കനേഡിയൻ പൊതുതിരഞ്ഞെടുപ്പിൽ കനത്ത പ്രഹരമേറ്റ ഖാലിസ്ഥാൻ അനുഭാവികളായ നാഷനൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻ ഡി പി) നേതാവ് ജഗ്‌മീത് സിംഗ് രാജി വച്ചു. കഴിഞ്ഞ പാർലമെൻറ്റിൽ 24 സീറ്റോടെ നിർണായക സ്വാധീനം ചെലുത്തിയ പാർട്ടി ഇക്കുറി 4 സീറ്റിൽ മാത്രമേ വിജയിച്ചിട്ടുള്ളു. മൂന്നു സീറ്റിൽ ലീഡുമുണ്ട്.
സിംഗിനു സ്വന്തം സീറ്റും നഷ്ടമായിരുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ ബർണാബി സെൻട്രൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ് സിംഗ് കലാശിച്ചത്.
ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയെ താങ്ങി നിർത്തിയിരുന്ന എൻ ഡി പിക്കു ഇത്തവണ പ്രസക്തി തന്നെ ഇല്ലാതായി. "കൂടുതൽ സീറ്റ് കിട്ടിയില്ല എന്നതിൽ ഞാൻ നിരാശനാണ്," സിംഗ് പറഞ്ഞു. "എന്നാൽ പ്രസ്ഥാനത്തെ കുറിച്ച് നിരാശയില്ല."
പുതിയ നേതാവിനെ പാർട്ടി തിരഞ്ഞെടുക്കുമ്പോൾ താൻ മാറി നിൽക്കുമെന്നു സിംഗ് പറഞ്ഞു.
അഭിഭാഷകനായ സിംഗ് എൻ ഡി പി നേതാവായത് 2017ലാണ്. 2019ൽ എം പിയായി. ഭൂരിപക്ഷം ഇല്ലാതിരുന്ന ലിബറൽ പാർട്ടിക്കു പുറത്തു നിന്നു പിന്തുണ നൽകി അദ്ദേഹം ട്രൂഡോയുടെ ഉറ്റ സഖാവായി. കഴിഞ്ഞ വർഷം പക്ഷെ ആ പിന്തുണ പിൻവലിച്ചു. അതോടെ പാർലമെന്റിൽ അവിശ്വാസ പ്രമേയം നേരിടാൻ ട്രൂഡോയ്ക്കു കഴിയാത്ത സ്ഥിതിയായി.
ഈ വർഷം ആദ്യം 17.4% പിന്തുണ ഉണ്ടെന്നു കനേഡിയൻ ബ്രോഡ്‍കാസ്റ്റിംഗ് കോർപറേഷൻ കണ്ടെത്തിയ എൻ ഡി പിക്കു തിരഞ്ഞെടുപ്പിൽ ലഭിച്ചത് 8.1% ആണ്.
ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ കഴിഞ്ഞ വർഷം സിംഗ് ട്രൂഡോയോട് ആവശ്യപ്പെട്ടിരുന്നു. ഖാലിസ്ഥാൻ അനുഭാവികളുടെ നേരെ നടക്കുന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇന്ത്യയുണ്ടെന്നു സിംഗ് ആരോപിച്ചു. അന്ന് ട്രൂഡോ ആറു ഇന്ത്യൻ ഡിപ്ലോമാറ്റുകളെ പുറത്താക്കി. ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിക്കയും ചെയ്തു.
NDP chief quits after poll debacle