ഒന്റാരിയോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയില്‍ നിന്ന് മൂന്ന് ദിവസം മുന്‍പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒട്ടാവയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥിനി വന്‍ഷിക (21) ആണ് മരിച്ചത്. ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു.
ഏപ്രില്‍ 25ന് വൈകുന്നേരം 7ന് മജസ്റ്റിക് ഡ്രൈവിലെ തന്റെ വീട്ടില്‍ നിന്ന് വാടക മുറി കാണാന്‍ പോയ ശേഷം ഏകദേശം ഒന്‍പത് മണിയോടെ വന്‍ഷികയെ കാണാതായെന്നാണ് പരാതിയില്‍ പറയുന്നത്. അന്ന് രാത്രി 11.40 ഓടെ വന്‍ഷികയുടെ ഫോണ്‍ സ്വിച്ച് ഓഫായി. നിരന്തരം ഫോണ്‍ വിളിച്ചിട്ടും സ്വിച്ച് ഓഫ് ആണെന്ന വിവരം ലഭിച്ചതേടെ കുടുംബം ആശങ്കയിലായി. അടുത്ത ദിവസം നടന്ന പ്രധാന പരീക്ഷയ്ക്കും വന്‍ഷിക ഹാജരായില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വന്‍ഷികയെ ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു' ഒട്ടാവയിലെ ഹിന്ദി കമ്മ്യൂണിറ്റി ഒട്ടാവ പൊലീസ് സര്‍വീസിന് എഴുതിയ കത്തില്‍ പറയുന്നു.
ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്ക് വേണ്ട സഹായം നല്‍കുന്നതിനുള്ള ക്രമീകരണം ചെയ്ത് വരികയാണെന്ന് ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇതിനായി പ്രാദേശിക സാമൂഹിക സംഘടനകളുടെ സഹകരണവും ഉറപ്പാക്കും.