Image

കിഴക്കൂട്ടിന് മൂന്നാം ഊഴം! മെയ് 6-നു തൃശ്ശൂർ പൂരം (വിജയ് സി.എച്ച്‌ )

Published on 29 April, 2025
കിഴക്കൂട്ടിന് മൂന്നാം ഊഴം! മെയ് 6-നു തൃശ്ശൂർ പൂരം (വിജയ് സി.എച്ച്‌ )

ഭൂമിയിൽ നടക്കുന്ന ഏറ്റവും വർണ്ണശബളമായ ഉത്സവമെന്നു ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനെസ്കോ വിശേഷിപ്പിച്ച തൃശ്ശൂർ പൂരം മെയ് 6-നു അരങ്ങേറുന്നു! പൂരങ്ങളുടെ പൂരമെന്ന് അറിയപ്പെടുന്ന ഈ മഹാമഹത്തിലെ അത്യാകർഷകമായ ഇനങ്ങളിലൊന്നായ ഇലഞ്ഞിത്തറ മേളത്തിന് പ്രാമാണിത്വം വഹിക്കാൻ മൂന്നാം തവണയും കിഴക്കൂട്ട് അനിയൻ മാരാർ എത്തുന്നുവെന്നത് പൂരപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഉളവാക്കിയിരിക്കുന്നത്.

ഇരുപത്തിനാലു വർഷം ഇലഞ്ഞിത്തറ മേളം നയിച്ച പെരുവനം കുട്ടൻ മാരാർക്കു പകരമാണു 2023-ൽ അനിയൻ മാരാർ എത്തിയത്. അതു വരെ അനിയൻ മാരാർ തിരുവമ്പാടിയുടെ മേള പ്രമാണിയായിരുന്നു.

ഒരു ചെണ്ടവിദ്വാന് ലഭിക്കാവുന്നതിൽ ഏറ്റവും ഉന്നത സ്ഥാനമാണ് ഇലഞ്ഞിത്തറയിലെ സാരഥ്യം.

കിഴക്കൂട്ടിൻ്റെ വാക്കുകളിലൂടെ... 

ഇലഞ്ഞിത്തറ വിഭിന്നമായ അനുഭവം

രണ്ടു നൂറ്റാണ്ടിലേറെ കാലം പഴക്കമുള്ള തൃശ്ശൂർ പൂരത്തിന് എഴുന്നള്ളത്തുകളും, കുടമാറ്റവും, വെടിക്കെട്ടുമെല്ലാമുണ്ട്. എല്ലാം വിസ്മയങ്ങളാണ്. തൃശ്ശൂർ പൂരത്തിൻ്റെ പങ്കാളികളായ പാറമേക്കാവും തിരുവമ്പാടിയും താന്താങ്ങളുടെ കരുത്തുകൾ ജനസമക്ഷം മാറ്റുരയ്ക്കുന്നു. ഘടക പൂരങ്ങളായ കണിമംഗലം, കിഴക്കുമ്പാട്ടുകര, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നൈതലക്കാവ്, പിന്നെ പേരുകേട്ട മഠത്തിൽ വരവ് മുതലായവ എഴുന്നള്ളത്തുകളാൽ പൂരപ്രേമികളെ മനം കുളിർപ്പിക്കുന്നു. എന്നാൽ, ഏകദേശം മുന്നൂറു പേർ അണിനിരക്കുന്ന ഇലഞ്ഞിത്തറമേളം തികച്ചും വിഭിന്നമായൊരു അനുഭവമല്ലേ -- ആരെയും പ്രകമ്പനം കൊള്ളിപ്പിക്കുന്നൊരു പ്രകടനം! 

17-ആം വയസ്സിൽ

എൻ്റെ 17-ആം വയസ്സിലാണ് ഇലഞ്ഞിത്തറമേളത്തിൽ ആദ്യം ചെണ്ട കൊട്ടിയത്. ഉരുട്ടുചെണ്ട നിരയിലായിരുന്നു ഇടം ലഭിച്ചത്. മേളപ്രമാണി പരിയാരത്ത് കുഞ്ഞൻ മാരാർ. അദ്ദേഹത്തിൻ്റെ ഏറ്റവും അകലെ സ്ഥാനം ലഭിച്ചൊരു കൊച്ചു ചെണ്ടക്കാരനായിരുന്നു അന്ന് ഞാൻ. അങ്ങനെ 36 വർഷം തുടർച്ചയായി ഇലഞ്ഞിത്തറയിൽ കൊട്ടിയപ്പോൾ, സ്ഥാനകയറ്റം ലഭിച്ചുലഭിച്ച്, അന്നത്തെ മേളപ്രമാണിയുടെ തൊട്ടടുത്തുവരെയെത്തി. രാമൻകണ്ടത്ത് കൃഷ്ണൻകുട്ടിമാരാർ ആയിരുന്നു പ്രമാണി. പ്രായാധിക്യം മൂലം അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. എന്നാൽ, തുടർവർഷത്തിൽ പ്രമാണിയായി ഞാൻ നിയമിതനായില്ല. വളരെ അപ്രതീക്ഷിതമായൊരു ആഘാതമായിരുന്നു അത്. സങ്കടപ്പെട്ട ഞാൻ അതിനു ശേഷം ഇലഞ്ഞിത്തറമേളത്തിൽ പങ്കെടുത്തതേയില്ല. 2023, ഏപ്രിൽ, 30-ന് ഇലഞ്ഞിച്ചുവട്ടിൽ തിരിച്ചെത്തിയത് പുതിയ മേളപ്രമാണിയാകാനാണ്. വൈകിയാലും അർഹത അംഗീകരിക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്. താമസിച്ചെത്തിയ പദവിയായതിനാൽ സന്തോഷം കൂടുതലുമാണ്. എന്നാൽ, അർഹതയുണ്ടായിട്ടും അന്ന് പുറത്തുപോകേണ്ടിവന്നതിന് ആരോടും പരിഭവമില്ല, പരാതിയുമില്ല.

സമൂഹമേളത്തിൽ ഒന്നാമത് 

രണ്ടര മണിക്കൂർ നേരം നീണ്ടുനിൽക്കുന്ന പാണ്ടിമേളമാണ് തൃശ്ശൂർ പൂരത്തിൽ അവതരിപ്പിക്കപ്പെടുന്നത്. പൂരത്തിൻ്റെയന്ന് ഒരു ശ്രോതാവിൻ്റെ ആദ്യ പരിഗണന ഇലഞ്ഞിച്ചുവട്ടിലെ സമൂഹമേളം തന്നെയാണ്. ഇത് പൂരനഗരിയെ ത്രസിപ്പിക്കുന്ന രൗദ്രതാളം. ചെണ്ടയിൽ വീഴുന്ന ഓരോ കോലും തീർക്കുന്ന നാദബ്രഹ്മം വിലയിരുത്താൻ അവിടെ മേളപ്രേമികളുണ്ട്. ചെണ്ടമേളത്തിൻ്റെ ശ്രോതാക്കൾ അതിൻ്റെ വളരെ ആത്മാർത്ഥമായ ആരാധകരാണെന്നതാണ് അതിനു കാരണം. താളവട്ടങ്ങളുടെ സൂക്ഷ്മമായ ദ്രുത-ലാസ്യ ഭാവങ്ങൾ വരെ അവർ ആസ്വദിക്കുന്നുമുണ്ട്. ഇലഞ്ഞിത്തറമേളത്തിൽ മുന്നോറോളം വാദ്യകലാകാരന്മാർ പങ്കെടുക്കുന്നു. മേളപ്രമാണിയുടെ ഇടത്തും വലത്തും മുന്നിലുമായി അവർ വിന്യസിക്കപ്പെടുന്നു. കൊട്ടിക്കൊണ്ടിരിക്കുന്ന മേളത്തിനിടയിൽ ദൃഷ്ടി കൊണ്ടാണ് കാലങ്ങൾ മാറുന്നതും മറ്റുമായ നിർണ്ണായക വിവരങ്ങൾ മേളപ്രമാണി സഹകാരികളെ അറിയിക്കുന്നത്. ക്ഷേത്ര മതിൽകെട്ടിനകത്തുള്ള ഇലഞ്ഞി മരത്തിനടിയിൽ നടക്കുന്നതിനാലാണ് ഇലഞ്ഞിത്തറമേളമെന്ന പേർ ലഭിച്ചത്. നിരവധി മേളങ്ങൾക്ക് സാക്ഷ്യം വഹിച്ച വൻ ഇലഞ്ഞിമരം കടപുഴകി വീണതിനു ശേഷം യഥാസ്ഥാനം നട്ടുവളർത്തിയതാണ് ഇപ്പോഴുള്ള വൃക്ഷം. ലോകത്തെ ഏറ്റവും ആകർഷകമായ സമൂഹമേളമാണ് ഇലഞ്ഞിച്ചുവട്ടിൽ അരങ്ങേറുന്നത്.

മൂന്നിടത്തു പ്രമാണി 

തൃശ്ശൂർ പൂരത്തിൻ്റെ രണ്ടു പങ്കാളികളാണ് അടുത്തു തന്നെയുള്ള ക്ഷേത്രങ്ങളായ പാറമേക്കാവും തിരുവമ്പാടിയും. ഇലഞ്ഞിത്തറ മേളം അരങ്ങേറുന്നത് വടക്കുംനാഥൻ ക്ഷേത്ര മതിൽക്കെട്ടിനകത്താണ്. ഇലഞ്ഞിത്തറയിലെ പ്രാമാണിത്വം കഴിഞ്ഞാൽ, ഏറ്റവുമധികം ജനശ്രദ്ധ ആകർഷിക്കുന്ന പദവികളാണ് പാറമേക്കാവ്, തിരുവമ്പാടി മേളസംഘങ്ങളുടെ നേതൃത്വങ്ങൾ. 2006-ൽ പാറമേക്കാവിൻ്റെ മേളപ്രമാണിയാകാൻ എനിയ്ക്ക് ഭാഗ്യം ലഭിച്ചു. 2011-മുതൽ തുടർച്ചയായി തിരുവമ്പാടിയുടെ മേളപ്രമാണിയായിരുന്നു. ഇലഞ്ഞിത്തറമേളത്തിന് സാരഥ്യം വഹിച്ചതോടെ തൃശ്ശൂർ പൂരത്തിനോടു ബന്ധപ്പെട്ട മൂന്നു മേളസംഘങ്ങളുടെയും പ്രാമാണിത്വങ്ങൾ വഹിച്ച വ്യക്തിയായി! എല്ലാ മേളപ്രേമികൾക്കും, ചെണ്ടകലാകാരന്മാർക്കും, മൂന്നു ദേവസ്വം അധികൃതർക്കും അവാച്യമായ സന്തോഷവും കൃതജ്ഞതയും അറിയിക്കുന്നു.

രൗദ്രം, ഗാംഭീര്യം, പാണ്ടി 

പാണ്ടിമേളത്തിൻ്റെ അടിസ്ഥാന താളം അടന്തയാണ്. തുടക്കം മുതലേ അടന്തയിലാണ് പാണ്ടി. ഇതിൽ കാലങ്ങളുടെ ഏറ്റക്കുറച്ചിലുകളില്ല. തുടർച്ചയായ ആരോഹണം മാത്രമാണ്. അങ്ങോട്ടു കൊട്ടികയറുകയാണ്. വച്ചടിവച്ചടി കയറ്റം! രൗദ്രമാണ് ഇതിൻ്റെ ആവിഷ്കാരം. ഭാവം രൗദ്രമായതിനാൽ, പാണ്ടിമേളത്തിൻ്റെ പ്രത്യേകത ശബ്ദഗാംഭീര്യമാണ്. വിദൂരതയിൽ നിന്നുപോലും, കൊട്ടിനെക്കുറിച്ചു അറിയാവുന്നവരാണെങ്കിൽ പറയും, പാണ്ടിയാണ് ആ മുഴങ്ങുന്നതെന്ന്. അത്രയും പ്രത്യേകതയും, വശീകരണ ശക്തിയുമാണ് പാണ്ടിയ്ക്ക്! ഇലഞ്ഞിത്തറയാണ് പാണ്ടിക്കു കിട്ടുന്ന ഏറ്റവും ബൃഹത്തായ സദസ്സ്. കൊട്ടും പോലെ കൊട്ടിയാൽ, ചെണ്ടയിൽ പാണ്ടി കനത്ത നാദം പടുത്തുയർത്തും. ഇതിനു താരതമ്യങ്ങളില്ല. ഇത് അത്യാകർഷണമാണ് ശ്രോതാക്കളിൽ സൃഷ്ടിക്കുന്നതും. കണ്ടും കേട്ടും, അവർ ആവേശഭരിതരാകും, രോമാഞ്ചമണിയും! ഇലഞ്ഞിത്തറ മേളം ഒരിക്കൽ കേട്ടവർ വീണ്ടും വീണ്ടും ഇലഞ്ഞിച്ചുവട്ടിലെത്തുന്നതും അതുകൊണ്ടാണ്.

സംഗീത ഉപകരണങ്ങൾ

ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ മുതലായവയാണ് പ്രധാന സംഗീത ഉപകരണങ്ങൾ. ഏറ്റവും കുറഞ്ഞത് 100 ചെണ്ടകളും, 100 ഇലത്താളങ്ങളും, 25 കൊമ്പുകളും, 25 കുറുങ്കുഴലുകളുമുണ്ടാകണം ഇലഞ്ഞിത്തറ മേളത്തിന്.

സമൂഹമേളങ്ങളിൽ പരമോന്നതമായതെന്നാണ് സംഗീതജ്ഞർ ഇലഞ്ഞിത്തറ മേളത്തെ വിലയിരുത്തുന്നത്. 

പതിനെട്ടു വാദ്യങ്ങളും ചെണ്ടക്കു താഴെ 

പൂരപ്രേമികളെ പ്രകമ്പനം കൊള്ളിക്കുന്നതാണ് കൊട്ടിൻ്റെ കഥ. ചെണ്ടപ്പുറത്ത് കോലു വീഴുന്നിടത്ത് ഓടിച്ചെല്ലാത്ത മലയാളിയുണ്ടോ? ഇല്ല, അത്ര കണ്ട് ത്രസിപ്പിക്കുന്നതല്ലേ പണ്ടു മുതലേ ഈ തകൃത കൃതകൃതാ... ചെണ്ട കൊട്ടി അറിയിക്കുക എന്നായിരുന്നല്ലൊ നമ്മുടെ രീതി. വിളംബരം വരെ ചെയ്തിരുന്നത് ചെണ്ട കൊട്ടിയല്ലേ! അതിനാൽ, ചെണ്ടയുടെ ശബ്ദം എവിടെ കേട്ടാലും അവിടെ ഓടിയെത്തുന്നതും, ചുറ്റും കൂടിനിന്ന് താനെ മറന്നു താളംപിടിക്കുന്നതുമെല്ലാം മലയാളികളുടെ പ്രത്യേക പൈതൃകം. അതുകൊണ്ടു തന്നെയാണ് ഈ ചൊല്ല് -- പതിനെട്ടു വാദ്യങ്ങളും ചെണ്ടക്കു താഴെ! സർവോപരി, ചെണ്ട പച്ച മലയാളിയാണ്. വാദ്യോപകരണങ്ങളിൽ ഏറ്റവും ജനകീയൻ! ഇത്രയും ദൂരെ കേൾക്കുന്ന മറ്റൊരു സംഗീത സാമഗ്രിയുമില്ല ഈ ലോകത്തു തന്നെ. കൊല്ലവർഷം 971 മേടമാസത്തിലെ പൂരം നാളിൽ (1796, മേയ്) ശക്തൻ തമ്പുരാൻ തൃശ്ശൂർ പൂരം ആരംഭിച്ചതിനു മുന്നെ തുടങ്ങുന്നു ചെണ്ട മാഹാത്മ്യം! 

പാണ്ടിയല്ല പഞ്ചാരി 

ഇലഞ്ഞിച്ചുവട്ടിലേത് പാണ്ടിമേളം. ഒരുമിച്ചു നിൽക്കുന്ന പഞ്ചാരിമേളവുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടത്, പാണ്ടിയുടെ അടിസ്ഥാന താളം അടന്തയാണെന്നും, പഞ്ചാരിയ്ക്ക് ചെമ്പടയാണെന്നും എടുത്തു പറഞ്ഞുകൊണ്ടായിരിക്കണം. തങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് പാണ്ടിയാണോ പഞ്ചാരിയാണോയെന്ന് ശ്രോതാക്കൾക്ക് തിരിച്ചറിയണമെങ്കിൽ, കൊട്ടിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിഞ്ഞേ മതിയാകൂ. പെട്ടെന്നു വഴങ്ങാത്ത ചിട്ടകളും താളവിന്യാസങ്ങളും ഉള്ളതുകൊണ്ടാണിത്. ധാരാളം കേട്ടു ശീലമുള്ള ചിലർക്ക് കൊട്ട് അവസാന ഘട്ടമെത്തുമ്പോൾ മേളമേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്നുമിരിയ്ക്കും. താളങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിനു അവലംബമായി ഗണിക്കുന്ന അടിസ്ഥാന താളമായ ചെമ്പടയെ മുഴുവനായോ, ഭാഗികമായോ അഞ്ചുകാലത്തിൽ കൊട്ടുകയാണ് പഞ്ചാരിയിൽ ചെയ്യുന്നത്. മേളത്തിൻ്റെ കാല മാറ്റം നടക്കുന്നത് 96, 48, 24, 12, 6 എന്ന ക്രമത്തിലാണ്. ഓരോ കാലത്തിനും ഘട്ടങ്ങളുണ്ട്, കലാശമുണ്ട്, കൊട്ടുന്ന സമയത്തിനു അനുപാതവുമുണ്ട്. അങ്ങനെ, അഞ്ചു കാലങ്ങൾ ക്രമമായി കൊട്ടുന്നതുകൊണ്ടാണ് 'പഞ്ചാരി' എന്ന പേരു വന്നത്. 

മാതൃകാ സ്ഥാനത്ത് പഞ്ചാരി 

പഞ്ചാരിയുടെ പ്രത്യേകത മാധുര്യമാണ്. അതിനു കാരണം, ഈ മേളത്തിൻ്റെ താളഘടന കർണ്ണാടക സംഗീതത്തിലെ 'രൂപകം' പോലെയുള്ള ഒന്നായതുകൊണ്ടാണ്. അതിനാൽ പഞ്ചാരിയുടെ അടിത്തറ വിപുലമാണ്. പഞ്ചാരിക്ക് ഒരു ക്ലാസ്സിക്കൽ ടച്ചുണ്ടെന്ന് സംഗീതം അറിയാവുന്നവർ പറയുന്നത് ഇക്കാരണത്താലാണ്. പഞ്ചാരി നന്നായി അറിയുന്ന ഒരു കലാകാരന്, പാണ്ടി ഒഴിച്ചുള്ള മേളങ്ങളെല്ലാം നിഷ്പ്രയാസം അഭ്യസിക്കാൻ കഴിയും. അതിനാൽ, ചെണ്ടമേളങ്ങളിൽ മാതൃകാ സ്ഥാനത്തായി പഞ്ചാരിയെ കാണുന്നു. പാണ്ടിയും പഞ്ചാരിയും കാഴ്ച്ചയിൽ തിരിച്ചറിയാൻ ഒരു വഴിയേയുള്ളൂ. രണ്ടു കൈകളിലും കോൽ ഉണ്ടെങ്കിൽ, അതു പാണ്ടി ആയിരിയ്ക്കും. രൗദ്രമാണെന്നു പറഞ്ഞില്ലേ, ചെണ്ടയുടെ ഇടന്തലയിലും (left side) വലന്തലയിലും (right side) കോലുകൾ ഉപയോഗിച്ചു അങ്ങോട്ടു കൊട്ടികയറണം. വലതു കയ്യിൽ കോലും, ഇടതു കയ്യുമാണ് ചെണ്ടയിൽ പ്രയോഗിക്കുന്നതെങ്കിൽ അതു പഞ്ചാരി ആയിരിയ്ക്കും. അപവാദമുണ്ടെങ്കിലും, പൊതുവെ ഇങ്ങനെ കരുതാം. തായമ്പക കൊട്ടാൻ ഒരു കൈയിലേ കോൽ ഉപയോഗിക്കാറുള്ളു. തായമ്പക മിഴാവിലും കൊട്ടാറുണ്ട്. അപൂർവമാണെങ്കിലും, വടക്കൻ കേരളത്തിൽ രണ്ടു കോലുകൾ ഉപയോഗിച്ചു പഞ്ചാരി കൊട്ടുന്ന രീതിയുമുണ്ട്. കഥകളിയ്ക്ക് ചെണ്ട കൊട്ടുമ്പോൾ, മിക്കവാറും ഇരു കൈയിലും കോൽ ഉണ്ടാകും. എന്നാൽ, വലിപ്പം കൂടിയതാണ് കഥകളിച്ചെണ്ട. പക്ഷെ, തായമ്പകയും, പഞ്ചവാദ്യവും, കഥകളിയുമൊന്നും പാണ്ടിയും പഞ്ചാരിയുമായി തെറ്റിദ്ധരിക്കപ്പെടില്ലല്ലൊ!

തൃശ്ശൂർ വാദ്യങ്ങളുടെ പൂരവേദി 

ഇലഞ്ഞിത്തറ മേളത്തോടൊപ്പം, പഞ്ചാരിയും, പഞ്ചവാദ്യവും, തായമ്പകയും മത്സരിച്ചു അരങ്ങേറുന്ന പൂരവേദിയാണ് തൃശ്ശൂർ. 'ഇരുന്നുപാണ്ടി', 'കൊട്ടി വാചകം പൂക്കൽ' മുതലായ വിശേഷമേളങ്ങളും ഇവിടെ പതിവാണ്. എല്ലാം ഒരുമിച്ചെത്തുമ്പോഴും ശ്രോതാക്കൾ ഇലഞ്ഞിത്തറ മേളത്തോടൊപ്പം നിൽക്കുന്നു. വ്യത്യസ്തമായ കലാരൂപങ്ങളാണെങ്കിലും, പഞ്ചവാദ്യമൊഴിച്ച് മറ്റുള്ളവയിലെല്ലാം ചെണ്ടയാണ് പ്രധാന വാദ്യം. പാണ്ടി അല്ലാത്ത മേളങ്ങളെ ചെമ്പടമേളങ്ങൾ എന്നാണ് പൊതുവെ വിളിക്കുന്നത്. കാരണം, അവ ചെമ്പട വട്ടങ്ങളുടെ രൂപരേഖയാണ് തുടക്കത്തിലേ വരച്ചു കാട്ടുന്നത്. ഓരോ കാലവും ക്രമമായി കൊട്ടിത്തീർത്ത്, അടുത്ത കാലം തുടങ്ങുന്നു. അതിനാൽ, അവയിലെല്ലാം ആരോഹണവും അവരോഹണവുമുണ്ട്. പാണ്ടിയൊഴിച്ചുള്ള മേളങ്ങളിൽ, പഞ്ചാരിമേളത്തിൻ്റെ രാഗമായ ചെമ്പടയുടെ സ്വാധീനമാണുള്ളതെന്ന് മേളപ്രേമികൾ തിരിച്ചറിയുകയും ചെയ്യുന്നു. രൂപമേതായാലും, സ്വാഭാവികമായും ചെണ്ടമേളത്തിൻ്റെ ശ്രോതാക്കൾ അതിൻ്റെ കടുത്ത ആരാധകരാണ്. എന്നിരുന്നാലും, പൂരത്തിൻ്റെയന്ന് ഒരു ശ്രോതാവിൻ്റെ ആദ്യ പരിഗണന ഇലഞ്ഞിച്ചുവട്ടിലെ പാണ്ടി തന്നെയാണ്. പൂരനഗരിയെ ത്രസിപ്പിക്കുന്ന രൗദ്രതാളം എന്ന വർണ്ണനയ്ക്കപ്പുറത്ത്, ഇലഞ്ഞിത്തറ മേളത്തിനൊരു സാർവദേശീയ സ്ഥാനവുമുണ്ട്. ഇത്രയും കലാകാരന്മാർ ഒരുമിച്ചണിനിരക്കുന്ന ഒരു symphony, അല്ലെങ്കിൽ orchestra, ലോകത്ത് മറ്റൊരിടത്തുമില്ലെന്ന രാജ്യാന്തര വിശേഷണം ഇലഞ്ഞിത്തറ മേളത്തിനു മാത്രമാണുള്ളത്! യൂറോപ്പിലോ, അമേരിക്കയിലോ നൂറിൽ കൂടുതൽ instrumentalists പങ്കെടുക്കുന്നൊരു annual concert ഇതുവരെ നടന്നിട്ടില്ല. ഇവിടെ, ഇലഞ്ഞിത്തറയിൽ, മുന്നൂറോളം വാദ്യകലാകാരന്മാർ. ശീതീകരിച്ച മുറിയിലല്ല, എരിപൊരി കൊള്ളുന്ന മേട പുഴുക്കത്തിലാണ്. താപം വളരെ കൂടുതലാണ് മേടമാസത്തിലെ പൂരം നക്ഷത്രത്തിന്!

തമ്പുരാട്ടിയിൽ നിന്ന് കനകകങ്കണം 

കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ടെങ്കിലും, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിക്കുട്ടി തമ്പുരാട്ടി സമ്മാനിച്ച കനകകങ്കണം കലാജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നു. ഒല്ലൂക്കരയിൽ വെച്ചു നടത്തിയ വിപുലമായ പൗരസ്വീകരണത്തിലാണ് തമ്പുരാട്ടി കീർത്തിമുദ്ര നൽകി എന്നെ ആദരിച്ചത്. ഇലഞ്ഞിത്തറയിലെ പ്രാമാണിത്വം ഏറ്റെടുക്കുന്ന ഈ വേളയിൽ ഞാൻ തമ്പുരാട്ടിയെ ബഹുമാനപൂർവം സ്മരിയ്ക്കുന്നു.

കുട്ടിക്കാലം, അരങ്ങേറ്റം, ചെറു പൂരങ്ങൾ 

തൃശ്ശൂർ നഗരത്തിൽ നിന്നും അഞ്ചാറു കിലോമീറ്റർ കിഴക്കുള്ള നെട്ടിശ്ശേരിയിലെ കിഴക്കൂട്ട് മാരാത്താണ് ജനിച്ചു വളർന്നത്. പരിയാരത്ത് കൃഷ്ണൻകുട്ടി മാരാരും കിഴക്കൂട്ട് മാരാത്ത് കാളിക്കുട്ടി മാരസ്യാരും അച്ഛനമ്മമാർ. പേരുകേട്ട ചെണ്ട വിദ്വാൻ പരിയാരത്ത് കുഞ്ചു മാരാരിൽ നിന്ന് ചെണ്ടവാദനം അഭ്യസിച്ചു, പതിനൊന്നാം വയസ്സിൽ നെട്ടിശ്ശേരിയിലെ ശിവശാസ്താ ക്ഷേത്രത്തിൽ തായമ്പകയിൽ അരങ്ങേറ്റം കുറിച്ചു. അമ്മാവൻ കിഴക്കൂട്ട് ഈശര മാരാരുടെ ശിക്ഷണം വളരെ പ്രയോജനപ്പെട്ടു. താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ അടിയന്തിരം കൊട്ട് കുട്ടിക്കാലം മുതലുണ്ടായിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ നെട്ടിശ്ശേരി തറയ്ക്കൽ പൂരത്തിന് പ്രഥമ പ്രാമാണിത്വം വഹിച്ചു. തുടർന്ന് ചക്കംകുളം അപ്പു മാരാരോടൊപ്പം പാറമേക്കാവ് മേളസംഘത്തിൽ ചേർന്നു. അപ്പു മാരാർ പാറമേക്കാവിലെ പ്രാമാണിത്വം ഒഴിഞ്ഞപ്പോൾ, ചൂരക്കോട്ടുകാവ്, കണിമംഗലം, പെരുവനം, ആറാട്ടുപുഴ, തൃപ്രയാർ, ഒല്ലൂർ, ചിനക്കൊളത്തൂർ, ഇടക്കുന്നി, ഇരിങ്ങാലക്കുട, തിരുവില്വാമല, ചാത്തക്കുടം, മണപ്പുള്ളിക്കാവ് മുതലായ ചെറു സംഘങ്ങളുടെ അമരക്കാരനായി ഞാൻ മേളരംഗത്ത് വ്യാപൃതനായി.

താമസം, കുടുംബം 

പുതിയ വീടുവെച്ച് താണിക്കുടത്ത് താമസിയ്ക്കുന്നു. പത്നി, ചന്ദ്രിക മാരസ്യാർ, പരിയാരത്ത് കുഞ്ചു മാരാരുടെ പുത്രിയാണ്. മക്കളായ മനോജ് മാരാരും മഹേഷ് മാരാരും ചെണ്ട കലാകാരന്മാരാണ്. ഒമ്പതാം ക്ലാസ്സിൽ പഠിയ്ക്കുന്ന അഭിനന്ദ് മാരാരും, നാലാം ക്ലാസ്സിൽ പഠിയ്ക്കുന്ന അനിഷ്ക മാരസ്യാരും മനോജിൻ്റെ മക്കളാണ്. മനോജിൻ്റെ പത്നി, ശ്രീദേവി മാരസ്യാർ. ഇളയ മകൻ മഹേഷ് അവിവാഹിതനാണ്. കൊച്ചുമകൻ അഭിനന്ദ് ഈയിടെ തായമ്പകയിൽ അരങ്ങേറ്റം കുറിച്ചു.

---------------------------------

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക