Image

ഗ്രഹണ ദിവസം ( കവിത : ഷലീർ അലി )

Published on 04 July, 2025
ഗ്രഹണ ദിവസം ( കവിത : ഷലീർ അലി )

അവർ 

രണ്ടു പേരുണ്ടായിരുന്നു..

പരസ്പരം 

ആകാശമെന്നും 

കടലെന്നും

വിളിച്ചിരുന്നു

ഒട്ടിയുറങ്ങുന്ന 

ചക്രവാളം തിരഞ്ഞു 

കാലങ്ങളോളം 

സഞ്ചരിച്ചിരുന്നു

കാതങ്ങൾ നീന്തിയും

കടവുകൾ താണ്ടിയും

കണ്ടു കണ്ട്

ഉമ്മകൾ കൊണ്ട് 

വെല്ലുവിളിച്ചിരുന്നു

പരത്തിലെങ്കിലും 

ഒന്നിച്ചു പാർക്കാൻ

രാപ്പകലുകൾ 

പ്രാർത്ഥനകളുടെ തസ്ബീഹ് കോർത്തിരുന്നതിലേറെ 

ഇഹത്തിൽ 

കാണാപ്പാടകലെ-

യാക്കിക്കളഞ്ഞതിന്

നിരന്തരം

പരാതികളുടെ ഉപ്പു മഴകളെ പറഞ്ഞയച്ചിരുന്നതിനാലാവും

ഒരു ഗ്രഹണ ദിവസം 

ഒരാൾക്ക് മറവിയും 

ഒരാൾക്ക് ഭ്രാന്തും 

പകുത്ത് പടച്ചവൻ

സ്വസ്ഥമായുറങ്ങിയത് .. 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക