വാഷിംഗ്‌ടൺ, ഡി സി: യു എസ് പ്രസിഡന്റിന്റെ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വന്നതോടെ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ഏഷ്യൻ രാജ്യങ്ങളുടെ ചരക്കുകൾ ഗണ്യമായി കുറഞ്ഞതായി മാർക്കറ്റ് റിപ്പോർട്ടുകൾ പറയുന്നു. പ്രധാനമായും ചൈനയിൽ നിന്നുള്ള ഇറക്കുമതികളാണ് ധാരാളമായി കുറഞ്ഞത്.
മാരിടൈം റിസർച്ചിൽ കേന്ദ്രീകരിക്കുന്ന സ്ഥാപനം സീ ഇന്റലിജൻസ് ഷെഡ്യൂൾ ചെയ്ത കുറെ ഏറെ ബുക്കിങ്ങുകൾ ക്യാൻസൽ ചെയ്തതായി പറഞ്ഞു. ഇവയെ വാണിജ്യ വൃത്തങ്ങൾ ബ്ലാങ്ക് സെയ്‌ലിംഗ്സ് എന്നാണ് വിളിക്കുന്നത്. 2025 ഏപ്രിൽ 14 മുതൽ മെയ് 11 വരെയുള്ള കാലയളവിൽ 60,000 ബ്ലാങ്ക് സെയ്‌ലിംഗ്സിൽ നിന്ന് 2,50,000 ആയി ഉയർന്നതായി റിപ്പോർട്ട് പറയുന്നു. ട്രംപിന്റെ 'ലിബറേഷൻ ഡേ' പ്രഖ്യാപനത്തിനു ശേഷം ഏപ്രിൽ രണ്ടാം വാരത്തിൽ ഇത് 3,67,800 വരെ ഉയർന്നു.
നാടകീയമെന്നു തോന്നാവുന്ന ഈ വലിയ വർധന രാഷ്ട്രീയമായ അനിശ്ചിതത്വവും താരിഫ് പ്രഖ്യാപനവും മൂലവുമാണെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. ഇത് വ്യക്തമാക്കുന്നത് അന്താരാഷ്ട്ര വ്യാപാര രംഗത്ത് രാഷ്ട്രങ്ങളുടെ ഇങ്ങനെയുള്ള നിലപാടുകൾ എത്ര വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ്. പുതിയ ഇറക്കുമതി ചുങ്കം അസ്വീകാര്യമാണ് എന്ന് മറ്റു രാഷ്ട്രങ്ങൾ തെളിയിക്കുന്നതിനൊപ്പം ഇറക്കുമതി സാധനങ്ങൾക്ക് എത്ര പെട്ടെന്ന് സ്വീകാര്യത നഷ്ടപ്പെടുന്നു എന്നും പറയാതെ പറയുന്നു.
ഇത് യു എസ് സാമ്പത്തികാവസ്ഥയെയും തൊഴിൽ മേഖലയെയും, പ്രത്യേകിച്ച് ഇറക്കുമതിയുമായി ബന്ധപ്പെട്ട മേഖലകളെ, എങ്ങനെ ബാധിക്കും എന്നും പഠന വിധേയമാക്കേണ്ടതുണ്ട്.
സീ ഇന്റലിജൻസ് സി ഇ ഓ: അലൻ മർഫിയുടെ അഭിപ്രായത്തിൽ, വളരെ പെട്ടെന്നു സംഭവിച്ച ഏഷ്യയിൽ നിന്ന് യു എസിലേക്കുള്ള ചരക്കു നീക്കത്തിന്റെ സ്തംഭനം വ്യാപാര രംഗത്ത് അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഷിപ്പിംഗ് ലൈനുകളുടെയും കാർഗോകളുടെയും ഉടമസ്ഥർ ചരക്കുകൾ താൽക്കാലികമായെങ്കിലും അയയ്ക്കാതെ ഇരുന്നു ആസന്ന ഭാവിയിൽ എന്ത് സംഭവിക്കും എന്നാലോചിക്കുകയാണ്. ഈ സ്തംഭനം എങ്ങനെ അവസാനിക്കും എന്നറിയാൻ കാത്തിരിക്കുന്നു. ദീർഘകാല മാറ്റങ്ങൾ പിന്നീടാവാം എന്നവർ കരുതുന്നു. അതേ സമയം ട്രാൻസ് അറ്റ്ലാന്റിക് വ്യാപാരം അതേ നിലയിൽ തുടരുകയാണ് എന്നും മർഫി പറഞ്ഞു.
ഏഷ്യൻ രാജ്യങ്ങളെയാണ് ട്രംപിന്റെ താരിഫുകൾ ഏറ്റവും അധികം ബാധിച്ചത് - കമ്പോഡിയ -49%, വിയറ്റ്നാം -46%, ശ്രീ ലങ്ക - 44% എന്നിവയാണ് ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീരുവ നൽകേണ്ടത്. ഈ തീരുവകൾ 90 ദിവസങ്ങൾ കഴിഞ്ഞാൽ പുനഃപരിശോധിക്കും എന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്.
ചൈനീസ് സാധനങ്ങൾ ഇപ്പോൾ അമേരിക്കയിൽ എത്തുമ്പോൾ 145% തീരുവ നൽകണം. മിക്കവാറും കമ്പനികൾ അവരുടെ സാധനങ്ങൾക്ക് ഉയർന്ന വില ഉപഭോക്താക്കൾ നൽകേണ്ടി വരും എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഷെയ്നും ടെമുവും വിലയിൽ ചില 'അഡ്ജസ്റ്റ്മെന്റുകൾ' നടത്തുന്നതായി അറിയിച്ചു. വില ഉയർത്തുമ്പോൾ ഈ വിശേഷണമാണ് വ്യാപാര സ്ഥാപനങ്ങൾ സാധാരണ നല്കാറ് പതിവ്.
ചെറിയ വ്യവസായ സ്ഥാപനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ താരിഫുകൾ മൂലം തങ്ങൾ അനുഭവിക്കുന്ന വിഷമതകൾ പങ്കു വയ്ച്ചു. തീരുവകൾ തങ്ങളുടെ ഓപ്പറേറ്റിംഗ് ചിലവുകൾ വർധിപ്പിച്ചു, ഏഷ്യൻ കച്ചവടക്കാരുമായുള്ള തങ്ങളുടെ ബന്ധം വഷളാക്കി എന്ന് ഇവർ വിശദീകരിക്കുന്നു.
സവൂപ് ഫണ്ടിംഗ് നോർത്ത് അമേരിക്ക എന്ന ഫൈനാൻൻസിങ് സ്ഥാപനത്തിന്റെ മേധാവി ഡയർ ബുർകെ തങ്ങളുടെ ഇടപാടുകാർ തങ്ങളുടെ പ്രധാന ഓഫീസുകൾ മാറ്റി സ്ഥാപിക്കുവാൻ ആലോചിക്കുന്നതായി പറഞ്ഞു. എന്നാൽ ഹെഡ് ഓഫീസ് മാറ്റി സ്ഥാപിക്കുക ഏറെ ദുഷ്കരമാണെന്നും ചിലർ സൂചിപ്പിച്ചതായും ബുർകെ കൂട്ടിച്ചേർത്തു.
Imports from Asia dwindle as tariffs rise