ജൂൺ എനിയ്ക്ക് സങ്കടമാസമാണ്."മഴയിലൂടെയോ ദുർമ്മരണത്തിന്റെ വരവ്"എന്നോർമ്മിപ്പിച്ചു കൊണ്ടേയിരുന്ന അന്തമില്ലാത്ത ഒരു ജൂൺമഴയിൽ അച്ഛൻ പോയതിൽ പിന്നെ പ്രത്യേകിച്ചും. എന്നാൽ ഈ ജൂൺ കടന്ന് പോകുന്നത് അപൂർവമായ ഒരു അച്ഛൻ മകൾ പുന:സമാഗമത്താൽ മനസ് നിറച്ചാണ്.…
സങ്കീർത്തന...നാല് വർഷമായി ഗാന്ധിഭവൻ ചിൽഡ്രൻസ് ഹോമിലെത്തിയിട്ട്. രോഗിയായ അമ്മ വിട്ടുപോയപ്പോൾ സങ്കീർത്തന ഒരു തീരുമാനമെടുത്തു.മാനസിക പ്രശ്നമുള്ള അച്ഛനോ (എവിടെയോ ചികിത്സയിലുള്ള) അർദ്ധപട്ടിണിക്കാരായ ബന്ധുക്കളോ രക്ഷയ്ക്കെത്തില്ല....പക്ഷേ തനിയ്ക്ക് പഠിച്ച് ഒരു നിലയിലെത്തണം.ബാല്യകാലം മുതൽ അമ്മയോടൊപ്പം തുണയ്ക്ക് പോയ ആശുപത്രിവാർഡുകളാണ്കൊച്ചുസങ്കീർത്തനയെ അപൂർവമായ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമുള്ള കുട്ടിയാക്കി മാറ്റിയത്. അവൾ സ്ഥലം മെമ്പറോട് പറഞ്ഞു,'ഞാനാർക്കും ബാദ്ധ്യതയാകാൻ ആഗ്രഹിയ്ക്കുന്നില്ല.എനിയ്ക്ക് പഠിയ്ക്കണം,അതിനുള്ള സൗകര്യം ചെയ്ത് തരണം.
'ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ചില ശിശുമന്ദിരങ്ങളിൽ....ഒടുവിൽ ഗാന്ധിഭവനിൽ.
രണ്ട് വർഷം മുമ്പ് സോമരാജൻ സർ വലിയൊരു ചുമതലയേല്പിച്ചപ്പോൾ മുതൽ ഓരോ കുട്ടിയേയും അറിയാൻ ശ്രമിച്ചു. അവർക്ക് കിട്ടിയ വലിയൊരു അവസരത്തെ പറ്റി ബോദ്ധ്യപ്പെടുത്താൻ ശ്രമിയ്ക്കുന്നു.സങ്കീർത്തനയെ ആദ്യം മുതൽ ശ്രദ്ധിച്ചു...ഗാന്ധിഭവൻ ബാന്റ് ടീമിലെ സജീവാംഗം.ജേർണലിസ്റ്റാകണമാകാനുള്ള താത്പര്യം ഗാന്ധിഭവൻ ചാനലിൽ ഇടയ്ക്ക് ന്യൂസ് വായിയ്ക്കുമ്പോൾ സ്പഷ്ടമായിരുന്നു.പഠനം വിട്ടൊരു ആഘോഷവുമില്ല.പ്ലസ് ടു പരീക്ഷ കഴിഞ്ഞ വേനലവധി. അവധിക്കാലം ഏറ്റവും ആഘോഷമാകുന്നത് ഗാന്ധിഭവനിലാണെന്ന് തോന്നാറുണ്ട്.വര,പാട്ട്,ഡാൻസ്,റീൽസ്,വായന,സിനിമ,റോളർ സ്കേറ്റിംഗ്,ബാസ്കറ്റ്ബോൾ എന്ന് വേണ്ട എല്ലാവരും നല്ല തിരക്കിൽ. സങ്കീർത്തനയുടെ സീനിയർ ടീമിന് പ്രസന്നാമ്മയുടെ മേൽനോട്ടത്തിൽ പാചകപരിചയം...അങ്ങനെയങ്ങനെ...
ഈ വേനലവധിയ്ക്കാണ് തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും രോഗം ഭേദമായ ആരോരുമില്ലാത്ത 21 പേരെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി.ആർ. ബിന്ദു ഇടപെട്ട് ഗാന്ധിഭവനിലെത്തിച്ചത്.പൊതുസമൂഹത്തെ കണ്ട് ആദ്യമൊന്ന് പകച്ച് നിന്നെങ്കിലും പതിയെപ്പതിയെ അവർ ജീവിതത്തിലേക്ക് ഇറങ്ങി വന്നു,
എല്ലാ ദിവസവും ഉച്ചയ്ക്ക് നടത്തുന്ന സമൂഹപ്രാർത്ഥനയിൽ പങ്കെടുക്കാൻ തുടങ്ങി.കൂട്ടത്തിലെ സജീവ് രണ്ട് മൂന്ന് ദിവസമായി ശ്രദ്ധിയ്ക്കുകയാണ്...കാണണമെന്ന് കൊതിച്ചയാൾ തന്നെയാവുമോ,ഇത്ര വലുതായി കാണുമോ,എത്ര വയസായി കാണും? വർഷങ്ങളെത്രയാ പോയതെന്നൊരു തിട്ടവുമില്ല. പ്രയർ ടീമിന്റെ പ്രാർത്ഥനാഗീതങ്ങളും അതിഥികളുടെ സ്നേഹസന്ദേശങ്ങളും ജനഗണമനയും കഴിഞ്ഞു.... എല്ലാവരും എണീറ്റു...മറുഭാഗത്തിരുന്ന കുട്ടികളും പുറത്തിറങ്ങി.സജീവ് സ്വയം മറന്ന് വിളിച്ചു...പാറുമോളേ...
സ്വപ്നമോ,സങ്കീർത്തന തിരിഞ്ഞു നിന്നു...അതേ തന്നെത്തന്നെ...മറ്റാർക്കുമറിയാത്ത തന്റെ ഓമനപ്പേര്...പാറു..മങ്ങിയ ഓർമ്മച്ചിത്രം തെളിഞ്ഞു. അച്ഛൻ...സിനിമാക്കഥയേക്കാൾ അവിശ്വനീയമായ രംഗങ്ങൾക്കാണ് മറ്റുള്ളവർ സാക്ഷ്യം വഹിച്ചത്....
പ്ലസ് ടു പരീക്ഷാഫലം വന്നു. മലയാളത്തിന് 200/200 മാർക്കുൾപ്പെടെ സങ്കീർത്തന ഉന്നതവിജയം നേടി.(എഴുതിയ നാല് കുട്ടികളും ...).ഒരു അഗ്നിസ്ഫുലിംഗത്തെ ദീപശിഖയാക്കുന്ന അച്ചാച്ചൻ (ഗാന്ധിഭവൻ സോമരാജൻ സർ) കുട്ടികളോട് സംസാരിച്ചപ്പോഴാണ് സങ്കീർത്തന,നിയമം പഠിയ്ക്കണമെന്ന ആഗ്രഹം പറഞ്ഞത്.അച്ചാച്ചൻ ആ ആഗ്രഹവും സാധിച്ചു കൊടുത്തു.പത്തനാപുരം ഡിവൈൻ ലോ കോളജുമായി സഹകരിച്ച് പ്രവേശനം ഉറപ്പാക്കി.ഗാന്ധിഭവനിൽ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിലെ സങ്കീർത്തനയുടെ മറുപടിപ്രസംഗം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.അഭിമുഖത്തിന് വന്ന മാദ്ധ്യമങ്ങളിലൂടെ സങ്കീർത്തന,സ്വയം കഥകളെല്ലാം വെളിപ്പെടുത്തുകയായിരുന്നു. സ്വന്തം കടമയെ പറ്റി ലക്ഷ്യങ്ങളെ പറ്റി വേണ്ട കഠിനാദ്ധ്വാനത്തെ പറ്റി നല്ല ബോദ്ധ്യമുള്ള സങ്കീർത്തന ഉയരങ്ങളിലെത്തുമെന്ന് ഉറപ്പാണ്. എല്ലാവരുടേയും അനുഗ്രഹവും പിന്തുണയുമുണ്ടാകണം.