Image

ആർമി വാർഷികം വാഷിംഗ്‌ടണിൽ ഉത്സവമായി; സൈന്യത്തെ വാഴ്ത്തി പ്രസിഡന്റ് ട്രംപ് (പിപിഎം)

Published on 15 June, 2025
 ആർമി വാർഷികം വാഷിംഗ്‌ടണിൽ ഉത്സവമായി;  സൈന്യത്തെ വാഴ്ത്തി പ്രസിഡന്റ് ട്രംപ് (പിപിഎം)

യുഎസ് ആർമിയുടെ 250ആം വാർഷികം ശനിയാഴ്ച്ച  വാഷിംഗ്‌ടണിൽ നടന്ന ഗംഭീരമായ സൈനിക പരേഡോടെ ആഘോഷിച്ചു. നാഷനൽ മാളിൽ നടന്ന വെടിക്കെട്ടോടെയാണ് പരിപാടികൾ സമാപിച്ചത്.

79ആം ജന്മദിനം ആഘോഷിച്ച പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും പ്രഥമ വനിത മെലാനിയാ ട്രംപും പരേഡ് കാണാനെത്തി.  

"എല്ലാ രാജ്യങ്ങളും അവരുടെ വിജയങ്ങൾ ആഘോഷിക്കുന്നു. അമേരിക്കയും അതു ചെയ്യേണ്ട സമയമായി."

ടാങ്കുകളും സൈനികരും വിമാനങ്ങളും അണിനിരന്ന പരേഡ് അപൂർവ്വസുന്ദരമായെന്നു അദ്ദേഹം പറഞ്ഞു. മുൻ സൈനികരെയും യുദ്ധത്തിൽ മരിച്ച സൈനികരെയും ട്രംപ് ഓർമിച്ചു: "ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, ആദരിക്കുന്നു, നിങ്ങൾ രാജ്യത്തിനു നൽകിയ മഹത്തായ സേവനത്തെ അഭിവാദ്യം ചെയ്യുന്നു."

കുടിലതയുടെ സാമ്രാജ്യങ്ങളുടെ മാറിൽ യുഎസ് ആർമി ബയണറ്റുകൾ ആഴ്ത്തിയിട്ടുണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "ദുഷ്ടന്മാരായ ഏകാധിപതികളുടെ ലക്ഷ്യങ്ങൾ അമേരിക്കൻ ടാങ്കുകളുടെ കീഴിൽ അരച്ചു  തകർത്തു."

ആയിരങ്ങൾ ആഘോഷത്തിൽ പങ്കു ചേർന്നപ്പോൾ വാഷിംഗ്‌ടൺ അടച്ചു പൂട്ടി. സുരക്ഷയ്ക്കു വേണ്ടി ഉയർത്തിയ വേലിക്കെട്ടുകൾക്കു പിന്നിൽ നിന്നാണ് ജനം പരേഡ് കണ്ടത്.

1991ൽ ഗൾഫ് യുദ്ധ വിജയം ആഘോഷിച്ച പരേഡിനു ശേഷം ആദ്യമായി നടത്തിയ പരേഡ് അമേരിക്കൻ സൈനിക ശക്തിയുടെ ചരിത്രം കാണിക്കുന്ന പ്രകടനമായിരുന്നു.

ഇടിവെട്ടി മഴ പെയ്യും എന്ന പ്രവചനം ഉണ്ടായതിനാൽ പരേഡ് അര മണിക്കൂർ നേരത്തെ ആരംഭിച്ചു. മഴ വന്നാലും വെയിൽ വന്നാലും പരേഡ് നടക്കുമെന്നു ട്രംപ് പറഞ്ഞിരുന്നു.

"ആർമി നമ്മളെ സ്വതന്ത്രരായി കാത്തു സൂക്ഷിക്കുന്നു, ശക്തരാക്കുന്നു, എല്ലാ അമേരിക്കക്കാരെയും അഭിമാനം കൊണ്ടു നിറയ്ക്കുന്നു," ട്രംപ് പറഞ്ഞു.

പ്രകടനങ്ങൾ അരങ്ങേറി

അതേ സമയം, ട്രംപ് ഭരണകൂടം അമിതാധികാരം കൈയ്യാളി എന്നാരോപിച്ചു ന്യൂ യോർക്ക് സിറ്റി ഉൾപ്പെടെ പല ഇടങ്ങളിൽ 'രാജാവ് വേണ്ട' (No King) എന്ന മുദ്രാവാക്യം ഉയർത്തിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ന്യൂ യോർക്കിൽ 50,000 പേർ പ്രകടനത്തിൽ പങ്കെടുത്തു എന്നാണ് കണക്ക്.  ലോവർ മൻഹാട്ടനിൽ എട്ടു പേരെ അറസ്റ്റ് ചെയ്തു.

ലോസ് ഏഞ്ചലസിൽ നടന്ന പ്രകടനത്തിൽ അക്രമം ഉണ്ടായി. പോലീസിനു നേരെ പ്രകടനക്കാർ കല്ലുകളും കോൺക്രീറ്റും വലിച്ചെറിഞ്ഞു.

പോർട്ട്ലാൻഡിൽ ഐ സി ഇ തടവറയ്ക്കു പുറത്തുണ്ടായ പ്രകടനം കലാപമാണെന്നു അധികൃതർ പ്രഖ്യാപിച്ചു. 20,000 പേർ പങ്കെടുത്ത പ്രകടനം സമാധാനപരമായാണ് ആരംഭിച്ചത്. പക്ഷെ പിന്നീട് പ്രകടനക്കാർ പോലീസുമായി ഏറ്റുമുട്ടി.

പ്രകടനം നിയമവിരുദ്ധമാണെന്ന് പോലീസ് അപ്പോൾ പ്രഖ്യാപിച്ചു.

US celebrates Army anniversary



 

 ആർമി വാർഷികം വാഷിംഗ്‌ടണിൽ ഉത്സവമായി;  സൈന്യത്തെ വാഴ്ത്തി പ്രസിഡന്റ് ട്രംപ് (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക