Image

ബേബി ഇൻ; ശ്രീമതി ഔട്ട്‌ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 29 April, 2025
ബേബി ഇൻ; ശ്രീമതി ഔട്ട്‌ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

ഏകദേശം ഒരു വർഷം മുൻപ് കൃത്യമായി പറഞ്ഞാൽ കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം ലണ്ടനിൽ മണിയടിക്കാൻ പോയി മടങ്ങിയെത്തിയ നമ്മുടെ മുഖ്യൻ പിണറായി സഖാവ് ക്ലിഫ് ഹൗസിന്റെ ഉമ്മറത്ത് ഇരുന്നു പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തെ കാണുവാൻ പതിവില്ലാതെ ഒരാൾ സഞ്ചിയും തോളിലിട്ട് കയ്യിൽ ഒരു സ്റ്റീലിന്റെ ചോറ്റുപാത്രം ആയി കയറി വന്നു

അതു മറ്റാരും അല്ലായിരുന്നു നമ്മുടെ സാക്ഷാൽ എം എ ബേബി സാർ. ആതിഥേയ മര്യാദയ്ക്കു പേരുകേട്ട നാട്ടിൽ നിന്നും വന്നു ആദ്യം സി പി എം പോളിറ്റ് ബ്യൂറോ മെമ്പറും പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി സഖാവ് ബേബി സാറിനോട് വന്ന കാലിൽ നിൽക്കാതെ ഇരിക്കുവാൻ പറഞ്ഞു. ഇതു കേട്ട താമസം ബേബി സാർ വളരെ ഭവ്യതയോടെ മുഖ്യനടുത്തായി ഇരുന്നു

ഉടനെ മുഖ്യൻ ചോദിച്ചു എന്താണ് താൻ പതിവില്ലാതെ ഇതിലെ. അപ്പോൾ തന്നെ കയ്യിലിരുന്ന ചോറ്റുപാത്രം മുഖ്യന്റെ നേരെ നീട്ടിക്കൊണ്ട് ബേബി സാർ പറഞ്ഞു ദയവായി ഇതു വാങ്ങണം ഇതിൽ ഇന്ന് രാവിലെ നീണ്ടകര ഹാർബറിൽ നിന്നും വാങ്ങി വീട്ടിൽ കൊണ്ടുപോയി വീട്ടുകാരി കറിവച്ച കുറച്ചു കരിമീൻ മപ്പാസ് ആണ്‌. മുഖ്യൻ ഇന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോൾ ഇതുകൂടി കൂട്ടണം

ഇതു കേട്ടു ചിരിച്ച മുഖ്യൻ പറഞ്ഞു ഇതു ഞാൻ കഴിച്ചോളാം മീൻ കൊണ്ടുള്ള ഏതു വിഭവവും എനിക്കിഷ്ടമാണ്. പക്ഷേ താൻ വന്ന കാര്യം പറ. അപ്പോൾ തന്നെ ബേബി സാർ വളരെ വിനയന്നിതനായി പറഞ്ഞു തുടങ്ങി അങ്ങ് പാർട്ടി സെക്രട്ടറി ആയ തൊണ്ണൂറ്റിഎട്ടുമുതൽ പതിനെട്ടു വർഷവും പിന്നീട് മുഖ്യമന്ത്രിയായ ഒൻപതു വർഷവും അങ്ങനെ ഏതാണ്ട് ഇരുപത്തിയേഴു വർഷമായി അങ്ങയുടെ കണ്ണൂർ ലോബിയുടെ ആട്ടും കുത്തും ചവിട്ടും പരിഹാസവും കേട്ടു ഞാൻ പൊറുതി മുട്ടി. അതുകൊണ്ട് ദയവായി അടുത്ത വർഷം സീതാറം യ്യെച്ചൂരിയുടെ ടേൺ കഴിയുമ്പോൾ എന്നെ പാർട്ടിയുടെ ദേശീയ സെക്രട്ടറി ആക്കണം. ഞാൻ മുഖ്യനെക്കാൾ പത്തു വർഷം മുൻപ് കേന്ദ്ര കമ്മിറ്റിയിൽ വന്നതാണന്നു അറിയാമല്ലോ

മൂന്നാഴ്ച മുൻപ് സമാപിച്ച സി പി എം ന്റെ മധുര പാർട്ടി കോൺഗ്രസോടെ പാർട്ടിയുടെ ദേശീയ സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട ബേബി സാറിന് പിന്നീട് സ്വീകരണ യോഗങ്ങളുടെ തിരക്കോട് തിരക്കായിരുന്നു. കേരളത്തിലെ പത്തിനാലു ജില്ലകളിലും സ്വീകരണം ഏറ്റുവാങ്ങാൻ പോയ ബേബിസാറിന്റെ ആദ്യത്തെ സ്വീകരണം സ്വന്തം ജില്ലയായ കൊല്ലത്തായിരുന്നു. കൊല്ലത്തെ സ്വീകരണ യോഗത്തിൽ നന്ദി പറഞ്ഞു പ്രസഗിച്ചുകൊണ്ടിരിക്കുമ്പോൾ ആണ്‌ രണ്ടായിരത്തിപതിനാലിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തു തന്നെ തോൽപ്പിച്ച നിലവിലെ എം പി എൻ കെ പ്രേമചന്ദ്രൻ കാറിൽ അതുവഴി പോകുന്നത് ഉടൻ തന്നെ ബേബി സാർ പ്രേമചന്ദ്രൻ കേൾക്കത്തക്ക രീതിയിൽ ഉറക്കെ വിളിച്ചു പറഞ്ഞു ഞാൻ വെറും കൊല്ലം പാർട്ടിയുടെ നേതാവല്ലന്നു

പിന്നീട് ബേബി സാർ സ്വീകരണം ഏറ്റുവാങ്ങാൻ പോയത് ആലപ്പുഴയിലേക്കാണ്. ആലപ്പുഴയിൽ ചെന്ന് ഇടഞ്ഞു നിൽക്കുന്ന അണികളില്ലാത്ത ആലപ്പുഴയിലെ നേതാവ് ജി സുധാകരനെ സുധാകരൻ സാറെ എന്നു അലറി വിളിച്ചുകൊണ്ടു കെട്ടിപിടിച്ചു.  ഇതു കേട്ട താമസം എങ്ങനെയെങ്കിലും തിരിച്ചു പാർട്ടിയിൽ കയറിപ്പറ്റണം എന്നു വിചാരിച്ചു നടന്നിരുന്ന സുധാകരൻ ഇപ്പോൾ ജില്ലാ കമ്മിറ്റി ഓഫീസിൽ സ്‌ഥിര താമസമാക്കി

ജില്ലകളിലെ സ്വീകരണ യോഗങ്ങൾ കഴിഞ്ഞ് ബേബി സാർ നേരെ പോയത് കൈരളി ചാനൽ സന്ദർശിക്കുവാൻ ആണ്‌. കൈരളിയിൽ ചെന്നപ്പോൾ എം ഡി ബ്രിട്ടാസ് അവിടെയില്ല അന്യോഷിച്ചപ്പോൾ അറിഞ്ഞത് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ വച്ചു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേട്ടു. ഇനി പാർലമെന്റ് കൂടുമ്പോൾ സുരേഷ് ഗോപിയെ തളക്കുവാൻ മോഹൻലാൽ ചിത്രമായ ലൂസിഫറിലെ സ്റ്റീഫന്റെ ഡയലോഗ് കാണാതെ പഠിക്കുകയാണെന്നാണ്

ഏതായാലും കൈരളി ചാനലുകാരോട് പണ്ടു ഇ കെ നായനാർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഏഷ്യാനെറ്റിൽ അവതരിപ്പിച്ച മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന പരിപാടി പോലെ എല്ലാ ആഴ്ചയിലും പാർട്ടി സെക്രട്ടറിയോടു ചോദിക്കാം എന്നൊരു പ്രോഗ്രാം കൈരളിയിൽ തുടങ്ങണം എന്നു പറഞ്ഞിട്ട് ബേബി സാർ നേരെ ഡൽഹിയിൽ പാർട്ടി ആസ്‌ഥാനത്തു ചുമതല ഏൽക്കാൻ അടുത്ത ഫ്ലൈറ്റിനു പറന്നു

ഡൽഹിയിൽ പാർട്ടി ആസ്‌ഥാനത്തു എത്തിയ ബേബി സാർ തന്നെ സ്വീകരിച്ച നോർത്തിന്ത്യക്കാർ ഉൾപ്പെടെ ഉള്ള സഖാക്കളോട് ക്ലാസ് എടുത്തത് താനും ക്യൂബൻ പ്രസിഡന്റ് ആയിരുന്ന ഫിഡറൽ കാസ്ട്രോയും തമ്മിലുള്ള അഗധമായ അടുപ്പത്തെ കുറിച്ചായിരുന്നു. എല്ലാദിവസവും ഉറങ്ങുന്നതിനു മുൻപ് കാസ്ട്രോയുടെ ഗുഡ് നൈറ്റ് പറയുവാൻ ഉള്ള ഒരു ഫോൺ കാൾ വരുമെന്ന് ബേബി സാർ സഖാക്കളോട് പറഞ്ഞതോടെ എല്ലാവരുടെയും കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു. ചിലർ പൊട്ടിക്കരഞ്ഞു

കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തു പുതിയ എ കെ ജി സെന്ററിന്റ ഉദ്ഘടനം മുഖ്യൻ നിർവഹിച്ചപ്പോൾ സംസ്‌ഥാന സെക്രട്ടറിയുടെയും ജില്ലാ സെക്രട്ടറിമാരുടെയും പിന്നിൽ ഉന്തും തള്ളും ഏറ്റു നിന്നു അതിൽ പങ്കെടുക്കുവാൻ ഉള്ള ഭാഗ്യം ബേബി സാറിനുണ്ടായി

കഴിഞ്ഞ ദിവസം ആണ്‌ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയും എം പി യുമായിരുന്ന പി കെ ശ്രീമതി ടീച്ചർ സംസ്‌ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുവാൻ തിരുവനന്തപുരത്തു ചെന്നപ്പോൾ മുഖ്യൻ കടക്കു പുറത്ത് എന്നു പറഞ്ഞത്

ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ മികച്ച പ്രകടനം കാഴ്ചവച്ചു പിണറായിയെക്കാൾ പേരെടുത്ത കെ കെ ഷൈലജ ടീച്ചർ രണ്ടായിരത്തിഇരുപത്തിഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ മത്സരിച്ചു പിണറായിയെക്കാൾ ഭൂരിപക്ഷത്തിൽ ജയിച്ചു വീണ്ടും മന്ത്രി ആകുവാൻ കിട്ടിയ ജീപ്പും വാടകയ്ക്കെടുത്തു പാഞ്ഞു തിരുവനന്തപുരത്തു ചെന്നപ്പോൾ മുഖ്യൻ പറഞ്ഞു കടക്കു പുറത്തെന്നു കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിലിനു മുന്നിലേയ്ക്കു ഇട്ടു കൊടുത്തു ബലിയാടാക്കിയതും കെ കെ ശൈലജയെ തന്നെയാണ്. ടീച്ചർ ഇപ്പോൾ എവിടെ ഉണ്ടെന്നു മട്ടന്നൂർ കാർക്കു പോലും അറിയില്ല

ഇരുപതു വർഷങ്ങൾക്ക് മുൻപ് പാർട്ടിക്കുവേണ്ടി ഒരു കൈ നഷ്ടപ്പെട്ട സി പി എം കണ്ണൂർ ലോബിയുടെ നേതാവ് പി ജയരാജൻ സൂപ്പർമുഖ്യമന്ത്രി ആകാൻ ശ്രെമിച്ചപ്പോൾ ജയരാജനെ ഇട്ടുകൊടുത്തത് വടകരയിൽ കെ മുരളീധരന്റ മുൻപിലേക്കാണ്. ഇലക്ഷൻ ഫലം വന്ന ശേഷം തലയിൽ മുണ്ടിട്ടു വീട്ടിൽ പോയ ജയരാജനെ പിന്നെ ആരും മഷി ഇട്ടു നോക്കിയിട്ടും കണ്ടിട്ടില്ല

ഏതായാലും അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ ഷൈലജ ടീച്ചറുടെ പിൻഗാമി ആയി ഷാഫിക്കെതിരെ മത്സരിക്കാൻ ശ്രീമതി ടീച്ചർ ആണെന്ന് ഏതാണ്ട് ഉറപ്പായി. ടീച്ചർ സാരി ഉടുക്കുന്നത് കൊണ്ടു ഇലക്ഷൻ ഫലം വന്നു കഴിയുമ്പോൾ ഇനിയിപ്പം തല മൂടാൻ തുണി വാങ്ങേണ്ട കാര്യമില്ല

ഡൽഹിയിൽ ചെന്ന് ഫയലുകൾ പരിശോധിച്ചപ്പോൾ ഇരുപത്തിയേഴു വർഷത്തെ തന്റെ രാഷ്ട്രീയ വനവാസത്തിനു കാരണക്കാരി ശ്രീമതി ടീച്ചർ ആണെന്നെങ്ങാനും ബേബി സാർ കണ്ടു പിടിച്ചോ ആവോ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക