വംശനാശം നേരിടുന്ന
പ്രണയമരത്തിൻ്റെ ചില്ലയിൽ നിന്ന്
അവസാനത്തെ പഴം ഭൂമിയിൽ പതിച്ചു.
വരൾച്ചയിൽ പൊള്ളുന്ന മണ്ണിൽ തപിച്ച്
വേനൽ മഴച്ചാറലിൽ കുതിർന്ന്
വിത്തില ചാമരം വീശി
നിനച്ചിരിക്കാതെ പകയുടെ ഒരു ആനക്കാൽ
മരക്കുഞ്ഞിന് മേൽ അമർന്നു.
മണ്ണിനും കാലിനുമിടയിലെ
ഇത്തിരി ഇടത്തിൽ
കുഞ്ഞ് ശ്വാസത്തിനായ് വീർപ്പുമുട്ടി
അന്ത്യം ഇരുട്ടായ് പടരുകയാണെന്നുറപ്പിക്കെ
കാലത്തിൻ്റെ മയക്കുവെടിയേറ്റ് ആനക്കാൽ കുഴഞ്ഞു
നാശ ശയ്യയിൽ നിന്നാ മരക്കുരുപ്പ്
പ്രഭാത കിരണ കരങ്ങളിൽ തൊട്ടു
പ്രണയ മരച്ചില്ലകൾ വീണ്ടും തളിരിടുകയായ്
ഒരു കിളിയൊച്ച നവവസന്ത നൂപുരധ്വനിയായി കേൾക്കയായ്