ന്യൂയോര്‍ക്ക്: പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി പുതിയ അമേരിക്കന്‍ നയം. യുഎസ് പൗരരല്ലാത്തവര്‍ ഇനി യുഎസിന് പുറത്തേക്ക് പണമയച്ചാല്‍ 5% നികുതി ഈടാക്കാനുള്ള നിര്‍ദേശം യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സ് മുന്നോട്ടുവച്ചു.
തീരുമാനം നടപ്പായാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും. ലോകത്ത് പ്രവാസിപ്പണം ഏറ്റവുമധികം നേടുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നതും ഇപ്പോള്‍ യുഎസില്‍ നിന്നാണ് (27.7%). യുഎഇ (19.2%) ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളെ മറികടന്നാണ് യുഎസ് ഒന്നാമതെത്തിയത്.
ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചനകള്‍.
യുഎസില്‍ തൊഴിലെടുക്കാന്‍ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ തുടങ്ങിയവര്‍ക്കും പുതിയ നികുതി നിര്‍ദേശം ബാധകമായേക്കും. നിലവില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ യുഎസില്‍ തൊഴിലെടുക്കുന്നുണ്ട്. അവര്‍ നിരന്തരം ഇന്ത്യയിലേക്ക് പണം അയക്കുന്നവരുമാണ്. മറ്റൊരു തിരിച്ചടി, നികുതിവിധേയമായ പണമയക്കലിന് കുറഞ്ഞ പരിധിയുമില്ലെന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത്, ചെറിയ തുക അയച്ചാല്‍പ്പോലും 5% നികുതി നല്‍കണം.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഏകദേശം 45 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലുള്ളത്. 2023-24 സാമ്പത്തിക വര്‍ഷം മാത്രം ഇവര്‍ ഇന്ത്യയിലേക്ക് അയച്ചത് ഏകദേശം 3,200 കോടി ഡോളര്‍ (2.7 ലക്ഷം കോടി രൂപയോളം). ലോക ബാങ്കിന്റെ 2024ലെ കണക്കുപ്രകാരം ലോകമെമ്പാടുമുള്ള പ്രവാസികള്‍ ആകെ 12,910 കോടി ഡോളറാണ് (ഏകദേശം 10.84 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക് അയച്ചത്. ഇത് റെക്കോര്‍ഡാണ്. 2023ല്‍ 12,500 കോടി ഡോളറായിരുന്നു (10.41 ലക്ഷം കോടി രൂപ).