Image

എങ്ങനെ പറയും? (കവിത :രാജന്‍ സി എച്ച്)

Published on 11 June, 2025
എങ്ങനെ പറയും? (കവിത :രാജന്‍  സി എച്ച്)

എനിക്കെന്തോ രഹസ്യം
പറയാനുണ്ടായിരുന്നു,
നിന്നോട് മാത്രം.

അതിനാല്‍ ഞാനെന്‍റെ വായ
നിന്‍റെ വായയോടടുപ്പിക്കുന്നു.
നിന്‍റെ കാതുകളോടടുപ്പിക്കുന്നു.
അപ്പോഴേക്കും ഞാനത് മറന്നുപോകുന്നു.

നിന്നെക്കാണുമ്പോഴൊക്കെ
നിന്നോടെനിക്കത് പറയണമെന്നുണ്ട്.
എന്നാല്‍ എന്‍റെ ചുണ്ടുകള്‍
നിന്നരികിലെത്തുമ്പോഴേക്കും
മറന്നുപോകുന്നു ഞാന്‍.
പറയാനാവാതെ.

ഇങ്ങനെയമര്‍ത്തിച്ചുംബിക്കുന്നതെന്തിന്,
നീയെന്നോട് സങ്കടപ്പെടുന്നു.
മെല്ലെ മെല്ലെയെന്ന്
നീയെപ്പോഴും ധൃതിപ്പെടുന്നു.
എന്തൊരു ചുംബനമാണിതെന്ന്
അതിശയം കൂറുന്നു.

മറന്നുപോയതെന്തോ
രഹസ്യമായി പറയുകയാണെന്ന്
നീയെന്നാണറിയുക?

മരിച്ചു കഴിയുമ്പോഴെങ്കിലും
ഞാനതോര്‍ക്കുമായിരിക്കും.
അപ്പോഴെങ്ങനെ പറയും
നിന്നോട് ഞാനത്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക