വാഷിംഗ്ടൺ ഡി.സി.: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. സഖ്യരാജ്യങ്ങളായ എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉൾപ്പെടെയുള്ളവാ പുതിയ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കരട് രേഖയിൽ സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പുവച്ചതായാണ് വിവരം. ഈ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് അടിയന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അമേരിക്ക 60 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്.
ഈ രാജ്യങ്ങൾ വിവിധ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും, വിശ്വസനീയമായ തിരിച്ചറിയൽ രേഖകൾ നൽകുന്നതിന് യോഗ്യതയുള്ള ഭരണകൂടം പല രാജ്യങ്ങളിലും ഇല്ലെന്നും അമേരിക്ക ആരോപിക്കുന്നു. അതുപോലെ വിസ നിബന്ധനകൾ ലംഘിച്ച അവരുടെ ധാരാളം പൗരന്മാർ യു.എസിൽ ഉണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോപിച്ചു.
എന്നിരുന്നാലും, അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെടുന്ന മറ്റു രാജ്യ പൗരന്മാരെ സ്വീകരിക്കാൻ ഒരു രാജ്യം തയ്യാറാണെങ്കിൽ, അവർക്കെതിരായ നടപടി ലഘൂകരിക്കും.
യാത്രാവിലക്ക് ഏർപ്പെടുത്താൻ പരിഗണിക്കുന്ന 36 രാജ്യങ്ങളിൽ ഇരുപത്തിയഞ്ചും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളവയാണ്. ഈ പട്ടികയിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യ, ജിബൂട്ടി, ഈജിപ്ത്, ടാൻസാനിയ, ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ ബെനിൻ, ബുർക്കിന ഫാസോ, കാബോ വെർഡെ, കാമറൂൺ, കോട്ട് ഡി ഐവയർ, ഗാബൺ, ഗാംബിയ, ഘാന, ലൈബീരിയ, മൗറിറ്റാനിയ, നൈജർ, നൈജീരിയ, സെനഗൽ എന്നിവയും പട്ടികയിലുണ്ട്.
മധ്യ, തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മലാവി, സാവോ ടോം ആൻഡ് പ്രിൻസിപ്പി, സാംബിയ, സിംബാബ്വെ തുടങ്ങിയവയും യാത്രാ നിയന്ത്രണങ്ങൾ നേരിട്ടേക്കാവുന്ന രാജ്യങ്ങളാണ്.
ആഫ്രിക്കയ്ക്ക് പുറമെ ഏഷ്യൻ രാജ്യങ്ങളായ ഭൂട്ടാൻ, കംബോഡിയ, കിർഗിസ്ഥാൻ, സിറിയ എന്നിവയും പട്ടികയിലുണ്ട്. കരീബിയൻ രാജ്യങ്ങളായ ആന്റിഗ്വ ആൻഡ് ബാർബുഡ, ഡൊമിനിക്ക, സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ്, സെൻ്റ് ലൂസിയ എന്നിവയും ഓഷ്യാനിയയിലെ ടോംഗ, ടുവാലു, വാനുവാട്ടു എന്നിവയും യാത്രാ വിലക്ക് നേരിടാൻ സാധ്യതയുണ്ട്. വിസ ലംഘനങ്ങൾ, സർക്കാർ തലത്തിലെ തട്ടിപ്പുകൾ, മതിയായ യാത്രാ രേഖകളുടെ അഭാവം തുടങ്ങിയ കാരണങ്ങളാണ് ഈ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് മെമ്മോയിൽ ചൂണ്ടിക്കാട്ടുന്നത്.
English summary:
Trump's Travel Ban Expanded: 36 More Countries Added to the List, Including 25 African Nations