Image

പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 8 ജോണ്‍ ജെ. പുതുച്ചിറ)

Published on 27 April, 2025
പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 8 ജോണ്‍ ജെ. പുതുച്ചിറ)

എട്ട്

മധു ഭവ്യതയോടെ കുറുപ്പുസാറിന്റെ മുന്നില്‍ ചെന്നുനിന്നു. അദ്ദേഹം എന്താണ് പറയാന്‍ പോകുന്നതെന്ന് അറിയാനുള്ള ആകാംക്ഷയോടെ.
''മധൂ, നിനക്കൊരു ജോലി വാങ്ങിത്തരുന്നതിനെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നല്ലോ. അതിനെക്കുറിച്ചു സംസാരിക്കാനാണ് വിളിച്ചത്.''
കുറുപ്പുസാര്‍ ചാരുകസേരയില്‍ മലര്‍ന്നു കിടന്നുകൊണ്ട് പറഞ്ഞു: ''കൃഷ്ണപിള്ള എന്റെ ഉറ്റ ചങ്ങാതിയായിരുന്നു. പിള്ളയുടെ മകന്‍ എനിക്കന്യനല്ല. അതിനാല്‍ നീ മറ്റെങ്ങും ജോലിക്കു പോകേണ്ട. എന്റെ സ്ഥാപനത്തില്‍ത്തന്നെ മധുവിന് ജോലി നല്‍കാം.''
അവന്റെ മനസ്സില്‍ ആഹ്ലാദത്തേക്കാളേറെ പറഞ്ഞറിയിക്കാനാവാത്ത കൃതജ്ഞതയുടെ ഭാരം.
''മധുവിനുവേണ്ടി ഞാനൊരു പുതിയ പോസ്റ്റും സൃഷ്ടിച്ചിട്ടുണ്ട്-അസിസ്റ്റന്റ് മാനേജര്‍.''
''സര്‍, ഈ സഹായത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല...''
''വേണ്ട. അതൊക്കെ നിന്റെ മനസ്സില്‍ത്തന്നെ ഇരുന്നോട്ടെ.''
എന്നിട്ടും മനസ്സു നിറയെ കൃതജ്ഞതയുടെ സുഗന്ധപുഷ്പങ്ങള്‍. അത് എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ കുഴങ്ങുമ്പോള്‍ വീണ്ടും കുറുപ്പുസാറിന്റെ ശബ്ദം:
''എന്നാല്‍ അങ്ങനെയാവട്ടെ. നാളെത്തന്നെ മധുവിന് ജോലിയില്‍ പ്രവേശിക്കാം.''
മനസ്സുനിറയെ സ്വപ്നങ്ങളുമായി അവന്‍ റൂമിലേക്കു മടങ്ങി. അവിടെ ഏകനായിരുന്നു വീണ്ടും ദിവാസ്വപ്നങ്ങള്‍ കണ്ടു.
എല്ലാം നഷ്ടപ്പെട്ടവനായാണ് താന്‍ ഈ നഗരത്തിലേക്കു വന്നത്. സ്‌നേഹം, സ്വത്ത് എല്ലാമെല്ലാം. അവയെല്ലാം ഇനി തന്നെ സംബന്ധിച്ചിടത്തോളം കേവലം മരീചികകള്‍ ആയിരിക്കുമെന്നും കരുതി. എന്നാല്‍ തനിക്ക് ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയിരുന്നതു പലതും വീണ്ടും തന്റെ ജീവിതത്തിലേക്കു കടന്നുവരുന്നതുപോലെ തോന്നുന്നു. കുറുപ്പുസാറും ലക്ഷ്മിയും-അവര്‍ വീണ്ടും തനിക്ക് ജീവിക്കുവാനുള്ള ആഗ്രഹം ഉളവാക്കുന്നു.
എങ്കിലും ഊര്‍മ്മിളയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ ഒരു തേങ്ങലായി അവശേഷിക്കുന്നു.
പിറ്റേന്ന് ഒരു പുതിയ പ്രഭാതം.
വെളുപ്പിനെ തന്നെ മധു ഉറക്കമുണര്‍ന്നു. പ്രഭാതകൃത്യങ്ങളൊക്കെ വേഗത്തില്‍ നിര്‍വ്വഹിച്ചു. കുളിയും കാപ്പികുടിയുമൊക്കെ കഴിഞ്ഞ് പുതുതായി വാങ്ങിയ വസ്ത്രങ്ങളും ധരിച്ച് കണ്ണാടിക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ അയാള്‍ക്ക് സ്വയമെ ഒരഭിമാനം തോന്നിപ്പോയി. താനിത്രയും സുന്ദരനായിരുന്നുവോ!
പെട്ടെന്ന് ലക്ഷ്മി അവിടേയ്ക്കു കടന്നു വന്നു.
''എന്താ കണ്ണാടിയില്‍ നോക്കി സ്വന്തം സൗന്ദര്യം ആസ്വദിക്കയാണെന്നു തോന്നുന്നല്ലോ!''
''അതേയതെ. ഞാന്‍ തനിയെ ഇവിടെ നില്‍ക്കുമ്പോള്‍ സ്വന്തം സൗന്ദര്യമല്ലാതെ മറ്റാരുടെ സൗന്ദര്യം നോക്കി ആസ്വദിക്കാനാവും!''
''പുതിയ പാന്റ്‌സും ഷര്‍ട്ടും മധുവിന് നന്നെ ഇണങ്ങുന്നുണ്ട്.''
''ലക്ഷ്മിയുടെ സെലക്ഷനല്ലേ. അപ്പോള്‍ നന്നാവാതെ വരില്ല.''
''അതാ ഡാഡി വരുന്നുണ്ട്. മധുവും വരണം.'' അവള്‍ പറഞ്ഞു: ''ഞാന്‍ കോളജിലേക്കു പോവുകയാണ്. കൂട്ടത്തില്‍ ഫാക്ടറിയിലും കയറുന്നുണ്ട്. നിങ്ങള്‍ ചാര്‍ജെടുക്കുന്ന ദിവസമായതുകൊണ്ട്.''
അപ്പോഴേക്കും കുറുപ്പുസാറും രംഗത്തെത്തി.
''വരണം മധൂ, നമുക്കു പുറപ്പെടാം.'' അദ്ദേഹം പറഞ്ഞു.
അവര്‍ മൂവരും ഒരുമിച്ച് കാറിനടുത്തേയ്ക്കു നടന്നു. കുറുപ്പുസാറും മധുവും പിന്നിലിരുന്നു. ലക്ഷ്മി ഡ്രൈവറുടെ സീറ്റിലും. കാര്‍ മുന്നോട്ടു നീങ്ങി.
കൃത്യം ഒമ്പതു മണിക്ക് അത് ഫാക്ടറിപ്പടിക്കലെത്തി. തൊഴിലാളികളെല്ലാം അതിനകം വന്നു കഴിഞ്ഞിരുന്നു. യന്ത്രങ്ങള്‍ ചലിച്ചു തുടങ്ങിയിരുന്നു.
മാനേജര്‍ കവാടത്തിലെത്തി അവരെ സ്വീകരിച്ച് ഓഫീസ് റൂമിലേക്ക് ആനയിച്ചു. കുറുപ്പുസാര്‍ അവര്‍ ഇരുവരേയും പരസ്പരം പരിചയപ്പെടുത്തി.
''ഇത് നിര്‍മ്മലന്‍ തമ്പി-നമ്മുടെ മാനേജര്‍.''
''തമ്പീ ഇതാണ് ഞാന്‍ ഇന്നലെ ഫോണിലൂടെ സംസാരിച്ചപ്പോള്‍ പറഞ്ഞ മധു. നമ്മുടെ പുതിയ അസിസ്റ്റന്‍ഡ് മാനേജര്‍.''
ഇരുവരും പരസ്പരം ഷേക്ഹാന്‍ഡ് ചെയ്തു.
''നമ്മുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഇങ്ങനെ ഒരു നിയമനം നടത്തിയത് നന്നായി സാര്‍.''
തമ്പി തന്റെ അസിസ്റ്റന്‍ഡിന്റെ ആഗമനത്തെ സസന്തോഷം സ്വാഗതം ചെയ്തു.
വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോള്‍ ഫാക്ടറിപ്പടിക്കല്‍ കാറുമായി ലക്ഷ്മി എത്തി. മധു അത് പ്രതീക്ഷിച്ചിരുന്നില്ല. തങ്ങളുടെ കമ്പനിയിലെ കേവലം ഒരുദ്യോഗസ്ഥനുവേണ്ടി മുതലാളിയുടെ മകള്‍ കാറുമായി എത്തുക!!
''എന്നും കോളജ് വിട്ടാല്‍ ഞാന്‍ നേരെ വീട്ടിലേയ്ക്കു വിടുകയാണു പതിവ്. ഇന്നു മധുവിനെക്കൂടി കൂട്ടിക്കൊണ്ടു പോകുന്നതിനുവേണ്ടി അല്പനേരം ലൈബ്രറിയില്‍ തങ്ങി.''
''ബുദ്ധിമുട്ടേണ്ടിയിരുന്നില്ല. ഞാന്‍ ബസ്സിലോ ഓട്ടോയിലോ എങ്ങനെയെങ്കിലും വീട്ടില്‍ എത്തിക്കൊള്ളാമായിരുന്നു.''
''എനിക്കിതൊരു ബുദ്ധിമുട്ടല്ല.'' അവള്‍ പറഞ്ഞു: ''മിസ്റ്റര്‍ മധൂ, പിന്നെ മറ്റൊരു കാര്യം. എനിക്ക് എന്നും ഇതുമാതിരി ഡ്രൈവ് ചെയ്ത് നിങ്ങളെ ഓഫീസിലെത്തിക്കാന്‍ പറ്റാതെ വന്നാലോ! അതു കൊണ്ടു നിങ്ങളൊരു കാര്യം ചെയ്യൂ, ഡ്രൈവിംഗ് പഠിച്ചോളൂ!''
''പിന്നീട് സമയവും സൗകര്യവും കിട്ടുമ്പോള്‍ ഞാനതിനു ശ്രമിക്കാം.''
''എന്തിനു പിന്നത്തേയ്ക്കു മാറ്റിവയ്ക്കണം! ഇപ്പോള്‍ത്തന്നെ തുടങ്ങിക്കൊള്ളൂ ഉം, ഇങ്ങോട്ടടുത്തിരിക്കണം.''
അവളുടെ തൊട്ടടുത്ത സീറ്റില്‍ മധു മടിച്ചിരിക്കുമ്പോള്‍ ലക്ഷ്മി വീണ്ടും നിര്‍ബ്ബന്ധിച്ചു.
''എന്താ പറഞ്ഞതു കേട്ടില്ലേ! ഇങ്ങോട്ടടുത്തിരിക്കൂ. എന്നിട്ട് ഈ സ്റ്റിയറിംഗില്‍ പിടിക്കൂ.''
മധു അവളോടടുത്തിരുന്നു. മേനികള്‍ തമ്മില്‍ സ്പര്‍ശിച്ചപ്പോള്‍ അവന് രോമാഞ്ചമുണ്ടായതുപോലെ തോന്നി. അവളുടെ മേനിക്കു നല്ല ചൂട്! പക്ഷെ ആ സ്പര്‍ശനം ലക്ഷ്മിയില്‍ യാതൊരു ഭാവവ്യത്യാസവും ഉണ്ടാക്കിയില്ല.
''ഉം, ഇനി സ്റ്റിയറിംഗില്‍ പിടിക്കൂ.'' അവള്‍ പറഞ്ഞു.
അവന്‍ തന്റെ ഇരുകരങ്ങളും കൊണ്ട് സ്റ്റിയറിംഗില്‍ പിടിച്ചു. വളയം തെല്ലു തിരിച്ചപ്പോള്‍ അവന്റെ വലതുകൈമുട്ട് അവളുടെ മാറിലുരസി. പൊടുന്നനെ അവന്‍ ലക്ഷ്മിയുടെ മുഖത്തേയ്ക്കു നോക്കിപ്പോയി.
അങ്ങനെ ഒരു സംഭവം അറിഞ്ഞ ഭാവമേയില്ല അവളുടെ മുഖത്ത്.
ലക്ഷ്മി കാറു നിറുത്തി. എന്നിട്ടു പറഞ്ഞു:
''ആദ്യം മുതല്‍ക്കെ ഞാന്‍ പഠിപ്പിച്ചു തരാം. കാര്‍ സ്റ്റാര്‍ട്ടാക്കുന്നതിന് ആദ്യം ഈ 'കീ'യില്‍ പിടിച്ച് വലത്തോട്ടു തിരിക്കണം.'' അവള്‍ അങ്ങനെ ചെയ്തു കാണിച്ചു.
''പിന്നെ ദാ ഇങ്ങനെ...'' അവള്‍ ആ വാഹനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി കാട്ടിക്കൊടുത്തു. കാറ് വീണ്ടും സാവധാനം മുന്നോട്ടു നീങ്ങി.
''ഇനി പഴയതുപോലെ സ്റ്റിയറിംഗില്‍ പിടിച്ചോളൂ. ഇങ്ങനെ കുറെ പിടിച്ചു പഴകണം.''
മധു അവള്‍ പറഞ്ഞത് അതേപടി അനുസരിച്ചു. വീണ്ടും അവളുടെ കരങ്ങള്‍ക്കൊപ്പം അവന്റെ കരങ്ങളും സ്റ്റിയറിംഗിലേക്ക്. വീണ്ടും അവളുടെ മാറിടത്തില്‍ കയ്യുരസുന്നു. മെയ്യോടുമെയ്യുരുമ്മിയുള്ള യാത്ര. തന്റെ ശ്രദ്ധ ഡ്രൈവിംഗില്‍ നിന്ന് പാളിപ്പോകുന്നതുപോലെ മധുവിനു തോന്നി.
പക്ഷെ ലക്ഷ്മിയുടെ മുഖത്ത് ഒരു ഭാവമാറ്റവും കാണാനില്ല. ഒരു പരപുരുഷന്റെ സ്പര്‍ശനം അവളില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ലെന്നോ!
പഠിച്ച കള്ളി!
-മധുവിന് അങ്ങനെയാണ് തോന്നിയത്.
തിരക്കൊഴിഞ്ഞ ഒരു വഴിയിലൂടെ ഡ്രൈവിംഗ് പഠനവുമായി ആ വാഹനം അങ്ങനെ കുറച്ചു ദൂരം മുന്നോട്ടു നീങ്ങി.
സുന്ദരിയായ ലക്ഷ്മിയുടെ സാന്നിദ്ധ്യവും സ്പര്‍ശനവും മധുവിന്റെ ചിന്തകളെ പാളിച്ചു.
നേരെ പോയിക്കൊണ്ടിരുന്ന കാര്‍ ഒരു നിമിഷം പാളി ഒരു മതിലിനു നേരെ കുതിച്ചു.
വായുവേഗത്തില്‍ ലക്ഷ്മിയുടെ പാദം സഡണ്‍ ബ്രേക്കിലമര്‍ന്നു.
(തുടരും.......)

Read More: https://www.emalayalee.com/writers/304


 

Join WhatsApp News
Reader 2025-04-27 23:47:43
So far so silly.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക