ഉറ്റ ചങ്ങാതിമാരും സമകാലീനരും ദീർഘകലം ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചവരുമായ അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസിന്റെ സ്‌ഥാപകരിൽ ഒരാളുമായ കെ എം മാണിയും മറ്റൊരു സ്‌ഥാപക നേതാവും തൊടുപുഴ എം എൽ എ യുമായ പി ജെ ജോസഫും തമ്മിൽ കൂടുമ്പോഴൊക്കെ മാണി സാർ ജോസഫ് സാറിനോട് വളരെ സ്നേഹത്തോടെ പറയും ഔസേപ്പച്ച ഒരു പാട്ട് പാടിക്കേ എന്ന്
പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള കേരള രാഷ്ട്രീയത്തിൽ വമ്പൻ പ്രാസംഗികരായ ഒരുപാട് നേതാക്കൾ ഉണ്ടായിരുന്നു എങ്കിലും പാട്ടുകാരൻ ആയി കഴിവ് തെളിയിച്ചത് നാട്ടുകാരും പ്രിയപ്പെട്ടവരും ഔസേപ്പച്ചൻ എന്ന് വിളിക്കുന്ന പി ജെ ജോസഫ് മാത്രമാണ്
എഴുപത്തിയെട്ടിൽ കേരളത്തിലെ ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോൾ കേരളത്തിലെ എല്ലാ പോലീസുകാരോടും നിർബന്ധം ആയും പാട്ടുപാടാൻ പഠിക്കണം എന്ന് ആഹ്വാനം ചെയ്ത ജോസഫ് സാർ സമയം കിട്ടിയപ്പോഴൊക്കെ പോലീസ് സ്റ്റേഷനുകളിൽ പോയി ലോക്കപ്പിൽ കിടക്കുന്ന പ്രതികൾക്കു പാട്ടുപാടി കേൾപ്പിക്കുമായിരുന്നു
പണ്ടു മന്ത്രിയായിരിക്കുമ്പോൾ ഈരാറ്റുപേട്ടയിൽ അരുവിത്തൂറ പള്ളിയിൽ ഒരു മരിച്ചടക്കിനു പോയപ്പോൾ അവിടെ ഒപ്പീസിനു നന്നായി പാട്ടുപാടുന്ന ഒരു ചെറുപ്പക്കാരനെ സാറിന് ഇഷ്ടപ്പെട്ടു. പൂഞ്ഞാറിൽ കൂടി റബ്ബർ കൃഷിയും അല്പം ഗുണ്ടായിസവും ഒക്കെ ആയിനടന്ന ആ ചെറുപ്പക്കാരൻ ആണ് പിൽക്കാലത്തു ജോസഫ് സാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും പൂഞ്ഞാർ എം എൽ എ യും ആയ പി സി ജോർജ്
ഏതാണ്ട് അൻപതു വർഷത്തിനിടയിൽ രണ്ടു പ്രാവശ്യം മാത്രമേ ജോസഫ് സാറ് തൊടുപുഴയിൽ തോറ്റിട്ടുള്ളൂ ആ രണ്ടു പ്രാവശ്യവും സാറിനെ തോൽപിച്ചത് അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസ് ആയിരുന്നു. നല്ലയൊരു ഗായകൻ ആയിരുന്ന പി ടി തോമസ് തൊടുപുഴയിൽ മത്സരിച്ചപ്പോൾ പ്രസംഗിക്കുന്നതിന് പകരം പാട്ടുപാടി ജനങ്ങളെ കയ്യിലെടുത്താണ് ജയിച്ചത്
ഇതിനിടയിൽ പാർലമെന്റിലേയ്ക്കും ഒരു കൈ നോക്കിയ സാറ് തൊണ്ണൂറ്റി ഒന്നിൽ മുവാറ്റുപുഴയിൽ സ്വതന്ത്രൻ ആയി നിന്നുകൊണ്ട് മണ്ഡലം മുഴുവൻ ഗാനമേള നടത്തിയെങ്കിലും വീട്ടിലെ കപ്പ വിറ്റു കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു തൊടുപുഴയിലെ വീട്ടിലേയ്ക്കു മടങ്ങേണ്ടി വന്നു
കുറേക്കാലം മന്ത്രിപ്പണിയും എം എൽ എ പണിയും ഇല്ലാതെ കല്യാണവും മരിച്ചടക്കും മാമ്മോദീസയും കൂടി നടന്നപ്പോൾ സാറിന് കിട്ടിയതാണ് കടുത്തുരുത്തി പള്ളിയിലെ പാട്ടുകാരൻ ആയിരുന്ന മോൻസ് ജോസഫിനെ. പിന്നീട് സാറ് മോൻസിനെയും കൂട്ടി കടുത്തുരുത്തി കവലയിൽ എല്ലാ ദിവസവും സംഗീത വിരുന്നൊരുക്കി അവിടെ തെരഞ്ഞെടുപ്പിനു നിർത്തി ജയിപ്പിച്ചെടുത്താണ് മോൻസിനെ എം എൽ എ ആക്കിയത്
രണ്ടായിരത്തി ആറിൽ അച്ചൂതാനന്ദൻ സർക്കാരിൽ മന്ത്രി ആയിരുന്ന ജോസഫ് സാർ ഒരു വിമാന യാത്രയ്ക്കിടയിൽ പാട്ടുപാടിക്കൊണ്ടിരുന്നപ്പോൾ കൈകൊണ്ടു ആക്ഷൻ എടുത്തപ്പോഴാണ് ടോയ്‌ലെറ്റിൽ പോയി സീറ്റിലേയ്ക്കു മടങ്ങിവന്നുകൊണ്ടിരുന്ന ഒരു യാത്രക്കാരിയുടെ ശരീരത്തു അറിയാതെ കൈകൊണ്ടത്. യാത്രക്കാരി അതു വിവാദം ആക്കിയപ്പോൾ മന്ത്രി സ്‌ഥാനം രാജീവയ്‌ക്കേണ്ടി വന്നു സാറിന്
വിവാദം തെല്ലോന്ന് ശമിച്ചപ്പോൾ മുഖ്യമന്ത്രി ആയിരുന്ന അച്യുതനന്ദനെ രണ്ടു പ്രാവശ്യം ക്ലിഫ് ഹൗസിൽ പോയി പാട്ടുപാടി കേൾപ്പിച്ചെങ്കിലും മന്ത്രിസഭയിൽ തിരിച്ചെടുക്കുവാൻ അദ്ദേഹം തയ്യാറായില്ല. പിന്നീട് നേരെ എ കെ ജി സെന്ററിൽ പോയി അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയനെ മൂന്നു ഹിന്ദി പാട്ട് പാടി കേൾപ്പിച്ചെങ്കിലും ശ്രുതി ശരിയായില്ലെന്നു പറഞ്ഞു പിണറായി ജോസഫ് സാറിനെ തൊടുപുഴയ്ക്കു തിരിച്ചയച്ചു
സാറിന് പകരം മന്ത്രിയാകാൻ കൂടെയുള്ള മറ്റു എം എൽ എ മാർ തിടുക്കം കാണിച്ചപ്പോൾ സാറ് എല്ലാവരെയും വരിവരിയായി നിർത്തി പാട്ട് പാടിച്ചു. അന്ന് സാറിന്റെ പാർട്ടിയിൽ എം എൽ എ മാർ ആയിരുന്ന മോൻസ് ജോസഫും സുരേന്ദ്രൻ പിള്ളയും നന്നായി പാടിയെങ്കിലും കർണാടക സംഗീതത്തിൽ ബിരുധമുള്ള ടി യൂ കുരുവിള ഒരു കച്ചേരി നടത്തി വിജയിച്ചു മന്ത്രിയായി
ഇടതുമുന്നണിയിൽ നിന്നും പിരിഞ്ഞു രണ്ടായിരത്തി പത്തിൽ മാണി സാറുമായി വീണ്ടും കൂട്ടുകൂടിയ ഔസേപ്പച്ചനും കുഞ്ഞുമാണിയും കൂടി നീണ്ട ഒൻപതു വർഷം പാലായിലെ കുഞ്ഞുമാണിയുടെ കരിങ്ങോലയ്ക്കൽ തറവാട്ടിലും ഔസപ്പച്ചന്റെ തൊടുപുഴയിലെ വീട്ടിലുമായി മാറി മാറി ഗാനമേളയും കച്ചേരിയുമായി കഴിഞ്ഞുകൂടി
രണ്ടായിരത്തി പത്തൊൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ മത്സരിച്ചു കോട്ടയംകാരെ മുഴുവൻ പാട്ടുപാടി കേൾപ്പിച്ചു തന്റെ സംഗീത വൈദഗ്ദ്യം കാണിച്ചുകൊടുക്കണമെന്ന് ഔസേപ്പച്ചനു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അന്ന് പാർട്ടിയുടെ കടിഞ്ഞാൺ കയ്യിലായിരുന്ന ജോസ് കെ മാണി തന്റെ അടുത്ത അനുയായി തോമസ് ചാഴികാടന് ആണ് തിരുനക്കരയിൽ പാട്ടുപാടി ഡാൻസ് കളിക്കുവാൻ അവസരം കൊടുത്തത്
രണ്ടായിരത്തിഇരുപത്തി ഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടില എൽ ഡി എഫ് ലേയ്ക്കു പോയ ജോസ് കെ മാണിയും കൂട്ടരും കൊണ്ടുപോയപ്പോൾ ചിഹ്നം നഷ്ടപ്പെട്ട ജോസഫ് സാർ മറ്റൊരു ചിഹ്നം കയ്യിലുള്ള പഴയ സഹപ്രവർത്തകൻ പി ടി ചാക്കോയുടെ പുത്രൻ പി സി തോമസിന്റെ അടുത്തേയ്ക്കു തന്റെ അരുമ ശിഷ്യൻ മോൻസിനെ പറഞ്ഞു വിട്ടെങ്കിലും തോമസ് മോൻസിനോട് പറഞ്ഞു ജോസഫ് സാറിനെയും കൂട്ടിവന്നു രണ്ടുപേരും കൂടി രജനികാന്ത് സിനിമയിലെ അടിപൊളി മുന്ന് നാലു തമിഴ്പാട്ട് പാടിയാൽ ചിഹ്നം തരാമെന്നു
കഴിഞ്ഞ ദിവസം എൺപത്തിനാലാം പിറന്നാൾ ആഘോഷിച്ചു ശതാഭിഷക്തൻ ആയിരിക്കുന്ന യൂ ഡി എഫ് മുന്നണിയിലെ കാരണവർ കൂടിയായ ജോസഫ് സാറിനെ കാണുവാൻ വന്ന യൂ ഡി എഫ് നേതാക്കൾ അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചു അധികാരത്തിൽ കയറണമെങ്കിൽ ജോസ് കെ മാണിയെ കൂടി മുന്നണിയിൽ എടുക്കണമെന്ന് പറഞ്ഞപ്പോൾ ഔസേപ്പച്ചൻ യൂ ഡി എഫ് നേതാക്കളോട് പറഞ്ഞ ഡിമാൻഡ് ജോസ് കെ മാണിയോട് തന്നെ വന്നു കണ്ട് യേശുദാസിന്റെ ഹിറ്റായ അഞ്ചു ഫാസ്റ്റ് നമ്പരുകൾ ശ്രുതിയും താളവും തെറ്റാതെ തന്നെ പാടിക്കേൾപ്പിക്കാൻ പറയുവാൻ ആണ്