Image

സഹായിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ തട്ടിക്കൊണ്ടു പോകൽ കേസിൽ ജയിലിൽ

Published on 29 April, 2025
സഹായിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ തട്ടിക്കൊണ്ടു പോകൽ കേസിൽ ജയിലിൽ

ജോർജിയയിൽ 56 വയസ്സുള്ള എൻജിനിയർ  മഹേന്ദ്ര പട്ടേൽ ആഴ്ചകളായി ജയിലിൽ കിടക്കുന്നു. കുറ്റം- കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. എന്നാൽ താഴെ വീഴാൻ പോകുന്ന കുട്ടിയെ സഹായിക്കാൻ ശ്രമിച്ചതാണെന്നും വീഡിയോ അത് സത്യമാണെന്നു തെളിയിക്കുമെന്നും പട്ടേലിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ആരെയെങ്കിലും  സഹായിക്കാൻ ശ്രമിക്കുന്നവർ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്.

മാർച്ച് 18 നു വാൾമാർട്ടിൽ വച്ചാണ് സംഭവം.  രണ്ട് വയസ്സുള്ള മകനും നാല് വയസ്സുള്ള മകളുമായി മോട്ടോർ ഘടിപ്പിച്ച ഷോപ്പിംഗ് കാർട്ടിൽ   26 വയസ്സുള്ള കരോലിൻ മില്ലർ  സ്റ്റോറിൽ സാധനങ്ങൾ നോക്കി നടക്കുന്നു . അപ്പോൾ ടൈലനോൾ എവിടെ ആണിരിക്കുന്നതെന്ന്  അറിയാമോ എന്ന പട്ടേൽ ചോദിക്കുന്നു.  ടൈലനോൾ ചൂണ്ടിക്കാണിക്കുമ്പോൾ കുട്ടിയെ  പട്ടേൽ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും പിടിവലി നടന്നുവെന്നും മില്ലർ പറയുന്നു.

എന്നാൽ കുട്ടി താഴെ വീഴുമെന്ന് തോന്നിയതിനാൽ സഹായിച്ചതാണെന്നു പട്ടേൽ പറയുന്നു. മോട്ടോർ ഘട്ടിപ്പിച്ച  വാഹനത്തിലായതിനാൽ മില്ലർ  വികലാംഗ ആയിരിക്കാമെന്നും പട്ടേൽ കരുതി.

എന്തായാലും മരുന്നും വാങ്ങി സാധാരണ പോലെ പട്ടേൽ മടങ്ങി. ഇതെല്ലാം വീഡിയോയിലുണ്ട്. അഞ്ച് മിനിട്ടിനു ശേഷം മില്ലർ വാൾമാർട്ട് ജോലിക്കാരോട് തന്റെ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്ന് പോയി പറഞ്ഞു. രാത്രി പോലീസിലും റിപ്പോർട്ട് ചെയ്തു. മൂന്നാം ദിവസം  അറസ്റ്റിലായ പാട്ടേൽ കോബ് കൗണ്ടി ജയിലിൽ കഴിയുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന ആരോപണമായതിനാൽ സഹതടവുകാർ പീഡിപ്പിക്കുന്നു.

സ്റ്റോറിലെ വീഡിയോ കണ്ടാൽ തട്ടിക്കൊണ്ടു പോകലൊന്നും നടന്നിട്ടില്ലന്നു പട്ടേലിന്റെ അറ്റോർണി വാദിക്കുന്നു. എന്നാൽ മുഴുവൻ വീഡിയോ അല്ല അതെന്നും പൂർണമായ വീഡിയോ കണ്ടാൽ ആരോപണം സത്യമാണെന്നും പോലീസ് അവകാശപ്പെടുന്നു. എന്തായാലും സോഷ്യൽ മീഡിയ  ഇക്കാര്യത്തിൽ ചേരി തിരിഞ്ഞ്   പോരാടുന്നു.

ടൈലനോളിനെപ്പറ്റി മില്ലർ   ഉത്തരം നൽകുമ്പോൾ,  രണ്ടു വയസുള്ള   ആൺകുട്ടിയുടെ ബാലൻസ് നഷ്ടപ്പെടുന്നത് കണ്ടുവെന്ന്  പട്ടേൽ  പറയുന്നു. നിലത്ത് വീഴുന്നത് തടയാൻ താൻ അവനെ പിടിച്ചുവെന്നും നേരെ നിർത്താൻ  ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പട്ടേലിന്റെ ബന്ധുക്കൾ പറയുന്നത്,   മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോഴാണ് ആരോപണങ്ങളെക്കുറിച്ച് തങ്ങൾ അറിഞ്ഞത് എന്നാണ്.

ടൈലനോൾ ചോദ്യത്തിലൂടെ പട്ടേൽ തന്റെ ശ്രദ്ധ തെറ്റിച്ചുവെന്നും തുടർന്ന് മകൻ ജൂഡിനെ മടിയിൽ നിന്ന് ഉയർത്താൻ ശ്രമിച്ചെന്നും മില്ലർ അവകാശപ്പെടുന്നു. ഒരു പിടിവലി നടന്നതായും, ആ കൊച്ചുകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്   താൻ വീരോചിതമായി   തടഞ്ഞുവെന്നും മില്ലർ  അവകാശപ്പെടുന്നു.

അങ്ങനെയൊരു കാര്യം പട്ടേൽ  ഒരിക്കലും ചെയ്യാൻ സാധ്യതയില്ലെന്നു ബന്ധുക്കളും പരിചയക്കാരും  പറഞ്ഞു.

ഇത് സംബന്ധിച്ചു   മാധ്യമങ്ങൾ തോറും കയറി ഇറങ്ങി അഭിമുഖം കൊടുക്കുന്ന  മില്ലറെ ബന്ധുക്കൾ  രൂക്ഷമായി വിമർശിച്ചു. 'ഈ വ്യക്തിക്ക് എത്ര അഭിമുഖങ്ങൾ നടത്താൻ കഴിയും?  അവർ അനുമാനങ്ങൾ നടത്തുകയാണ്,' അവർ പറഞ്ഞു.

രോഗിയായ 86 വയസ്സുള്ള അമ്മയ്ക്ക് പട്ടേൽ ഒരു പ്രത്യേക തരം ടൈലനോൾ തിരയുകയായിരുന്നു. അവർ അത്  ദിവസത്തിൽ രണ്ടുതവണ കഴിക്കുന്നു, 'അതുകൊണ്ടായിരിക്കാം അയാൾ  തിരക്കിട്ട്  അത്  അന്വേഷിച്ചത്,' ബന്ധുക്കൾ പറയുന്നു

ഭർത്താവിന്റെ അപമാനകരമായ അറസ്റ്റിനുശേഷം പട്ടേലിന്റെ ഭാര്യ ആരോടും സംസാരിക്കാതെ  ദുഖിതയായിരിക്കുന്നു.

അതേസമയം പട്ടേൽ ജയിലിൽ  കഷ്ടപ്പെടുകയാണെന്ന് അദ്ദേഹത്തിന്റെ അറ്റോർണി ആഷ്‌ലീ മർച്ചന്റ് ഡെയ്‌ലി മെയിലിനോട് പറഞ്ഞു. ഒരു കുട്ടിയെ ഉപദ്രവിച്ചു എന്നാരോപിച്ച്  ജയിലിൽ ആകുന്നവരോട് സഹതടവുകാർ  നല്ല രീതിയിൽ പെരുമാറുകയില്ലല്ലോ എന്ന്  അറ്റോർണി  ചൂണ്ടിക്കാണിക്കുന്നു.

DailyMail.com   വാൾമാർട്ട് വീഡിയോ പരിശോധിക്കുകണ്ടായി. അതിൽ കാണുന്നത്  മില്ലർ  പറയുന്നതിന് വിരുദ്ധമാണ്.   വ്യത്യസ്ത കോണുകളിൽ നിന്നുള്ള 20 വീഡിയോകളിൽ ഒരു പിടിവലി  കാണിക്കുന്നില്ല.

മോട്ടോർ വണ്ടി ഓടിച്ചിരുന്ന മില്ലറുടെ നേരെ പട്ടേൽ ചാരി നിൽക്കുന്നത് പോലെ മാത്രമേ അതിൽ  കാണുന്നുള്ളൂ.

മില്ലർ വീണ്ടും ഒരു സ്ഥലത്തേക്ക് വിരൽ ചൂണ്ടുമ്പോൾ പട്ടേൽ പിന്തിരിഞ്ഞു  പോകുന്നത് വീഡിയോയിൽ കാണിക്കുന്നു.

ഓറഞ്ച് ഷർട്ട് ധരിച്ച ഒരു പുരുഷനുമായി സംസാരിക്കുമ്പോൾ മില്ലർ പുഞ്ചിരിച്ചുകൊണ്ട്   മടങ്ങുന്നത് കാണാം. തുടർന്ന് ആ പുരുഷൻ അവളുടെ കുട്ടികളെയും മൊബിലിറ്റി സ്കൂട്ടറിലെ സാധനങ്ങളെടുക്കാനും  സഹായിക്കുന്നത് കാണാം.

മില്ലറും  പട്ടേലും മൂന്നാം തവണ കണ്ടുമുട്ടുന്നു, അയാൾ ടൈലനോൾ കണ്ടെത്തിയെന്ന്  പറയുന്നതായി  തോന്നുന്നു.

മില്ലർ അന്ന് രാത്രി  പോലീസിനെ വിളിച്ചു. തട്ടിക്കൊണ്ടുപോകൽ ശ്രമമാണെന്ന്  പറഞ്ഞു  നിരവധി ടിവി അഭിമുഖങ്ങൾ നടത്തി.

പട്ടേൽ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയില്ലെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പകരം, പോകുന്നതിനുമുമ്പ് അദ്ദേഹം ശാന്തനായി പോയി മരുന്നിന് പണം നൽകി.

വീഡിയോ ദൃശ്യങ്ങളും അദ്ദേഹത്തിന്റെ അവകാശവാദങ്ങളും ഉണ്ടായിരുന്നിട്ടും,   പോലീസ് മില്ലർക്കൊപ്പം നിൽക്കുന്നു.

'അഭിഭാഷകൻ   പുറത്തുവിട്ട വീഡിയോ മുഴുവൻ സംഭവവും കാണിക്കുന്നില്ല.  ഇത് എഡിറ്റ് ചെയ്തതായി തോന്നുന്നു... അത് ഞങ്ങളുടെ പക്കലുള്ള വീഡിയോയല്ല.,' പോലീസ് പറയുന്നു.

DailyMail.com-മായി ഈ വിഡിയോ ദൃശ്യങ്ങൾ പങ്കിടാൻ പോലീസ്  വിസമ്മതിച്ചു.

എന്നാൽ മുഴുവൻ വീഡിയോയും കണ്ടാൽ, എന്താണ് സംഭവിക്കുന്നതെന്ന് വളരെ വ്യക്തമാണ്. അതായത്, അതിൽ തെറ്റൊന്നുമില്ല,' പട്ടേലിന്റെ അഭിഭാഷകൻ  പറഞ്ഞു.

നിരപരാധിയായ ഒരു വ്യക്തിക്കെതിരെ മില്ലർ എന്തിനാണ് ഇത്രയും ഭയാനകമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതെന്ന് ചോദിച്ചപ്പോൾ, മില്ലർ മുമ്പ് കമ്പനികൾക്കെതിരെ വ്യവഹാരത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പട്ടേലിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

2021 ൽ ഒരു ഡ്രൈവർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് അവർ ലിഫ്റ്റിനെതിരെ ഒരു കേസ് ഫയൽ ചെയ്തു. കേസ് തുടരുകയാണ്.

അതേസമയം, change.org ൽ   പട്ടേലിന് പിന്തുണ പ്രകടിപ്പിച്ച്  ആളുകൾ  അഭിപ്രായങ്ങൾ ഇടുന്നു.

ഒരു കമന്റ് ഇങ്ങനെയായിരുന്നു: 'ഞാൻ എന്റെ കുട്ടികളെ പലതവണ അദ്ദേഹത്തോടൊപ്പം വിട്ടിട്ടുണ്ട്. ആരോപിക്കപ്പെട്ടതിന് നേർ വിപരീതമാണ് അദ്ദേഹം.  വീഡിയോ തെളിവുകൾ അദ്ദേഹം വീണുപോയ കുട്ടിയെ സഹായിക്കുകയായിരുന്നുവെന്ന് വ്യക്തമായി കാണിക്കുന്നു.'

മറ്റൊരാൾ കൂട്ടിച്ചേർത്തു: 'ഇത് വിവേചനത്തിന്റെ ഭയാനകമായ ഒരു കേസാണ്. വീഡിയോയിൽ സഹായിക്കാൻ ശ്രമിക്കുന്ന ഒരു എളിയ മനുഷ്യനെ കാണിക്കുന്നു. ഇനി  സഹായം ആവശ്യമുള്ള ഒരാളെ സഹായിക്കാൻ ആളുകൾ മടിക്കും. '

ആരോപണമുന്നയിച്ച സ്ത്രീയെയും പോലീസ് വകുപ്പിനെയും  പലരും കുറ്റപ്പെടുത്തുകയും ചെയ്തു.

https://www.dailymail.co.uk/news/article-14639501/georgia-child-abductor-toddler-walmart-viral-story.html

https://www.indiatoday.in/world/us-news/story/indian-origin-man-accused-of-kidnaping-attempt-child-us-georgia-mahendra-patel-caroline-miller-2716144-2025-04-28

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക