മലയാള സിനിമാ പ്രേക്ഷകര്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയോട് നന്ദി പറയണം. ഭൂമിയില്‍ ചവിട്ടി നിന്നുകൊണ്ട് തീതുപ്പുന്ന തോക്കുകളുടെയും ബോംബര്‍ വിമാനങ്ങളുടെയും ആക്രോശങ്ങളില്ലാതെ ഗ്രാമവിശുദ്ധിയുടെ പശ്ചാത്തലത്തില്‍ ഒരു കഥാപാത്രമായി വന്ന് പ്രേക്ഷക മനസില്‍ കുടിയിരുത്തിയതിന്. ഏറെ കാലമായി പ്രേക്ഷകര്‍ സ്‌ക്രീനില്‍ കാണാന്‍ കൊതിച്ച ലാലിനെയാണ് വീണ്ടു കിട്ടിയിരിക്കുന്നത്. മുണ്ടു മടക്കിക്കുത്തി, ഓട്ടോറിക്ഷയിലും പഴയ അംബാസഡര്‍ കാറിലും സഞ്ചരിക്കുന്ന ഇടത്തരം കുടുംബത്തിലെ ഗൃഹനാഥന്‍.
ഫാമിലി ഡ്രാമയാണ് തന്റെ ചിത്രമെന്ന തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍ സത്യമാണന്ന് ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസിലാകും. അതുപോലെ ആരാധകര്‍ക്ക് അവരുടെലാലേട്ടനെ ബിഗ് സ്‌ക്രീനില് കാണാമെന്ന വാക്കും തരുണ്‍ മൂര്‍ത്തി പാലിച്ചിരിക്കുന്നു. സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്‍ ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറാണ് മോഹന്‍ലാല്‍. ഇങ്ങനെയൊരാള്‍ നമ്മുടെ തൊട്ടയല്‍പക്കത്തുണ്ടല്ലോ എന്ന് കരുതി പോകും വിധം സ്വാഭാവികതയോടെയാണ് ഷണ്‍മുഖം സ്‌ക്രീനില്‍ നിറയുന്നത്. പവിത്രം എന്ന പേരില്‍ ഫ്‌ളോര്‍ മില്‍ നടത്തുന്ന ലളിതയാണ് ഭാര്യ. അവരുടെ രണ്ട് മക്കള്‍. വീട്ടിലെ വളര്‍ത്തുപട്ടികള്‍. അയാള്‍ കോമളത്തിന്റെ ഭര്‍ത്താവായും കുട്ടികളുടെ അച്ഛനായും, അടുത്ത വീട്ടിലെ അങ്കിളായുമെല്ലാം പല വേഷങ്ങളില്‍ രസകരമായി പ്രേക്ഷകര്‍ക്ക് മുന്നിലൂടെ കടന്നു പോകുന്നു.
അയാള്‍ക്ക് സ്വന്തമായൊരു കാറുണ്ട്. കെ.എല്‍ 03 എല്‍.4455 ആ കാറിനോട് അയാള്‍ക്ക് പ്രത്യേകമായ ഒരു വൈകാരിക അടുപ്പമുണ്ട്. ആ വൈകാരികതയ്ക്കും അയാളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഭൂതകാലവുമുണ്ട്. മറ്റാരുമറിയാതെ അയാള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഇന്നലെകളിലെ ഒരേട്. അതു കൊണ്ടു തന്നെ അത് കൈയ്യില്‍ കിട്ടിയാല്‍ അയാള്‍ക്ക് വല്ലാത്തൊരു ഉന്‍മാദമാണ്. മകന്റെ സുഹൃത്തുക്കള്‍ കൊണ്ടു പോയ കാര്‍ ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി മണിയന്‍പിള്ള രാജു അവതരിപ്പിക്കുന്ന കുട്ടിച്ചന്റെ വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിക്കുന്നു. ഇതിനിടെ ഷണ്‍മുഖത്തിന് അത്യാവശ്യമായി വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നു. ഈ സമയത്ത് നടക്കുന്ന സംഭവങ്ങളാണ് കഥയെ മുന്നോട്ടു നയിക്കുന്നത്.
ഇടവേളയ്ക്ക് മുമ്പു തന്നെ കഥയുടെ സുപ്രധാന വഴിത്തിരിവ് സംഭവിക്കുന്നുണ്ടെങ്കിലും മികച്ച രീതിയിലാണ് ഇന്റര്‍വെല്‍ പഞ്ച്. ഇടവേളയ്ക്ക് ശേഷം സ്‌ക്രീനിലേക്ക് വരുന്ന ഷണ്‍മുഖം അതുവരെ പ്രേക്ഷകര്‍ കണ്ട ആളല്ല.
മോഹന്‍ലാല്‍ എന്ന നടന്റെ പകരം വയ്ക്കാനില്ലാത്ത പ്രകചനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ ശക്തമായ തിരക്കഥയുമായി അടിത്തറയൊരുക്കിയത് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെയാണ്. കഥാപാത്രങ്ങള്‍ അതിസങ്കീര്‍ണമായ ഭാവങ്ങള്‍ അണിയേണ്ടി വരുമ്പോള്‍ അതിഭാവുകത്വത്തിലേക്ക് വഴുതി വീഴാതെ നിര്‍ത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇവിടെ തരുണ്‍മൂര്‍ത്തിയുടെ ജോലി ലാല്‍ എളുപ്പമാക്കിയിട്ടുണ്ട്. അത്രമാത്രം കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങിയാണ് ലാല്‍ ഷണ്‍മുഖമായി പകര്‍ന്നാട്ടം നടത്തിയിരിക്കുന്നത്.
മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ശോഭനയുടേത്. ഇരുവരും 20 വര്‍ഷങ്ങള്‍ക്ക് ശേഷം നായികാനായകന്‍മാരായി അഭിനയക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മോഹന്‍ലാല്‍ മുമ്പ് അഭിനയിച്ചചില ചിത്രങ്ങളിലെ ഡയലോഗുകള്‍ ഇതില്‍ പറയുന്നുണ്ട്. അതിനെല്ലാം പ്രേക്ഷകരുടെ കൈയ്യടിയും കിട്ടുന്നുണ്ട്. കാച്ചിക്കുറുക്കിയ അഭിനയം. തിരിച്ചുവരവില്‍ ലഭിച്ച മികച് വേഷമാണ് ഇതിലെ കോമളം. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഗംഭീരമാക്കി ചിരിച്ചു നല്‍കാന്‍ കഴിയുന്ന നടിയാണ് താനെന്ന് ശോഭന വീണ്ടും തെളിയിച്ചു. പ്രകാശ് വര്‍മ്മ അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന കഥാപാത്രവും ബിനു പപ്പന്‍, ഇര്‍ഷാദ് അലി, ആര്‍ഷ ബൈജു, തോമസ് മാത്യു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും മികച്ചതായി. ഷാജ കുമാറിന്റെ ക്യാമറയും ചിത്രത്തിന് മൂഡിന് ചേരുന്ന സംഗീതമൊരുക്കിയ ജേക്‌സ് ബിജോയിയുടെ സംഗീതവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോഗ്രഫിയും ചിത്രത്തിന് മുതല്‍ക്കൂട്ടായി. പഴയ മോഹനലാലിനെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഈചിത്രം തിയേറ്ററില്‍ തന്നെ കാണണം.