Image

അവാർഡ് തന്നു എന്നെ സുഖിപ്പിക്കല്ലേ മുഖ്യാ (പാര, ഭൂഷണം- സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 02 July, 2025
അവാർഡ് തന്നു എന്നെ സുഖിപ്പിക്കല്ലേ മുഖ്യാ  (പാര, ഭൂഷണം- സുനിൽ വല്ലാത്തറ ഫ്ലോറിഡ)

സി പി എം സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷിനെ മാതൃക ആക്കിയും അനുകരിച്ചും അദ്ദേഹത്തിന്റെ ഭാഷ കടമെടുത്തും കുറെ കാലമായി രാഷ്ട്രീയ പ്രവർത്തനം നടത്തിക്കൊണ്ടിരിയ്ക്കുന്ന സി പി എം സംസ്‌ഥാന സെക്രട്ടേറിയറ്റ് മെമ്പറും ഇക്കഴിഞ്ഞ നിലമ്പുർ ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്‌ഥാനാർഥിയും ആയിരുന്ന എം സ്വരാജിനു തെരഞ്ഞെടുപ്പിന്റെ മൂർച്ചന്യാവസ്‌ഥയിൽ ഗോവിന്ദൻ മാഷിൽ നിന്നും ഉണ്ടായ ആർ എസ് എസ് സി പി എം മുൻ ബാന്ധവത്തെ പറ്റിയുള്ള പരാമർശം ആണ്‌ ഏറ്റവും വിനയായത്

നിലമ്പുർ കാരൻ ആണെങ്കിലും നിലമ്പുരിലേയ്ക്കു തിരിഞ്ഞു നോക്കാത്ത നേതാവ് എന്ന പേരുദോഷം ഉള്ള സ്വരാജ് ചുങ്കത്തറ മാർത്തോമാ കോളേജിലും പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും എസ് എഫ് ഐ യുടെ ലേബലിൽ യൂണിയൻ ചെയർമാൻ ആയത് ത്വാതിക വാചാലതയും അല്പം കടമെടുത്ത സാഹിത്യ വാസനയും ഉള്ളത് കൊണ്ടായിരുന്നു

എസ് എഫ് ഐ യുടെയും പിന്നീട് ഡി വൈ എഫ് ഐ യുടെയും സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോൾ പാർട്ടിക്കാർ മാത്രം അറിഞ്ഞിരുന്ന യുവ കോമളനായ സ്വരാജ് കേരളം മുഴുവൻ അറിയപ്പെടുന്ന രാഷ്ട്രീയക്കാരൻ ആയത് ചാനൽ ചർച്ചകളിലെ വ്യത്യസ്തമായ സംസാര ശൈലി കൊണ്ടായിരുന്നു

ഇരുപത്തിയഞ്ചു വർഷത്തിൽ അധികമായി ഏഷ്യാനെറ്റ്‌ ന്യൂസിലെ ജനകീയ ചർച്ച ന്യൂസ്‌ അവർ അവതരിപ്പിച്ചു കേരള രാഷ്ട്രീയത്തിലെ അന്തി ചർച്ച പുലികൾ ആയിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ, കെ സുരേന്ദ്രൻ, വി എസ് സുനിൽ കുമാർ തുടങ്ങി ഡസൻ കണക്കിന് വാക്പോരാളികളുടെ വാ അടപ്പിച്ച വിനു വി ജോൺ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അതു ത്വാതിക വാചാലതയിൽ പി എച് ഡി എടുത്തിട്ടുള്ള എം സ്വരാജിനോട് മാത്രമാണ്

എസ് എഫ് ഐ ക്കും ഡി വൈ എഫ് ഐ ക്കും കൊടുത്ത സംഭാവനകളെ മാനിച്ചും മുഖ്യമന്ത്രി ആകുവാനുള്ള വ്യഗ്രതയിലും പിണറായി വിജയൻ രണ്ടായിരത്തി പതിനാറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വരാജിനോട് പറഞ്ഞത് തൃപ്പുണിത്തുറയിൽ പോയി കെ ബാബുവിനെ തോൽപിച്ചു വന്നാൽ മാന്യമായി പരിഗണിക്കാമെന്നാണ്

വളരെ ചെറുപ്രായത്തിൽ തന്നെ അങ്കമാലി മുനിസിപ്പൽ ചെയർമാൻ ആയി പേരെടുത്ത കോൺഗ്രസിന്റെ മിന്നൽ പടയാളി കെ ബാബുവിന് കോൺഗ്രസ്‌ നേതൃത്വം തൊണ്ണൂറ്റി ഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുത്ത ധൗത്യം മുൻ മന്ത്രി ടി കെ രാമകൃഷ്ണനേയും എം എം ലോറൻസിനെയും പോലുള്ള ഉന്നത സി പി എം നേതാക്കൾ ജയിച്ചു വരുന്ന കടുത്ത കമ്മ്യുണിസ്റ്റ് കോട്ടയായ തൃപ്പുണിത്തുറ പിടിച്ചെടുക്കുവാൻ ആയിരുന്നു

തൊണ്ണൂറ്റി ഒന്നിൽ നിയമസഭയിലേക്കുള്ള ആദ്യ അങ്കത്തിൽ കരുത്തനായ എം എം ലോറൻസിനെ കടപുഴക്കി എറിഞ്ഞു തൃപ്പുണിത്തുറ പിടിച്ചെടുത്ത ബാബു തുടർന്നുള്ള നാലു തെരഞ്ഞെടുപ്പുകളിൽ വിജയിച്ചത് സി പി എം ന്റെ സംസ്‌ഥാന നേതാക്കളായ കെ ചന്ദ്രൻപിള്ള, ദിനേഷ്മണി, കെ എൻ രവീന്ദ്രനാഥ്‌, ഗോപി കോട്ടമുറിക്കൽ തുടങ്ങിയവരെ വൻ മാർജിനിൽ തോൽപിച്ചു കൊണ്ടായിരുന്നു

തൃപ്പുണിത്തുറയിൽ ബാബുവിനെ ആട്ടിമറിക്കാൻ പിണറായി പറഞ്ഞയച്ച സാഹിത്യകാരൻ സ്വരാജിനു തുണയായത് തൃപ്പുണിത്തുറ മണ്ഡലത്തിലെ എല്ലാ വോട്ടർമാരെയും കണ്ടാൽ പേര് വിളിയ്ക്കുന്ന ബാബു രണ്ടായിരത്തി പതിനൊന്നു മുതൽ പതിനാറുവരെ ഉമ്മൻചാണ്ടി സർക്കാരിൽ എക്സൈസ് മന്ത്രി ആയിരുന്നപ്പോൾ ബാബുവിന് എതിരെ ഉയർന്ന ബാർകോഴ ആരോപണം ആണ്‌

ആ തെരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും കടുത്ത പോരാട്ടത്തിൽ കരുത്തനായ ബാബുവിനെ അറബിക്കടലിലേയ്ക്കു വാരിയെറിഞ്ഞു കേരളത്തിലെ സി പി എം കുടുംബങ്ങളിലെ യുവതി യുവാക്കളുടെ ഹീറോ സ്വരാജ് നിയമസഭയുടെ വാതിൽ തുറന്നു അകത്തു പ്രവേശിച്ചപ്പോൾ ഹർഷാരവത്തോടെയാണ് മറ്റുള്ള എം എൽ എ മാർ സ്വീകരിച്ചത്

കപ്പിനും ചുണ്ടിനും ഇടയിൽ ഒന്നാം പിണറായി സർക്കാരിൽ മന്ത്രി സ്‌ഥാനം നഷ്ടപ്പെട്ട സ്വരാജിനു രണ്ടായിരത്തി ഇരുപത്തി ഒന്നിലെ തെരഞ്ഞെടുപ്പു ജീവൻ മരണ പോരാട്ടം ആയിരുന്നു. രണ്ടാം നിര നേതാക്കളെ തഴഞ്ഞു പുതു തലമുറയ്ക്കു മാത്രം പിണറായി സീറ്റ് കൊടുത്തപ്പോൾ ജയിച്ചു ചെന്നാൽ മന്ത്രി സ്‌ഥാനം ഉറപ്പിച്ചിരുന്ന സ്വരാജ് വീണ്ടും നേരിട്ടത് ബാബുവിനെ തന്നെ

തൃപ്പുണിത്തുറ മണ്ഡലത്തിൽ ആഴ്ചയിൽ അമ്പതിനും എഴുപതിനും ഇടയിൽ കല്യാണങ്ങളിൽ പങ്കെടുക്കുന്ന ബാബു ശക്തമായി തിരിച്ചു വന്നപ്പോൾ ഇപ്പോൾ പിണറായി മന്ത്രിസഭയിൽ കെ എൻ ബാലഗോപാലിനു പകരം ധനകാര്യ മന്ത്രിയാകേണ്ടിയിരുന്ന സ്വരാജിന് കഴിഞ്ഞ നാലു വർഷം വീട്ടിൽ കയറി ഇരുന്നു കവിതയും നോവലും എഴുതേണ്ടി വന്നു

കഴിഞ്ഞ ഏഴെട്ടു മാസമായി സി പി എം ബാന്ധവം ഉപേക്ഷിച്ചു പിണറായി സർക്കാരിനെയും മുഖ്യമന്ത്രിയുടെ കുടുംബത്തെയും സമൂഹത്തിൽ അധിക്ഷേപിയ്ക്കുകയും അപമാനിക്കുകയും ചെയ്തു നിലമ്പുരിൽ തമ്പടിയ്ക്കുന്ന പിണറായിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്ന പി വി അൻവർ എം എൽ എ സ്‌ഥാനം രാജീവച്ചപ്പോൾ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ സി പി എം ലെ ഏതു കൊലകൊമ്പൻ മത്സരിച്ചാലും ജയിക്കില്ലെന്നു ഏറ്റവും കൂടുതൽ അറിയാവുന്നതു സി പി എം നേതൃത്വത്തിനു ആയിരുന്നു

പി ഡബ്ല്യൂ ഡി മിനിസ്റ്റർ മുഹമ്മദ്‌ റിയാസ് മുഖ്യമന്ത്രിയുടെ മരുമകൻ ആയതോടുകൂടി പാർട്ടിയിൽ വെട്ടിനിരത്തപ്പെട്ട തോമസ് ഐസക്കിനെയും ജി സുധാകരനെയും കെ കെ ശൈലജ ടീച്ചറെയും ജയരാജന്മാരെയും പോലുള്ള മുതിർന്ന നേതാക്കളെപ്പോലെ വളർന്നു വരുന്ന യുവ നേതാക്കളിൽ തനിക്കു ബദലായെക്കാവുന്നവരിൽ പ്രമുഖനായ സ്വരാജിന് താത്പര്യം ഇല്ലാഞ്ഞിട്ടും നിലമ്പുരിൽ നിർബന്ധിച്ചു സ്‌ഥാനാർഥിയാക്കി ബലിയാടാക്കിയത് അൻവറിന്റെ ഭാഷയിൽ പറഞ്ഞാൽ മരുമോനിസത്തിന്റെ ഭാഗമാണോയെന്ന് സ്വരാജും ചിന്തിച്ചു തുടങ്ങി കാണും

അതുകൊണ്ട് കൂടിയാകണം നിലമ്പുർ ഫലം വന്നയുടൻ തന്നെ അശ്വസിപ്പിക്കുവാൻ തന്ന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സാഹിത്യ അക്കാദമിയുടെ അവാർഡ് സ്വരാജ് സ്നേഹപൂർവ്വം നിരസിച്ചത് 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക