Image

ഇംഗ്ലണ്ടിലെ 'നസ്രേത്ത്' മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിങ്ങാം തീർത്ഥാടനം ജൂലൈ 19 ന്; തീർത്ഥാടന സമയക്രമമായി

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 17 June, 2025
ഇംഗ്ലണ്ടിലെ 'നസ്രേത്ത്' മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിങ്ങാം  തീർത്ഥാടനം ജൂലൈ 19 ന്; തീർത്ഥാടന സമയക്രമമായി

കേംബ്രിഡ്ജ്: ആഗോള കത്തോലിക്കാ സഭ ജൂബിലി വർഷമായി  ആചരിക്കുമ്പോൾ, പ്രത്യാശയുടെ തീർത്ഥാടനത്തിൽ മരിയ ഭക്തരായ ആയിരങ്ങളെ വരവേൽക്കുവാൻ വാത്സിങ്ഹാം ഒരുങ്ങി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ  ആഘോഷമായി നടത്തപ്പെടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും തിരുന്നാളും ജൂലൈ 19 ന് ശനിയാഴ്ച്ച ഭക്തിനിർഭരമായി കൊണ്ടാടും. തീർത്ഥാടന ശുശ്രുഷകളുടെയും തിരുക്കർമ്മങ്ങളുടെയും സമയക്രമം പ്രഖ്യാപിച്ചു. ജൂലൈ 19  ന് ശനിയാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് സപ്രാ യാമപ്രാർത്ഥനയോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. വൈകുന്നേരം നാലരയോടെ തീർത്ഥാടന തിരുക്കർമ്മങ്ങൾ സമാപിക്കുന്നതാണ്.

ഗ്രേറ്റ്  ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് ഒമ്പതാം തവണയാണ് തീർത്ഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ സംഗമവേദിയായാണ് വാത്സിങ്ങാം തീർത്ഥാടനം ശ്രദ്ധിക്കപ്പെടുന്നത്.  

വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിക്കുവാൻ കഴിവതും വ്യക്തിഗത യാത്രാ സംവിധാനം ഒഴിവാക്കി, ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു തീർത്ഥാടനത്തിനായി എത്തുവാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.  

ഇംഗ്ലണ്ടിലെ സീറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം  സഭയുടെ പാശ്ചാത്യ നാടുകളിലെ  വളർച്ചയുടെ ചരിത്രവഴിയിലെ വലിയ  നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 AM - സപ്രാ, ആരാധന
10:15 - മരിയൻ പ്രഘോഷണം  
11:00 - കൊടിയേറ്റ്
11:30 - ഉച്ചഭക്ഷണം ,അടിമവക്കൽ .
12:15 - പ്രസുദേന്തി വാഴിയ്ക്കൽ .
12:30 - ആഘോഷമായ പ്രദക്ഷിണം .
13:45 - SMYM മ്യൂസിക് മിനിസ്ട്രി ഒരുക്കുന്ന 'സമയം ബാൻഡ്'  
14:15 - മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി  
16:30 - നന്ദി പ്രകാശനം, തീർത്ഥാടന സമാപനം .

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക