പലരും പറയുന്നതുകേട്ടപ്പോള്‍ എമ്പുരാന്‍ സിനിമ കാണേണ്ടന്ന് തീരുമാനിച്ചതാണ്. പ്രത്യേകിച്ചും കയ്യിലെ കാശുകൊടുത്ത് തീയേറ്ററില്‍പോയി കാണാന്‍ തീരെതാത്പര്യമില്ലായിരുന്നു. എന്നാലിപ്പോള്‍ എമ്പുരാൻ എന്ന വീഡിയോചാനലില്‍ ഫ്രീയായി കാണാന്‍ അവസരം കിട്ടിയപ്പോള്‍ ഇത്രയധികം കൊട്ടിഘോഷിക്കുന്നതുപോലെ എന്താണന്ന് ഇതിലുള്ളതെന്ന് അറിയാനുള്ള ജിജ്ഞാസകൊണ്ട് സാഹസത്തിന് പുറപ്പെട്ടതാണ്.
സിനിമ എന്താണന്ന് അറിയാന്‍ വയ്യാത്ത കുറെ കുബുദ്ധികള്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണ് എമ്പുരാന്‍. അതിലൊരു കഥയില്ല, സദുദ്ദേശമെങ്കിലും വേണ്ടേ, അതുമില്ല. ആസ്വാദകനെ തൃപ്തിപ്പെടുത്തുന്ന ഒരിഞ്ച് അഭ്രംപോലുമില്ല. എഴുത്തുകാരനും സംവിധായകനും ദഹിക്കാത്ത എന്തൊക്കെയോ പാഴ്വസ്തുക്കള്‍ ഒരടുക്കും ചിട്ടയുമില്ലതെ നിരത്തിയിരിക്കുന്നു. അവര്‍ക്ക് ദഹിച്ചില്ലെങ്കില്‍ പിന്നെ കാണികള്‍ക്ക് എങ്ങനെ സാധിക്കും. ഈ സിനിമ കണ്ട് മഹത്തായതെന്ന് പറയുന്നവരുടെ ആസ്വാദനശക്തിയെപറ്റി അത്ഭുതം തോന്നുകയാണ്. അവര്‍ ഒന്നുകില്‍ കള്ളംപറയുന്നവരാണ് അല്ലെങ്കില്‍ ദുരുദ്ദേശത്തോടെ സംവിധായകനെ പുകഴ്ത്തുന്നവരാണ്.
സിനിമയുടെ ടൈറ്റില്‍ സോങ്ങുതന്നെ ബാഹുബലി എന്ന തെലുങ്ക് സിനിമയിലെ ഒരുപാട്ടിന്റെ ചിലഭാഗങ്ങള്‍ മോഷ്ടിച്ചുകൊണ്ടാണ്. സിനിമ മൊത്തത്തില്‍ ഹോളിവുഡ്ഡ് ഹൊറര്‍ സിനിമകളിലെ രംഗങ്ങള്‍ വിദഗ്ധമായി അപഹരിച്ചിരിക്കയാണ്. മണ്ടന്മാരായ മലയാളി പ്രേക്ഷകര്‍ക്ക് ഇതൊന്നും മനസിലാകത്തില്ല എന്ന ഉത്തമവിശ്വാസം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കുണ്ട്. എന്നിട്ടും എമ്പുരാന്‍ ലോകം മൊത്തം പ്രദര്‍ശിപ്പിക്കാന്‍ അവര്‍കാട്ടിയ ധൈര്യം അപാരംതന്നെ.
മൂന്ന് ഭാഷകളിലായിട്ടാണ് എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്. ആദ്യം ഹിന്ദി, മദ്ധ്യത്തില്‍ ഇംഗ്‌ളീഷ് അവസാനം മലയാളം. മറുഭാഷാചിത്രമാണന്ന് തെറ്റിദ്ധരിച്ച് പ്രേഷകര്‍ എഴുന്നേറ്റുപോകാതിരിക്കാന്‍ മോഹന്‍ലാല്‍ ഇടക്കിടക്ക് പ്രത്യക്ഷപ്പെട്ട് മലയാളം പറയുന്നുണ്ട്., കൂട്ടിന് മഞ്ചു വാര്യരുമുണ്ട്. അവരും ലാലേട്ടനെപ്പോലെ അഭിനയം മറന്നെന്നാണ് തോന്നന്നത്. രണ്ടുപേരും അഭിനയം മതിയാക്കണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഡെഡ്മാന്‍ വാക്കിങ്ങ് എന്ന് കേട്ടിട്ടില്ലേ. അതുപോലെയാണ് മോഹന്‍ ലാലിന്റെ നടത്തം.
സിനമയില്‍ ലാലിന്റെ റോളെന്താണന്ന് പ്രേക്ഷകര്‍ക്ക് സംശയമുണ്ടാകും. അദ്ദേഹം സ്റ്റീഫന്‍ നെടുംപള്ളിയായിട്ടും ലൂസിഫറായിട്ടും അവതരിക്കുന്നുണ്ട്. അമാനുഷിക പ്രവര്‍ത്തികള്‍ ചെയ്യുന്നതുകൊണ്ട് സാത്താന്റെ പ്രതീകമായ ലൂസിഫറാകാനാണ് സാധ്യത. ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്നു, അനേകംപേരെ വെടിവച്ചുകൊല്ലുന്നു ഒരുപരുക്കുപോലും പറ്റാതെ തിരപോകുന്നു. അതുപോലെ ഒരു കറമ്പന്‍ അധോലോക നായകനെ അയാളുടെ മടയില്‍കയറി വധിക്കുന്നുണ്ട്. അയാള്‍ എന്തുതെറ്റാണ് ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. നമ്മള്‍ ഇതെല്ലാം വെള്ളംതൊടാതെ വിഴുങ്ങണമെന്നാണ് സംവിധായകന്‍ പറയുന്നത്.
ഇതില്‍ കോണ്‍ട്രവേഴ്‌സിയലായ വിഷയങ്ങള്‍ കൈകാര്യംചെയ്തിട്ടുണ്ട്ന്ന് രാഷ്ട്രീയക്കാര്‍ പറയുന്നു, അതിലേക്കാന്നും ഞാനിപ്പോള്‍ കടക്കുന്നില്ല. സിനിമയെ അതിന്റെ മെറിറ്റുനോക്കി അളക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
ഒറ്റയടിക്ക് ഈ സിനിമ കാണാനുള്ള ധൈര്യമില്ലാഞ്ഞതുകൊണ്ട് പലദിവസങ്ങളിലായിട്ട് കഷണങ്ങളായിട്ടാണ് കണ്ടത്. തീയേറ്ററില്‍ കയറി മൂന്നുമണിക്കൂര്‍ ബലംപിടിച്ചിരുന്ന് എമ്പുരാന്‍ സിനിമകണ്ട പ്രേക്ഷകരുടെ മാനസികാവസ്ഥയെ ഞാന്‍ വാഴ്ത്തുന്നു. അവര്‍ക്കിനി എന്തു ധീരപ്രവര്‍ത്തിയും ചെയ്യാനുള്ള ധൈര്യമുണ്ടാകും. കൂട്ടത്തില്‍ എമ്പുരാനെ ചെണ്ടകൊട്ടി സ്വീകരിച്ച ഡാളസ്സിലെ മലയാളികളെയും അഭിനന്ദിക്കുന്നു.
എമ്പുരാന്‍ സിനിമ കണ്ടതിന്റെ ക്ഷീണംമാറ്റാന്‍ വളെരപണ്ടുകണ്ട ഒരു ഹിന്ദിസിനിമ യൂട്യൂബില്‍ വീണ്ടുംകണ്ടു, പക്കീസ. അത് കണ്ടപ്പോളാണ് ഈ ലോകത്തില്‍തന്നെയാണ് ജീവിക്കുന്നതെന്ന ബോധ്യംവന്നത്.
samnilampallil@gmail.com.