Image

യിസ്രായേലും ലോക രാഷ്ട്രങ്ങളും , ബ്രദറൺ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശില്പി കെ.ജി. തോമസിന്റെ പുസ്തകം : ആൻസി സാജൻ

Published on 10 June, 2025
യിസ്രായേലും ലോക രാഷ്ട്രങ്ങളും , ബ്രദറൺ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശില്പി കെ.ജി. തോമസിന്റെ പുസ്തകം : ആൻസി സാജൻ

ക്രൈസ്തവ മഹാമണ്ഡലത്തിലെ പ്രേഷിത പ്രതിഭകളിൽ അദ്വിതീയനും അനന്യസാധാരണ സാഹിത്യ ശൈലിക്കുടമയും അകളങ്കിത ജീവിത പിന്തുടർച്ചയാൽ അനുഗ്രഹീതനും പ്രതിഭ നിറഞ്ഞ പ്രഭാഷകനുമായിരുന്നു യശ:ശരീരനായ ശ്രീ.കെ.ജി.തോമസ്. കേരളത്തിലെ ബ്രദറൺ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശില്പികളിൽ അതിപ്രധാനിയായിരുന്നു അദ്ദേഹം.
യിസ്രായേലും ലോക രാഷ്ട്രങ്ങളും എന്ന പ്രവാചക ധ്വനികൾ നിറഞ്ഞ അദ്ദേഹത്തിന്റെ കൃതി അനേകം പതിപ്പുകളായി മലയാളത്തിൽ പ്രസിദ്ധീകരിച്ചു വന്നു. ഇപ്പോൾ ISRAEL AND THE NATIONS OF THE WORLD എന്ന മൊഴിമാറ്റ തലക്കെട്ടോടുകൂടി പരിഷ്കരിച്ച പതിപ്പായി ഇംഗ്ളീഷ് വിവർത്തനഗ്രന്ഥം പുറത്തിറങ്ങിയിരിക്കുന്നു. സത്യം പബ്ളിക്കേഷൻസാണ്  മലയാളം പതിപ്പിന്റെ  പ്രസാധകർ. 

പരിഷ്കരിച്ച ഇംഗ്ലീഷ് പതിപ്പ് പ്രസാധകർ - എസ്റാ പബ്ളിഷിംഗ് ഹൗസ് തിരുവല്ല .
 

ലോകത്തിന്റെ നാഴിക മണിയാണ് യിസ്രായേൽ. ലോകത്തു നടക്കുന്ന സംഭവങ്ങളുടെ വികാസ പരിണാമങ്ങൾ യഹൂദജാതിയോടുള്ള ദൈവിക ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നതെന്നും ലോകത്തിന്റെ ഭാവി സംബന്ധിച്ചുള്ള ദൈവീക പദ്ധതികളിലും യിസ്രായേൽ രാഷ്ട്രം നിർണ്ണായക പങ്കു വഹിക്കുന്നുണ്ടെന്നും ഗ്രന്ഥം പറയുന്നു. വേദപണ്ഡിതരുടെ പരിചിന്തനത്തിന് വിഷയമായ ഈ സത്യം ദൈവ വചനാടിസ്ഥാനത്തിൽ ഈ ലേഖനങ്ങളിലൂടെ വിശകലനം ചെയ്യുകയാണ് വേദപണ്ഡിതനായ കെ.ജി. തോമസ് .
വേദപഠിതാക്കൾ സഭാ വ്യത്യാസമേതുമില്ലാതെ പിന്തുടരുന്ന ഗ്രന്ഥവുമാണിത്.

മനുഷ്യബുദ്ധിക്കു ചെന്നെത്തുവാൻ കഴിയാത്ത ഒരു ഭാവി ലോകത്തിന്റെയും മനുഷ്യ ജാതിയുടെയും ചരിത്രത്തിൽ ഉണ്ടെന്നുള്ളത് അവിതർക്കിതമായ സത്യമാണ് എന്ന് മുഖവുരയിൽ കെ.ജി. തോമസ് പറയുന്നു. ദാർശനികന്മാർക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്തതാണത്. തിരുവെഴുത്തുകളിലൂടെ അവയൊക്കെ ദൈവം മനുഷ്യ വർഗ്ഗത്തിന് വെളിപ്പെടുത്തിയിട്ടുമുണ്ട്. അവധാനതയോടെ അവയെ പിൻ ചെല്ലുന്ന ഏതൊരു വ്യക്തിക്കും ഗ്രഹിക്കത്തക്കവണ്ണം പഴയ നിയമ പ്രവാചകൻമാരിലൂടെയുടെയും പുതിയ നിയമ സത്യങ്ങളിലൂടെയുമാണ് അത് വിശദീകരിച്ചിട്ടുള്ളത്.

ലോകത്തിലെ ഏറ്റം പുരാതന ജാതികളിൽ ഒന്നാണ് യിസ്രായേൽ. വിശുദ്ധ വേദ പ്രവചനങ്ങളിൽ അതിപ്രധാനമത്രെ അത്. യിസ്രായേൽ ചരിത്രം ലോക ചരിത്രത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാം.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അന്തർദ്ദേശീയ ശ്രദ്ധയാകർഷിച്ചു കൊണ്ട് യിസ്രായേൽ ചരിത്രം അനുദിനം മുന്നേറുന്നത് നാം കാണുകയാണ് എന്നും മുഖവുര വ്യക്തമാക്കുന്നു. യിസ്രായേലിനും പലസ്തീൻ നാടിനുമുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ സൂക്ഷ്മനിരീക്ഷണം നടത്തിയാണ് കെ.ജി. തോമസ് ആ ചിന്തകൾ 'കേരള ധ്വനി'യിലൂടെ പ്രസിദ്ധീകരിച്ചത്.
ദാവീദിന്റെ വീണു പോയ കൂടാരത്തിന്റെ മേൽ അഥവാ യിസ്രായേൽ ജാതിയുടെ മേൽ ദൈവീക കാര്യപരിപാടിയുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടേയിരിക്കും എന്ന് താൻ ഗ്രഹിച്ചിട്ടുണ്ടെന്നും 1967 - ലെ അറബി- യിസ്രായേൽ സംഘട്ടനവും തുടർന്നുണ്ടായ പശ്ചിമേഷ്യൻ സംഭവവികാസങ്ങളും അതിന് വേഗതയേറ്റിയതായും തോന്നിത്തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു.
വീണ്ടെടുപ്പിന്റെ സന്ദർഭം സമാഗതമാകുന്നതറിഞ്ഞ് ജനതകൾ ഉണർത്തപ്പെടുകയും ദൈവീക കാര്യങ്ങളിൽ വിവേകപൂർവം പെരുമാറുന്നതിനും തന്റെ എഴുത്തുകൾ കൂടുതൽ പ്രേരകമായിത്തീരേണ്ടതുണ്ടെന്ന് പ്രാർത്ഥിച്ചുമാണ് ലേഖനങ്ങളൊക്കെ പൂർത്തിയാക്കിയത്. ഇവയൊക്കെ ചേർത്ത് പുസ്തകമാക്കേണ്ടതിന്റെ ആവശ്യം പല മേഖലകളിൽ നിന്നും ഉയർന്നുവന്നു.
മനുഷ്യവർഗ്ഗത്തിന്റെ രക്ഷക്കായി സ്വന്തജീവനർപ്പിച്ച് മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ചിരമായി ജീവിക്കുന്ന ദൈവപുത്രനിലുള്ള വിശ്വാസത്താൽ പ്രത്യാശ നിറഞ്ഞ സ്വർഗ്ഗീയാനുഭവങ്ങളിലക്ക് മനുഷ്യൻ വഴി നടത്തപ്പെടുവാനും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് അദ്ദേഹം ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
തന്റെ ഗുരുഭൂതനായ മഹാകവി ഇടയാറന്മുള കെ.വി. സൈമണിനാണ് അദ്ദേഹം  പുസ്തകം സമർപ്പിച്ചിട്ടുള്ളത്.
1973 ഡിസംബർ മാസത്തിലാണ് കോട്ടയത്തു നിന്നും പുസ്തകം പ്രസിദ്ധീകരിച്ചത്.

ISRAEL AND THE NATIONS OF THE WORLD
- UPDATED EDITION
TRANSLATION BY
Dr. JOSHY ABRAHAM

PUBLISHERS
EZRA PUBLISHING HOUSE,TIRUVALLA
Published in Association with 
Philip K Thomas
26433 161 PL SE, COVINGTON, W A 98042, USA
Abraham C Mani  ( Aby)
Chillikatil House CARA 17
CONVENT ROAD 1
ALUVA, ERNAKULAM 683 108

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക