Image

ഇന്ത്യയോടും പാക്കിസ്ഥാനോടും സംസാരിച്ചെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് (പിപിഎം)

Published on 28 April, 2025
ഇന്ത്യയോടും പാക്കിസ്ഥാനോടും സംസാരിച്ചെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് (പിപിഎം)

ഇന്തോ-പാക്ക് സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ യുഎസ് ഇരു രാജ്യങ്ങളുമായി ബന്ധം പുലർത്തിയെന്നു റിപ്പോർട്ട്. 'ഉത്തരവാദിത്തമുള്ള ഒരു പരിഹാരം' കണ്ടെത്തണം എന്നാണ് യുഎസ് ആവശ്യപ്പെടുന്നത്.

കശ്‌മീരിൽ നടന്ന ഭീകരാക്രമണം കണക്കിലെടുത്തു യുഎസ് പരസ്യമായി ഇന്ത്യയെ പിന്തുണച്ചാണ് നിൽക്കുന്നത്. എന്നാൽ പാക്കിസ്ഥാനെ വിമർശിച്ചിട്ടുമില്ല -- പാക്കിസ്ഥാനിൽ നിന്നു വന്ന ഭീകരരാണ് ആക്രമണം നടത്തിയതെന്നു വ്യക്തമാണെങ്കിലും.

പാക്കിസ്ഥാൻ ഉത്തരവാദിത്തം നിഷേധിക്കുന്നുവെങ്കിലും ആ രാജ്യത്തു ഭീകരർക്കു താവളങ്ങൾ ഉണ്ടെന്ന കാര്യം നിഷേധിക്കാൻ കഴിയില്ല. യുഎസ് ഇന്റലിജൻസിന് അക്കാര്യം അറിയില്ല എന്നു കരുതാനും വയ്യ.

സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം എന്നതാണ് പാക്കിസ്ഥാന്റെ ആവശ്യം.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറയുന്നത് ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ടു വരികയാണ് എന്നാണ്. "എല്ലാവരും ഉത്തരവാദിത്തമുള്ള പരിഹാരങ്ങൾ കണ്ടെത്താനുള്ള പ്രോത്സാഹനമാണ് യുഎസ് നൽകുന്നത്."

അതേ സമയം, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നും ഇന്ത്യയോടൊപ്പമാണ് യുഎസ് എന്നും വക്താവ് വിശദീകരിക്കുന്നു.

ആ നിലപാട് പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ എന്നിവരിൽ നിന്നു തന്നെ കേട്ടതാണ്. ഏഷ്യയിൽ ചൈനയുടെ ഉയർച്ചയ്ക്ക് ബദലായി ഇന്ത്യയെ കാണുക എന്ന നയം യുഎസ് പിന്തുടർന്നിരുന്നു. എന്നാൽ പാക്കിസ്ഥാൻ എക്കാലവും യുഎസ് സഖ്യ രാഷ്ട്രം ആയിരുന്നു.

ഇന്ത്യ അടുത്ത കാലത്തു യുഎസുമായി കൂടുതൽ അടുത്തു എന്നതിൽ പാക്കിസ്ഥാനു അസ്വസ്ഥതയുണ്ട്. ഇന്ത്യ തിരിച്ചടിച്ചാൽ ഭീകര വിഷയം കണക്കിലെടുത്തു യുഎസ് മാറിനിൽക്കാൻ ഇടയുണ്ട്.

ഇന്തോ-പാക്ക് ഏറ്റുമുട്ടൽ 1,500 വർഷം പഴകിയതാണെന്നും അവർ അതു പരിഹരിച്ചുകൊള്ളുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു. അദ്ദേഹത്തിന് ഇടപെടാൻ താല്പര്യമില്ലാത്തതു റഷ്യ-യുക്രൈൻ പ്രശ്നവും മിഡിൽ ഈസ്റ്റ് അവസ്ഥയും അദ്ദേഹത്തിനു വേണ്ടത്ര വിഷയങ്ങൾ നൽകുന്നു എന്നതു കൊണ്ടാവാം.

ആക്രമണം നടത്തിയവരെ ഭൂമിയുടെ അറ്റം വരെ വേട്ടയാടുമെന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹിന്ദു വികാരങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണകൂടത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യം ഭയക്കുന്നു എന്നതിൽ സംശയം വേണ്ട.

US talks to India, Pakistan  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക