Image

ദേവീക്ഷേത്രനടയിൽ (കഥ: സുധീർ പണിക്കവീട്ടിൽ)

Published on 05 July, 2025
ദേവീക്ഷേത്രനടയിൽ (കഥ: സുധീർ പണിക്കവീട്ടിൽ)

ദേവികക്ക്   ഓർമ്മയുണ്ടോ?  ഈ വഴി നിറയെ ചരൽ പാകിയതായിരുന്നു. രണ്ട് വശത്തുമുള്ള മുള്ളുവേലികളിൽ പടർന്നു കിടന്നിരുന്ന ചെടികൾ നല്ല ഭംഗിയായിരുന്നു കാണാൻ.. ചിലതെല്ലാം എപ്പോഴും പൂക്കളേന്തി നിന്നിരുന്നു. അതിൽ നിന്നും മുടിയിൽ   ചൂടാൻ  ഒന്നോ രണ്ടോ പൂവിറക്കുമ്പോൾ അതിന്റെ ഒരു വാസന നൽകുന്ന ഉന്മേഷം എത്ര സുഖകരമായിരുന്നു. എത്ര ഹൃദ്യമായിരുന്നു. പോരാത്തതിന് കിളികളുടെ ചിലക്കൽ, കുയിലിന്റെ പാട്ട്. ആ കാണുന്ന വീട്ടിലെ പാർവ്വതിയമ്മയുടെ ഉച്ചത്തിലുള്ള നാരായണജപം. ഇപ്പോൾ എല്ലാം പോയി. ഗ്രാമം നഗരമായി മാറി. കുട്ടി ഇപ്പോൾ കുറേക്കാലമായില്ലേ മുംബായിൽ. ഇവിടത്തെ പരിഷ്‌ക്കാരമൊന്നും കുട്ടിക്ക് വലിയ കാര്യമായി തോന്നുണുണ്ടാവില്ല.
ദേവിക അവളുടെ കുട്ടിക്കാലത്തേക്ക് മുങ്ങാംകുഴിയിട്ടു.  ഏടത്തിയമ്മയുടെ കയ്യും പിടിച്ച് നടക്കുമ്പോൾ എന്തൊരു സുരക്ഷിതബോധമായിരുന്നു.  ഒരു പാടത്തുകൂടിയാണ് ദേവീക്ഷേത്രത്തിലേക്ക് എത്തേണ്ടത്. സൂര്യരസ്മികൾക്ക് ചൂട് കൂടുമ്പോൾ തലയിൽ തേച്ചുകുളിച്ച വെളിച്ചെണ്ണയുടെ സുഗന്ധം പരക്കും. തല കുറേശ്ശേ വിയർക്കാൻ തുടങ്ങും. പാടത്ത് പൂട്ടുന്നവർ ഏടത്തിയമ്മയെ തൊഴുത്‌ കുമ്പിടും. തമ്പ്രാട്ടി അമ്പലത്തിലേക്കാകും.  ഈ കുട്ടി തമ്പ്രാന്റെ ഇളയ പെങ്ങളാണല്ലേ. കുശല ചോദ്യങ്ങൾ. ഇപ്പോൾ പാടം തരിശായി കിടക്കുന്നു. പാടത്തിന്റെ നടുവിലൂടെയുള്ള റോഡിലൂടെ വാഹനങ്ങളുടെ തിരക്ക്. തൊഴാനും തമ്പുരാട്ടി എന്ന് വിളിക്കാനും ആരുമില്ല..  ഏടത്തിയമ്മ എന്തോ എന്റെ മനസ്സറിഞ്ഞപോലെ പറഞ്ഞു തുടങ്ങി ആ കാലമൊക്കെ പോയി കുട്ട്യേ. ഇപ്പോൾ തമ്പുരാനുമില്ല തമ്പുരാട്ടിയുമില്ല. 
മനുഷ്യർ തമ്മിലുള്ള സ്നേഹബഹുമാനങ്ങൾ ഒക്കെ കുറഞ്ഞു. അച്ഛനൊക്കെ വലിയ വിഷമമാണ്. ഒരു തമ്പ്രാൻ-അടിയൻ വ്യവസ്ഥിതി നില നിൽക്കണമെന്നൊന്നും അച്ഛൻ ചിന്തിക്കുന്നില്ല. പക്ഷെ പരസ്പരം ബഹുമാനം ആവാമല്ലോ എന്നാണു അച്ഛൻ. കുട്ടേട്ടൻ ഇതൊന്നും ഗൗനിക്കാറെ ഇല്ല. ചിലരൊക്കെ കുട്ടേട്ടനെ എന്താ നമ്പീശാ  എന്ന് വിളിക്കും. ചിലർ മാഷേ എന്നും. സ്‌കൂൾ അധ്യാപകനായതുകൊണ്ടു ആ ബഹുമാനം നില നിൽക്കുന്നു. ദേവിക  ഒന്നും പറയാതെ ഏടത്തിയമ്മയെ കാതോർത്ത് നടന്നു.
അമ്പലത്തിലെ ശാന്തിക്കാരന് ഇപ്പോഴും ഓർമ്മയുണ്ട്. വഴിയിൽ വച്ച് കണ്ടപ്പോൾ ഒരു ശങ്ക തോന്നി. "നമ്പീശന്റെ മോളല്ലേ, മുംബൈയിലുള്ള " എന്ന് ചോദിച്ചു. ഏടത്തിയമ്മക്കൊപ്പം അമ്പലനടയിൽ കണ്ടപ്പോൾ സന്തോഷായി. എന്തൊക്കെ വഴിപാടാണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. നാള് അങ്ങട് പറഞ്ഞോളാ..കുട്ടീടെ നാള് അറിയാം. ഭർത്താവിന്റെയും മകളുടെയും പറയു. ഏടത്തിയമ്മ എല്ലാം പറഞ്ഞു. പ്രദിക്ഷണം വച്ച് വരൂ അപ്പോഴേക്കും പ്രസാദം റെഡിയാകും. ഒരു പായസം കൂടി ഭഗവതിക്ക് കഴിച്ചോളൂ. നല്ലതാ.. എന്താ കുട്ട്യേ.? ആയിക്കോട്ടെ തിരുമേനി എന്ന് ഏടത്തിയമ്മ മറുപടി പറഞ്ഞു. 
പ്രദക്ഷിണം വയ്ക്കുമ്പോൾ കുട്ടിക്കാലത്ത് ഏറെ വിസ്മയിപ്പിച്ച ആ സൗന്ദര്യാവിഗ്രഹത്തെ ഓർത്തു. എന്തൊരു അഴക്, യുവത്വം മുറ്റിനിൽക്കുന്ന കനകശിൽപ്പം. അവരെപ്പോലെ ആകണമെന്ന മോഹിച്ച കൊച്ചു മനസ്സ്. ഒരിക്കൽ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയോട് ചോദിക്കപോലും ചെയ്തു. എനിക്ക് ആയമ്മയെപോലെ ഭംഗി വേണം. അതുപോലെ ആകാൻ എന്ത് ചെയ്യണം, നീ വലുതാകുമ്പോ, അവരെക്കാൾ സുന്ദരിയാകുമെന്നു 'അമ്മ ആശ്വസിപ്പിച്ചു. പക്ഷെ വിശ്വാസമായില്ല. കാരണം അവരുടെ കൈകളും അവർ അണിഞ്ഞിരുന്ന സ്വർണ്ണവളകളും ഒരു നിറമായിരുന്നു. മുടി നിതംബങ്ങൾ കവിഞ്ഞു താഴേക്ക് കിടന്നിരുന്നു. എപ്പോഴും സുസ്മേരവദനയായി കാണപ്പെട്ടു. സുഭദ്ര വാര്യസ്യാർ അമ്പലത്തിലേക്ക് വരുമ്പോൾ ഒരു പുരുഷ പട തന്നെ അവിടെ കൂട്ടം കൂടും. അവർക്ക് സുധ  എന്ന ഒരു ചേച്ചിയും അവരുടെ ഭർത്താവ് ശശി നായരും മാത്രമേ ഉണ്ടായിരുന്നുള്ളു. ധാരാളം സ്വത്തുണ്ടായിരുന്നു അവർക്ക്. ചേച്ചിയുടെ ഭർത്താവ് ശശി നായർ ആണ് കാര്യങ്ങൾ അന്വേഷിച്ചിരുന്നത്. ആയമ്മ ബിരുദവും ബിരുദാനന്ദ ബിരുദവും നേടി. നല്ല ഉദ്യോഗങ്ങൾ കിട്ടിയിട്ടും ആ നായർ അവരെ അതിനൊന്നും പോകാൻ അനുവദിക്കാതെ വീട്ടിൽ നിറുത്തി. എന്തിനാണ് ഉദ്യോഗം ഇഷ്ടം പോലെ സ്വത്തുണ്ടല്ലോ എന്നാണു അയാളുടെ വാദഗതി.

അന്നൊരു ദിവസം അവർ അമ്പലത്തിൽ വച്ച് തൊട്ടു മുന്നിലെത്തി. കസവിലും സ്വർണ്ണത്തിലും മുങ്ങി ദേവി കോവിലിനകത്താണോ പ്രദക്ഷിണ വഴിയിലാണോ എന്ന് തോന്നിക്കുമാറ്.  അവർ വളരേ സ്നേഹവാത്സല്യത്തോടെ തന്നെ തലോടി. അവരുടെ കൈകളിലെ ഒത്തിരി വളകൾ കിലുങ്ങി. അവർക്ക് ഏതോ സുഗന്ധസോപ്പിന്റെ മണമുണ്ടായിരുന്നു. എപ്പോഴും കസവു മുണ്ടും നിറയെ ആഭരണങ്ങളുമായി ട്ടാണ് വരിക. എന്നാൽ അവരുടെ മുഖത്ത് ഒരു വിഷാദഭാവം  കാണാമായിരുന്നു. മുതിർന്നവർ തമ്മിൽ പറയുന്നത് കേൾക്കാമായിരുന്നെങ്കിലും കാരണം വ്യക്തമല്ലായിരുന്നു.  ചേച്ചിയുടെ ഭർത്താവ് ശശി നായർ ആണത്രേ അവരുടെ വിവാഹ ആലോചനകൾ മുടക്കുന്നത്. ചേച്ചിക്ക് മക്കൾ ഇല്ലാത്തതുകൊണ്ട് സുഭദ്രാമ്മയെ അയാൾ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് നാട്ടിലൊക്കെ പാട്ടാക്കി. അവരുടെ ചേച്ചിക്കും അത് സമ്മതമായിരുന്നു. എന്നാൽ സുഭദ്രാമ്മ അതിനു വഴങ്ങിയില്ല. 
ചേച്ചിയുടെ സമ്മതത്തോടെ അയാൾ അവരുടെ കിടപ്പ് മുറിയിൽ കയറി അവരെ മാനഭംഗപ്പെടുത്തി സ്വന്തമാക്കാൻ വരെ ശ്രമിച്ചു. പക്ഷെ അവർ അവരുടെ തട്ടകത്തെ ദേവിയെ നിത്യവും ദർശനം കഴിച്ചും ഉപവസിച്ചും അയാളിൽ നിന്നും രക്ഷപ്പെട്ടുകൊണ്ടിരുന്നു. വീട്ടിലെ വേലക്കാരികളായ സ്ത്രീകൾ അവർക്ക് സഹായകമായി. വളരേ സുന്ദരിമാരായ രണ്ടുപെൺമക്കൾ എന്ന ബോധം ഉണ്ടായിരുന്ന അവരുടെ അച്ഛൻ അവരുടെ സ്വത്ത് രണ്ടുപേർക്കും വെവ്വേറെ തിരിച്ചു നൽകിയിരുന്നു. അതുകൊണ്ട് ശശിനായർക്ക് അവരുടെ സ്വത്ത് മുഴുവനായി തട്ടിയെടുക്കാൻ കഴിഞ്ഞില്ല. പക്ഷെ അയാൾ അവരുടെ വിവാഹം മുടക്കി മുടക്കി അവരെ കഷ്ടപ്പെടുത്തി.
നാട്ടുകാർ രണ്ടു തരമായിരുന്നു. ശശി നായരുടെ പണവും അന്നവും വാങ്ങി സുഭദ്രാമ്മയെപ്പറ്റി അപവാദം പറഞ്ഞു നടന്നു ചിലർ. ചിലരൊക്കെ സുഭദ്രാമ്മ ഗർഭിണിയാണെന്ന് വരെ പറഞ്ഞുണ്ടാക്കി. പാവം നിസ്സഹായായ അവർ എല്ലാം ഒതുക്കി ജീവിച്ചു. അവരുടെ ചേച്ചിയും അവരെ  സഹായിച്ചില്ല. അവർ പറയുന്നത് അവരുടെ എണ്ണമറ്റ സ്വത്തുക്കൾ അന്യാധീനമാകും. സുഭദ്രേ നീ ചേട്ടനെ വിവാഹം കഴിക്കു. നിന്റെ മക്കൾ എന്റെപോലെ തന്നെ. പക്ഷെ സുഭദ്രാമ്മക്ക് അത് സ്വീകാര്യമായില്ല.
കാലം കാത്തുനിൽക്കാതെ കടന്നുപോയികൊണ്ടിരുന്നു. സുഭദ്രാമ്മയെ പെണ്ണന്വേഷിച്ച് ആരും വരാതായി. അവരുടെ വയസ്സും കൂടിക്കൊണ്ടിരുന്നു. ശശി നായർ പക്ഷെ അയാളുടെ മോഹം ഉപേക്ഷിച്ചില്ല. അയാൾ വെട്ടി തുറന്നു പറഞ്ഞു. "എനിക്കല്ലെങ്കിൽ പിന്നെ നീ ആരുടെയും ആവുകയില്ല". എന്തുചെയ്യാൻ കഴിയും. ഒരു ഗ്രാമത്തിലെ നിഷ്കളങ്കയായ പെൺകുട്ടി. ആശ്രയത്തിനു ആരുമില്ല. ചേട്ടന്റെ വെപ്പാട്ടി എന്ന ദുഷ്പേരാണ് എല്ലായിടത്തും. അമ്പലത്തിലേക്ക് പോകുമ്പോൾ പലരും ആവശ്യമില്ലാത്ത കമന്റുകൾ പറഞ്ഞുകൊണ്ടിരുന്നു. കൂടെകൂട്ടുന്ന വേലക്കാരികളോട് വരെ അസഭ്യം പറഞ്ഞു. പരിഹസിക്കുന്നവരും അധിക്ഷേപ്പിക്കുന്നവരും അധികം പേരും ശശിനായരുടെ ശിങ്കിടികളായിരിക്കും. അവർ അതൊന്നും വകവയ്ക്കാതെ നിത്യവും ദേവിയെ പ്രാർത്ഥിച്ചു. ആരാധിച്ചു.  ഒരിക്കൽ ശാന്തിക്കാരൻ വരെ പറഞ്ഞു. "ഇങ്ങനെ ജന്മം ഒതുക്കി കളയേണ്ടി വരുന്നത് കഷ്ടം തന്നെ. ഒരു നിവർത്തിയുമില്ലെങ്കിൽ അയാളെ തന്നെ വിവാഹം ചെയ്യൂ. ഓരോ കർമ്മദോഷങ്ങളാണ്.. സുഭദ്രാമ്മ തന്റേടത്തോടെ പറഞ്ഞു. അതിലും ഭേദം എനിക്ക് മരിക്കയാണ്. ശാന്തിക്കാരൻ ഒരു നെടുവീർപ്പിട്ട് പറഞ്ഞു .. ദേവിയോട് മുട്ടിപ്പായി പ്രാർത്ഥിക്കു എന്തെങ്കിലും വഴി ദേവി കാണിക്കും.
ദേവിക കോളേജിൽ ചേർന്ന് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ സുഭദ്രാമ്മയെക്കുറിച്ച് മറന്നുപോയി,. പിന്നെ പഠനം, വിവാഹം, പ്രസവം അങ്ങനെ സ്വന്തം ജീവിതത്തിലെ അനവധി താളങ്ങളിൽ ജീവിതം മുന്നോട്ടുപോയി. ഇപ്പോൾ അവധിക്ക് വന്നപ്പോൾ ദേവി ദർശനത്തിനു വന്നതാണ്. അപ്പോൾ അതാ  സുന്ദരിയായ സ്ത്രീ ആറു വയസ്സുള്ള  ആൺകുട്ടിയുടെ കയ്യും പിടിച്ച് പ്രദിക്ഷണം വയ്ക്കുന്നു.
ഏടത്തിയമ്മ ചോദിച്ചു. കുട്ടിക്ക് ആളെ മനസ്സിലായോ. ഉവ്വ് ഉവ്വ് സുഭദ്ര വാരസ്യാർ അല്ലെ. അപ്പോഴേക്കും അവർ അടുത്തെത്തി. ഏടത്തിയമ്മയോട് കുശലം ചോദിച്ചു. ദേവികയെനോക്കി ആരാ ഇത് ? ഏടത്തിയമ്മ ഓർമ്മ പുതുക്കി. ഇത് ദേവിക പണ്ടൊക്കെ അമ്പലത്തിൽ വരുമ്പോൾ വാരസ്യാരെ നോക്കി, നോക്കി എന്ത് ഭംഗ്യാ ആയമ്മക്ക് എന്ന് പറഞ്ഞിരുന്ന പെൺകുട്ടി. ഇപ്പോൾ പഠിച്ച് ഉദ്യോഗം കിട്ടി മുംബൈയിലാണ്. വിവാഹം കഴിഞ്ഞു. അവധിക്ക് വന്നതാണ്.
അവർ നടന്നുപോയപ്പോൾ ഏടത്തിയമ്മ പറഞ്ഞു. അവരുടെ കഥ ഒരു സിനിമകഥപോലെയാണ്. അതേസമയം സ്ത്രീകൾക്ക് അവരുടെ ഭാവി നിശ്ചയിക്കാൻ ഒരു പരിധിവരെ പരിധികളുണ്ടെന്നും മനസ്സിലാക്കാം. ശശി നായരിൽ നിന്നും ആ പാവം രക്ഷപ്പെട്ടു താമസിച്ചു.. വിവാഹാലോചനക്കാർ വന്നില്ലെങ്കിൽ വേണ്ടെന്നു അവർ സമാധാനിച്ചു. പക്ഷെ വിധി എന്ന് പറയാം അല്ലാതെ എന്ത് ചെയ്യാം. ഒരു ദിവസം ഞങ്ങൾ കേട്ട് സുഭദ്രാമ്മയെ ശശി നായർ  അമ്പലത്തിൽ വച്ച് മാലയിട്ടെന്ന്. അന്ന് രാത്രി അയാൾ മട്ടുപ്പാവിൽ നിന്ന് താഴെ വീണു മരിക്കുകയും ചെയ്തു. കുറേശ്ശേ മദ്യം കഴിക്കുക അയാളുടെ ദൗർബല്യമായിരുന്നു. ഒരു പക്ഷെ ലഹരിയിൽ വീണതാകാം. പിന്നെ ഏടത്തിയമ്മ രഹസ്യം പറഞ്ഞു. വീട്ടിലെ വേലക്കാരികൾ പറയുന്നത് ചേച്ചിയും ശശി നായരും കൂടി സുഭദ്രാമ്മക്ക് പാലിൽ മയക്കുമരുന്നു കലക്കി കൊടുത്തു ഉറക്കി അയാൾ അവരെ ബലാൽസംഗം ചെയ്തു. വിവരം അവർക്ക് മനസ്സിലായെങ്കിലും അവർ പുറത്തുകാട്ടാതെ നടന്നു. 
പക്ഷെ നമ്മൾ സ്ത്രീകളെ തോൽപ്പിക്കുന്ന ഒരു പാത്രം നമ്മുടെ കയ്യിലുണ്ടല്ലോ. ഒരു മാസം കഴിഞ്ഞപ്പോൾ അവർ ഗർഭിണിയാണെന്ന് മനസ്സിലായി. ഉടനെ അവർ അയാളെക്കൊണ്ട് അമ്പലത്തിൽ വച്ച് മാലയിടിയിച്ചു. അന്ന് രാത്രി മദ്യം കൊടുത്ത് അയാളെ കൊന്നു. ചിലർ വിചാരിച്ചാൽ ചിലരുടെ ജീവിതം നരകമാക്കാം. ദേവിക  അകലേക്ക് അവർ നടന്നുപോകുന്നത് നോക്കി ആശ്ച്ചര്യപ്പെട്ടു. തനിക്ക് ഇഷ്ടമില്ലാത്ത ഒരാൾ ബലാൽസംഗം ചെയ്തു  ഉണ്ടായ കുട്ടിയെ അവർക്ക് സ്നേഹിക്കാൻ കഴിയുമോ?. സ്ത്രീയിലെ മാതൃഹൃദയം അവസരങ്ങൾക്ക് അനുസരിച്ച് അവളെ നിയന്ത്രിക്കുന്നു.  
ശുഭം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക