ട്രംപ് വിരുദ്ധ വികാരത്തിന്റെ ചൂടിൽ കാനഡ ഭരണ ലിബറൽ കക്ഷിക്കു വീണ്ടും അധികാരം നൽകി. നാലാം തവണ ലിബറൽസിനെ വിജയത്തിലേക്കു നയിച്ചത് കാനഡയുടെ മണ്ണിൽ ജനിച്ച ആദ്യ പ്രധാനമന്ത്രി മാർക്ക് കാർണിയാണ്. മാർച്ചിൽ ജസ്റ്റിൻ ട്രൂഡോ അധികാരം ഒഴിഞ്ഞപ്പോൾ നേതൃത്വം ഏറ്റെടുത്ത കാർണി (60) ഒരു സമ്പൂർണ കാലാവധിക്കുള്ള ജനവിധി നേടുമ്പോൾ പാർട്ടിക്കു 50 ശതമാനത്തിലധികം വോട്ട് ലഭിച്ചെങ്കിലും ഉറച്ച ഭൂരിപക്ഷത്തിനു ആവശ്യമായ 172 സീറ്റ് പക്ഷെ തികഞ്ഞിട്ടില്ല.
ആദ്യ ഫലങ്ങളുടെ അടിസ്ഥാനത്തിൽ സി ബി സി/ റേഡിയോ കാനഡ നൽകിയ കണക്കനുസരിച്ചു ലിബറൽസിനു 152 സീറ്റാണുള്ളത്. ഭരണം ഏറ്റെടുക്കാമെങ്കിലും സുപ്രധാന നിയമ നിർമാണത്തിന് അവർക്കു പരസഹായം വേണ്ടി വരും.
ജനുവരിയിൽ ഡോണാൾഡ് ട്രംപ് കാനഡയ്‌ക്കെതിരെ ഭീഷണികളുമായി രംഗപ്രവേശം ചെയ്യുന്നതു വരെ പോളിംഗിൽ 23% വരെ ലീഡ് ഉണ്ടായിരുന്ന വലതുപക്ഷ കൺസർവേറ്റിവ് പാർട്ടി ഇക്കുറി നേടിയത് 143 സീറ്റാണ്. വോട്ട് ശതമാനം 38.2 മാത്രം.
ട്രൂഡോയുടെ ഗവൺമെന്റിനെ താങ്ങി നിർത്തിയിരുന്ന ഖാലിസ്ഥാൻ അനുകൂല ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കു കഴിഞ്ഞ തവണ 24 സീറ്റ് ലഭിച്ചിരുന്നെങ്കിൽ ഇത്തവണ അത് 10 ആയി കുറഞ്ഞു.
കെബെക്ക് ബ്ലോക്കിനു 24 സീറ്റുണ്ട്.
കാനഡയുടെ നോർത്തവെസ്റേൺ ടെറിട്ടറിയിലെ ഫോർട്ട് സ്മിത്തിൽ ജനിച്ച കാർണി തകർച്ച നേരിട്ടു നിന്ന ലിബറൽസിന്റെ നേതൃത്വം മാർച്ചിൽ ഏറ്റെടുത്തതു തന്നെ ചരിത്രം സൃഷ്ടിച്ചായിരുന്നു. കാനഡയെ അമേരിക്കൻ സംസ്ഥാനമാക്കണമെന്നു ആവർത്തിച്ച് പറഞ്ഞ ട്രംപ് കനത്ത തീരുവ ചുമത്തുക കൂടി ചെയ്തതോടെ അദ്ദേഹത്തിനെതിരെ ജനവികാരം ആളിക്കത്തിയ നേരത്തു ട്രംപിനെ വെല്ലുവിളിച്ച കാർണി പെട്ടെന്നു ജനപിന്തുണ നേടി.
കാനഡ അമേരിക്കയുടെ 51ആം സംസ്ഥാനം ആവണമെന്നു തിങ്കളാഴ്ച്ച വോട്ടിംഗ് നടക്കുന്ന നേരത്തും ട്രംപ് പറഞ്ഞിരുന്നു. അതു കൊണ്ട് കാനഡ സാമ്പത്തികമായും സൈനികമായും നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം വാദിച്ചു.
ട്രൂഡോ ഭരണം കാനഡയുടെ സമ്പദ് വ്യവസ്ഥയെ തളർത്തി എന്ന വാദം ഉയർത്തി കൺസർവേറ്റിവ് പാർട്ടി നേതാവ് നേടിയ പിന്തുണ കാർണി വന്നതോടെ മാഞ്ഞുപോയി. ബാങ്കർ എന്ന നിലയിൽ കാനഡയ്ക്കു പുറമെ ബ്രിട്ടനിലും കരുത്തു കാട്ടിയ കാർണി സമ്പദ് രംഗം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയും ജനത്തിന് ഉണ്ടായി. ഹാർവാർഡിലും ഓക്സ്ഫോർഡിലും സാമ്പത്തിക ശാസ്ത്രം പഠിച്ച കാർണി ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണർ ആയിരുന്നു.
ട്രംപിന്റെ വിഷലിപ്തമായ വലതു തീവ്രവാദം ഏറ്റെടുക്കുന്ന വിദേശ വലതു പക്ഷത്തിനു കിട്ടാവുന്ന തിരിച്ചടിയും ഈ ഫലങ്ങളിലുണ്ട്. കൺസർവേറ്റിവ് പാർട്ടി ട്രംപിന്റെ നയങ്ങൾ ഏറ്റെടുത്തത് മധ്യവർത്തി വിഭാഗത്തിന്റെ തിരിച്ചടിക്കു കാരണമായെന്നു കാണുന്നു.
കനത്ത വെല്ലുവിളികളാണ് പക്ഷെ കാർണി നേരിടുന്നത്. പ്രവചിക്കാൻ കഴിയാത്ത നിലപാട് മാറ്റങ്ങൾ കൊണ്ടു പ്രശ്നം സൃഷ്ടിക്കുന്ന ട്രംപുമായി ഇടപെടുന്നത് വെല്ലുവിളിയാണ്. വ്യാപാരം, സുരക്ഷ എന്നീ വിഷയങ്ങളിൽ യുഎസുമായി കൈകോർക്കേണ്ട അവസ്ഥയുണ്ട്.
Liberals sweep to power for 4th straight time