അമേരിക്കൻ പൗരത്വമുള്ള മൂന്നു കുട്ടികളെ രേഖകൾ ഇല്ലാത്ത ഇല്ലാത്ത മാതാവിന്റെയോ പിതാവിന്റെയോ കൂടെ നാടു കടത്തിയതായി വെളിപ്പെടുത്തൽ. രണ്ടു വയസ്, നാലു വയസ്, ഏഴു വയസ് എന്നിങ്ങനെ പ്രായമുളള കുട്ടികളിൽ ഒരു കുട്ടിക്ക് അപൂർവമായ കാൻസർ ബാധിച്ചിട്ടുണ്ട്.
ലൂയിസിയാനയിലാണ് ഈ മൂന്നു പേരെ നാടുകടത്തിയത്. അതിൽ ഒരു കുട്ടിയെ 'അമ്മ ആവശ്യപ്പെട്ടിട്ടു കൂടെ അയച്ചതാണെന്നു ട്രംപ് ഭരണകൂടം പറയുന്നു.
ന്യൂ ഓർലിയൻസ് ഐ സി ഇ ഫീൽഡ് ഓഫിസ് രണ്ടു അമ്മമാരെയും അവരുടെ രണ്ടു മൈനർ കുട്ടികളെയും നാടുകടത്തിയതായി ശനിയാഴ്ച്ച നാഷനൽ ഇമിഗ്രെഷൻ പ്രൊജക്റ്റ് പറഞ്ഞു.
തിരക്കിട്ടാണ് നടപടി ഉണ്ടായതെന്നു അവർ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച്ച പുലർച്ചെ ആയിരുന്നു നാടുകാടത്തൽ.
അമ്മമാരിൽ ഒരാൾ ഗർഭിണിയാണെന്നു അമേരിക്കൻ സിവിൽ ലിബെർട്ടീസ് യൂണിയൻ പറഞ്ഞു. നാടുകടത്തൽ മനുഷ്യത്വം ഇല്ലാതെയാണ് ചെയ്തത്.
മറ്റുള്ളവരുമായി ബന്ധപ്പെടാൻ അനുവദിക്കാതെയാണ് സ്ത്രീകളെ കൊണ്ടുപോയതെന്ന് അവർ ചൂണ്ടിക്കാട്ടി. അഭിഭാഷകരെ ബന്ധപ്പെടാൻ പോലും അനുവദിച്ചില്ല.
രണ്ടു വയസുകാരിയെ 'അർഥവത്തായ യാതൊരു നടപടിക്രമങ്ങളും' ഇല്ലാതെയാണ് നാടു കടത്തിയതെന്നു കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ പിതാവിന്റെ എതിർപ്പു അവഗണിച്ചായിരുന്നു നടപടിയെന്നും ലൂയിസിയാന വെസ്റ്റേൺ ഡിസ്ട്രിക്ടിലെ ഫെഡറൽ കോടതി ജഡ്ജ് ടെറി എ. ഡൗട്ടി ചൂണ്ടിക്കാട്ടി.
കോടതി രേഖകളിൽ വി എം എൽ എന്നു മാത്രം പേരുള്ള കുട്ടിയെ 'അമ്മ ജെന്നി കരോലിന ലോപ്പസ് വിയേലയുടെ കൂടെയാണ് നാടുകടത്തിയത്. അത് തടയാൻ കുട്ടിയുടെ പിതാവ് വ്യാഴാഴ്ച്ച അടിയന്തര അപേക്ഷ നൽകിയിരുന്നു. എന്നാൽ അമ്മയ്ക്കു യുഎസ് പൗരത്വമുള്ള കുട്ടിയെ തന്നോടൊപ്പം കൊണ്ടുപോകണമെന്ന് ആഗ്രഹമുള്ളതു കൊണ്ട് നാടുകടത്തൽ ന്യായമാണ് എന്നാണ് ഭരണകൂടത്തിന്റെ നിലപാട്.
എന്നാൽ അങ്ങിനെയൊരു ആഗ്രഹം അമ്മയ്ക്കു ഉണ്ടായിരുന്നുവെന്നു കോടതിക്കു അറിയില്ലല്ലോ എന്ന് ട്രംപ് നിയമിച്ച ജഡ്ജ് ഡൗട്ടി ചൂണ്ടിക്കാട്ടി. യുഎസ് പൗരത്വമുളള കുട്ടിയെ നാടുകടത്തുന്നത് എന്തായാലും നിയമവിരുദ്ധമാണ്.
നിയമ പ്രക്രിയ ഇല്ലാതെയാണ് കുട്ടിയെ നാട് കടത്തിയതെന്നു കോടതി വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ സംശയം തീർക്കാൻ മെയ് 16നു കോടതി വാദം കേൾക്കും.
രേഖകൾ ഇല്ലാത്ത കുടിയേറ്റക്കാർ രാജ്യത്തു മുൻപ് കാണാത്ത വിധം അരാജകത്വം സൃഷ്ടിക്കയാണെന്ന് ശനിയാഴ്ച്ച പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. കോടതികളെ അദ്ദേഹം തള്ളി. "മില്യൺ കണക്കിന് ആളുകൾക്കു വിചാരണ നടത്തുക സാധ്യമല്ല. ക്രിമിനലുകളെ നമുക്കറിയാം, അവരെ എത്രയും വേഗം രാജ്യത്തു നിന്നു പുറത്താക്കണം."
രേഖകൾ ഇല്ലാത്ത ഒരു കുടിയേറ്റക്കാരനെ സംരക്ഷിച്ചു എന്ന കുറ്റം ചുമത്തി വെള്ളിയാഴ്ച്ച ഫെഡറൽ ഏജന്റുമാർ വിസ്കോൺസിനിൽ ഒരു യുഎസ് ജഡ്ജിനെ അറസ്റ്റ് ചെയ്തു.
Three American kids deported