Image

ബാങ്കോക്കിലെ സിനിമാവിശേഷങ്ങള്‍ (ഓര്‍മക്കുറിപ്പ്: തമ്പി ആന്റണി)

Published on 04 July, 2025
ബാങ്കോക്കിലെ സിനിമാവിശേഷങ്ങള്‍ (ഓര്‍മക്കുറിപ്പ്: തമ്പി ആന്റണി)

തീര്‍ത്തും അപ്രതീക്ഷിതമായാണ് ഒരു തായ്‌ലന്‍ഡ് യാത്ര ഒത്തുവന്നത്. ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു അത്. 
    ജനുവരി 20 നു രാത്രി 12മണിക്ക് ബാങ്കോക്കിലെ 'സുവര്‍ണഭൂമി' എയര്‍പോര്‍ട്ടില്‍, ഞാന്‍ സഞ്ചരിച്ചിരുന്ന ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം പറന്നിറങ്ങി. സംവിധായകന്‍ സന്ദീപും ആക്ഷന്‍ സ്റ്റാര്‍ സൈമണ്‍ കുക്കും എയര്‍പോര്‍ട്ടിലുണ്ടായിരുന്നു. ക്ലീന്‍ഷേവ് ചെയ്ത്, മുടി നീട്ടി വളര്‍ത്തിയ സൈമണിനെക്കണ്ടാല്‍ ഒരു സുന്ദരിപ്പെണ്ണാണെന്നേ ആരും കരുതൂ. തായ്‌ലന്‍ഡ്കാരനാണെങ്കിലും നീണ്ട സ്‌ട്രെയിറ്റ് ഹെയറുള്ളതിനാല്‍ ഒരു റെഡ് ഇന്‍ഡ്യന്‍ പ്രകൃതമാണ്. 
    എയര്‍പോര്‍ട്ടില്‍നിന്ന് ഞങ്ങളൊരുമിച്ച് ഒരു ഊബര്‍ ടാക്‌സിയില്‍ ബാങ്കോക്കില്‍ത്തന്നെയുള്ള ഒരു ഹോട്ടലിലേക്കാണു പോയത്. സാമാന്യം വൃത്തിയുള്ളൊരു സ്റ്റാര്‍ഹോട്ടലായിരുന്നു അത്. ആ ദിവസം ഷൂട്ടിംഗില്ലാത്തതുകൊണ്ട് ഒരു ദിവസം വിശ്രമിച്ചു. അടുത്ത ദിവസം നിതിന്‍ ബൂരിയിലുള്ള മറ്റൊരു ഹോട്ടലിലേക്കു മാറി. ഷൂട്ടിംഗ് ലൊക്കേഷനിലേക്കു പോകാനുള്ള സൗകര്യാര്‍ത്ഥമാണ് അങ്ങോട്ടു മാറിയത്. കൂടാതെ അവിടെത്തന്നെ ചില സീനുകള്‍ ചിത്രീകരിക്കാനുണ്ടായിരുന്നു. ആദ്യദിവസം അവിടത്തെ സ്വിമ്മിംഗ്പൂളിലായിരുന്നു ഷൂട്ടിംഗ്. യാത്രാക്ഷീണം കാരണം ആദ്യദിവസം എനിക്കു വിശ്രമമായിരുന്നെങ്കിലും ഞാനും പൂളുള്ള ടോപ് ഫ്‌ളോറിലേക്കു പോയി. 
    പൂളില്‍, അതീവസുന്ദരിമാരായ രണ്ടു ബാങ്കോക്ക് വനിതകള്‍. അവര്‍ സൈമണ്‍ കുക്കുമായി നീന്തിത്തുടിക്കുന്നു! കുറെ നേരം അവിടെയിരുന്നു. അവര്‍ക്ക് ഇംഗ്ലീഷറിയാത്തതുകൊണ്ട് ടേക്കിന്റെ എണ്ണം കൂടിക്കൊണ്ടിരുന്നു. നേരം കൂടുതലായെങ്കിലും എല്ലാം ഭംഗിയായി കഴിഞ്ഞു. വൈകുന്നേരം സൈമണ്‍ ചോദിച്ചു: 
    'യൂ വാണ്ട് കമ്പനി?'
    ചോദ്യം ആദ്യമെനിക്കു മനസ്സിലായില്ല. 
    'ഐ മീന്‍ ദ സ്വിമ്മിംഗ് ഗേള്‍സ്...'
    'വാട്ട് യു മീന്‍?'
    'ആന്റണി, ദിസ് ഈസ് ബാങ്കോക്ക്... ഒണ്‍ലി 3000 ബാത്ത് ഫോര്‍ ദ നൈറ്റ്!'
    സന്ദീപ് എന്നെനോക്കി ചിരിച്ചു. എനിക്കു കാര്യം മനസ്സിലായി. 'ബാത്ത്' അവിടത്തെ കറന്‍സിയാണ്. ഞാന്‍ പറഞ്ഞു: 
    'നോ സൈമണ്‍... വി ആര്‍ ഹിയര്‍ ഫോര്‍ ദ ഷൂട്ടിംഗ്; നോട്ട് ഫോര്‍ എ വെക്കേഷന്‍.'
    അവനും കാര്യം മനസ്സിലായി. എന്നെപ്പിന്നെ നിര്‍ബ്ബന്ധിച്ചില്ല. 

 എന്തായാലും ഞാന്‍ വിചാരിച്ചതുപോലെയൊന്നുമല്ല ബാങ്കോക്ക്. എല്ലാ ഹോട്ടലുകളിലും ബോംബെ റെഡ് സ്ട്രീറ്റിലേതുപോലെ പെണ്‍കുട്ടികള്‍ ലോബിയില്‍ നിരന്നുനിന്നു വില പേശുന്ന അവസ്ഥയാണെന്നാണു കേട്ടിരുന്നത്. എന്നാല്‍ ഒരു ഹോട്ടലിലും അങ്ങനെയൊന്നും കണ്ടില്ല. വേശ്യാവൃത്തി നിയമപരമാണെന്നു മാത്രമേയുള്ളു. അതൊന്നും അത്ര പ്രകടമല്ല. അതിനുള്ള പ്രത്യേകസ്ഥലങ്ങളുണ്ട്. അതു ബാങ്കോക്കിലെ ചില സ്ഥലങ്ങളും അവിടെനിന്ന് ഏതാണ്ട് ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ എത്തുന്ന പട്ടായ എന്ന സ്ഥലവുമാണ്. അവിടെ മനോഹരമായ ബീച്ചുമുണ്ടെന്നു മനസ്സിലായിരുന്നു. 
    ഡിന്നറിന്, സൈമണ്‍ പുറത്തുനിന്ന് നല്ല ഒറിജിനല്‍ തായ് ഫുഡ്ഡും അവനിഷ്ടപ്പെട്ട വോഡ്കയും വാങ്ങിക്കൊണ്ടുവന്നു. പൊതുവേ സംസാരപ്രിയനല്ലാത്ത സൈമണും സന്ദീപും വോഡ്കയുടെ ലഹരിയില്‍ കൂടുതല്‍ വാചാലരായി. കുറെനേരം സിനിമക്കാര്യങ്ങളും അടുത്ത ദിവസത്തെ ഷൂട്ടിംഗ് പ്ലാനുമൊക്കെ വിശദമായി ചര്‍ച്ചചെയ്തു. ഭക്ഷണശേഷം അവര്‍ അവരവരുടെ റൂമുകളിലേക്കു പോയി. ക്ഷീണം കാരണം ഞാന്‍ കിടന്നപ്പൊഴേ ഉറങ്ങിപ്പോയി. 
    അടുത്ത ദിവസം, നിതിന്‍ബൂരിയില്‍, ബാങ്കോക്കില്‍നിന്നു 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ 'ശശി'യില്‍നിന്നാണ് ഈ കുറിപ്പെഴുതുന്നത്. അവിടെ മലയാളിപ്പേരായ ശശി എന്നൊരു ഹോട്ടല്‍ കണ്ടെത്തിയതു കൗതുകകരമായ അനുഭവമായിരുന്നു. ഹോട്ടല്‍ അത്രയ്ക്കു ശ്രദ്ധേയമല്ലെങ്കിലും സൗകര്യപ്രദമായിരുന്നു. ചൂടുവെള്ളം, എയര്‍കണ്ടീഷന്‍, സൗജന്യ ഇന്റര്‍നെറ്റ്, വൈഫൈ എന്നിവയെല്ലാമുണ്ട്. ഇതില്‍ക്കൂടുതല്‍ എന്തു വേണം?! പുതിയ കാലത്ത്, 'വൈഫൈ ഈസ് മോര്‍ ഇംപോര്‍ട്ടന്റ് ദാന്‍ വൈഫ്' എന്നാണല്ലോ!


ഷൂട്ടിംഗ് ലോക്കേഷനുകളെല്ലാംതന്നെ വില്ലേജ് പ്രദേശങ്ങളിലായിരുന്നു. തായ്‌ലന്‍ഡില്‍ ധാരാളം കടല്‍ത്തീരങ്ങളുണ്ടെങ്കിലും കേരളത്തിലെപ്പോലെയല്ല. കുറെ ഡ്രൈവ് ചെയ്താല്‍ ചില സ്ഥലങ്ങളില്‍ കേരളത്തിന്റെ പ്രകൃതിക്കു സമാനമായ തുരുത്തുകള്‍ കാണാം. ചെറിയ തോടും വാഴത്തോട്ടവും തെങ്ങുമൊക്കെയുണ്ടാകും. അവിടെ കാലാവസ്ഥയും ഏതാണ്ടു കേരളത്തിലേതിനു സമാനമാണ്. 
    ഞാന്‍ വന്നത് ഇംഗ്ലീഷ് സിനിമയായ 'ബ്ലഡ് ഹണ്ടി'ല്‍ അഭിനയിക്കാനാണ്. എന്റെ അവിടത്തെ രംഗങ്ങള്‍ നാലു ദിവസംകൊണ്ടു പൂര്‍ത്തിയായി. എന്നാല്‍ രണ്ടു മാസത്തിനകം ഹോളിവുഡ്ഡില്‍ ചില സീനുകള്‍ ഷൂട്ട് ചെയ്യാനുണ്ട്. 
    ഞാന്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ബാങ്കോക്കില്‍ താമസിക്കുന്ന ഒരു ടാക്‌സി ഡ്രൈവര്‍കൂടിയാണ്, ഹീറോയായ സാന്‍ഡിയുടെ അങ്കിളായ ആന്റണി. 
    എന്റെ അവസാനസീന്‍ ജനുവരി 29 നു ഷൂട്ട് ചെയ്തു. അതായിരുന്നു സിനിമയുടെ ആദ്യരംഗം! ബാങ്കോക്ക് വിമാനത്താവളത്തില്‍നിന്ന് സാന്‍ഡിയെ ഞാന്‍ പിക്കപ്പ് ചെയ്യുന്നതായിരുന്നു അത്. അനുമതിയില്ലാതെ ഷൂട്ട് ചെയ്യുന്നതിനാല്‍ ഔദ്യോഗിത ക്രൂവിനു പകരം ഹാന്‍ഡ്‌ഹെല്‍ഡ് ക്യാമറയുപയോഗിച്ചായിരുന്നു ദൃശ്യം പകര്‍ത്തിയത്. എല്ലാം സുഗമമായി നടന്നു. 
    ആദ്യമായിട്ടാണ് ബാങ്കോക്കില്‍ ഒരു സിനിമയ്ക്കായി വന്നത്. ഇതിനുമുമ്പു ഞാന്‍ ചെയ്ത ഹോളിവുഡ് മൂവി 'ക്യാഷ്' ആയിരുന്നു. പ്രശസ്തരായ ഷോണ്‍ ബീന്‍, ക്രിസ് ഹെംസ്‌വര്‍ത്ത് എന്നിവരായിരുന്നു പ്രധാനതാരങ്ങള്‍. ചിക്കാഗോയായിരുന്നു ലൊക്കേഷന്‍. ഞാന്‍ ആദ്യമായി ഒരു സര്‍ദാര്‍ജിയുടെ വേഷത്തിലഭിനയിക്കുന്നതും ആ സിനിമയിലാണ്. 


    ബ്ലഡ് ഹണ്ടില്‍, പ്രശസ്ത ആക്ഷന്‍ താരങ്ങളായ റോണ്‍ സ്മൂറന്‍ബെര്‍ഗ്, സൈമണ്‍ കുക്ക് എന്നിവരഭിനയിക്കുന്നു. റോണ്‍ സ്മൂറന്‍ബെര്‍ഗ്, ജാക്കി ചാനിന്റെ ഹിറ്റ് ചിത്രമായ 'ഹു ആം ഐ'യിലെ വില്ലനാണ്. കൂടാതെ, 'ബ്രദേഴ്‌സ്' അടക്കം ഹോളിവുഡ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സൈമണ്‍ കുക്കും ജാക്കി ചാനിനൊപ്പം ഒന്നിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സന്ദീപ് ജെ ലൂക്കോസ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ വലിയ ആക്ഷന്‍ താരങ്ങളുടെ കൂടെ ആക്ഷന്‍ ചെയ്യാന്‍ കഴിഞ്ഞത് എന്റെ കരിയറിലെ മറ്റൊരു പ്രധാന അനുഭവമായി. 
    ആദ്യമായി ആക്ഷന്‍ രംഗത്തഭിനയിക്കുന്നത്, കുഞ്ഞുമോന്‍ താഹയുടെ 'മൊരടന്‍' എന്ന തമിഴ് സിനിമയിലായിരുന്നു. ലൊക്കേഷന്‍, തെങ്കാശി. അഷ്‌റഫ് ഗുരുക്കളായിരുന്നു ഗുരു. എന്റെ ആദ്യത്തെ ആക്ഷന്‍ രംഗം, ഫസ്റ്റ് ടേക്കില്‍ ഗുരുക്കള്‍ ഒ കെ പറഞ്ഞപ്പോള്‍, ഷൂട്ടിംഗ് കാണാന്‍ വന്ന കുറെ സ്‌കൂള്‍ക്കുട്ടികള്‍ കൈയടിച്ചു. പിന്നീടവര്‍ എന്റെകൂടെനിന്നു ഫോട്ടോയെടുത്തു. വൈകുന്നേരം നാട്ടുകാര്‍ കുറെപ്പേര്‍ വന്ന് എന്നെയും അഷ്‌റഫ് ഗുരുക്കളെയും പൊന്നാടയണിയിച്ചു സ്വീകരിച്ചു. നിഷ്‌കളങ്കരായ ആ തെങ്കാശിക്കാരുടെ സ്‌നേഹവും ആദരവും ഒരിക്കലും മറക്കില്ല. 
    26 നു ഷൂട്ട് ഇല്ലായിരുന്നു. അന്ന് ഞാനും സന്ദീപും സംവിധായകന്‍ സന്ദീപും സൈമണും രണ്ടു മണിക്കൂര്‍ യാത്രചെയ്ത്, പ്രസിദ്ധമായ പട്ടായയിലെത്തി. പോകുന്നവഴി ഒന്നുരണ്ടു ബുദ്ധക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. എങ്ങോട്ടു തിരിഞ്ഞാലും ചെറുതും വലുതുമായ ബുദ്ധക്ഷേത്രങ്ങള്‍ കാണാം. ഒരേയൊരു ക്രിസ്ത്യന്‍ ദേവാലയം മാത്രമാണു കണ്ടത്. അമ്പലങ്ങളും അങ്ങനെ കാണാനില്ല. 
    തായ്‌ലന്‍ഡിലെ റെഡ് സ്ട്രീറ്റാണു പട്ടായ. അവിടത്തെ പ്രശസ്തമായ വാക്കിംഗ് സ്ട്രീറ്റായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പട്ടായയില്‍, ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള 'മലബാര്‍' റെസ്റ്റോറണ്ടില്‍നിന്നാണു ഭക്ഷണം കഴിച്ചത്. ഉടമയായ ബേബി മാത്യു കംബോഡിയയില്‍ ഫാമിലിയുമൊത്തു വെക്കേനിലായിരുന്നതിനാല്‍ അവിടത്തെ ജീവനക്കാരോടു ഞങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തുതരണമെന്നു പറഞ്ഞിരുന്നു. ലണ്ടനിലുള്ള എന്റെയൊരു കൂട്ടുകാരന്‍ ബോബിയാണ് ബേബി മാത്യുവിനോട് ഞങ്ങള്‍ വരുന്ന കാര്യം പറഞ്ഞത്. ജീവനക്കാര്‍ നല്ല രീതിയില്‍ ഞങ്ങളെ സ്വീകരിച്ചു. അവിടെനിന്ന് വോഡ്ക, വിസ്‌കി എന്നിവയോടൊപ്പം നല്ല നാടന്‍ ചപ്പാത്തിയും ചെമ്മീന്‍കറിയും ബീഫ് ഫ്രൈയും കഴിച്ചു. ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍, മാനേജര്‍ പ്രിന്‍സ് ഒരു പ്രഖ്യാപനം നടത്തി: 
    'ദ ഡ്രിങ്ക്‌സ് ആര്‍ കോംപ്ലിമെന്ററി!'
    അതു കേട്ടപ്പൊഴേ സൈമണിന്റെ മുഖം പ്രസാദിച്ചു! സംശയം തീര്‍ക്കാനെന്നമട്ടില്‍ എന്നോടു വീണ്ടും ചോദിച്ചു: 
    'ഈസ് ഇറ്റ് ട്രൂ ആന്റണി?'
    ഞാന്‍ 'യെസ്' എന്നു പറഞ്ഞപ്പോള്‍ അവന്‍ ഒരു വിസ്‌കികൂടി ഓര്‍ഡര്‍ ചെയ്തു!
    സൈമണ്‍തന്നെയാണ് ഞങ്ങളെ ബാങ്കോക്കിലേക്കു പട്ടായയിലേക്കും തിരിച്ചു നിതിന്‍ബൂരിയിലേക്കും ഡ്രൈവ് ചെയ്തു കൊണ്ടുപോയത്. ഇടയ്‌ക്കെപ്പൊഴോ ഞാന്‍ ചോദിച്ചു: 
    'ആര്‍ യു ടയേഡ്?'
    അവന്‍ ചിരിച്ചുകൊണ്ടു മറുപടി നല്‍കി: 
    'ഐ നെവര്‍ ഗെറ്റ് ടയേഡ് ഓഫ് ഡ്രൈവിംഗ്!'

    പട്ടായയില്‍ ഞങ്ങള്‍ മൂന്നുപേരുംകൂടി 'പട്ടായ ബി കെ കെ1' റേഡിയോയ്ക്കായി ഒരഭിമുഖം നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. 14 ദശലക്ഷം ശ്രോതാക്കളുള്ള ഈ സ്റ്റേഷന്റെ ഉടമയായ ഡേവിഡ് മൈക്കിള്‍ ഡുറാം ഒരു ബ്രിട്ടീഷ് പൗരനാണ്. 30 വര്‍ഷമായി റേഡിയോ ബ്രോഡ്കാസ്റ്റിംഗില്‍ പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം ഒരു തായ് വനിതയെയാണു വിവാഹം കഴിച്ചത്. ഞങ്ങളുടെ സിനിമയെയും ഷൂട്ടിംഗിനെയുംപറ്റിയാണ് അഭിമുഖത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. 
    അഭിമുഖശേഷം പട്ടായയുടെ വാക്കിംഗ് സ്ട്രീറ്റിലൂടെ ഞങ്ങള്‍ നടന്നു. ഈ നഗരം ഒരിക്കലും ഉറങ്ങുന്നില്ല. 'ഉറങ്ങാത്ത നഗരം' എന്നൊരു ഓമനപ്പേരിതിനുണ്ട്. നിയോണ്‍ലൈറ്റുകളുടെ മിന്നലും ആള്‍ത്തിരക്കും കാതടപ്പിക്കുന്ന സംഗീതവും സന്ദര്‍ശകര്‍ക്കായി കാത്തുനില്‍ക്കുന്ന യുവതികളുമെല്ലാം ചേരുന്ന ഒരു പ്രത്യേക അന്തരീക്ഷം. കണ്ടുനില്‍ക്കാന്‍ അത്ഭുതം തോന്നുമെങ്കിലും അവിടെ ജീവിക്കാന്‍വേണ്ടി കഷ്ടപ്പെടുന്നവരെക്കാണുന്നതു സങ്കടകരമാണ്. 
    അടുത്ത ദിവസം, ജനുവരി 27 ന് ഞങ്ങള്‍ വീണ്ടും മലബാര്‍ ഹോട്ടലില്‍നിന്നു പ്രഭാതഭക്ഷണം കഴിച്ച്, തിരികെപ്പോന്നു. 
    തായ്‌ലന്‍ഡ് ഇന്ത്യയില്‍നിന്ന് അടുത്തായതിനാല്‍ കേരളത്തില്‍നിന്നുപോലും അനേകംപേര്‍ കുടുംബത്തോടെയും അല്ലാതെയും സന്ദര്‍കര്‍ അവിടേക്കെത്തുന്നുണ്ടെന്നാണ് റെസ്റ്റോറണ്ടിലെ ജീവനക്കാര്‍ പറഞ്ഞത്. 
    അടുത്ത ദിവസത്തെ ഷൂട്ടിംഗ്, നിതിന്‍ബൂരിയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന ശശി ഹോട്ടലില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ 'ഹാലീസ് ഗാര്‍ഡന്‍ പ്ലേ'സിലായിരുന്നു. ബാംബൂ കൊണ്ടുള്ള കോട്ടേജുകളുള്ള മനോഹരമായ ഒരു സ്ഥലമായിരുന്നു അത്. എനിക്കു വര്‍ക്കില്ലാതിരുന്നതിനാല്‍ ഞാനൊരു കോട്ടേജിലിരുന്ന് ഓരോന്നു കുത്തിക്കുറിച്ചു. ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. 
    പുറത്ത്, 'ആക്ഷന്‍', 'കട്ട്' തുടങ്ങിയ ശബ്ദകോലാഹലങ്ങള്‍ തകൃതിയായി നടന്നു. സന്ദീപ് അയാളുടെ ആക്ഷന്‍ സീനില്‍ തകര്‍ത്താടുകയായിരുന്നു എന്നു പിന്നീടു സൈമണ്‍ പറഞ്ഞറിഞ്ഞു. ഞാന്‍ കുറെ എഴുതിയെങ്കിലും അവിടെക്കിടന്ന് ഒന്നു മയങ്ങിപ്പോയി. എഴുന്നേറ്റപ്പോള്‍ രാത്രി 9.20. എനിക്കു തിരിച്ച് അമേരിക്കയ്ക്കുള്ള ഫ്‌ളൈറ്റ് വെളുപ്പിനു 2 മണിക്കായിരുന്നു. അതുകൊണ്ട്, 40 മിനിട്ടിനുള്ളില്‍ ബാങ്കോക്ക് സുവര്‍ണഗിരി വിമാനത്താവളത്തിലേക്കു പോകണമായിരുന്നു. സൈമണ്‍തന്നെയാണു കൊണ്ടുവിട്ടത്. അന്നത്തെ ഷൂട്ടിംഗ് 12 മണിവരെ ഉണ്ടാകുമെന്നു പറഞ്ഞു. 
    രണ്ടുമണിക്ക് ഹോങ്കോങ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഹോങ്കോങ്ങിലേക്കും അവിടെനിന്ന് യുണൈറ്റഡ് എയര്‍ലൈന്‍സില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കും പറന്നു. 
    30 നു രാവിലെ 6.30 നു സാന്‍ഫ്രാന്‍സിസ്‌കോയിലെത്തി. പ്രേമ എയര്‍പോര്‍ട്ടില്‍ വന്നതുകൊണ്ട് ട്രെയിന്‍ പിടിക്കാതെതന്നെ വീട്ടിലെത്തി. ഇനി ബാക്കിയുള്ള ഒന്നുരണ്ടു സീനുകളെടുക്കാനായി അടുത്തയാഴ്ച ഹോളിവുഡ്ഡിലേക്കു പോകാനുള്ള ഒരുക്കങ്ങളിലാണ്. 
    
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക