്ങുന്നത്. അതിനുള്ള കരുത്തും ചൈനയ്ക്കുണ്ട്."
യുഎസുമായി തീരുവ കുറച്ചു കിട്ടാൻ ചർച്ചയ്ക്കു എത്തുന്ന രാജ്യങ്ങൾ ചൈനയുമായുളള വ്യാപാരം ഒഴിവാക്കണം എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. അതിനു വഴങ്ങാൻ പലരും തയാറാണെന്നും റിപ്പോർട്ടുണ്ട്.
"പ്രീതിപ്പെടുത്താൻ ശ്രമിച്ചത് കൊണ്ടു സമാധാനം കിട്ടുമെന്നു കരുതേണ്ട. ഒത്തുതീർപ്പു കൊണ്ട് ബഹുമാനം ലഭിക്കയുമില്ല," ചൈന പറഞ്ഞു.
സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി മറ്റുള്ളവരുടെ താല്പര്യങ്ങൾ ബലികഴിച്ചു ഒത്തുതീർപ്പിനു പോകുന്നത് പുലിയോടു തോൽ ചോദിക്കുന്നത് പോലെയാണ്.
"തുല്യത എന്ന പേരിൽ യുഎസ് എല്ലാ വ്യാപാര പങ്കാളികളുമായി താരിഫ് ദുരുപയോഗം ചെയ്യുകയാണ്. ചർച്ചയ്ക്കു ചെല്ലാൻ എല്ലാവരുടെ മേലും സമ്മർദം ചെലുത്തുകയും."
China to hit back at those who surrender to US