പ്രണയിച്ചിരുന്നു ഞാനെന്നുമെൻനൂപുര-
ധ്വനിയെ,ഞാനെന്നുടെ പ്രാണനെപോൽ !
മോഹിച്ചിരുന്നു ഞാനെൻ കഴൽ പാടുന്ന
മോഹനതാളം മനോജ്ഞ ഗാനം!
ഞാനറിയാതെയാ,നാദലഹരിയിൽ
ആനന്ദ നർത്തനമെത്രയാടീ!
കണ്ടു വളർന്നു ഞാൻ, കേട്ടു പഠിച്ചു ഞാൻ,
താളം, നടകൾ,ജതികളെല്ലാം!
പാടും ചിലങ്കകൾ, ആടുന്ന പാദങ്ങൾ,
ചിത്തം നിറയും പ്രണയഗാനം!
വാലിട്ടെഴുതിയ കൺകോണിലെത്രയോ,
ഭാവങ്ങളങ്ങിനെ മിന്നിമാഞ്ഞു !
എന്തൊരു മായികാശക്തിയിലിങ്ങനെ,
എന്നിലെ എന്നെ മറക്കുന്നു ഞാൻ
ഭാവമായ്,താളമായ്, ലാസ്യലയങ്ങളായ്
നൃത്തമേ നീയെന്നുടപ്പിറപ്പോ!