Image

ക്യാമ്പസിലെ ചുവരെഴുത്തുകൾ (ഷുക്കൂർ ഉഗ്രപുരം)

Published on 03 July, 2025
ക്യാമ്പസിലെ ചുവരെഴുത്തുകൾ (ഷുക്കൂർ ഉഗ്രപുരം)

'ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ' എന്ന പുസ്തകം രചിച്ചത് വിഖ്യാത തൂലികക്കാരൻ ഷാജഹാൻ മാടമ്പാട്ട് ആണ്. അവിടെ ക്യാമ്പസിൽ പഠിക്കുമ്പോഴുള്ള രസകരമായ കുറേ അനുഭവങ്ങൾ അതിൽ അദ്ദേഹം പറഞ്ഞു വെക്കുന്നു. അതിലെ ഒരു സംഭവത്തിൻ്റെ സംഗ്രഹം ഇങ്ങിനെ വായിക്കാം. "ഒരിക്കൽ ഓട്ടോക്കാരൻ ഒരു വിദ്യാർത്ഥിയെ ഹോസ്റ്റലിൽ ഇറക്കി തിരിച്ചു പോകുമ്പോൾ ക്യാമ്പസിൽ നിന്നും വഴി തെറ്റിപ്പോയോ എന്ന് സംശയം തോന്നിയപ്പോൾ പുറത്ത് റോട്ടിലൂടെ നടന്നു പോകുന്ന ഒരു വിദ്യാർത്ഥിയോട് അയാൾ വഴി ചോദിച്ചു.

ഓട്ടോക്കാരൻ - "അരേ ബേട്ടാ.... ബാഹർ ചൽനേക്കൊ രാസ്ത്ത കിദർ ഹൈ"? (മോനെ പുറത്തേക്ക് പോകാനുള്ള വഴി ഏതാണ്?)

ജഡകുത്തി നീണ്ട തലമുടിയുള്ള താടിക്കാരൻ ബുജി വിദ്യാർത്ഥി പയ്യൻ  - "സുഹൃത്തെ ഞാനും അതു തന്നെയാണ് തിരയുന്നത് - പുറത്തേക്കുള്ള വഴി, സ്വാതന്ത്ര്യത്തിൻ്റെ വഴി! മാക്സും, നീഷേയും, ഗ്രാംഷിയുമെല്ലാം അതുതന്നെയാണ് തിരഞ്ഞത്. പുറത്തേക്കുള്ള വഴി; സ്വാതന്ത്ര്യത്തിൻ്റെ വഴി!

ഓട്ടോക്കാരൻ - "അരേ...  ആപ്പ് പാഗൽ വാലാഹൈ... സോറി" (അനക്ക് വട്ടാണല്ലെ സോറി...)

അതും പറഞ്ഞു കൊണ്ട് ഓട്ടോക്കാരൻ അവിടുന്ന് സ്ഥലം കാലിയാക്കി. JNU വിലാണെങ്കിൽ Thoughts, narrations, discourses ഒക്കെ നടത്തി ആലോചിച്ച് വട്ടായതുപോലുള്ള കുറേ ബുദ്ധി ജീവികളെ കാണാം. അവർ ഈ ഭൗതിക ലോകത്തിലെ ചെറിയ കാര്യങ്ങളിൽ അഭിരമിക്കുന്നവരല്ല. അതിനർത്ഥം അവരൊക്കെ ഭ്രാന്തൻമാർ ആണെന്നുമല്ല.

ഒരിക്കൽ ആൽബർട്ട് ഐൻസ്റ്റൈൻ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ഇടക്കെപ്പഴോ കമ്പാർട്മെൻ്റിൽ ടിക്കറ്റ് എക്സാമിനർ വന്നുകയറി. അയാൾ യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിച്ചു, അങ്ങനെ ഐൻസ്റ്റൈൻ ഇരുന്ന സീറ്റിനടുത്തെത്തി. അപ്പോഴാണ് ആൽബർട്ട് ഐൻസ്റ്റൈൻ എക്സാമിനറെ കാണുന്നത്. ഐൻസ്റ്റൈൻ തൻ്റെ പോക്കറ്റുകളിൽ മുഴുവൻ ടിക്കറ്റ് തപ്പിക്കൊണ്ട് വെപ്രാളപ്പെടുന്നത് ടിക്കറ്റ് എക്സാമിനറും മറ്റു യാത്രക്കാരുമെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു.  

Universal legend ആയിട്ടുള്ള ഒരു മനുഷ്യൻ ഇത്ര ഭയത്തോടെ ടിക്കറ്റ് തിരയുന്നത് കണ്ട് ടിക്കറ്റ് എക്സാമിനർ പറഞ്ഞു - സർ, ടിക്കറ്റൊന്നും പ്രശ്നമല്ല. താങ്കളിരിക്കൂ - Please relax Sir...

അപ്പോൾ ഐൻസ്റ്റൈൻ പറഞ്ഞു - "വിഷയം അതല്ല, എനിക്ക് ഇപ്പോൾ ടിക്കറ്റ് കണ്ടുപിടിച്ചേ മതിയാകൂ, എങ്കിൽ മാത്രമേ ഇറങ്ങാനുള്ള സ്ഥലം ഏതെന്നറിയൂ!" അത് കേട്ട് എക്സാമിനറും സഹയാത്രികരും ഊറിച്ചിരിച്ചു. വലിയ ബുദ്ധിജീവികൾ (ബു.ജി) അങ്ങനെയൊക്കെയാണ്.

ഞാൻ പറഞ്ഞുവരുന്നത് കേരളത്തിലെ ക്യാമ്പസുകളിലെ ചുവരെഴുത്തുകളെ കുറിച്ചാണ്. അവയിൽ ഭൂരിഭാഗവും Creative Message ഓ ഏതെങ്കിലും തരത്തിലുള്ള Thoughts ഓ അതുമല്ലങ്കിൽ Discourse ന് വക നൽകുന്നതോ ആണെന്ന് തോന്നുന്നില്ല. ഏറ്റവും ശ്രദ്ധേയമായ കാര്യം നമ്മുടെ ക്യാമ്പസുകളിൽ ചുവരെഴുത്തുകൾ നിലനിൽക്കുന്നു എന്നതാണ്.

അതിലൊന്ന് മലബാറിലെ ഒരു ക്യാമ്പിസിലെ New block ലെ മുകൾ നിലയിലേക്ക് കയറുന്ന കോണിപ്പടിയിൽ നിന്നും വായിക്കാൻ കഴിയുന്ന തരത്തിലുള്ള ഒന്നാണ്. Colloquial language ൽ എഴുതിയതാണ്. അതിങ്ങനെയാണ് - "ബസള"

ഭാഷയെ കുറിച്ച് സൈദ്ധാന്തികമായി പറഞ്ഞത് നോം ചോംസ്കിയാണ്. ഓരോ ഭാഷയും അതിൻ്റെ സാംസ്കാരിക സ്വത്വം വഹിച്ചാണ് പ്രസരിപ്പിക്കപ്പെടുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ആ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോൾ വഷളൻ (Profligate) എന്ന സംജ്ഞയുടെ ഏറനാടൻ ഭാഷാന്തരമാകാം ബസള എന്നത്. എങ്ങിനെ ആയിരുന്നാലും ഒരു സർഗ്ഗാത്മ കലാലയത്തിലെ വിദ്യാർത്ഥി സമൂഹത്തിന് ഒട്ടും ഗുണകരമായ സന്ദേശം നൽകുന്ന ഒന്നല്ല അത്. Erase ചെയ്യപ്പെടേണ്ട ചുവരെഴുത്താണത് എന്ന് തോന്നുന്നു. ദിനേന പലതണ അതുവഴി കടന്നു പോകുകയും അത് വായിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് എന്ത് തരം സന്ദേശമാണ് അതിന് നൽകാനാകുക എന്നതിലാണ് കാര്യം.

ആ പദത്തിന് പകരം അവിടെ Robert Frost എഴുതിയ ഈ വരികളായിരുന്നു കുട്ടികൾ എഴുതിയിരുന്നതെങ്കിൽ അത് എത്ര മനോഹരമാകുമായിരുന്നു -

The woods are lovely, dark and deep,   
But I have promises to keep,   
And miles to go before I sleep,   
And miles to go before I sleep.

(അതിൻ്റെ ഉള്ളടക്കം അവർ ക്രിയാത്മകമായി ഗ്രഹിക്കുമായിരുന്നു - സംഗതിയൊക്കെ സൂപ്പറാണ്, പക്ഷേ ഇവിടുന്ന് പഠിത്തം കഴിഞ്ഞു പോകുന്നതിന് മുമ്പ് നേടേണ്ടതൊക്കെ നേടിയെടുക്കണം എന്ന്)

രണ്ടാമത്തെ ചുവരെഴുത്ത് കണ്ടത് അവിടുത്തെ തന്നെ ക്യാമ്പസി  ക്യാമ്പസിലെ ഭക്ഷണശാലയിലേതാണ്. "Have a positive cup of tea" എന്നാണത്. സത്യത്തിൽ ആ പദാവലിയിൽ പ്രഥമദൃഷ്ട്യാ വലിയ പ്രശ്നമൊന്നുമില്ലെങ്കിലും മുമ്പ് വായിച്ച George Orwell ൻ്റെ ഒരു Essay യുമായി ആ പദാവലി താദാത്മ്യപ്പെടുന്നതു  പോലെ തോന്നി. Orwell ൻ്റെ ആ ലേഖനത്തിൻ്റെ തലക്കെട്ട് "Have a nice cup of tea" എന്നാണ്. എങ്ങിനെ നല്ല ഒരു കപ്പ് ചായ ഉണ്ടാക്കാം എന്നാണ് അയാൾ അതിൽ പറയുന്നത് - അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ  പതിനൊന്ന് സ്‌റ്റെപ്പുകളുണ്ട് നല്ല ഒരു കപ്പ് ചായ ഉണ്ടാക്കാൻ - അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചായ ഉണ്ടാക്കാൻ  ഉപയോഗിക്കുന്ന പൊടി ഇന്ത്യനാകണം അതില്ലെങ്കിൽ സിലോണിൻ്റേതാകണം എന്നാണ്. വളരെ മനോഹരമായി ഓരോ സ്റ്റെപ്പുകളും അദ്ദേഹം അതിൽ വിശദീകരിക്കുന്നുണ്ട്. ഇന്നത്തെ കാലത്താണ് Orwell അതെഴുതുന്നതെങ്കിൽ ഒരു സ്റ്റെപ്പുകൂടി അതിൽ അധികമുണ്ടാകാം.  ചായക്കുപയോഗിക്കുന്ന വെള്ളം കിണറിൽ നിന്നും കോരിയെടുത്ത ശുദ്ധജലമാകണമെന്ന്.

കാര്യങ്ങൾ എങ്ങിനെയാണെങ്കിലും കേവല രാഷ്ട്രീയ ചുവരെഴുത്തുകളിൽ മാത്രം ഒതുങ്ങുന്ന രീതിക്കും പ്രത്യേക സന്ദേശമൊന്നും നൽകാനാവില്ല. കൂടുതൽ ക്രിയാത്മകമായ ചുവരെഴുത്തുകൾ കണ്ടത് JNU വിൽ തന്നെയാണ്. അവയിലെ ഓരോ സന്ദേശങ്ങളും വിദ്യാർത്ഥികളെ ആകർശിക്കുന്നവയാണ്. നല്ല ചുവരെഴുത്തുകൾക്കെ നല്ല സന്ദേശം നൽകാനും നല്ല വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാനുമാകൂ. സാമൂഹിക വൽക്കരണം നടത്തി ഉത്തമ മനുഷ്യരെ സൃഷ്ടിച്ചെടുക്കുന്നതിൽ ചുവരെഴുത്തുകൾക്കും പങ്കുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക