ടോറോന്റോ: തിങ്കളാഴ്ച പോളിങ് ബൂത്തുകളിൽ എത്തുന്ന കാനഡ വോട്ടർമാർ ഒരു പുതിയ ഗവൺമെന്റിനെ തിരഞ്ഞെടുക്കും. മുൻപെങ്ങും കണ്ടിട്ടില്ലാത്ത താല്പര്യമാണ് അമേരിക്കയിലും ഈ തിരഞ്ഞെടുപ്പ് സൃഷ്ടിച്ചിരിക്കുന്നത്. കാരണം അമേരിക്കൻ പ്രസിഡന്റിനോട് കടുത്ത വിമർശന പാത സ്വീകരിച്ചിരിക്കുന്ന കനേഡിയൻ രാഷ്ട്രീയ പാർട്ടി നേതാക്കളാണ്. ഇതിനു കാരണം ട്രംപിന്റെ വാണിജ്യ നയങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും കാനഡയെ അമേരിക്കയുടെ അൻപത്തി ഒന്നാമത് സംസ്ഥാനമാക്കാനുള്ള ട്രംപിന്റെ മോഹവും ആണ്.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഭരണ കക്ഷിയായ ലിബറൽ പാർട്ടിയും ഒരു പക്ഷെ കനത്ത പരാജയം നേരിടും എന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ കുറെ മാസങ്ങളിൽ ട്രംപ് നടത്തിയ താരിഫ് പ്രഖ്യാപനങ്ങളും കാനഡയെ അൻപത്തി ഒന്നാം സംസ്ഥാനമാക്കും എന്ന പ്രഖ്യാപനവും കാർണിക്കും ലിബറൽ പാർട്ടിക്കും സഹായകമായിട്ടുണ്ട് എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ട്രംപിന്റെ പ്രഖ്യാപനങ്ങളിൽ അരിശം പൂണ്ട കാനഡക്കാർ കുറെ ഏറെ പേർ യു എസ്സിലേക്കുള്ള യാത്രകൾ തന്നെ മാറ്റി വച്ചു. അമേരിക്കൻ സാധനങ്ങൾ വാങ്ങുന്ന പതിവും ഏറക്കുറെ നിലച്ചിരിക്കുകയാണ്. ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' വാദത്തിനെതിരെ കനേഡിയൻ നാഷണലിസം ജനപ്രിയമായി മാറുകയും, ഇങ്ങനെ ലിബറലുകളുടെ പിന്തുണ വർധിച്ചതായി ഗാലപ് പോളുകൾ പറയുകയും ചെയ്തു.
ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന കൺസെർവെയ്റ്റിവ് പാർട്ടി മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരായ ഒരു റഫറണ്ടം ആയി തിരഞ്ഞെടുപ്പിനെ മാറ്റാൻ തയ്യാറെടുക്കുക ആയിരുന്നു. ട്രൂഡോയുടെ ജനപ്രിയത താഴാൻ കാരണം വിലക്കയറ്റവും നിയന്ത്രണം ഇല്ലാതെ അനുവദിച്ച കുടിയേറ്റവും ആയിരുന്നു. രണ്ടു കക്ഷികളെയും ദശകങ്ങളായി പിന്തുണച്ചിരുന്ന വോട്ടർമാരുടെ മുൻപിൽ ഇപ്പോൾ ആര് വന്നാൽ ട്രംപിന് കനത്ത പ്രതിയോഗി ആകും എന്ന ചോദ്യത്തിനാണ് പ്രസക്തി.
ദേശവ്യാപകമായി ഉള്ള 343 ഹാവസ് ഓഫ് കോമൺസ് നിയോജക മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കയിലെ പോലെ പ്രൈമറികളും റൺ ഓഫും ഇല്ല. യു കെ യിലെ പോലെ ഒരു റൗണ്ട് വോട്ടിംഗ് മാത്രമാണുള്ളത്. യു കെ യിലെ പോലെ 'ഫസ്റ്റ് പാസ്ററ് ദി പോസ്റ്റ്' സമ്പ്രദായവും പിന്തുടരുന്നു. വിജയി ആകെ പോൾ ചെയ്തതിന്റെ 50% ൽ അധികം വോട്ടുകൾ നേടണമെന്നില്ല.
ഇത് രണ്ടു വലിയ പാർട്ടികളെ ഏറെ സഹായിച്ചിട്ടുണ്ട്. കാരണം നിയോജക മണ്ഡലങ്ങളിൽ ശക്തമായ അടിത്തറ ഇല്ലാത്ത പാർട്ടിക്ക് സീറ്റുകൾ നേടുക പ്രയാസമാണ്.
ഭൂരിപക്ഷം നേടുന്ന പാർട്ടിക്കു (ഒറ്റക്കോ മറ്റേതെങ്കിലും പാർട്ടിയുടെ സഹായത്തോടെയോ) അടുത്ത ഗവെർന്മെന്റ് ഉണ്ടാക്കുവാനും പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുവാനും കഴിയും. നിവർത്തി ഇല്ലാതെ ട്രൂഡോ 2025 ജനുവരിയിൽ രാജി വയ്ക്കുകയായിരുന്നു. എങ്കിലും പ്രധാന മന്ത്രിയായി തുടർന്നു-- മാർച്ചിൽ ലിബറൽ പാർട്ടി കാർണിയെ നേതാവായി തിരഞ്ഞെടുക്കുന്നത് വരെ. കാനഡയുടെ 24 ആം പ്രധാനമന്ത്രിയായി കാർണി മാർച്ച് 14 നു അധികാരത്തിൽ വന്നു.
60 കാരനായ കാർണിയെയാണ് അടുത്ത പ്രധാനമന്ത്രിയായി ലിബറൽ പാർട്ടി മുന്നോട്ടു വയ്ക്കുന്നത്. ബാങ്ക് ഓഫ് കാനഡയുടെ തലപ്പത്തിരിക്കുമ്പോൾ ഇദ്ദേഹം വെല്ലുവിളികൾ വിജയകരമായി നേരിട്ടു. പിന്നീട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലവനുമായി. 1694 ൽ ബാങ്ക് തുടങ്ങിയതിനു ശേഷം ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പൗരൻ. ഉന്നത വിദ്യാഭ്യാസം ഉള്ള കാർണി 13 വർഷം ഗോൾഡ്മാൻ സാക്‌സിന്റെ ലണ്ടൻ, ടോക്കിയോ, ന്യൂ യോർക്ക്, ടോറോന്റോ ഓഫീസുകളിൽ ജോലി ചെയ്തു. 2003 ൽ ബാങ്ക് ഓഫ് കാനഡയുടെ ഡെപ്യൂട്ടി ഗവർണർ ആയി. സാമ്പത്തിക വ്യവസായ രംഗത്തും പൊതു ജന സേവന രംഗത്തും ഇങ്ങനെ നേടിയ അനുഭവസമ്പത്തു കാർണിയുടെ മുതൽക്കൂട്ടാണ്.
കൺസെർവേറ്റീവുകളുടെ നേതാവായ പിയർ പൊളിവർ ആണ് കാർണിയുടെ പ്രധാന എതിരാളി. 45 കാരനായ ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തകനായി അറിയപ്പെടുന്നു. തീപ്പൊരി പ്രസംഗങ്ങൾ കൊണ്ട് ആരാധകരെ കയ്യിലെടുക്കുന്ന ഇയാൾ ട്രംപിന്റെ അമേരിക്ക ഫസ്റ്റിനു ബദലായി 'കാനഡ ഫസ്റ്റ്' മുദ്രാവാക്യത്തിലൂടെ ഏറെ പ്രശസ്തനാണ്.
പാർട്ടിയുടെ നയങ്ങൾ മുൻ നിർത്തി എതിരാളികളെ വീറോടെ ആക്രമിക്കുന്ന പടയാളിയായും അറിയപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രധാന ശത്രു. കാരണം ഇയാൾ തുടരെ ഇവയെ ആക്രമിക്കുകയും പബ്ലിക് ബ്രോഡ്‍കാസ്റ്റിംഗിന് ഫണ്ടിംഗ് നൽകരുത് എന്ന് വാദിക്കുകയും ചെയ്യുന്നു.
ഔദ്യോഗികമായി കാനഡയുടെ പാർലമെൻറിൽ സ്ഥാനമുള്ള മറ്റു രണ്ടു പാർട്ടികളാണ് പുരോഗമന ചിന്താഗതി അവകാശപ്പെടുന്ന ന്യൂ ഡെമോക്രാറ്റ്സും വിഘടന വാദം ഉയർത്തുന്ന കേബേക് പാർട്ടി ബ്ലോക്കും (ബ്ളോക് ക്യുബെക്കോയ്‌സ്). തങ്ങൾക്കു സ്വയം ഭൂരിപക്ഷം ഇല്ലാതെ വന്നാൽ ലിബറൽ പാർട്ടിക്കും കൺസെർവേറ്റീവ് പാർട്ടിക്കും ഇവയെ ആശ്രയിക്കേണ്ടി വരും.
Canada votes Monday