ഫോമായുടെ അഭിമാന പദ്ധതികളിലൊന്നായ ഫോമാ സമ്മർ ടു കേരള ജൂൺ 26 വ്യാഴാഴ്ച്ച ആരംഭിക്കുന്നു. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ മിക്കവാറും എത്തിയതായി പ്രോഗ്രാം ചെയർ അനു സ്കറിയ അറിയിച്ചു. പലരും രക്ഷകർത്താക്കൾക്കൊപ്പമാണ് എത്തിയിരിക്കുന്നത്.
കേരളത്തിന്റെ പൈതൃകം, പാരമ്പര്യം, വാസ്തുവിദ്യ, ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റം, നിലവിലെ ഭരണ സമ്പ്രദായം എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച് അമേരിക്കയിലെ കുട്ടികൾക്ക് അറിവ് ലഭിക്കുന്ന തരത്തിലാണ് പരിപാടികൾ പ്ലാൻ ചെയ്തിരിക്കുന്നത്.
ആദ്യ ദിവസമായ ജൂൺ 26 ന് രാവിലെ 8:30ന് കെറ്റിഡിസി മസ്കറ്റ് ഹോട്ടലിൽ നിന്നാണ് സമ്മർ ടു കേരള ആരംഭിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ച പൈതൃക ശൈലിയിലുള്ള കെറ്റിഡിസി മസ്കോട്ട് ഹോട്ടലിൽ വിശാലമായ മുറികളും നീന്തൽക്കുളവും ആയുർവേദ കേന്ദ്രവും സമൃദ്ധമായ പൈതൃക പശ്ചാത്തലത്തിലുള്ള ഹാളുകളുമുണ്ട്. 8:45ന് രക്തസാക്ഷി മണ്ഡപം സന്ദർശിക്കാൻ പുറപ്പെടും.
9 45 ന് ഐഎസ് ആർ ഒ സന്ദർശനം. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ, ഉപഗ്രഹ വിക്ഷേപണങ്ങൾ, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പ്രചോദനാത്മകമായ ഉൾക്കാഴ്ച ലഭിക്കുന്ന ഒന്നായിരിക്കുമിത്.
ഉച്ച തിരിഞ്ഞ് 3 മണിയോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക യോഗം. ഭരണവും പൗര ഉത്തരവാദിത്തവും മനസ്സിലാക്കാൻ സഹായകമാകുന്ന ചോദ്യോത്തര സെഷനുകളും ഉണ്ടായിരിക്കും.
വൈകുന്നേരം 4 മണിക്ക് കുതിരമാളിക പാലസ് മ്യൂസിയം സന്ദർശനം. 1840 കളിൽ സ്വാതി തിരുനാൾ നിർമ്മിച്ച കൊട്ടാരസമാനമായ മാളിക കുട്ടികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കും. 122 കൊത്തുപണികളുള്ള കുതിര രൂപങ്ങൾ, രാജകീയ സിംഹാസനങ്ങൾ, ആനക്കൊമ്പ്/സ്ഫടിക കലാരൂപങ്ങൾ, ആയുധങ്ങൾ എന്നിവയുള്ള പരമ്പരാഗത കേരള വാസ്തുവിദ്യയിലുള്ള ഒന്നാണ് ഈ മാളിക.
വൈകുന്നേരം 6:30ന് പത്രസമ്മേളനവും അത്താഴവും. വിശിഷ്ട വ്യക്തികളുമായും മാധ്യമങ്ങളുമായും പത്രസമ്മേളനം നടത്തിക്കൊണ്ടാണ് മസ്‌കറ്റ് ഹോട്ടലിലേക്ക് മടങ്ങുക. പ്രസംഗങ്ങൾ, സാംസ്കാരിക ഇടപെടൽ, അത്താഴം എന്നിവയും ഉണ്ടായിരിക്കും.
രണ്ടാം ദിവസമായ ജൂൺ 27 ന്, ഹോട്ടലിലെ റസ്റ്റോറന്റിൽ ഹൃദ്യമായ പ്രഭാതഭക്ഷണത്തോടെ ആരംഭം കുറിക്കും. രാവിലെ 9:30 ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കും. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡീപ്പ്-വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായ ഡീപ്പ്-പോർട്ട് കാണുകയും ഡ്രെഡ്ജിംഗ് ഇല്ലാതെ വലിയ കപ്പലുകൾ കൈകാര്യം ചെയ്യുന്നത് മനസ്സിലാക്കാനും ഈ സന്ദർശനം സഹായിക്കും.
രാവിലെ 10:30ന് വിഴിഞ്ഞം മത്സ്യബന്ധന ഗ്രാമം സന്ദർശിക്കും. പ്രാദേശിക മത്സ്യബന്ധനത്തെക്കുറിച്ചും പരമ്പരാഗത ഉപജീവനമാർഗ്ഗങ്ങളെക്കുറിച്ചും മനസ്സിലാക്കുകയാണ് ഉദ്ദേശം. തുടർന്ന് മറൈൻ അക്വേറിയം കാണാം, തുറമുഖ വികസനങ്ങൾ തീരദേശ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നറിയുകയും ചെയ്യാം.
ഉച്ചയ്ക്ക് 12:30ന് മാന്ത്രികൻ ഗോപിനാഥ് മുതുകാട് സ്ഥാപിച്ച ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികളുമായി സംവദിക്കുകയും ഭക്ഷണം പങ്കിടുകയും, കല/മാജിക് പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്യാൻ അവസരമുണ്ടാകും. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഗ്രൂപ്പ് ഫോട്ടോയും നന്ദിപ്രകടന ചടങ്ങും നടത്തി മസ്കറ്റ് ഹോട്ടലിലേക്ക് മടങ്ങും.