Image

ഞാൻ കണ്ട തുർക്കി (ഭാഗം -8: ആന്റണി കൈതാരത്ത്‌)

Published on 03 July, 2025
ഞാൻ കണ്ട തുർക്കി (ഭാഗം -8: ആന്റണി കൈതാരത്ത്‌)

Antalya to Cappadocia

യക്ഷിക്കഥകളിലെ കൂറ്റൻ ചിമ്മിനികൾ പോലെ തോന്നിക്കുന്ന ഫെയറി ചിമ്മിനികൾ (fairy chimneys) എന്നറിയപ്പെടുന്ന അസാധാരണമായ പാറക്കെട്ടുകളും, ഭൂമിക്കടിയിലെ പുരാതന നഗരങ്ങളും (underground city)  ഗുഹാഭവനങ്ങളും, ലോകപ്രശസ്തമായ ബലൂൺ യാത്രകൾക്ക് പേരുകേട്ട സ്ഥലവും ഉൾകൊള്ളുന്ന കപ്പഡോഷ്യ (Cappadocia) എന്ന സ്ഥലത്തേക്കാണ് ഇന്നത്തെ യാത്ര.

ഏകദേശം 500 km ദൂരമുള്ള ഈ യാത്രയിൽ ഞങ്ങൾ Caravanserai of Sultanhan എന്ന സ്ഥലം കാണുവനായി ഒരു സ്റ്റോപ്പ് ഉണ്ട്. Silk road വ്യാപാരം നടന്നിരുന്ന കാലഘട്ടങ്ങളിൽ കൂട്ടമായി യാത്ര ചെയ്തിരുന്നവർ രാത്രികാലങ്ങളിൽ തങ്ങുന്ന ഒരിടമായിരുന്നു ഇത്. കപ്പഡോഷ്യയിൽ എത്തിയ ശേഷം ഞങ്ങൾ വിർലിംഗ് ഡെർവിഷ് നൃത്തം കാണാൻ പോകും.

Caravanserai of Sultanhan:

തുർക്കിയിലെ ഏറ്റവും വലിയ കാരവൻസെറായികളിൽ ഒന്നാണിത്. വലിയൊരു കോട്ടപോലെയാണ് ഇതിൻ്റെ രൂപകൽപ്പന. ആകർഷകമായ കൊത്തുപണികളോടുകൂടിയ വലിയ പ്രവേശന കവാടം ഇതിൻ്റെ പ്രത്യേകതയാണ്.

പഴയകാലത്ത് വ്യാപാരികൾക്കും യാത്രികർക്കും അവരുടെ മൃഗങ്ങൾക്കും വിശ്രമിക്കാനും സുരക്ഷിതമായി തങ്ങാനുമുള്ള ഇടങ്ങളെയാണ് കാരവൻസെറായി (Caravanserai) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കിഴക്കും പടിഞ്ഞാറുമുള്ള വാണിജ്യ പാതകളിൽ ഒന്നായ സിൽക്ക് റൂട്ടിലെ ഒരു പ്രധാന ഇടത്താവളമായിരുന്നു ഇത്. 
13-ആം നൂറ്റാണ്ടിൽ, റം സുൽത്താനത്തിലെ സെൽജുക് സുൽത്താൻ ഒന്നാം അലാവുദ്ദീൻ കെയ്കുബാദിൻ്റെ (Alaeddin Keykubad I) ഭരണകാലത്താണ് ഇത് നിർമ്മിച്ചത്. വ്യാപാരികളുടെയും സൈനികരുടെയും യാത്ര സുഗമമാക്കാൻ ഇത് വലിയ സഹായമായി.

ഇതിന് ഒരു വലിയ തുറന്ന മുറ്റമുണ്ട്. മുറ്റത്തിൻ്റെ ചുറ്റും യാത്രികർക്കും മൃഗങ്ങൾക്കും വിശ്രമിക്കാനുള്ള മുറികളും ചെറിയ കടകളും പള്ളിയും കുളിമുറികളും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരുന്നു. മുറ്റത്തിനപ്പുറം സാധനങ്ങൾ സൂക്ഷിക്കാൻ തണുപ്പുള്ള ഒരു വലിയ ഹാൾ (covered section) ഉണ്ട്. സമ്പന്നരായ വ്യാപാരികൾക്ക് പ്രത്യേക മുറികളും ഇവിടെ ഉണ്ട്.

ഇന്ന് സുൽത്താൻഹാൻ കാരവൻസെറായി ഒരു ചരിത്രപരമായ സ്മാരകമായി നിലകൊള്ളുന്നു. സഞ്ചാരികൾക്ക് സെൽജുക് കാലഘട്ടത്തിലെ വാസ്തുവിദ്യയും ജീവിതരീതിയും മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. തുർക്കിയിൽ ഇതുപോലെ വെറെയും പല കാർസായ് ഉണ്ട്.

കാരവൻസെറായിയുടെ ചിത്രങ്ങൾ

വിർളിംഗ് ഡെർവിഷ് (Whirling Dervish) നൃത്തം:

സൂഫിസത്തിലെ ഒരു പ്രധാന ആത്മീയ അനുഷ്ഠാനമാണ് "വിർളിംഗ് ഡെർവിഷ്" (Whirling Dervish) നൃത്തം (എന്താണ് സൂഫിസം എന്നത് താഴെ വായിക്കാം). തുർക്കിയിലെ കോനിയയിൽ 13-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ സൂഫി കവിയും ചിന്തകനുമായ മൗലാന ജലാലുദ്ദീൻ റൂമിയുടെ അനുയായികൾ സ്ഥാപിച്ച ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ള ഒരു ധ്യാനരീതിയാണ് ഇത്.

ആത്മാവിനെ ശുദ്ധീകരിക്കുക, അഹംഭാവത്തെ ഇല്ലാതാക്കുക, ദൈവവുമായി ഒരു ആത്മീയ ഐക്യം (Union with the Divine) നേടുക എന്നിവയാണ് ഈ ചടങ്ങിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
അഹംഭാവത്തെ സൂചിപ്പിക്കുന്ന തലയിൽ ധരിക്കുന്ന ഉയരം കൂടിയ തൊപ്പി, ആത്മീയ വിശുദ്ധിയെ പ്രതിനിധീകരിക്കുന്ന നീണ്ട വെളുത്ത വസ്ത്രം, ഭൗതിക മോഹങ്ങളെ പ്രതിനിധീകരിക്കുന്ന കറുത്ത മേലങ്കി (ചടങ്ങ് ആരംഭിക്കുമ്പോൾ ഇത് ഊരി മാറ്റുന്നത് ഭൗതിക ബന്ധങ്ങളിൽ നിന്നുള്ള മോചനത്തെ സൂചിപ്പിക്കുന്നു) ഇതെല്ലാമാണ് അവരുടെ വേഷവിധാനങ്ങൾ.

പ്രവാചകനെ സ്തുതിച്ചുകൊണ്ടുള്ള സ്തുതിഗീതത്തോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. മൃദുലമായ സംഗീതത്തിൻ്റെ അകമ്പടിയോടെ നർത്തകർ പതുക്കെ നടന്ന് തുടങ്ങുന്നു. 
ചടങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം, നർത്തകർ അവരുടെ വലത് കൈ ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതായും, ഇടത് കൈ ഭൂമിയിലേക്ക് താഴ്ത്തിപ്പിടിച്ച് ആ അനുഗ്രഹങ്ങൾ ലോകത്തിന് നൽകുന്നതായും സങ്കൽപ്പിച്ച് കറങ്ങാൻ തുടങ്ങുന്നതാണ്. ഇത് സ്വീകരിക്കുന്നതിനും നൽകുന്നതിനുമുള്ള പ്രതീകമായാണ് അവർ അപ്രദക്ഷിണമായി (counter-clockwise) കറങ്ങുന്നത്. അവർ ഒരേ സമയം ഏകദേശം 1000 തവണ ചുറ്റുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.
വിർളിംഗ് ഡെർവിഷ് പ്രകടനം വെറുമൊരു കാഴ്ചയല്ല, മറിച്ച് ആഴത്തിലുള്ള ഒരു ആത്മീയ അനുഭവമാണ്. മനുഷ്യരാശിക്കുള്ള പ്രാർത്ഥനയോടെ ചടങ്ങ് സമാപിക്കുന്നു.

എന്താണ് സൂഫിസം (Sufism)?

സൂഫിസം എന്നത് ഇസ്ലാമിലെ ഒരു ആത്മീയ ആചാരമാണ്. ഇത് ഇസ്ലാമിക ആത്മീയത, ആചാരങ്ങൾ, ലൗകിക വിരക്തി, ആത്മശുദ്ധി എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. സൂഫിസത്തെ അനുഷ്ഠിക്കുന്നവരെ 'സൂഫികൾ' എന്ന് വിളിക്കുന്നു.

സൂഫികൾക്ക് ദൈവത്തെ നേരിട്ട് അനുഭവിക്കാനും ദൈവീക സ്നേഹവും അറിവും നേടാനുമുള്ള ഒരു ആത്മീയ യാത്രയാണ് സൂഫിസം. ഭൗതികമായ കാര്യങ്ങളെ ഉപേക്ഷിച്ച് ദൈവത്തിലേക്ക് പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. ആത്മാവിനെ എല്ലാ മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിക്കുക എന്നതാണ് സൂഫിസത്തിൻ്റെ ഒരു പ്രധാന ലക്ഷ്യം. 

മുഹമ്മദ് നബിയുമായി പരമ്പരഗതമായി ബന്ധപെട്ടിരിക്കുന്ന ഒരു ആത്മീയ ഗുരുവിൻ്റെ മാർഗ്ഗനിർദ്ദേശത്തിലൂടെയാണ് ശിഷ്യന്മാർ ആത്മീയ പാതയിൽ മുന്നോട്ട് പോകുന്നത്.
ദൈവനാമങ്ങൾ ആവർത്തിച്ച് ചൊല്ലുന്നതിലൂടെയും പ്രാർത്ഥനകളിലൂടെയും ധ്യാനത്തിലൂടെയും ദൈവത്തെ നിരന്തരം സ്മരിക്കുന്നത് സൂഫിസത്തിലെ ഒരു പ്രധാന ആചാരമാണ്. ദൈവത്തോടുള്ള സ്നേഹം മനുഷ്യരാശിയോടുള്ള സ്നേഹത്തിലൂടെ പ്രകടിപ്പിക്കപ്പെടുന്നു എന്നും അവർ വിശ്വസിക്കുന്നു.

സൂഫി ഗുരുക്കന്മാരും അവരുടെ ശിഷ്യന്മാരും ഒരുമിച്ച് താമസിക്കുകയും ആത്മീയ കാര്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ആശ്രമങ്ങളെയാണ് ഖാൻഖാഹുകൾ എന്ന് പറയുന്നത്. 
ഇന്ത്യയിൽ, സൂഫിസം ഹിന്ദു-മുസ്ലീം സമുദായങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.



വിർളിംഗ് ഡെർവിഷ് നൃത്തം

തുടരും- ഭാഗം – 9

Read More: https://www.emalayalee.com/news/345614


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക