Image

'ഈശ്വരാ വഴക്കില്ലല്ലോ' ( തയ്യാറാക്കിയത് - ജോയിഷ് ജോസ് )

Published on 03 July, 2025
 'ഈശ്വരാ വഴക്കില്ലല്ലോ' ( തയ്യാറാക്കിയത് - ജോയിഷ് ജോസ് )

വായന എല്ലാ ആനന്ദങ്ങളിലുംവെച്ച് മഹത്തായതത്രെ. ഒരാൾ ക്ലാസിക്കുകൾ ഹേമന്തത്തിൽ വായിക്കണം. കാരണം, അപ്പോൾ മനസ്സ് ഏറെ ഏകാഗ്രമാണ്. വേനലിൽ ചരിത്രം വായിക്കണം. കാരണം അപ്പോൾ അധികം സമയം കിട്ടും. ശരത്കാലത്തിൽ പ്രാചീന തത്ത്വചിന്തകന്മാരെ വായിക്കണം, കാരണം, അപ്പോൾ വശ്യമായ ആശയങ്ങൾ ഉദിച്ചുയരും. വസന്തത്തിന്റെ നാളുകളിൽ സമകാലീനരായ എഴുത്തുകാരുടെ തിരഞ്ഞെടുത്ത പുസ്തകങ്ങൾ വായിക്കണം. എന്തെന്നാൽ, അപ്പോൾ പ്രകൃതി ജീവിതത്തിലേക്കു തിരിച്ചുവരുന്നു...  ലിൻ യു ടങ് (ചൈന).നിങ്ങളുടെ വായന ഏത് സമയത്തുമാകട്ടേ ഹേമന്തത്തിലോ,വേനലിലോ,ശരത്കാലത്തിലോ,വസന്തത്തിലോ ഏത് കാലത്തിലുമാകട്ടേ നിങ്ങളെ ചിന്തിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും അതോടൊപ്പം സുഖമുള്ള ചെറിയൊരു നോവ്  സമ്മനിക്കുകയും ചെയ്യുന്ന പുസ്തകമാണ് മലയാളത്തിന്‍റെ പ്രിയനടന്‍ സലിം കുമാര്‍ എഴുതിയ 'ഈശ്വരാ വഴക്കില്ലല്ലോ'.

എഴുത്തിനേയും വായനെയേയും ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍.വലിയൊരു വിഭാഗം കേരളിയരുടെയെങ്കിലും ജീവിതചര്യയുടെ  ഭാഗമായിരുന്നു വായന ഒരുകാലത്ത്. ഗൂഗിളും യൂട്യൂബും ഫേസബുക്കും വാട്സപ്പും മറ്റ് ആധുനിക  ദൃശ്യമാധ്യമങ്ങളും വരുന്നതിന് മുമ്പ് മലയാളി എന്തിനേയും ഏതിനെയും തിരഞ്ഞത് പുസ്തകത്തിലൂടെയാണ്. വായനയിലൂടെയാണ്.അവര്‍ക്ക് ചിന്തിക്കാനും ചിരിപ്പിക്കാനും കരയാനും (കരയാന്‍ അന്ന് കണ്ണീസീരിയലുകള്‍ ഉണ്ടായിരുന്നില്ലല്ലോ) പഠിക്കാനുമെല്ലാം പുസ്തകങ്ങളായിരുന്നു ആശ്രയം. നഷ്ടപ്പെട്ടുപോയ ആ വായന വസന്തത്തിലേക്ക് നമ്മള്‍ തിരിച്ച് പോകണ്ടിയിരിക്കുന്നു.അതൊരിക്കലും നവമാധ്യമങ്ങളെ ഒഴിവാക്കികൊണ്ടായിരിക്കണമെന്ന് എനിക്ക് അഭിപ്രായമില്ല കാരണം ആധുനിക കാലത്തിന് അത് ആവശ്യമാണെന്ന് തന്നെ.അതിനായി നമുക്ക് വായനപരതയുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കാം.അത്തരത്തില്‍ നിര്‍ദേശിക്കാന്‍  ഉചിതമായ ഒരു പുസ്തകമാണ് 'ഈശ്വര വഴക്കില്ലല്ലോ'..

ഇന്നോളം അഞ്ഞൂറോളം ആത്മകഥകളും ജീവചരിത്രങ്ങളും ഓര്‍മ്മക്കുറിപ്പുകളും വായിച്ചിട്ടുണ്ട്(അല്ലാത്തവ എണ്ണിയിട്ടില്ല).രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെയും നവോത്ഥാന നായകരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും എഴുത്തുകാരുടെയും 
കള്ളന്‍റെയും,മദ്യപാനിയുടെയും ലൈംഗിക തൊഴിലാളിടെയുമൊക്കെ. ഓരോ കഥയും വ്യക്തിയനുഭവങ്ങള്‍ക്കപ്പുറം സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങളുടെ അടയാളപ്പെടുത്തലും കൂടിയാണ്. ഓരോ പുസ്തകവും ഓരോരോ കഥകളായിരിക്കും,കഥയും കഥാപാത്രങ്ങളും മാറുമ്പോഴും ജീവിത അവസ്ഥകള്‍ അധികവും സമാനമായിരിക്കും.എന്നാല്‍ ഈ പുസ്തകം അങ്ങനെയല്ല ഇത് സലിംകുമാറിന്‍റെ മാത്രം കഥയാണ് ഇതിലെ നായകനും വില്ലനും കോമേഡിയനും എല്ലാം അദ്ദേഹം തന്നെയാണ്.അതാണ് ഈ പുസ്തകത്തെ വേറിട്ട് നിര്‍ത്തുന്നതും.
തികച്ചും വ്യത്യസ്ഥമായ ജീവിതാനുഭവങ്ങളിലൂടെയാണ് ഇതിലെ എഴുത്തുകള്‍ കടന്നുപോകുന്നത്. വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാകും തീര്‍ച്ച.

ഈ പുസ്തകം വായിക്കുന്നത് വരെയും ജീവിത സായാഹ്നത്തില്‍ എഴുതാവുന്ന ഒന്നാണ് ഓര്‍മ്മക്കുറിപ്പുകള്‍ എന്നൊരു ധാരണയെനിക്കുണ്ടായിരുന്നു എന്നാല്‍ ഈ പുസ്തകം വായിച്ച് തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് തിരുത്തേണ്ടതായി വന്നു.അത്രയ്ക്ക് രസകരമായാണ് സിനിമയിലെ നാട്യം ജീവീതത്തില്‍ കാണിക്കാത്ത സലിം കുമാറെന്ന പച്ചമനുഷ്യന്‍റെ എഴുത്ത്.ഞാന്‍ സാധരണ വായനക്കുറിപ്പുകള്‍ എഴുതുമ്പോള്‍ ആ പുസതകത്തിന്‍റെ സംഗ്രഹം ചേര്‍ക്കാറുണ്ട്.എന്നാല്‍ ഈ കുറിപ്പ് അത്തരത്തിലുള്ള ഒന്നല്ല കാരണം ഈ പുസ്തകം വായിച്ച് തന്നെ നിങ്ങള്‍ അനുഭവിച്ചറിയണം.നൂറ്റിഎഴുപത്തിയഞ്ച് പേജുകളില്‍ ഇരുപത്തിയൊന്ന് അധ്യായങ്ങളുള്ള പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയാണ്.അദേഹത്തിന്‍റെ അവതാരികയിലെ ഒരു ഭാഗം ചേര്‍ത്ത് കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.പ്രിയപ്പെട്ട വായനക്കാര്‍ ഈ പുസ്തകം ഏറ്റെടുക്കുമല്ലോ...

''നാട്ടിൻപുറത്തു
ജനിച്ചുവളർന്നവനാണു
ഞാൻ, സലിംകുമാറുമതെ.
എങ്കിലും കാലത്തിനൊപ്പം
അതിവേഗത്തിലോ അതിലേറെ
ആഴത്തിലോ പല
നഗരച്ചുഴികളിലേക്കു നാം പോകും.
ശരിക്കു പറഞ്ഞാൽ, പോയി.
അതൊരു കുറ്റമൊന്നുമല്ല.
അപ്പോഴും വേരുകളിലെ
നനവുണങ്ങാതെ, ചില്ലകളുടെ
വിരിവു വിടാതെയിരിക്കലാണു
കാര്യം. നിസ്സംശയം പറയാനാവും.
സലിംകുമാറിന്റെ ഓരോ വാക്കിലും
ആ വേരുകളുടെ ഈർപ്പവും
കാതലുറപ്പുമുണ്ട്. അതു നമ്മെയും
അധികമധികം
ആർദ്രതയുള്ളവരാക്കും.
നർമമാണ് മേമ്പൊടിയെങ്കിലും
നെഞ്ഞിൽ കൈചേർത്താണ് സലിം
പങ്കുവയ്ക്കുന്നത്. കൂട്ടത്തിൽ
ആത്മപരിഹാസവുമുണ്ട്. എത്ര
സംസാരിച്ചാലും ബോറടിക്കാത്ത
സലിമിന്റെ ഈ ഓർമയെഴുത്തും
അങ്ങനെതന്നെ''.(അവതാരികയില്‍ മമ്മൂട്ടി)

പുസ്തകം - ഈശ്വര വഴക്കില്ലല്ലോ
എഴുത്ത് - സലിം കുമാര്‍
പ്രസാധനം - മനോരമ ബുക്സ്
വില - 270
ജോയിഷ് ജോസ്. 9656935433

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക