Ankara:
ആധുനിക തുർക്കിയുടെ സ്ഥാപക പിതാവ് മുസ്തഫ കെമാൽ അതാതുർക്ക്യുൻ്റെ മനോഹരമായ ശവകുടീരവും, ലോകോത്തര അനറ്റോലിയൻ നാഗരികതകളുടെ മ്യൂസിയവും, ആധുനിക ജീവിതവും സമന്വയിപ്പിക്കുന്ന തുർക്കിയുടെ തലസ്ഥാന നഗരമായ അങ്കാറയിലേക്കാണ് ഇന്നത്തെ യാത്ര. യാത്രാമധ്യേ ഞങ്ങൾ അവാനോസ് (Avanos) ഗ്രാമത്തിൽ നിന്നുള്ള ഒരു മൺപാത്ര നിർമ്മാണ ഫാക്ടറിയും സന്ദർശിക്കും.
Pottery factory:
തുർക്കിയിലെ കപ്പഡോഷ്യ (Cappadocia) പ്രദേശത്തുള്ള ഒരു ഗ്രാമമായ അവനോസ് (Avanos), ആയിരക്കണക്കിന് വർഷങ്ങളായി മൺപാത്ര നിർമ്മാണത്തിന് വളരെ പേരുകേട്ട ഒരു സ്ഥലമാണ്.
ഇവിടുത്തെ മൺപാത്രങ്ങൾക്ക് പ്രാദേശികമായി ലഭിക്കുന്ന ചുവന്ന കളിമണ്ണാണ് പ്രധാന അസംസ്കൃത വസ്തു. കിസിൽഇർമാക് Kızılırmak) നദിയിൽ നിന്നും സമീപത്തുള്ള അവനോസ് പർവതങ്ങളിൽ നിന്നും ലഭിക്കുന്ന ചുവന്ന കളിമണ്ണാണ് ഇവിടുത്തെ മൺപാത്രങ്ങൾക്ക് അതുല്യമായ സ്വഭാവം നൽകുന്നത്. ഈ കളിമണ്ണ് വളരെ മൃദുവും വഴക്കമുള്ളതുമാണ്.
ബി.സി. 2000-ൽ ഹിറ്റൈറ്റ് (Hittite) കാലഘട്ടം മുതൽ ഇവിടെ മൺപാത്ര നിർമ്മാണം നടക്കുന്നുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. അച്ഛനിൽ നിന്ന് മകനിലേക്കും തലമുറകളിലേക്കും കൈമാറിവരുന്ന ഒരു കുടുംബ പാരമ്പര്യമാണിത്. പണ്ട്, മൺപാത്രങ്ങൾ ഉണ്ടാക്കാൻ അറിയാത്ത പുരുഷന്മാർക്ക് വിവാഹം പോലും അനുവദിച്ചിരുന്നില്ലത്രേ!
അവനോസിലെ മൺപാത്ര നിർമ്മാതാക്കൾ ഇപ്പോഴും പരമ്പരാഗത രീതികൾ, പ്രത്യേകിച്ച് കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കുന്ന കളിമൺ ചക്രം (foot-driven spinning wheel) ഉപയോഗിച്ചാണ് പാത്രങ്ങൾ നിർമ്മിക്കുന്നത്. ഇത് ഓരോ മൺപാത്രത്തിനും തനതായ രൂപഭംഗി നൽകുന്നു.
അവനോസിൽ നിരവധി മൺപാത്ര ശിൽപശാലകൾ കാണാം. ഇവിടെ വരുന്ന സഞ്ചാരികൾക്ക് മൺപാത്ര നിർമ്മാണം നേരിട്ട് കണ്ടറിയാനും, ചിലപ്പോൾ സ്വന്തമായി മൺപാത്രങ്ങൾ ഉണ്ടാക്കി നോക്കാനും അവസരം ലഭിക്കും. (ഞങ്ങളുടെ ഗ്രൂപ്പിലെ ചിലരും കളിമൺപാത്രങ്ങൾ എങ്ങനെ നിർമ്മിക്കാമെന്ന് പരീക്ഷിച്ചു നോക്കി). (ചുരുക്കത്തിൽ നമ്മുടെ നാട്ടിൻപുറത്തു മൺപാത്രം ഉണ്ടാക്കുന്നത് കണ്ടിട്ടുള്ളവർക്ക് ഇത് വളരെ സാധാരണമായി തോന്നും).
അലങ്കാര വസ്തുക്കൾ, വീട്ടുപകരണങ്ങൾ (പാത്രങ്ങൾ, കപ്പുകൾ, ജഗ്ഗുകൾ), വാസുകൾ, ടൈലുകൾ, ഓർമ്മചിഹ്നങ്ങൾ എന്നിവയെല്ലാം ഇവിടെ നിർമ്മിക്കുന്നു. അവനോസ് മൺപാത്രങ്ങളിൽ പരമ്പരാഗത തുർക്കിഷ് ശൈലിയിലുള്ള രൂപകൽപ്പനകളും ചിത്രപ്പണികളും കാണാം. ചുരുളുകൾ, പൂക്കളുടെ ഡിസൈനുകൾ എന്നിവ സാധാരണമാണ്.
അവനോസിലെ ഏറ്റവും പ്രശസ്തമായ മൺപാത്ര ശിൽപശാലകളിലൊന്നാണ് ഞങ്ങൾ സന്ദർശിച്ചത്. അവനോസ് സന്ദർശിക്കുന്നത് മൺപാത്ര നിർമ്മാണത്തിൻ്റെ ചരിത്രവും പാരമ്പര്യവും നേരിട്ട് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു അവിസ്മരണീയമായ അനുഭവമായിരിക്കും.
വെറും മൺപാത്ര ഫാക്ടറിയേക്കാൾ ഉപരിയായി, ഇവിടെ അടുക്കള പാത്രങ്ങളുടെയും, ഡിസ്പ്ലേകളുടെയും പ്രത്യേക ഡിസൈനുകള്ള വലിയ ഒരു ശേഖരം തന്നെയൂണ്ട്. ഇവിടെയും വില തന്നെയാണ് പ്രശ്നം. ഇഷ്ടപെടുന്ന ഏതൊരു സാധനത്തിനും ലക്ഷങ്ങളാണ് വില. ഇഷ്ടപ്പെട്ട് വാങ്ങുന്ന സാധനം നിങ്ങളുടെ വീട്ടിൽ എത്തിയ്ക്കും. ഷിപ്പിംഗ് ചെലവ് ഇവിടത്തെ ടൂറിസം മന്ത്രാലയം വഹിക്കുന്നു.
ശവകുടീരത്തിൽ നിന്നുള്ള ചിത്രങ്ങൾ
മുസ്തഫ കെമാൽ അതാതുർക്കിൻ്റെ ശവകുടീരം:
ആധുനിക തുർക്കിയുടെയും അതിൻ്റെ സ്ഥാപക പിതാവിൻ്റെ പൈതൃകത്തിൻ്റെയും ശക്തമായ പ്രതീകമായി അങ്കാറയിൽ നിലകൊള്ളുന്ന മുസ്തഫ കെമാൽ അതാതുർക്കിൻ്റെ ശവകുടീരം 1944-ൽ നിർമ്മാണം ആരംഭിക്കുകയും 1953-ൽ പൂർത്തീകരിക്കുകയും ചെയ്തു. 1953 നവംബർ 10 ന് അദ്ദേഹത്തിൻ്റെ മരണത്തിൻ്റെ 15-ാം വാർഷികത്തോടനുബന്ധിച്ച്, ഈ സ്ഥലം ഔദ്യോഗികമായി തുറക്കുകയും അതാതുർക്കിൻ്റെ ഭൗതികാവശിഷ്ടങ്ങൾ അവിടേക്ക് മാറ്റുകയും ചെയ്തു. 1937 നവംബർ 10 ന് അന്തരിച്ച തങ്ങളുടെ നേതാവിനോടുള്ള തുർക്കി ജനതയുടെ അഗാധമായ ബഹുമാനവും സ്നേഹവും ഇതിലൂടെ പ്രകടമാക്കുന്നു. ഭിത്തികളിലും തൂണുകളിലും കൊത്തിയെടുത്ത ചിത്രങ്ങളും ലിഖിതങ്ങളും ഇതിൻ്റെ മാറ്റുകൂട്ടുന്നു.
ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ അന്ത്യം പ്രഖ്യാപിച്ചു കൊണ്ട് 1923 ഒക്ടോബർ 29 ന് തുർക്കി ഔദ്യോഗികമായി ഒരു റിപ്പബ്ലിക്കായി. മുസ്തഫ കെമാൽ അതാതുർക്ക് അതിൻ്റെ ആദ്യ പ്രസിഡന്റായി സ്ഥാനമേറ്റു.
44 തൂണുകളുള്ള ഒരു ഗംഭീരമായ ഘടനയാണ് ശവകുടീരത്തിൻ്റെ ആധിപത്യം. ദേശത്തുടനീളമുള്ള 24 ഗോത്രങ്ങളെ ഒന്നിപ്പിക്കുകയും തുർക്കി ജീവിതരീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്ത വിപ്ലവ നേതാവായ അതാതുർക്കിന് ഈ സ്മാരകം സമർപ്പിച്ചിരിക്കുന്നു.
രാജ്യത്തെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിലും, ഒരു മതേതര ജനാധിപത്യം കെട്ടിപ്പടുക്കുന്നതിലും, ആധുനികവൽക്കരണത്തിന്റെ ഒരു യുഗത്തിന് തുടക്കമിടുന്നതിലും അദ്ദേഹം നേടിയ വിജയങ്ങൾക്കുള്ള ആദരാഞ്ജലിയായി ഇത് നിലകൊള്ളുന്നു.
24 സിംഹ പ്രതിമകളാൽ അലങ്കരിച്ച ഇവിടം 15,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു ചത്വരമാണ്. പരമ്പരാഗത തുർക്കിഷ് പരവതാനി രൂപകൽപ്പനകളാൽ അലംകൃതമായ ഇവിടം ദേശീയ ചടങ്ങുകളും സ്മരണകളും നടക്കുന്ന ഒരിടം കൂടിയാണ്. മ്യൂസിയത്തിന് ചുറ്റുമുള്ള സമൃദ്ധമായ പച്ചപ്പ് നിറഞ്ഞ സമാധാന പാർക്കിൽ 25-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള സസ്യങ്ങൾ കാണാം.
ബഹുമാന ഹാളിൻ്റെ (Hall of Honor) ഉള്ളിൽ, അറ്റാതുർക്കിൻ്റെ പ്രതീകാത്മക ശവകുടീരത്തിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള (അദ്ദേഹത്തിൻ്റെ യഥാർത്ഥ ശവകുടീരം ഈ ഹാളിന് തൊട്ടുതാഴെയാണ്) തിളക്കമുള്ള ലോഹംകൊണ്ട് നിർമ്മിച്ച അലങ്കാര പാത്രങ്ങൾ (decorative urns or bases) അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും സൂചിപ്പിക്കുന്നതിന് വേണ്ടിയാണ്. അദ്ദേഹത്തിൻ്റെ മുഴുവൻ ജീവിതകഥയും പ്രതിനിധീകരിക്കുന്ന ഒരു വിശാലമായ മ്യൂസിയവും ഇവിടെയുണ്ട്.
Anatolian Civilizations Museum:
മഹ്മുത് പാഷ ബസാർ, കുര്ഷുന്ലു ഹാൻ എന്നി രണ്ട് പഴയ ഒട്ടോമാൻ കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന അനാറ്റോളിയൻ സിവിലൈസേഷൻസ് മ്യൂസിയം (Anatolian Civilizations Museum) തുര്‍ക്കിയിലെ അങ്കാറ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.
അനാറ്റോളിയൻ പ്രദേശത്തെ പുരാതന സംസ്കാരങ്ങളുടെ സമൃദ്ധമായ ചരിത്രം അവതരിപ്പിക്കുന്ന ഒരു പ്രശസ്തമായ പുരാവസ്തു മ്യൂസിയമാണ് ഇത്. ഹിറ്റൈറ്റ്, ഫ്രിജിയൻ, യൂറാർട്ടിയൻ, ഗ്രീക്ക്, റോമൻ, ബൈസന്റൈൻ തുടങ്ങിയ സംസ്കാരങ്ങളുടെ നൂതന കലാസാമഗ്രികളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യകാല കാർഷിക ജീവിതരീതികൾ, കലാരൂപങ്ങൾ എന്നിവയും ഇവിടെ കാണാം.
1997-ൽ ഈ മ്യൂസിയം “യൂറോപ്പിലെ മികച്ച മ്യൂസിയം” എന്ന ബഹുമതിയും നേടി. സന്ദർശകർക്ക് ചരിത്രപരമായ അനുഭവം നൽകുന്നതിനായി വെർച്വൽ ടൂറുകളും ആനിമേഷനുകളും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഏകദേശം 3000 വർഷങ്ങൾക്ക് മുമ്പ് അവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഇന്നും നമ്മുടെ ഇടയിൽ വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഉപയോഗിക്കുന്നുണ്ട്. അവിടെ കണ്ട അമ്മിക്കല്ല്, safety pin, കോടാലി എന്നിവ അവയിൽ ചിലത് മാത്രം.
തുടരും- ഭാഗം – 11
അമ്മിക്കല്ല് safety pin കോടാലി
Read: https://www.emalayalee.com/news/345976#gsc.tab=0