Image

കൊങ്ങനെ (കവിത: വേണുനമ്പ്യാർ)

Published on 04 June, 2025
കൊങ്ങനെ (കവിത: വേണുനമ്പ്യാർ)

എങ്ങനെയായാലും കൊങ്ങനെയാകുന്ന
ഈ ജീവിതത്തെ നോക്കി കൊഞ്ഞനം
കുത്താതിരിക്കുവതെങ്ങനെ!

മനസ്സ് മേഘാവൃതമാകുമ്പോൾ
തെളിഞ്ഞ ആകാശത്തെ കാണുവതെങ്ങനെ

നിശ്ശബ്ദത വീശിയ വലയിൽ
സ്വയം അനന്തമായി കുടുങ്ങുമ്പോൾ
നിത്യവിസ്മയങ്ങളെ
കാണാതിരിപ്പതെങ്ങനെ

വചനങ്ങൾ ഔഷധമാകുമ്പോൾ
ദൈവത്തിന്റെ കുറിപ്പടിയെ
നിഷേധിപ്പതെങ്ങനെ

അറിയുന്നതും അറിയാത്തതുമെല്ലാം അറിയാതെ അറിയുമ്പോൾ
അജ്ഞേയത  വേദനിപ്പിക്കുവതെങ്ങനെ

നീന്തലറിയാത്തവന് അരിശം
മൂത്താലും  പുഴയ്ക്കു കുറുകെയുള്ള 
നടപ്പാലത്തിന് തീവെപ്പതെങ്ങനെ

കിണറിലെ ജലം അഗ്നിയെ ഭയക്കുമ്പോൾ വീട്ടുകാരൻ
കത്തുന്ന പുരയിലെ തീയണപ്പതെങ്ങനെ

മുഖത്തോടു മുഖം നോക്കിയിങ്ങനെയിരുന്നാൽ
ജനിമൃതിക്കും മുന്നെയുള്ള
തിരുമുഖം കാണുവതെങ്ങനെ

ആളുന്ന തീപ്പന്തങ്ങൾക്കിടയിലൂടെ
ഓടുമ്പോൾ കടലാസ്സു കുപ്പായമണിഞ്ഞവൻ
കത്തിച്ചാരമാകാതിരിപ്പതെങ്ങനെ

നിശ്ചലതയുടെ ഓജസ്സിലേക്ക്
മന്ദം കടക്കുമ്പോൾ
ആത്മാവിന്റെ പ്രഭാവലയത്തെ
കാണാതിരിപ്പതെങ്ങനെ

കോപം വരുമ്പോൾ കോപത്തെ
ബോധസമുദ്രത്തിലെ ഒരു ചെറുതിരയായി അറിയുന്നവൻ
പൊട്ടിത്തെറിക്കുവതെങ്ങനെ

എങ്ങനെയായാലും കൊങ്ങനെയാകുന്ന
ഈ ജീവിതത്തെ നോക്കി കൊഞ്ഞനം
കുത്താതിരിക്കുവതെങ്ങനെ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക