Cappadocia:
കപ്പഡോഷ്യൻ ഭൂപ്രകൃതിക്ക് മുകളിലൂടെ ഫെയറി ചിമ്മിനികൾ കണ്ടുകൊണ്ടുള്ള ഹോട്ട് എയർ ബലൂൺ യാത്ര, പാറക്കൂട്ടങ്ങളിൽ കൊത്തിയുണ്ടാക്കിയ ഗുഹസമാനമായ വിടുകളും പള്ളികളും, പുരാതന ഭൂഗർഭ നഗരം, ഒരു കാർപെറ്റ് നെയ്യുന്ന കമ്പനി സന്ദർശനം എന്നിവയായിരുന്നു ഇന്നത്തെ പരിപാടികൾ.
നിർഭാഗ്യവശാൽ, എല്ലാവരെയും നിരാശപ്പെടുത്തികൊണ്ട് ഇന്നത്തെ ബലൂൺ യാത്ര റദ്ദാക്കി എന്നുള്ള വാർത്ത ഞങ്ങളെ ഞെട്ടിച്ചു. ബലൂൺ സവാരി എപ്പോഴും പ്രവചനാതീതമാണ്. കാലാവസ്ഥയിൽ മാറ്റം വന്നാൽ അത് എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. ചെറിയ കാറ്റിൻ്റെ ദിശ മാറ്റം പോലും ഈ യാത്രയെ ബാധിക്കും. ഇന്നത്തെ യാത്രയ്ക്കും അതുതന്നെ സംഭവിച്ചു.
ഹോട്ട് എയർ ബലൂൺ യാത്ര:
തുർക്കിയിലെ കപ്പഡോഷ്യയിലെ ഹോട്ട് എയർ ബലൂൺ യാത്ര ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നാണ്. അതിരാവിലെ 5 മണിയോട് കൂടി ആരംഭിക്കുന്ന ഈ യാത്രയിൽ, "ഫെയറി ചിമ്മിനികൾ" പോലുള്ള കപ്പഡോഷ്യയുടെ അതുല്യമായ ഭൂപ്രകൃതിയും, ആകാശത്ത് നിശ്ശബ്ദമായി ഒഴുകി നീങ്ങുന്ന നൂറുകണക്കിന് ബലൂണുകളും ഒരുമിച്ച് ഒരു മണിക്കൂറോളം കാണുന്നത് സ്വപ്നതുല്യമായ ഒരു അനുഭവമാണ്.
ബലൂൺ യാത്ര അതിരാവിലെ, സൂര്യോദയത്തിന് മുമ്പാണ് ആരംഭിക്കുന്നത്. കൂറ്റൻ ബലൂണുകൾ ചൂടുള്ള കാറ്റ് നിറച്ച് വീർപ്പിക്കുന്ന മനോഹരമായ കാഴ്ച കാണാം. ബലൂൺ പൂർണ്ണമായി വീർപ്പിച്ചു കഴിഞ്ഞാൽ യാത്രക്കാർ ബാസ്കറ്റിൽ കയറും. പതുക്കെ ബലൂൺ ആകാശത്തേക്ക് ഉയർന്നുപൊങ്ങും.
ഹോട്ട് എയർ ബലൂൺ
ബലൂൺ ഉയരുമ്പോൾ, താഴെ കപ്പഡോഷ്യയുടെ വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതി തെളിഞ്ഞുവരും. "ഫെയറി ചിമ്മിനികൾ" (Fairy Chimneys) എന്നറിയപ്പെടുന്ന പാറക്കൂട്ടങ്ങൾ, താഴ്‌വരകൾ, പ്രാചീന ഗുഹാവാസ കേന്ദ്രങ്ങൾ, മുന്തിരിത്തോട്ടങ്ങൾ എന്നിവയെല്ലാം ഒരു മാന്ത്രിക ലോകം പോലെ തോന്നും. ഒപ്പം ആകാശത്ത് മറ്റു നൂറുകണക്കിന് ബലൂണുകൾ ഒഴുകി നടക്കുന്ന കാഴ്ചയും അതിമനോഹരമാണ്.
കപ്പഡോഷ്യയിലെ ഹോട്ട് എയർ ബലൂൺ യാത്ര, യാത്രക്കാർക്ക് ജീവിതത്തിൽ മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. ആ സുന്ദരമായ അനുഭവമാണ് ഞങ്ങൾക്ക് നഷ്ടമായത്. (ഞങ്ങളുടെ യാത്ര മുടങ്ങിയതിനാൽ, അടുത്ത ദിവസം ആ സുന്ദരയാത്ര ദൂരെ നിന്ന് കണ്ട് ആസ്വദിക്കാനെ എനിക്ക് കഴിഞ്ഞൊള്ളു).
ഫെയറി ചിമ്മിനി (Fairy Chimney):
ലോകപ്രശസ്തമായ ഫെയറി ചിമ്മിനികൾക്ക് പേരുകേട്ട ഒരു സ്ഥലമാണ് കപ്പഡോഷ്യ. ഈ ചിമ്മിനികൾക്ക് ഉള്ളിൽ പ്രാചീനകാലത്ത് ആളുകൾ വീടുകളും പള്ളികളും മറ്റും കൊത്തിയെടുത്ത് താമസിച്ചിരുന്നു. ഇവയുടെ ഉള്ളിൽ ഗുഹകളും തുരങ്കങ്ങളും കാണാം. ഇത് വിവിധ നിലകളായിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇത് പ്രകൃതിദത്തമായ ഒരുതരം പാറ രൂപീകരണമാണ്. ഇവ സാധാരണയായി കൂർത്ത ആകൃതിയിലുള്ള തൂണുകൾ പോലെയാണ്. യക്ഷിക്കഥകളിലെ വീടുകളുടെ ചിമ്മിനികളെപ്പോലെ തോന്നുന്നത് കൊണ്ടാണ് ഇവയ്ക്ക് ഫെയറി ചിമ്മിനികൾ എന്ന പേര് വന്നത്. നമ്മൾ ഇതിനെ ചിമ്മിനികൾ എന്ന് വിളിക്കുന്നുണ്ടെങ്കിലും, വാസ്തവത്തിൽ ഇവ 40 മീറ്ററിൽ കൂടുതൽ ഉയരമുള്ള പർവതങ്ങളാണ്.
Fairy chimney Picts
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിച്ചപ്പോൾ, ചാരവും ലാവയും ഈ പ്രദേശങ്ങളിൽ കുന്നുകൂടി. ഈ അഗ്നിപർവ്വത അവശിഷ്ടങ്ങൾ കാലക്രമേണ കടുപ്പമുള്ള പാറകളായി മാറിയാണ് ഇവ രൂപപ്പെട്ടത്. ഈ ഫെയറി ചിമ്മിനികൾ പ്രകൃതിയുടെ അത്ഭുതകരമായ സൃഷ്ടികളായി കണക്കാക്കപ്പെടുന്നു.
റോമൻ പീഡനങ്ങളിൽ നിന്നും പിന്നീട് അറബ് ആക്രമണങ്ങളിൽ നിന്നും രക്ഷനേടാൻ ആദ്യകാല ക്രിസ്ത്യാനികൾ ഈ പ്രദേശത്തെ മൃദുവായ അഗ്നിപർവത പാറകളിൽ ഗുഹകളും നഗരങ്ങളും പള്ളികളും കൊത്തിയെടുക്കുകയായിരുന്നു. ആയിരക്കണക്കിന് വർഷങ്ങളോളം, ഇത് അവർക്ക് സുരക്ഷിതമായ ഒളിത്താവളങ്ങളായിരുന്നു. ഈ പ്രദേശത്ത് ഏകദേശം 30 പള്ളികൾ ഉണ്ട്. ഇവിടത്തെ പള്ളികൾ പലപ്പോഴും ഫെയറി ചിമ്മിനികൾക്ക് ഉള്ളിലോ അല്ലെങ്കിൽ പാറകളുടെ വലിയ രൂപീകരണങ്ങൾക്ക് ഇടയിലോ ആണ് സ്ഥിതി ചെയ്യുന്നത്.
ഇവിടെ ഗോറെമെ ഓപ്പൺ എയർ മ്യൂസിയം (Göreme Open Air Museum): എന്ന പ്രശസ്തമായ ഒരു സ്ഥലമുണ്ട്. UNESCO ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ മ്യൂസിയം ഒരു വലിയ ആശ്രമ സമുച്ചയമാണ്. ഇവിടെ നിരവധി പാറകളിൽ കൊത്തിയെടുത്ത പള്ളികളും ചാപ്പലുകളും ആശ്രമങ്ങളും കാണാം. ഡാർക്ക് ചർച്ച് (Karanlık Kilise), ആപ്പിൾ ചർച്ച് (Elmalı Kilise), സാൻഡൽ ചർച്ച്, സെന്റ് ബാസിൽസ് ചാപ്പൽ, സെന്റ് ബാർബറ ചർച്ച് എന്നിങ്ങനെ പലതും. ഇവയിൽ പലതും മനോഹരമായ ചുവർചിത്രങ്ങളാൽ (frescoes) അലങ്കരിച്ചിരിക്കുന്നു.
Carpet weaving
ഒരോ പള്ളിയിലും കയറുവനായി നീണ്ട വരി (line) തന്നെയുണ്ട്. സമയക്കുറവ് കാരണം ഞങ്ങൾ രണ്ട് പള്ളികളിൽ മാത്രമേ പോയുള്ളൂ (ആപ്പിൾ ചർച്ച് & സെന്റ് ബാസിൽസ് ചാപ്പൽ). മനോഹരമായ ചുവർചിത്രങ്ങളാൽ സമ്പന്നമായ ഒരു പള്ളിയാണ് ആപ്പിൾ ചർച്ച്. പുതിയ നിയമത്തിലെ രംഗങ്ങളാണ് ഇവിടെ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. പള്ളികൾ വളരെ ചെറുതാണ്. ഒരേസമയം 10 മുതൽ 15 വരെ ആളുകൾക്ക് മാത്രമേ പ്രവേശിക്കാൻ കഴിയൂ.
യേശുവിൻ്റെ ജീവിതത്തിലെ രംഗങ്ങളും, മറിയത്തിൻ്റെയും, അബ്രേഹത്തിൻ്റെയും, വിശുദ്ധരുടെയും ചിത്രങ്ങ ൾ ഇവിടെ പല പള്ളികളിലായി ചിത്രീകരിച്ചിട്ടുണ്ട്. ചില വലിയ ഫെയറി ചിമ്മിനികൾക്ക് ഉള്ളിൽ ഏകദേശം 6-7 നിലകളോ അതിലധികമോ ഉള്ള കെട്ടിടങ്ങൾ വരെ കൊത്തിയെടുത്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഈ പള്ളികളിൽ പലതും നൂറ്റാണ്ടുകളോളം പ്രകൃതിക്ഷോഭങ്ങളെയും മനുഷ്യൻ്റെ ഇടപെടലുകളെയും അതിജീവിച്ച് ഇന്നും അനേകം സന്ദർശകരെ ആകർഷിച്ച് കൊണ്ടിരിക്കുന്നു.
മഷ്റൂം റോക്ക് (Mushroom Chimney):
മഷ്റൂം ചിമ്മിനി Mushroom Chimney) എന്നത് പ്രകൃതിദത്തമായ മണ്ണൊലിപ്പ് പ്രക്രിയയിലൂടെ രൂപപ്പെടുന്ന ഒരുതരം പാറ രൂപീകരണമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഇവയ്ക്ക് ഒരു കൂണിൻ്റെ ആകൃതിയാണ്. മുകളിൽ വീതിയുള്ള ഒരു 'തൊപ്പി' പോലുള്ള ഭാഗവും താഴേക്ക് നേരിയ ഒരു 'തണ്ടു' പോലുള്ള ഭാഗവും ഇവയ്ക്കുണ്ടു്. മഷ്റൂം ചിമ്മിനികൾ രൂപപ്പെടുന്നത് പ്രധാനമായും കാറ്റിൻ്റെ മണ്ണൊലിപ്പ് (Wind Erosion) മൂലമാണ്.
പാറയുടെ താഴെ ഭാഗത്തുള്ള മൃദലമായ പാളികൾ ഈ തീവ്രമായ മണ്ണൊലിപ്പിന് വിധേയമായി വേഗത്തിൽ ഇല്ലാതാകുന്നു. എന്നാൽ മുകളിലുള്ള കടുപ്പമുള്ള പാളിക്ക് അത്രയും മണ്ണൊലിപ്പ് സംഭവിക്കാതെ നിലനിൽക്കുന്നു. ഇതോടെ, പാറയുടെ താഴത്തെ ഭാഗം ചുരുങ്ങുകയും മുകളിലെ ഭാഗം ഒരു കൂണിൻ്റെ തൊപ്പി പോലെ വിസ്താരത്തിൽ നിലനിൽക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ഒരു കൂണിൻ്റെ ആകൃതിയിലുള്ള പാറകൾ രൂപപ്പെടുന്നത്. ഇതിൽ ആൾ താമസമില്ല. St. Simons church ൻ്റെ നാമധേയത്തിൽ ഇവിടെ ഒരു പള്ളിയുണ്ട്. ഇവിടെ ഇപ്പോൾ പ്രാർത്ഥനകൾ ഇല്ലാത്തതിനാൽ പൂട്ടികിടക്കുകയാണ്.
ഓസ്‌കോണക് അണ്ടർഗ്രൗണ്ട് (Ozkonak Underground City):
തുർക്കിയിലെ കപ്പഡോഷ്യയ (Cappadocia) പ്രദേശത്തുള്ള നിരവധി പുരാതന ഭൂഗർഭ നഗരങ്ങളിൽ ഒന്നാണ് ഓസ്‌കോണക് അണ്ടർഗ്രൗണ്ട് സിറ്റി (Özkonak Underground City). ഈ പ്രദേശം അതിൻ്റെ അസാധാരണമായ പാറകൾക്കുള്ളിൽ കൊത്തിയെടുത്ത പള്ളികൾക്കും, ഭൂഗർഭ നഗരങ്ങൾക്കും പേരുകേട്ടതാണ്. ഐഡിസ് പർവതത്തിൻ്റെ (Mt. Idis) വടക്കൻ ചരിവുകളിലാണ് ഓസ്‌കോണക് സ്ഥിതി ചെയ്യുന്നത്.
1972-ൽ ലത്തീഫ് അകാർ എന്ന ഒരു പ്രാദേശിക കർഷകനാണ് ആകസ്മികമായി ഈ നഗരം കണ്ടെത്തിയത്. കൃഷിസ്ഥലത്ത് വെള്ളം ഒഴിക്കുമ്പോൾ അത് എവിടെയേക്കോ അപ്രത്യക്ഷമാകുന്നതായി കണ്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ ഭൂഗർഭ നഗരം വെളിച്ചത്തുവന്നത്.
ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും ദീർഘകാല ഉപരോധങ്ങളെ അതിജീവിക്കാനും വേണ്ടിയാണ് ഇവ നിർമ്മിച്ചത്. ആദ്യകാല ക്രിസ്ത്യാനികൾ റോമൻ പീഡനങ്ങളിൽ നിന്നും പിന്നീട് അറബ് ആക്രമണങ്ങളിൽ നിന്നും സ്വയം രക്ഷിക്കാൻ ഇത്തരം ഭൂഗർഭ വാസസ്ഥലങ്ങളെ ആശ്രയിച്ചിരുന്നു.
വളരെ ഇടുങ്ങിയ പ്രവേശന കവാടത്തിലൂടെ വേണം അകത്തു കടക്കുവാൻ. കോവണി പടികൾ പേടിപെടുത്തും വിധം ഇടുങ്ങിയതും ഉയരം കുറഞ്ഞതുമാണ്. തല കുനിച്ച് കുമ്പിട്ടാൽ മാത്രമെ അതിലൂടെ പ്രവേശിക്കുവാൻ സാധിക്കുകയ്യൊള്ളൂ. വളരെ വിഷമിച്ചാണ് ഞങ്ങൾ അതിലൂടെ താഴെയിറങ്ങിയത്.
ഓസ്‌കോണക് ഭൂഗർഭ നഗരത്തിന് ആകെ 10 നിലകളുണ്ടെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, നിലവിൽ നാല് നിലകൾ മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുള്ളത്. ഇതിന് ഏകദേശം 40 മീറ്റർ ആഴമുണ്ട്.
താമസിക്കാനുള്ള മുറികൾ, അടുക്കളകൾ, സംഭരണശാലകൾ, വൈൻ നിർമ്മാണ കേന്ദ്രങ്ങൾ (wine presses), മൃഗങ്ങളെ പാർപ്പിക്കാനുള്ള തൊഴുത്തുകൾ (barns) എന്നിവയെല്ലാം ഇതിനകത്തുണ്ട്.
മുറികളെല്ലാം ഇടുങ്ങിയ തുരങ്കങ്ങളാലും ഇടനാഴികളാലും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. വായുസഞ്ചാരം ഉറപ്പാക്കാൻ കുഴലുകളുടെയും തുരങ്കങ്ങളിലൂടെയും സംവിധാനം ഒരുക്കിയിട്ടുണ്ടു്. ശത്രുക്കൾക്ക് പ്രവേശിക്കാൻ കഴിയാത്തവിധം ഭീമാകാരമായ കല്ലുപകരണങ്ങൾ ഉപയോഗിച്ച് കവാടങ്ങൾ അടയ്ക്കാൻ സാധിച്ചിരുന്നു. ഓസ്‌കോണക്കിൽ ഏകദേശം 2 മീറ്റർ വ്യാസമുള്ള (diameter) വലിയ കല്ലുവാതിൽ കാണാം.
ഇവിടത്തെ ഒരു പ്രത്യേകത, നിലകൾക്കിടയിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന നേരിയതും നീളമുള്ളതുമായ ദ്വാരങ്ങളാണ്. ഇത് മറ്റ് നഗരങ്ങളിൽ കാണാത്ത ഒരു സവിശേഷതയാണ്.
ഈ നഗരം ഏകദേശം ബി.സി. 400-നോടടുത്ത് നിർമ്മിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. പിന്നീട് ബൈസന്റൈൻ കാലഘട്ടത്തിൽ അറബ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ക്രിസ്ത്യാനികൾ ഇത് വികസിപ്പിച്ചു.
ഇതിനേക്കാൾ വലിയ ഭൂഗർഭ നഗരങ്ങൾ ഉണ്ടെങ്കിലും ഇതിൻ്റെ സവിശേഷതകളും പ്രതിരോധ സംവിധാനങ്ങളും കാരണം ഇത് സന്ദർശകർക്ക് ഒരു അദ്ഭുതകരമായ അനുഭവം നൽകുന്നു.
Carpet factory visit:
ടർക്കിഷ് പരവതാനികൾ അവയുടെ രൂപകൽപ്പനയ്ക്കും ഗുണനിലവാരത്തിനും ലോകമെമ്പാടും പേരുകേട്ടതാണ്. ഞങ്ങളുടെ അടുത്ത സ്റ്റോപ്പ് ഒരു ടർക്കിഷ് പരവതാനി ഫാക്ടറി സന്ദർശിക്കുക എന്നതാണ്.
പരവതാനി ഫാക്ടറി പ്രതിനിധികൾ ഞങ്ങളെ ഒരു സ്വാഗത പാനീയം (welcome drink) നൽകി സ്വീകരിച്ചു. തുടർന്ന് പരവതാനി നെയ്ത്തിന്റെ തുടക്കം മുതൽ കാണാൻ അവർ ഞങ്ങളെ ക്ഷണിച്ച് കൊണ്ടുപോയി. പട്ടുനൂൽ കൊക്കൂണുകളിൽ നിന്ന് നൂൽ ഉണ്ടാക്കുന്നതിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്, തുടർന്ന് സംസ്കരണവും നെയ്ത്തും അങ്ങനെ പലതും.... ഒടുവിൽ മനോഹരമായ ഒരു പരവതാനി രൂപപ്പെടാൻ തുടങ്ങുന്നു. മനോഹരമായ ഒരു പരവതാനി നെയ്യാൻ (കൈകൊണ്ട് നിർമ്മിച്ച) ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് അവർ പറഞ്ഞു. അതിന്റെ വില സങ്കൽപ്പിക്കാൻ പോലും കഴിയില്ല. 10 ലക്ഷം രൂപയിൽ കൂടുതൽ. ഇതിനെക്കാൾ വിലയേറിയതും വിലകുറഞ്ഞതുമായ നിരവധി പരവതാനികൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. സാധാരണയായി സിൽക്ക് പരവതാനികൾ വളരെ മനോഹകരവും മൃദുവും ഭാരം കുറഞ്ഞതുമാണ്.
ഭൂഗർഭ നഗരത്തിലെ വലിയ കല്ല് വാതിലുകൾ
ആരെങ്കിലും കാർപെറ്റ് വാങ്ങുകയാണെങ്കിൽ, ലോകമെമ്പാടും ഷിപ്പിംഗ് ചെലവുകളൊന്നുമില്ലാതെ അവർ അത് നിങ്ങളുടെ വീട്ടുവിലാസത്തിലേക്ക് അയയ്ക്കും. ഷിപ്പിംഗ് ചെലവ് തുർക്കി ടൂറിസം വകുപ്പ് വഹിക്കുന്നു. ഈ ആകർഷകമായ ഓഫറിന് ശേഷവും ഞങ്ങളിൽ ആരും തന്നെ ഒരു കാർപെറ്റും പോലുംവാങ്ങിയില്ല.
പൊട്ടറി കബാബ് / Pot Kebab) or ടെസ്റ്റി കബാബ് (Testi Kebabı):
ഇന്നത്തെ അത്താഴം പോട്ടറി കബാബ് എന്ന ഒരു പ്രത്യേക തുർക്കിഷ് വിഭവമായിരുന്നു.
തുർക്കിയിലെ കപ്പഡോഷ്യ മേഖലയിൽ പ്രത്യേകിച്ചും പ്രചാരത്തിലുള്ള ഒരു പരമ്പരാഗത വിഭവമാണിത്. "ടെസ്റ്റി" എന്ന തുർക്കിഷ് വാക്കിന് "കളിമൺ കുടം" അല്ലെങ്കിൽ "പാത്രം" എന്നാണർത്ഥം. ടെസ്റ്റി കബാബ് എന്ന് പറയുമ്പോൾ, കളിമൺ കുടത്തിൽ പാചകം ചെയ്യുന്ന കബാബ് എന്നാണ് ഉദ്ദേശിക്കുന്നത്. (ഇത് നമ്മൾ കണ്ടിട്ടുള്ള കബാബ് അല്ല).
ടെസ്റ്റി കബാബിൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ പാചകരീതിയാണ്. ഇറച്ചി, ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, മറ്റ് പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം ഒരു കളിമൺ കുടത്തിൽ അടച്ച്, സാവധാനം പാചകം ചെയ്യുന്നു.
Pottery kebab cooking (മൺപാത്ര കബാബ് പാചകം)
കുടത്തിൻ്റെ വായ്ഭാഗം പലപ്പോഴും ഒരു മാവ് കൊണ്ടോ അലൂമിനിയം ഫോയിൽ കൊണ്ടോ നന്നായി അടയ്ക്കുന്നു. ഇത് ആവി പുറത്തുപോകാതെ, ചേരുവകളുടെ സ്വാദും ഈർപ്പവും ഉള്ളിൽത്തന്നെ നിലനിർത്താൻ സഹായിക്കുന്നു.
ടെസ്റ്റി കബാബ് വിളമ്പുന്ന രീതി വളരെ ആകർഷകവും നാടകീയവുമാണ്. കബാബ് പൂർണ്ണമായി പാചകം ചെയ്ത ശേഷം, മേശപ്പുറത്ത് കൊണ്ടുവന്ന്, കുടത്തിൻ്റെ മുകൾഭാഗം കത്തി ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു ചുറ്റിക ഉപയോഗിച്ചോ തല്ലിപ്പൊട്ടിക്കുന്നു. പൊട്ടിക്കുമ്പോൾ കുടത്തിൽ നിന്ന് ചൂടുള്ള ആവി പുറത്തേക്ക് വരികയും വിഭവത്തിൻ്റെ സുഗന്ധം ചുറ്റും പരക്കുകയും ചെയ്യും. ഇത് കാണുന്നത് തന്നെ ഒരു പ്രത്യേക അനുഭവമാണ്. ഓരോരുത്തർക്കും ഓരോ കുടങ്ങൾ ആണ് വിളമ്പുന്നത്.
കപ്പഡോഷ്യയിലെ റെസ്റ്റോറന്റുകളിലും, പ്രത്യേകിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമെല്ലാം ടെസ്റ്റി കബാബ് ഒരു പ്രധാന വിഭവമായി കാണാം. ഇത് തുർക്കിയിലെ ഭക്ഷണ സംസ്കാരത്തിൻ്റെ തനിമ വിളിച്ചോതുന്ന ഒരു വിഭവമാണ്.
തുടരും- ഭാ ഗം – 10 --
Read: https://www.emalayalee.com/news/345841#gsc.tab=0