ഫോമായുടെ സിഗ്നേച്ചർ പദ്ധതികളിലൊന്നായ സമ്മർ ടു കേരള എഡ്യൂക്കേഷണൽ ടൂർ പ്രോഗ്രാമിന്റെ പ്രവർത്തന കമ്മിറ്റിയിയിലേക്ക് നാല് യുവ പ്രതിനിധികൾ കൂടി- എബിൻ ഏബ്രഹാം, അഗ്നസ് ബിജു, സിദ്ധാർത്ഥ് ശ്രീധർ, അൽബർട്ട് പാലത്തിങ്കൽ എന്നിവർ.
അനു സ്കറിയ ചെയർപേഴ്സണായും രേഷ്മ രഞ്ജൻ ഇവന്റ് & പി.ആർ കോർഡിനേറ്ററായും രാജേഷ് പുഷ്പരാജൻ കോർഡിനേറ്ററുമായുള്ള കമ്മിറ്റിയിൽ ഇതോടെ യുവതലമുറക്ക് പ്രാധാന്യമേറി.
ജൂൺ 26–27 തീയതികളിൽ നടത്തപ്പെടുന്ന ഈ വിദ്യാഭ്യാസ ടൂർ പരിപാടി, അമേരിക്കയിലെ രണ്ടാം തലമുറക്ക് കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും നേരിട്ട് അനുഭവിക്കുന്നതിനുള്ള അപൂർവ അവസരമാണ്.
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതോടൊപ്പം ബോട്ടിങ്ങ്, ബീച്ച് സ്റ്റേ തുടങ്ങിയ വിനോദപ്രദമായ അനുഭവങ്ങൾ ഒത്തുചേരുന്ന യാത്ര അവിസ്മരണീയമായിരിക്കും.
പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. കേരള സർക്കാരിന്റെ അംഗീകാര പത്രം ലഭിക്കാനും ശ്രമിക്കുന്നു. അത് ഭാവിയിൽ പലരീതിയിൽ പ്രയോജനകരമായിരിക്കും.
സമ്മർ ടു കേരള പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാനും യുവാക്കളിലെ സൃഷ്ടിപരമായ ചിന്തയും നേതൃത്വ ശേഷിയും പ്രോത്സാഹിപ്പിക്കാനുമാണ് ഫോമാ യൂത്ത് ഫോറത്തിന്റെ പ്രതിനിധികളെ പ്രവർത്തന കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ഫോമാ നേതൃത്വം തീരുമാനിച്ചത്. ഇതനുസരിച്ചു ഫോമാ ആർ.വി.പി.മാരോട് വിവിധ റീജണുകളിലെ യുവ പ്രതിനിധികളെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു.
യുവ പ്രതിനിധിയായി ഉൾപ്പെടുത്തിയ എബിൻ ഏബ്രഹാം 2022 മുതൽ ഫോമാ നാഷണൽ യൂത്ത് പ്രതിനിധിയാണ്. ഇപ്പോൾ ഫോമാ നാഷണൽ യൂത്ത് ചെയർമാൻ. അമേരിക്കയിൽ വളർന്നുവെങ്കിലും കേരളീയ വേരുകളോട് ദൃഢബന്ധം പുലർത്തുന്ന എബിൻ, മലയാളി അസോസിയേഷൻ ഓഫ് ടാമ്പയിലൂടെ (MAT) സമൂഹത്തിൽ സജീവമാണ്.
കംപ്യൂട്ടർ എഞ്ചിനീയറിംഗ് കോഴ്സിന്റെ അവസാനവർഷ വിദ്യാർത്ഥിയായ എബിൻ, സംസ്കാരങ്ങൾ തമ്മിലുള്ള പാലങ്ങൾ പണിയാനും പുതിയ തലമുറയെ ശക്തിപ്പെടുത്താനും പ്രതിജ്ഞാബദ്ധനാണ്.
ഇരുപത് വയസ്സുകാരിയായ അഗ്നസ് ബിജു, ഫോമാ യൂത്ത് ഫോറത്തിന്റെ വൈസ് പ്രസിഡന്റാണ്. കാലിഫോർണിയ സർവകലാശാല, ഇർവൈൻ (UCI) കാമ്പസിൽ ബയോളജിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിനിയായ അഗ്നസ്, കേരള അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസിനെ (KALA) പ്രതിനിധീകരിക്കുന്നു.
കേരളീയ പൈതൃകത്തോടുള്ള ആത്മബന്ധം കൊണ്ടും , അമേരിക്കയിലാകെ യുവാക്കളെ ഒന്നിപ്പിക്കുകയും, സംസ്കാരിക മൂല്യങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലും അഗ്നസ് വലിയ ആവേശവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നു.
ഫിലഡൽഫിയയിൽ നിന്നുള്ള സിദ്ധാർത്ഥ് ശ്രീധർ, സെന്റ് ജോസഫ്സ് സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. പതിനാറാം വയസ്സിൽ മോഡലിംഗ് ആരംഭിച്ച സിദ്ധാർഥ്, നിരവധി പ്രോജക്റ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. 2022-ൽ Mr. FOMAA ആയിരുന്നു . കല മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയയിലും ഫോമാ പ്രവർത്തനങ്ങളിലും സജീവമാണ്.
2022-ലെ സമ്മർ ടു കേരള യാത്രയിൽ പങ്കെടുത്തിരുന്നു. സുജിത് ശ്രീധറിന്റെയും (പ്രസിഡന്റ്, കല, ഫിലഡൽഫിയ) ഫോമാ മുൻ ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധറിന്റെയും പുത്രനാണ്.
അറ്റ്ലാന്റയിൽ നിന്നുള്ള ആൽബർട്ട് പാലത്തിങ്കൽ ഡിസൈനറും കഥാകൃത്തും ക്രിയാത്മക ലക്ഷ്യങ്ങളുള്ള സംരംഭകനുമാണ്. കേരള സംസ്കാരവുമായി ആഴത്തിൽ ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തി.
ഫാഷൻ, ടെക്നോളജി, മീഡിയ തുടങ്ങിയ മേഖലകളിലുള്ള സംരംഭങ്ങൾ വഴി ആൽബർട്ട് സംസ്കാരം, വിശ്വാസം, നവീകരണം എന്നിവയെ ഒരുമിപ്പിക്കുന്നു.
പുതിയ തലമുറയെ ശക്തമാക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയ അൽബർട്ട്, മലയാളി യുവാക്കൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും, തങ്ങളുടെ വേരുകളുമായി ബന്ധം നിലനിർത്താനും, ഭാവിയിൽ ആത്മവിശ്വാസത്തോടെ നേതൃത്വം ഏറ്റെടുക്കാനും ശക്തരാക്കുന്നതിനു കർമ്മനിരതനാണ്.
ഈ യുവ പ്രതിനിധികൾ നിലവിലുള്ള നേതൃസംഘത്തോടൊപ്പം പ്രവർത്തിച്ച്, പരിപാടിയുടെ പ്ലാനിങ്, വിദ്യാർത്ഥികളുമായുള്ള കോഓർഡിനേഷൻ, സോഷ്യൽ മീഡിയ പ്രചരണം, സാംസ്കാരിക പരിപാടികൾ എന്നിവയിൽ തങ്ങളുടെ ഊർജ്ജവും പുതുമയും സംഭാവന നൽകും. അവരുടെ നവോന്മേഷവും നൂതന ചിന്താഗതികളും സമ്മർ ടു കേരള പരിപാടിയെ കൂടുതൽ സമ്പന്നമാക്കുമെന്ന് ഫോമാ പ്രതീക്ഷിക്കുന്നു.
ഈ പ്രവർത്തനത്തിലൂടെ, ഫോമാ അമേരിക്കയിലുടനീളം മലയാളി യുവാക്കളെ ശക്തരാക്കുന്നതിനുള്ള ദീർഘദർശിത്വത്തോടെയുള്ള ദൗത്യവുമായി മുന്നേറുകയാണ്.
അനുഭവ സമ്പന്നരായ മുതിർന്ന നേതാക്കളും, ഊർജസ്വരരായ യുവജനങ്ങളും ചേർന്ന്, സമ്മർ ടു കേരള പരിപാടി, പങ്കെടുക്കുന്നവരുടെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കുന്ന ഒരു അപൂർവ അനുഭവമാക്കുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ വ്യക്തമാക്കി. പദ്ധതി വിജയകരമാക്കുന്നതിന് അക്ഷീണം പരിശ്രമിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയോടും, ആർ.വി.പി.മാരോടും, നാഷണൽ കമ്മിറ്റിയിലെ യൂത്ത് ഫോറം പ്രതിനിധികളോടും, പ്രവർത്തന കമ്മിറ്റിയോടും ഫോമാ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഫോമാ ആർ.വി.പി.മാരായ മാത്യു ജോഷ്വ (മെട്രോ) , പ്രകാശ് ജോസഫ് (സൗത്ത് ഈസ്റ്), പദ്മരാജ് നായർ (മിഡ് അറ്റലാന്റിക്), ജോൺസൺ ജോസഫ് (വെസ്റ്റേൺ), ജോമോൺ ആന്റണി (സൺഷൈൻ) എന്നിവരുടെ നേതൃത്വത്തിൽ, വിവിധ റീജണുകളിൽ നിന്നുള്ള ഈ യുവ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഫോമാ യൂത്ത് ഫോറത്തിന്റെ ശക്തമായ പിന്തുണ ഉറപ്പാക്കുന്നത്.
ഈ പദ്ധതിക്ക് തുടക്കം മുതൽ ശക്തമായ പിന്തുണ നൽകിയ ഫോമാ എക്സിക്യൂട്ടീവിനും, റീജിയണൽ വൈസ് പ്രസിഡന്റുമാർക്കും, നാഷണൽ കമ്മിറ്റി അംഗങ്ങൾക്കും, വനിതാ ഫോറത്തിനും, യൂത്ത് ഫോറത്തിനും, ഫോമായുടെ എല്ലാ അംഗങ്ങൾക്കും പ്രത്യേക നന്ദിയും അഭിനന്ദനവുമാണ് അറിയിക്കുന്നത്.
രജിസ്ട്രേഷൻ ലിങ്കും താഴെ റജിസ്ട്രേഷൻ ലിങ്ക്:
https://form.jotform.com/250516901709052