വൈദേഹിയും യൂസുഫ് ഇബ്രാഹിമും ഒരുമിച്ചിരുന്നു പിറന്നാൾ സദ്യയുണ്ടു .അന്നുവരെ യാതൊരു പരിചയവുമില്ലാത്ത അവർ ആ ഒരു ദിവസം കൊണ്ട് മുജ്ജന്മബന്ധുക്കളായി. വൈദിയുടെ മനവും വയറും നിറഞ്ഞ സന്തോഷത്തിൽ യൂസുഫിനോട് യാത്ര പറഞ്ഞ് നാളത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പിനായി ഹോട്ടലിൽ നിന്നിറങ്ങി.
വൈദി പോയതും യൂസുഫ് ഇബ്രാഹിം ഭാര്യയുടെ ഫോണിലേക്കു വിളിച്ചു. ബെല്ലടിച്ചു തീരാറായപ്പോഴേക്കും അങ്ങേത്തലയ്ക്കൽ ഫോണെടുത്തു.
"ഹലോ.... ഇക്കാ"
"മർവാ,........നീയുറങ്ങുകയായിരുന്നോ?
രാത്രിയാവുമ്പോഴേയ്ക്കും ഒരാഴ്ച യാത്രയ്ക്ക് കണക്കാക്കി എൻ്റെയൊരു പെട്ടി തയ്യാറാക്കി രാജീവൻ്റെ കൈയിൽ കൊടുത്തു വിട്. പുതുതായി കൊറിയർ വന്ന രണ്ടു പുസ്തകം കൂടി എടുത്തു വയ്ക്കണേ? നമ്മുടെ മധുരയിലെ ശെൽവത്തിൻ്റെ മോളുടെ മരണത്തിന് അന്നു പോയില്ലല്ലോ. അവിടെയും പോയി ധനുഷ്കോടിയിലും കൂടി പോയിട്ടു വരാം.''
''ശരി ഇക്കാ....... ഞാനെടുത്തു കൊടുത്തു വിടാം"
'പിന്നെ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ മാത്രം വിളിക്കു. എഴുത്തുമായി ബന്ധപ്പെട്ട കാര്യത്തിനുള്ള യാത്രയും കൂടിയാണ്. നീയുറങ്ങി എണീറ്റിട്ട് പായ്ക്ക് ചെയ്തു കൊടുത്തു വിട്ടാൽ മതി. എങ്കിൽ ശരി നീ ഫോൺ വെച്ചോ " എന്നു പറഞ്ഞ് യൂസുഫ് ഇബ്രാഹിം ഫോൺ കട്ടു ചെയ്തു.
ഹോട്ടലിൽ നിന്നിറങ്ങിയ വൈദേഹി കൊല്ലം ടൗണിലെത്തി ടെക്സ്റൈൽസിൽകയറി യാത്രക്കാവശ്യമായ മൂന്നു നാലു ഡ്രസും മറ്റത്യാവശ്യ സാധനങ്ങളും വാങ്ങി അവിടെ നിന്ന് നേരെ ആശ്രാമം മൈതാനത്തിനടുത്തുള്ള എയിറ്റ് പോയൻറ് ആർട്ട് കഫേയിൽ കയറി ചുമ്മാതവിടിരുന്നൊരു പുസ്തകവും വായിച്ചു. എങ്ങനെയും സമയം തള്ളി നീക്കണം. അച്ഛനും അമ്മയും വൈഗയും വിഷ്ണുവുമൊക്കെ എന്തായാലും രാത്രി വണ്ടിക്കേ തിരിച്ചു പോകുള്ളൂ. അവർ പോയിക്കഴിഞ്ഞേ എന്തായാലും ഇന്നിനി വീട്ടിലേക്കുള്ളൂ. വൈകുന്നേരമായാൽ എന്നും താനൊറ്റയ്ക്കിരിക്കുന്ന കടൽത്തീരത്തെ ആ സ്ഥലത്തു ചെന്നിരിക്കാം. തിരകളോടും മണൽത്തരികളോടും സംസാരിച്ച് കപ്പലണ്ടിക്കച്ചവടക്കാരൻ്റെ കപ്പലണ്ടിയും കൊറിച്ച് എത്ര നേരം വേണമെങ്കിലും അവിടിരിക്കാം. സത്യം പറഞ്ഞാൽ ബന്ധങ്ങളെന്നും ഓരോ ബന്ധനങ്ങളു തന്നെയാ.നമ്മെ കയറിട്ടു വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുന്ന ബന്ധുക്കൾ .അനാഥയാണെങ്കിൽ ആ ഒരു സങ്കടമേയുള്ളൂ.. ഇതിപ്പോ സനാഥ ആയിട്ടും അനാഥയായി ജീവിക്കുന്നവളല്ലേ ഞാൻ. നിറത്തിൻ്റെ പേരിൽ അടിച്ചമർത്തപ്പെട്ട ബാല്യം. അതിനോടുള്ള വാശിയിൽ എല്ലാവരേയുമുപേക്ഷിക്കുകയായിരുന്നു. അച്ഛനും അച്ഛമ്മയും എന്നെ സ്നേഹിച്ചിരുന്നു. എനിക്കു വേണ്ടി അമ്മയോട് അവരൊക്കെ വഴക്കടിക്കുകയും ചെയ്തിട്ടുണ്ട്. അമ്മായി എൻ്റെ ജീവിതത്തിലോട്ടു വന്നില്ലായിരുന്നെങ്കിൽ ചിലപ്പോ ഞാനാത്മഹത്യ ചെയ്തേനേ. നമ്മിലെ കുറവുകളെ കാണാതെ നമ്മളിലെന്താണോ ഉള്ളത് അതിനെയാണ് നാം കാണണ്ടത് എന്ന് അമ്മായി ആണ് ആദ്യമെന്നെ പഠിപ്പിച്ചത്. അതിനാൽ ജീവിക്കും എന്നൊരു വാശി എന്നിൽ എനിക്കു തന്നെ ഉണ്ടാക്കിയെടുക്കാനായി. പക്ഷേ ഒരിക്കൽപ്പോലും അമ്മയെ എനിക്കോ അമ്മയ്ക്ക് എന്നെയോ ഇഷ്ടപ്പെടാനായില്ല.സത്യം പറഞ്ഞാൽ കുട്ടിക്കാലത്ത് അച്ഛമ്മ ചെയ്യുന്ന ഒരു പ്രവൃത്തി എനിക്കു വളരെയിഷ്ടമായിരുന്നു. ഏതു വിശേഷ ദിവസങ്ങളിലും അടുക്കളയിൽ തയ്യാറാവുന്ന വിഭവങ്ങളെല്ലാം എനിക്കു മാത്രമേ അച്ഛമ്മ ആദ്യം തരുമായിരുന്നുള്ളൂ. എന്നിട്ട് അച്ഛമ്മ പറയും
."വൈദിമോൾ ആദ്യം കഴിച്ചാൽ ആഹാരങ്ങളൊക്കെ പൊലിച്ചു വരും "
ഇതു കേൾക്കുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ അല്പം ഗമയൊക്കെ കാട്ടി നില്ക്കും ഞാൻ .ഇന്നതൊക്കെ ഓർക്കുമ്പോഴൊരു തമാശ. എന്നെ പ്രസവിക്കാനായി അമ്മയെ ലേബർ റൂമിൽ കയറ്റിയപ്പോൾ മുതൽ അമ്മയ്ക്ക് പ്രഷറിൻ്റെ വേരിയേഷൻ ഉണ്ടായിരുന്നു .ഒരാളെ മാത്രമേ കിട്ടൂ എന്ന് ഡോക്ടർ വിധിയെഴുതി എങ്കിലും കരിക്കട്ട പോലെ ഞാനും അമ്മയും അതി ഭയങ്കരമായി രക്ഷപെട്ടു.നല്ല വെളുത്തു തുടുത്തിരിക്കുന്ന അമ്മയുടെ സൗന്ദര്യത്തിനു മുന്നിൽ ഈ കറുത്തമുത്ത് അമ്മയുടെ ആഢ്യത്ത്വത്തിൻ്റെ അപമാനമായിട്ടു മാത്രമേ അമ്മയ്ക്കെന്നും തോന്നിയിട്ടുള്ളൂ.വൈഗയെയും വിഷ്ണുവിനേയും അമ്മ സ്നേഹിക്കുന്നതു കണ്ട് നൊമ്പരപ്പെട്ട ഒരു കുഞ്ഞു മനസ്സായിരുന്നു എൻ്റേത്. ഓർമ്മകൾ ആരെയോ നോവിക്കാനെന്ന മട്ടിൽ എന്നും എൻ്റെയൊപ്പം ഉണ്ടായിരുന്നു. അമ്പാലത്തറവാടിൻ്റെ പിന്നാമ്പുറങ്ങളിലെ ജോലിക്കാരുടെ മക്കളിൽ എന്നെപ്പോലുള്ളവരെ ഞാൻ കണ്ടു. പിന്നീട് അവരിൽ ചിലരായി എൻ്റെ കളിക്കൂട്ടുകാർ. അവരുടെയൊപ്പം കളിച്ചും ചിരിച്ചും എൻ്റെ ബാല്യം ഞാനറിയാതെ കൗമാരത്തിലെത്തി. മാനസികവും ശാരീരികവുമായ വളർച്ച എന്നിലും പ്രകടമായി. പക്ഷേ എപ്പോഴൊക്കെയോ ഞാനറിഞ്ഞു കൺമഷിയും ചാന്തും കുപ്പിവളയുമിഷ്ടപ്പെടുന്ന പെണ്ണിൻ്റെ ശരീരത്തിൽ എവിടെയൊക്കെയോ ഒരു ചെക്കനും കുടിയേറിയിട്ടുണ്ടെന്ന്
. പക്ഷേ ആണാണോ ഞാനെന്നു ചോദിച്ചാൽ ഞാനെന്നെ നോക്കുന്ന നിലകണ്ണാടി പറയും അല്ലെന്ന് .ജീൻസും ടോപ്പുമിട്ട് മുടി വെട്ടി ആകപ്പാടെ ഒരു ബോയിഷ് ലുക്കിലേക്കു മാറാൻ അധികകാലം വേണ്ടി വന്നില്ല. അച്ഛനിഷ്ടമായിരുന്നു എൻ്റെ വേഷം. പക്ഷേ അമ്മമ്മ നിർബന്ധിച്ചു പിടിച്ചിരുത്തി തലമുടിയിൽ എണ്ണതേയ്ക്കുമായിരുന്നു. കുളിമുറിയിൽ കയറി ആദ്യം തന്നെ ആ എണ്ണ മുഴുവൻ സോപ്പു തേച്ച് പതപ്പിച്ച് കളയുമ്പോ കിട്ടുന്ന മനസമാധാനം ജീവിതത്തിൽ മറ്റൊന്നിനും കിട്ടില്ല എന്നു തോന്നും. അമ്മമ്മ കാണാതെ ഒരു രാത്രിയിൽ ഒറ്റയ്ക്കിരുന്നാണ് മുടി മുഴുവൻ മുറിച്ചു കളഞ്ഞത്. അന്നമ്മമ്മ എന്നെ കുറേ അടിച്ചു പറങ്കിമാവിൻ്റെ പച്ച ചുള്ളിക്കമ്പെടുത്ത് അത് ഒടിയും വരെ അടിച്ചു.
"വൈദി നീയിതെന്തു ഭാവിച്ചാ നിൻ്റെ മുടി മുഴുവൻ മുറിച്ചത്? എത്ര ഭംഗിയുള്ള ഈ മുടി മുഴുവൻ ഇല്ലായ്മ ചെയ്യാൻ നിനക്കെങ്ങനെ തോന്നി പെണ്ണേ.പെണ്ണിന് അഹങ്കാരം വല്ലാതെ കൂടിയിട്ടുണ്ട്. ഇനി ആൾക്കാരുടെ മുഖത്ത് നീയെങ്ങനെ നോക്കുമെടീ "
എന്നു പറഞ്ഞ് പതം പറച്ചിലും കരച്ചിലും കണ്ടപ്പോൾ അടി കൊണ്ടവേദനയ്ക്കിടയിലും ചിരിക്കാനാ തോന്നിയത്.അന്നുതന്നെ ബാർബർ രാഘവനെ വിളിച്ചു നല്ലൊരാൺകുട്ടിയുടെ മാതിരി അമ്മമ്മ തന്നെ മുടി വെട്ടിച്ചു തന്നു. കഴുത്തിൽ കിടന്ന മുത്തുമാലയും കൈയിലെ പ്ലാസ്റ്റിക്ക് വളകളും കമ്മലും പൊട്ടും പാദസരവുമൊക്കെ അന്നു ഞാനുപേക്ഷിച്ചു.വൈദേഹി അന്നു മുതൽ മനസാക്ഷിയെ ബോധിപ്പിക്കാൻ വേണ്ടി ആൺവേഷം കെട്ടി. പക്ഷേ എനിക്കെന്താണ് ഇങ്ങനെയൊക്കെ തോന്നിയതെന്ന് ആരും തിരക്കിയില്ല. പ്രണയം എനിക്കൊരാണിനോട് തോന്നിയിട്ടില്ല. വിശാൽ എന്നെ പ്രണയിച്ചപ്പോൾ പ്രണയമെന്തെന്നറിയാൻ വേണ്ടി അവന് മനസ്സിലാവാത്ത തരത്തിൽ അഭിനയിക്കുമായിരുന്നു. അവന് സത്യത്തിൽ എന്നോടു പ്രണയമുണ്ടോ എന്നു പോലും എനിക്കറിഞ്ഞുകൂടാ. പക്ഷേ അവന് വാശിയായിരുന്നു. എന്നെ പ്രണയിക്കണമെന്ന് .അവനെപ്പോലൊരു ചെറുപ്പക്കാരന് എന്നെ ഇഷ്ടപ്പെടാനൊരു ചാൻസുമില്ല. എന്നിട്ടും അവനെന്തിനാണെെന്ന ശല്യം ചെയ്യുന്നത്?
അമ്മയെ അവനെങ്ങനെ അറിയാം എന്ന ചോദ്യം പലവട്ടം ചോദിച്ചിട്ടും അവൻ ഉത്തരം തന്നിട്ടില്ല.. എന്തോ ഒരു കള്ളക്കളി എവിടെയോ നടക്കുന്നില്ലേ? ഇന്നും അവരോടൊപ്പം അവനുമുണ്ടായിരുന്നു. എൻ്റെ സ്വത്തുക്കളോടാണോ അവനിഷ്ടം കൂടിയത്? എന്തായാലും ആ ചാപ്റ്റർ അടയ്ക്കാൻ തോന്നിയത് കാര്യമായി .വെറുതേ വാച്ചിലേക്കു നോക്കിയപ്പോൾ സമയം 5.30 ആയിരിക്കുന്നു. അസ്തമയ സൂര്യൻ്റെ വിഷാദമുഖം കാണാൻ സമയമായി. കുറച്ചു ദിവസത്തേക്ക് ഇനി കാണാൻ പറ്റില്ല. പലപ്പോഴും അസ്തമയ സൂര്യൻ്റെയും എൻ്റെയും മുഖം ഒരു പോലിരിക്കുന്നുവെന്ന തോന്നൽ മനസ്സിനൊരു കുളിരാണ്. എയിറ്റ് പോയൻ്റ് ആർട്ട് കഫേയിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഏതൊക്കെയോ പരിചിത മുഖങ്ങൾ പുഞ്ചിരിച്ച മുഖവുമായി എതിരേ വരുന്നുണ്ടായിരുന്നു.അവർക്കൊക്കെയും ഓരോ ചിരി സമ്മാനിച്ച് സ്കൂട്ടറിനടുത്തെത്തി ഹെൽമറ്റ് തലയിൽ വച്ച് വണ്ടി സ്റ്റാർട്ടാക്കി.ഇനി നഗരഹൃദയത്തിലൂടെ കടൽത്തീരത്തേയ്ക്ക്.
ബീച്ചിലെത്തി വണ്ടി ഒതുക്കി വച്ച് പതിവു കപ്പലണ്ടി ക്കച്ചവടക്കാരൻ്റെ മുന്നിലെത്തിയതും ഒരു ഇരുപതു രൂപാ പൊതി വൈദേഹിയുടെ മുന്നിലേക്കു നീണ്ടു. ക്യാഷ് കൊടുക്കാനായി ബാഗ് നോക്കിയപ്പോ തോളിൽ ബാഗില്ല. ഇതെവിടെപ്പോയി എന്നു മനസ്സിൽ ചിന്തിച്ചപ്പോഴേയ്ക്കും ഉത്തരം ഓർമ്മയിലേക്കോടിയെത്തി. പിറന്നാൾ സദ്യയുണ്ണാൻ കൈ കഴുകിയപ്പോ ബാഗെടുത്ത് ബെഡിലിട്ടിരുന്നു.ഇക്കായോട് യാത്ര പറഞ്ഞ് തിരികെ ഇറങ്ങിയപ്പോ അതെടുക്കാൻ മറന്നു. കപ്പലണ്ടി പൊതി തിരികെ തമിഴൻ്റെ കൈയിലേക്ക് കൊടുത്തിട്ടു പറഞ്ഞു.
"ഇന്നിനിയിപ്പോ ഇതു വേണ്ടാ .കാശെടുക്കാൻ മറന്നു."
"അതു പ്രച്ചനമില്ല അക്കാ. നാളെ വരുമ്പോ തന്നാ പോതും "
അവൻ തമിഴും മലയാളവും കൂടി കലർത്തി തമിഴാളം ഭാഷയിൽ പറഞ്ഞപ്പോ ചിരി വന്നെങ്കിലും ഞാൻ പറഞ്ഞു
" വേണ്ടാ, കുറച്ചു ദിവസത്തേക്കൊരു യാത്ര പോവുകയാ. നാളെ ഞാനില്ല ഇതു വെച്ചോ "
എന്നു പറഞ്ഞ് കപ്പലണ്ടി പൊതി തിരികെ കൊടുത്തിട്ട് എന്നും താനിരിക്കുന്ന സ്ഥലം നോക്കി വൈദേഹി സാവധാനത്തിൽ നടന്നു. അപ്പോഴാണ് പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ബെല്ലടിച്ചത്. നോക്കിയപ്പോ അച്ഛൻ്റെ നമ്പറിൽ നിന്നുള്ള വിളി ആയിരുന്നു. എടുക്കണോ വേണ്ടയോ എന്നാലോചിച്ച് ഒരു നിമിഷം നിന്നെങ്കിലും ഫോണെടുത്ത് ചെവിയോടു ചേർത്ത് "ഹലോ അച്ഛാ "
എന്നു പറഞ്ഞു.
"വൈദിമോളേ.... ഞങ്ങളിറങ്ങുന്നു. ഇവർക്കെന്തൊക്കെയോ ഷോപ്പിംഗുണ്ട്. അതു കഴിഞ്ഞ് ഇന്ന് രാത്രിയിലെ ട്രെയിനിനു തന്നെ മടങ്ങി പോവാ. എന്തെങ്കിലുമുണ്ടെങ്കിൽ അച്ഛനെ വിളിക്കണേ മോളേ. എന്തായാലും നീ നിന്നെക്കുറിച്ചൊന്നു ചിന്തിക്കണേ?"
"ശരി അച്ഛാ... ഹാപ്പി ജേർണി "
എന്നു പറഞ്ഞ് ഫോൺ കട്ടു ചെയ്തു പോക്കറ്റിലിട്ടു. എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ എന്നും ഇരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി വൈദേഹി നടന്നു. കടലിനെ നോക്കി നടക്കുമ്പോൾ ഓരോ തിരയും തന്നോടെന്തോ പറയുവാൻ വന്ന് തീരത്തടുക്കുമ്പോഴേക്കും മടങ്ങിപ്പോവുന്ന കാഴ്ചയാണ് കണ്ടത്. മണലിൽ എനിക്കായി ഞാൻ കണ്ടെത്തിയ സ്ഥലത്തെത്തി അവിടിരുന്നു. പോക്കറ്റിൽ കിടന്ന മൊബൈലെടുത്ത് യൂസുഫ് ഇബ്രാഹിമിൻ്റെ നമ്പരിൽ വിളിച്ചു. ബെല്ലടിച്ചു തീരാറായപ്പോൾ യൂസുഫ് ഇബ്രാഹിമിൻ്റെ ഹലോ ശബ്ദം വൈദേഹിയുടെ ചെവിയിലെത്തി
" ആ ഇക്കാ ഉറക്കമായിരുന്നോ? ഞാൻ ഉറക്കത്തെ ശല്യപ്പെടുത്തിയോ?"
"ഉറക്കമായിരുന്നു കൊച്ചേ. എന്നും ഈ സമയത്താ ഉണരാറുള്ളത്. ഇസ്ലാമാണെങ്കിലും മതപരമായ യാതൊന്നും ഞാൻ ചെയ്യാത്തതു കൊണ്ട് നിസ്ക്കരിക്കാറുമില്ല. മതമൊക്കെ ഓരോ മനുഷ്യൻ്റെ കാഴ്ചപ്പാടുകളല്ലേ. ഞാനൊന്നിനേയും സ്വീകരിക്കാറുമില്ല നിരസിക്കാറുമില്ല. എൻ്റെ ഭാര്യയും മക്കളും മതത്തിൽ വിശ്വസിക്കുന്നവരാണ്. അതവരുടെ സ്വാതന്ത്ര്യമായതുകൊണ്ട് ഞാനതിൽ കൈകടത്താറുമില്ല. അതെല്ലാം പോട്ടെ നീയിപ്പമെന്തിനാ കുട്ടീ വിളിച്ചത്?"
"ഇക്കാ ഞാനെൻ്റെ ബാഗ് അവിടെ വച്ചു മറന്നു. രാവിലെ വരുമ്പോ അതെടുക്കാൻ മറക്കല്ലേ? കാർഡ് പോക്കറ്റിലുണ്ടായിരുന്നതുകൊണ്ട് ഷോപ്പിംഗിന് ബുദ്ധിമുട്ടായില്ല. എങ്കിലും കുറച്ചു ക്യാഷും ആധാർ കാർഡും ഐ ഡീ കാർഡുമൊക്കെ അതിലാ. ഇക്കായുടെ പെട്ടിയിലോട്ട് ഇപ്പം തന്നെ അതെടുത്തു വച്ചോളൂ. അപ്പോൾ ശരി മൂന്നു മണിയാവുമ്പോഴേയ്ക്കും ഞാൻ റെഡിയായി നിൽക്കാം. ഇക്കാ റെസ്റ്റടുത്തോ."
എന്നു പറഞ്ഞിട്ട് അസ്തമിക്കാനൊരുങ്ങുന്ന സൂര്യനെ നോക്കി വൈദേഹി കൈവീശി.
"ബൈ സൂര്യദേവാ മറക്കാതെ രാവിലെ ഇങ്ങെത്തണേ. ഒരു ദിവസമെങ്കിലും നിങ്ങളൊന്ന് നേരം തെറ്റിയാൽ എന്താ സംഭവിക്കുകയെന്ന് ആലോചിച്ചിട്ടുണ്ടോ? വേണ്ട ആലോചിച്ച് വെറുതേ ടെൻഷനടിക്കണ്ട. പതിവു തെറ്റിക്കാണ്ടിങ്ങ് വന്നാ മതി"
എന്നു പറഞ്ഞ് വൈദേഹി തീരത്തോടും സൂര്യനോടും തിരകളോടും ടാറ്റ പറഞ്ഞ് വണ്ടിയുടെ അടുത്തെത്തി. ദൂരെക്കാണുന്ന മൂന്ന് ചുവന്ന അക്ഷരങ്ങൾ അങ്ങോട്ടു വിളിച്ചെങ്കിലും ഇന്നിനി അതു വേണ്ടായെന്ന് സ്വയം തീരുമാനിച്ച് വണ്ടി വീട്ടിലേക്കു വിട്ടു. പോകും വഴിക്ക് ഒരു തട്ടുകടയിൽ കയറി രാത്രിയിലേക്കുള്ള ഫുഡ് പാർസൽ വാങ്ങി അവിടെ നിന്നും ഉടൻ തന്നെ വീട്ടിലെത്തി. എന്തായാലും പനിനീർ റോസച്ചെടിയുടെ ചട്ടിയിൽ തന്നെ താക്കോലിരിപ്പുണ്ടായിരുന്നു. താക്കോലെടുത്ത് വീട് തുറന്നകത്തു കയറിയപ്പോൾ തന്നെ അകമെല്ലാം നന്നായി തൂത്തു തുടച്ച് വൃത്തിയാക്കിയിട്ടിരിക്കുന്നു. എല്ലാം അടുക്കി പറക്കി ആകെ മൊത്തത്തിലൊരു അടുക്കും ചിട്ടയുമായി. കിച്ചണിലേക്ക് കയറിയപ്പോൾ അവിടെയും വൃത്തിയുടെ വെള്ളിവെളിച്ചം വിതാനിച്ചിരിക്കുന്നു. മനസ്സിൽ വൈഗയ്‌ക്കൊരു നന്ദി പറഞ്ഞു. അവളും വിഷ്ണുവും കൂടി ആയിരിക്കണം ഇതെല്ലാം ചെയ്തത്.അമ്മ ഒന്നു സഹായിച്ചിട്ടു പോലുമുണ്ടാകില്ല.അവർ ഓരോന്നു ചെയ്യുന്നതിനൊപ്പം എന്നെ വഴക്കു പറഞ്ഞിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
എന്തായാലും യാത്രയ്ക്കു മുമ്പ് ഇതെല്ലാം ഇങ്ങനെ ആയത് നന്നായി. ഇല്ലേൽ ഞാൻ പാടുപെട്ടേനേ. ഇനിയിപ്പം ലഗേജൊക്കെ പായ്ക്കു ചെയ്യാം. ആദ്യം വാങ്ങിയതൊക്കെയൊന്ന് ഇട്ടു നോക്കണം. എന്തായാലും നാലു ജീൻസു വാങ്ങിയതു നന്നായി.രണ്ടു ദിവസം വച്ച് ഒരെണ്ണം ഇട്ടാലും എട്ടു ദിവസത്തെ കാര്യം ഓക്കെയാവും.ഒരാഴ്ചത്തെ യാത്ര മതി. ഇക്കായ്ക്കും തിരക്കുള്ളതല്ലേ. ട്രോളിബാഗെടുത്ത് അതിലേക്ക് അവശ്യം വേണ്ട സാധനങ്ങൾ എടുത്തുവയ്ക്കുംപോഴാണ് പുറത്ത് ആരോ മൊബൈലിൽ സംസാരിക്കുന്നതു കേട്ടത്.ആരെന്നു നോക്കാമെന്നു കരുതി പുറത്തോട്ട് ചെന്നപ്പോൾ വിശാലാണ്. കണ്ടില്ല എന്നു വിചാരിച്ച് തിരിച്ചു നടക്കാനൊരുങ്ങിയപ്പോൾ വിശാലിൻ്റ ശബ്ദം ചെവിയിലെത്തി.
"നിൽക്കണം മാഡം. എവിടെപ്പോവുന്നു. ഇന്നത്തെ ഊരുതെണ്ടൽ കഴിഞ്ഞില്ലേ? എനിക്കൽപ്പം സംസാരിക്കാനുണ്ട്. മാഡത്തിനത് ബുദ്ധിമുട്ടാവില്ലല്ലോ?"
" ബുദ്ധിമുട്ടാണ്. തൽക്കാലം എനിക്കകത്തു കുറച്ചു പണിയുണ്ട്. എന്തായാലും ഇന്നിനി സംസാരിക്കാൻ നേരമില്ല. മാത്രമല്ല കേൾക്കുവാനെനിക്കു താൽപ്പര്യവുമില്ല. എന്താ പറയാൻ പോണതെന്ന് എനിക്കറിയാം. ഇനി നമ്മൾ തമ്മിൽ സംസാരിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. നിനക്കു പോകാം" എന്നു പറഞ്ഞ് വൈദേഹി വാതിൽ വലിച്ചടച്ച് അകത്തേക്കു നടന്നു.ഒപ്പം വീടിനു പുറത്തെ വെട്ടവും അണഞ്ഞു.
എന്തിനാണ് താനിനി ഇവിടെ നിൽക്കേണ്ടത് എന്നറിയാതെ ഇരുട്ടിൽ
ഇനിയെന്തു വേണമെന്ന് ചിന്തിച്ച് വിശാൽ തൻ്റെ ആ നിൽപ്പ് അവിടെ തുടർന്നു..
(തുടരും)