Image

തനിക്ക് പാകിസ്താനിലേയ്ക്ക് മടങ്ങനാവില്ലെന്ന് സച്ചിന്റെ പബ്ജി പ്രണയിനി സീമ (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 28 April, 2025
തനിക്ക് പാകിസ്താനിലേയ്ക്ക് മടങ്ങനാവില്ലെന്ന് സച്ചിന്റെ പബ്ജി പ്രണയിനി സീമ  (എ.എസ് ശ്രീകുമാര്‍)

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അന്തരീക്ഷം യുദ്ധസമാനമായിരിക്കെ, രണ്ടു വര്‍ഷം മുമ്പ് പബ്ജി വീഡിയോ ഗെയിമിലൂടെ ഇന്ത്യക്കാരന്‍ സച്ചിന്‍ മീണയെ കണ്ടുമുട്ടുകയും തുടര്‍ന്ന് അത് പ്രണയമായി വളര്‍ന്ന് ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ ഇന്ത്യയിലെത്തുകയും ചെയ്ത പാക്കിസ്ഥാന്‍ യുവതി സീമ ഹൈദര്‍ വലിയ വിഷമത്തിലാണിപ്പോള്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ വീട്ടില്‍ ഭര്‍ത്താവ് സച്ചിനും അഞ്ച് മക്കള്‍ക്കുനൊപ്പം കഴിയുകയാണ് സീമ. പാക്കിസ്ഥാന്‍ പൗരന്മാരെല്ലാം ഇന്ത്യ വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം സീമയെ സംബന്ധിച്ചിടത്തോളം ഇടിത്തീയാണ്.

പാകിസ്താനിലെ കറാച്ചിയില്‍ ഭര്‍ത്താവിനോടും നാല് കുട്ടികളോടുമൊപ്പം കഴിയവെയാണ് സീമ ഹൈദര്‍ സച്ചിനെ പബ്ജിയിലൂടെ പരിചയപ്പെടുന്നത്. സച്ചിനെ നേരില്‍ കാണാനായി തീവ്രമായ ആഗ്രഹത്തോടെയുള്ള സീമയുടെ വരവ് അതിസാഹസികമായിരുന്നു. കൊടിയ പട്ടിണി മൂലം ജീവിതം ദുസ്സഹമായപ്പോള്‍ നാല് പിഞ്ചുമക്കളുമായി സീമ കറാച്ചിയിലെ വീടുവിട്ടിറങ്ങി. 2023-ല്‍ നേപ്പാള്‍ വഴി എങ്ങനെയൊക്കെയോ അവര്‍ നോയ്ഡയിലെ സച്ചിന്‍ മീണയുടെ അരികിലെത്തി. കാമുകനെ വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് സീമ പാകിസ്താന്‍ സ്വദേശിയാണെന്ന വിവരം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. തുടര്‍ന്ന് സച്ചിനെ വിവാഹം കഴിച്ച് ഒരുമിച്ച് താമസം തുടരുകയായിരുന്നു.

സീമയുടെയും സച്ചിന്റെയും അസ്തിക്ക് പിടിച്ച പബ്ജി പ്രണയവും പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സീമയുടെ ദുര്‍ഘട യാത്രയുമെല്ലാം രണ്ടുകൊല്ലം മുന്‍പ് ദേശീയ മാധ്യമങ്ങളിലടക്കം നിരന്തരം വാര്‍ത്തയായിരുന്നു. പിന്നീട് നിയമാനുസൃതം സച്ചിനെ വിവാഹം കഴിച്ച സീമ ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 17-ന് സീമ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയതും വാര്‍ത്തയായി. ഗ്രേറ്റര്‍ നോയിഡയിലെ കൃഷ്ണ ലൈഫ് ലൈന്‍ ആശുപത്രിയില്‍ പിറന്ന കുഞ്ഞിന് 'ഭാരതി മീണ' എന്ന ഹിന്ദു പേരാണ് സച്ചിനും സീമയും നല്‍കിയത്. പാക്കിസ്ഥാന്‍ പൗരന്മാരെല്ലാം ഇന്ത്യ വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം വന്നതോടെ ദമ്പതികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

താന്‍ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്നും ഇവിടെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്നും സീമ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമുള്ള വീഡിയോ സന്ദേശത്തില്‍ അപേക്ഷിക്കുന്നു. ''ഞാന്‍ പാക്കിസ്ഥാന്റെ മകളാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്. ഞാനിപ്പോള്‍ ഇന്ത്യയിലെ അഭയാര്‍ഥിയാണ്. ഞാന്‍ മതം മാറി ഹിന്ദു വിശ്വാസിയായി ജീവിക്കുന്നു. എന്റെ ഭര്‍ത്താവ് ഇന്ത്യക്കാരനാണ്. എനിക്ക് ഇവിടെ പിറന്ന കുഞ്ഞ് ഇന്ത്യക്കാരിയാണ്. പാകിസ്താനിലേയ്ക്ക് പോകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇന്ത്യയില്‍ ജീവിക്കാന്‍ ദയവുയെയ്ത് എന്നെ അനുവദിക്കണം...'' എന്നാണ് സീമ വിഡിയോയില്‍ പറയുന്നത്.

നിയമപരമായി നോക്കിയാല്‍ സീമ ഒരു ഇന്ത്യക്കാരന്റെ ഭാര്യയാണ്. അതുകൊണ്ട് മതം മാറിയാലും ഇല്ലെങ്കിലും ഇന്ത്യയില്‍ കഴിയാം. എന്നാലൊരു പ്രശ്നമുള്ളത്, സീമ അനധികൃതമായാണ് ഇന്ത്യയിലെത്തിയത്. അവര്‍ക്ക് പാസ്പോര്‍ട്ടുമില്ല. ഇക്കാരണത്താല്‍ പോലീസ് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്ക് പാകിസ്താനിലേയ്ക്ക് മടങ്ങിപ്പോകേണ്ടിവരില്ലെന്നാണ് സീമയുടെ ഉറച്ച പ്രതീക്ഷ. അങ്ങനെ സംഭവിക്കാനും ഇടയില്ലല്ലെന്നാണ് കരുതുന്നത്. സീമയ്ക്ക് അമുകൂലമായി കാര്യങ്ങള്‍ കലാശിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ അവര്‍ക്ക് കൊടുക്കുന്ന ശുഭപ്രതീക്ഷ.

ദേശാതിര്‍ത്തികള്‍ ഭേദിച്ച പ്രണയത്തിലൂടെ വാര്‍ത്താ താരമായ സീമ ഇപ്പോള്‍ ഒരു സോഷ്യല്‍മീഡിയ കണ്ടന്റ് ക്രിയേറ്ററാണ്. സീമയ്ക്കൊപ്പം സച്ചിനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുംബത്തിന്റെ നിലവിലെ പ്രധാന വരുമാനമാര്‍ഗവും സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള പ്രതിഫലമാണ്. ഇരുവര്‍ക്കും ആറ് യൂട്യൂബ് ചാനലുകളുണ്ടത്രേ. ഫാമിലി വ്ളോഗ്, ഡെയ്ലി ലൈഫ് വീഡിയോകള്‍ തുടങ്ങിയവയാണ് ഇരുവരും തങ്ങളുടെ ചാനലുകളില്‍ പ്രധാനമായും അപ് ലോഡ് ചെയ്യുന്നത്. ഇവരുടെ പ്രധാന ചാനലിന് മാത്രം ഒരുമില്യണിലേറെ സബ്സ്‌ക്രൈബേഴ്സുണ്ട്.  വീഡിയോ വ്യൂസ്, ബ്രാന്‍ഡ് പ്രൊമോഷന്‍ എന്നിവയെല്ലാം ഉള്‍പ്പെടെ 80,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ഇവര്‍ക്ക് പ്രതിമാസം ലഭിക്കുന്നുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക