ഇന്നെന്റെ മുഴുവൻ കാമനയും
തിരികെക്കിട്ടിയിരിക്കുന്നു..
നീ തന്ന മരുഭൂമിയുടെ കണ്ണാടി ഞാൻ തകർത്തിരിക്കുന്നു...!
ഇനിയിവിടെ മരീചികയില്ല,
മൗനം പൊതിഞ്ഞ കാഴ്ചയും
കനൽരേഖകളില്ലാ വെളിച്ചവുമാണ്...!
മരുഭൂമിയെ ഭ്രമിപ്പിക്കാനിന്നീ
ആകാശം നീങ്ങുന്നില്ല.
കാലം പോലും കൈകെട്ടിയ
നിശ്ചലതയുടെ
നടുവിലാണിന്നു ഞാൻ.
വായുവിന്റെ വിരലാൽ എഴുതപ്പെടുന്ന
വാക്കുകളെപ്പോലെ
സത്യം, എന്നെ വിറപ്പിക്കുന്നു.
വായനയ്ക്കുതകുന്ന
കാഴ്ചകളില്ലായെന്ന
സത്യം,
ഇപ്പോൾ മാത്രമാണെന്റെ
ആത്മാവിൽ തെളിയുന്നത്.
മനസ്സിന്റെ പുറമ്പോക്കിൽ
കയറി വരുന്ന
ഓർമ്മയുടെ സന്ധ്യകളിൽ നിന്നാണീ
ദു:ഖത്തിന്റെ നിലാവുകാലം.!
ഒടുവിൽ, ഞാൻ
ദീപമായ് നില്ക്കുന്നു ..
ചുറ്റും ഓളങ്ങളില്ല, കാറ്റില്ല,
വൃത്തങ്ങളില്ലാത്ത
തനിമയുടെ നിശ്ശബ്ദത മാത്രം..
മണൽക്കാടുകളിൽ കറങ്ങിത്തളർന്ന് ദു:സ്വപ്നങ്ങൾകണ്ടു കിടക്കുമ്പോൾ,
നെറുകയിൽ
വെളിച്ചമാകുന്നത്,
ഒരാശയുടെ പൊൻതുള്ളിയല്ല:
നിഴലിന്റെ കപടവേഷം...!
പുലരിയുടെ വാക്കുകളിൽ
കടലിരമ്പം മുഴങ്ങുമ്പോൾ,
ഉറവിടമില്ലാതെയൊഴുകുന്ന
കിനാവുകൾ വിളിക്കുന്നു:
"നീ സമീപമാണെന്ന് തോന്നുന്നു,
പക്ഷേ, ഞാൻ മരീചികയാണ്.!"