Image

കലാമിന്റെ പേരിൽ കച്ചവടം; ദ്രാവിഡ രാഷ്ട്രീയത്തിൽ വിജയോദയം (കുര്യൻ പാമ്പാടി)

Published on 06 July, 2025
കലാമിന്റെ പേരിൽ കച്ചവടം; ദ്രാവിഡ രാഷ്ട്രീയത്തിൽ വിജയോദയം (കുര്യൻ പാമ്പാടി)

പട്ടിണികിടക്കാൻ മനസില്ലാത്തതുകൊണ്ടാണ്  ഇന്ത്യയുടെ പതിനൊന്നാം രാഷ്രപതിയാവേണ്ട ആ ബാലൻ രാമേശ്വരം ക്ഷേത്രപരിസരത്തു  പത്രവിതരണക്കാരനായത്.  പിതാവ് ജൈനുലബ്ദീൻ ഇന്ത്യ-ശ്രീലങ്ക തീരത്തു കടത്തു ബോട്ടുടമയായിരുന്നു. 1914 ൽ ഇംഗ്ളീഷ്‌കാർ ആദ്യത്തെ പാമ്പൻ  പാലം നിർമിച്ചതോടെ ബോട്ടു സർവീസ്‌ നിലച്ചു, ആൾ പാപ്പരായി.

കെ.ആർ  നാരായണനുശേഷം പ്രസിഡന്റ് പദമേറിയ എപിജെ എന്ന അവുൽ പക്കീർ ജൈനുലബ്ദീൻ അബ്ദുൽ ഖാദർ രാമേശ്വരം പ്രൈമറിസ്‌കൂളിലും രാമനാഥപുരം ഷ്വാർ ട് സ് ഹയർസെക്കണ്ടറി സ്‌കൂളിലും പഠിച്ച് തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി.

രാമേശ്വരം  മണ്ഡപത്തിലെ കലാമിന്റെ ബന്ധുക്കൾ ആഷിക്, മകൾ അബു, ഭാര്യ ജാസ്മിൻ

എന്റെ ഭാര്യാ സഹോദരൻ പാലാ കൊഴുവനാൽ നെടുംതകടി മത്തായി മകൻ മാത്യു കെമിസ്ട്രിയിൽ ബിരുദം നേടിയതും 1954 ൽ അതേ  കോളജിൽ നിന്ന് അതേവർഷം.  

മദ്രാസ് ഐഐടിയിൽ ഏറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്‌സും ഡോക്ട്രേറ്റും നേടിയ കലാം ഡിആർഡിഒ എന്ന ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ  വഴി ഐഎസ്ആർഒയിൽ കടന്ന് ഇന്ത്യയുടെ ഉപഗ്രഹയുഗത്തിനും ബാലിസ്റ്റിക് മിസൈൽ യുഗത്തിനും തുടക്കം കുറിച്ചു; രാജസ്ഥാനിലെ പൊഖ്‌റാനിൽ  1998ൽ നടന്ന അണുശക്തി പരീക്ഷണത്തിന് ചുക്കാൻ പിടിച്ചു.

അമേരിക്കയെപ്പോലും അമ്പരപ്പിച്ചുകൊണ്ട് 1974 ൽ പൊഖ്‌റാനിൽ നടന്ന ആദ്യത്തെ അണുപരീക്ഷണം റിപ്പോർട്ട് ചെയ്‌ത  ആളാണ്‌ ഞാൻ. പാക് അതിർത്തിയിലെ ബാർമറും ജയ് സാൽമറും  കണ്ടു മടങ്ങും വഴി മരുഭൂമിയിലെ ഒരു പെട്ടിക്കടയിൽ ചെമ്മരിയാട്ടിൻ കറി കൂട്ടി അത്താഴമുണ്ട് ബെഞ്ചിൽ കിടന്നുറങ്ങിയത് ഓർക്കുന്നു. ഭാഗ്യവശാൽ മരുഭൂമിയിലെ സൂര്യോദയവും സൂര്യാസ്തമനവും അവയ്ക്കിടയിൽ  സൈന്യത്തിലെ  ഒട്ടക ബ്രിഗേഡിന്റെ പരേഡും കാണാൻ പറ്റി.

യുവ മൽസ്യബന്ധകൻ ഫാറൂഖ്, ഹിന്ദു ഹരിണിയുമായി പ്രണയം, വിവാഹം ഉടനെ

'നിങ്ങൾക്ക്  സൂര്യനെപ്പോലെ പ്രകാശിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ആദ്യം  സൂര്യനെപ്പോലെ കത്തിജ്ജ്വലിക്കണം,"എന്നു പറഞ്ഞിട്ടുണ്ട് കലാം എന്ന ഫിലോസഫർ പ്രസിഡന്റ് . "ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം. നിങ്ങളുടെ ഉറക്കം കെടുത്തുന്നതാണ് സ്വപ്നം ," എന്നും  അദ്ദേഹം പറഞ്ഞു വച്ചു.

രാഷ്രപതിയായി, ഭാരതരത്നം നേടി. നാൽപതു സർവ കലാശാലകളിൽ നിന്ന് ഡോക്ട്രേറ്റുകൾ ഏറ്റുവാങ്ങി, ഷില്ലോങ് ഐഐ എമ്മിൽ പ്രസംഗിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരിച്ചു, രാമേശ്വരത്തു  അടക്കം. ജന്മനാട്ടിൽ കൊച്ചി-ധനുഷ് ക്കോടി ദേശീയപാതക്കരികിൽ ദേശീയ സ്മാരകം.

പതിനൊന്നാമത് രാഷ്രപതി അബ്ദുൽ കലാം, സ്മാരകസ്‌റ്റാമ്പ്

കുഞ്ഞാലിമരക്കാരുടെ വംശത്തിൽ അറബി-ഭാരതീയ സങ്കര സംസ്കാരത്തിന്റെ പൈതൃകവുമായി ജനിച്ച സുന്നി മുസ്ലിമായിരുന്നു കലാം. ഭൂസ്വാമിയും ബോട്ടുടമയും അതേസമയം രാമേശ്വരത്തെ മുസ്ലിം  പള്ളിയുടെ ഇമാമും ആയിരുന്നു പിതാവ്.  രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി പക്ഷി ലക്ഷ്‌മണ ശാസ്ത്രിയുമായി ചായ കുടിച്ച് സംവദിച്ച ആൾ.

അങ്ങിനെയാണ് എല്ലാമതങ്ങളെയും സമന്വയിപ്പിക്കുന്ന വിശാല വീക്ഷണത്തിന്റെ വക്താവായി കലാം വളർന്നത്. 1999 ൽ എഴുതിയ 'അഗ്നിച്ചിറകുകൾ' (വിങ്‌സ് ഓഫ് ഫയർ) എന്ന ആത്മകഥയിൽ ഭഗവദ് ഗീതയിലെ ഉപദേശങ്ങൾ അദ്ദേഹം അനുസ്മരിപ്പിച്ചു. അണു ബോംബു നിർമ്മിച്ച റോബർട്ട്  ഓപ്പൺഹൈമർ ഭഗവദ് ഗീത പോക്കറ്റിൽ കൊണ്ടു നടന്നതുപോലെ.

കലാമിന്റെ രാമേശ്വരത്തെ വീട്ടിൽ സഞ്ചാരികളുടെ തിരക്ക്

 

അവിവാഹിതൻ, സസ്യഭുക്ക്, മദ്യവിരോധി, ടെലിവിഷൻ കണ്ടില്ലെങ്കിലും  കംപ്യുട്ടർ കൊണ്ടുനടന്നയാൾ. തമിഴിൽ കവിതയെഴുതുകയും  വീണ വായിക്കുകയും  ചെയ്തു.  ഒരു വർഷം  ഒരുലക്ഷം വിദ്യാർത്ഥികളോടെ ങ്കിലും സംവദിക്കാൻ സമയം കണ്ടെത്തി.എസ്. രാധാകുഷ്ണനും സാക്കിർ ഹുസൈനും ശേഷം  ഇന്ത്യ കണ്ട ഏറ്റവും വലിയ  ദാർശനിക ഭരണാധികാരി..

കേരളത്തിലും തമിഴ്‌നാട്ടിലുമായി 20ലക്ഷം മൽസ്യബന്ധകരുണ്ട്. ശ്രീലങ്കയിലെ  മൽസ്യമേഖലയിൽ അത്രത്തോളം പേർ ഉപജീവനം നടത്തുന്നു. രണ്ടുകൂട്ടരും തമ്മിൽമീൻ പിടുത്തവുമായി  ബന്ധപ്പെട്ട സംഘർഷ ത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.  രാമേശ്വരത്തു 557-ഉം  മണ്ഡപത്തിൽ 555-ഉം ട്രോളറുകൾ (യന്ത്രവത്കൃത ബോട്ടുകൾ) ഉണ്ട്. 4500 നാടൻ ബോട്ടുകളും.

സൈരാ ബാനു, സ്മാരകത്തിന് മുമ്പിലെ ഒടുങ്ങാത്ത ദാഹം

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 3550 ഇന്ത്യൻ മൽസ്യബന്ധകരെ  ശ്രീലങ്ക തടവുകാരാക്കിയിട്ടുണ്ടെന്നാണ്‌ രമേശ്വരത്തെ അവരുടെനേതാവു ജേസു രാജ പറയുന്നത്. ജൂൺ 29നു ഞായറാഴ്ച വെളുപ്പിന് എട്ടുപേരെ അറസ്റ്റു ചെയ്തു. പിറ്റേന്ന് ഏഴു പേരെയും. യന്ത്രവത്കൃത ബോട്ടുകൾ പിടിച്ചെടുത്തശേഷം അവരെ തലൈമാന്നാറിൽ എത്തിച്ച് തടവിലാക്കി.

വിവാഹം മുഖേന മുൻരാഷ്ട്രപതിയുടെ കുടുംബവുമായി ബന്ധമുള്ള  മണ്ഡപം  സമ്മാട്ടി കുടുംബത്തിലെ ആഷിക്ക് രാജയെ ഞങ്ങൾ പരിചയപെട്ടു. ആഷിക്കിന്റെ പിതാവ് അൻസാരിയും മുത്തശ്ശൻ സമ്മാട്ടിയും മൽസ്യബന്ധക യൂണിയൻ  നേതാക്കൾ ആയിരുന്നു. മണ്ഡപം ടൗണിൽ മുസ്ളിം പള്ളിയോടു ചേർന്ന് കൂട്ടുകുടുംബമായി താമസിക്കുന്നു.

രാമേശ്വരത്തെ കടൽപ്പാലം 

ആഷിക് നടത്തുന്ന മണ്ഡപം ബ്ലൂവാട്ടേഴ്‌സ് റിസോർട്ടിലാണ് ഞങ്ങൾ തങ്ങിയത്. ഒമ്പതാംക്ലാസിൽ പഠിത്തം നിർത്തി ബിസിനസിൽ ചുവടുറപ്പിച്ച ആഷിക്കിന്റെ പുതിയ വീട്ടിലേക്കും ഞങ്ങളെ ക്ഷണിച്ചു. മകൾ അബു ആഷ്റിഫ ഞങ്ങൾക്ക് ചായയും പലഹാരങ്ങളും വിളമ്പി.

എംസിഎ പാസായ മകൾ  മൂന്നര മണിക്കൂർ അകലെ തൂത്തുക്കുടിയിലെ സോഹോ കോർപറേഷനിൽ സോഫ്ട്‍വെയർ എൻജിനീയർ ആണ്. എല്ലാ ആഴ്ചയിലും കൊച്ചുവെളുപ്പാൻ കാലത്തു ആഷിക് ബസിൽ കയറ്റിവിടും. കൂടെപ്പോകാൻ കൂട്ടുകാരികളുമുണ്ട്. വർക്കലയും വാഗമണ്ണും സന്ദർശിച്ചിട്ടുണ്ട്.

മണ്ഡപം കടലോരത്തെ പുതിയ മൂന്നു  ഫിഷ് ലാൻഡിംഗ് കേന്ദങ്ങളിലൊന്നിൽ കുറെ ചെറുപ്പക്കാർ  ചീട്ടു കളിച്ചിരിക്കുന്നു. രാത്രി വലയെറിഞ്ഞു മടങ്ങി വന്നവർ. അവരിലൊരാൾ ഫാറൂഖ്, 28 , മനസുതുറന്നു. നല്ല സീസണിൽ ദിവസം മൂവായിരം  രൂപവരെ ഉണ്ടാക്കാം ചിലപ്പോൾ രണ്ടു രൂപപോലും കിട്ടിയില്ലെന്നു വരും. രണ്ടുലക്ഷം രൂപയുടെ പുതിയ സുസുക്കി ജിറോക്സ്ബൈക്കിൽ ചുറ്റിയടിച്ചു നടക്കും.

കടല കൊറിച്ച് നടക്കുന്ന ശൈവഭക്തൻ

നാഷണൽ ഹൈവേയിൽ തുറന്ന പുതിയൊരു ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ്  ഗേൾ ആയ ഹരിണിയുമായി പ്രേമത്തിലാണ്‌. ഹിന്ദുവായ ഹരിണിയും അച്ഛനും ഒന്നിച്ചുള്ള ഒരു ഫോട്ടോ എനിക്ക് കാണിച്ചുതന്നു. വെളുത്തു സുന്ദരിയാണ്. എല്ലാവരും സമ്മതിച്ചുള്ള വിഹാഹം ജനുവരിയിൽ.

രാമേശ്വരം കഴിഞ്ഞാൽ  അവശ്യം കാണേണ്ട കലാമിന്റെ വീടു  ഞങ്ങളെ  നിരാരാശപ്പെടുത്തിയെന്നു പറയാതെ വയ്യ. ഗുജറാത്തിലെ സബർ മതിയോ വർധയിലെ സേവാഗ്രാമോ പോലൊരു ആശ്രമം പ്രതിക്ഷിച്ചെങ്കിൽ തെറ്റി. ഇടുങ്ങിയ തെരുവുകളുടെ നടുവിൽ ശാസം മുട്ടിക്കഴിയുന്ന കലാം ഹൗസിന്റെ തടി ഗോവണികയറിച്ചെന്നാൽ അദ്ദേഹത്തിന്റെ കസേരയും മേശയും എഴുത്തു പലകയും പേനയുമൊക്കെ കാണാം.

ഹൗസിന്റെ ചുറ്റും കലാമിന്റെ പേരു വഹിക്കുന്ന സ്റ്റേഷനറിക്കടകൾ, ആഭരണ ശാലകൾ, ശീതളപാനീയക്കടകൾ, ടെക് സ്റ്റൈൽ   ഷോപ്പുകൾ. അവയ്ക്കിടയിൽ സന്ദർശകരോട്  സഹായം യാചിക്കുന്ന  ബാനുവെന്ന വയോ വുദ്ധ. പത്തുരൂപ വച്ചുനീട്ടിയപ്പോൾ അവർ വീണ്ടും കൈനീട്ടി. മറ്റൊരു പത്തു രൂപ കൂടി കൊടുത്തിട്ടും നീട്ടിയ കൈ താഴാതെ നിന്നു. ശാപ്പാടുകഴിക്കാൻ അമ്പതു രൂപ വേണമത്രേ. "ഇരുപതു പോതും, രണ്ടിഡ്ഡലിക്കു പോതും" എന്ന് പറഞ്ഞിട്ടും മാറ്റമില്ല.

കൂൾ ബാറിൽ നിന്ന് വാങ്ങിയ ലിംക ബോട്ടിൽ ഒരു കവിൾ  കുടിച്ച ശേഷം അവർക്കു വച്ചുനീട്ടി. അവരതു ആസ്വദിച്ച് കുടിക്കുന്നതു കണ്ടപ്പോൾ അതിന്റെ ചിത്രം എടുക്കാൻ മൊബൈൽ ഉയർത്തി. അതിനും വേണം പണം എന്നു സൂചിപ്പിച്ചു അവർ വീണ്ടും കൈനീട്ടി. വികസിത ഭാരതതത്തിന്റെ പുതിയ പ്രതീകമായ പാമ്പൻ പാലം ഒന്നര മിനിറ്റുകൊണ്ട് ഓടിത്തീർത്തപ്പോൾ ബാനുവിന്റെ ചുളിവുകൾ നിറഞ്ഞ മുഖം മനസിൽ മായാതെ നിന്നു.

പാമ്പൻ പാലത്തിനു മുമ്പിൽ വിവാഹഘോഷയാത്ര

രാവിലെ പ്രഭാത ഭക്ഷണത്തിനായി രാമേശ്വരം ക്ഷേത്രത്തിനു  വിളിപ്പാടകലെ കാർ പാർക്കുചെയ്തശേഷം പുറത്തേക്കു കാൽ വയ്ക്കുമ്പോൾ ഓക്കാനം വന്നു. വഴിയോരത്തു ചാണകത്തിനൊപ്പം മനുഷ്യ വിസർജ്ജവും. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്‌ത്രീ വിമോചനത്തിലും വളരെ മുന്നൊട്ടു പോയ തമിഴ്‌ നാട്ടിൽ ക്ഷേത്ര പരിസരങ്ങൾക്കു പോലും പവിത്രതയില്ലേ?

''ഡിഎംകെ യോട് രഷ്ട്രീയമായും ബിജെപിയോട് ആശയ പരമായും അകന്നു നിൽക്കും,'' എന്ന് പ്രഖ്യാപിക്കുന്ന  ടിവികെ (തമിഴക വെട്രി കഴകം-തമിഴ് വിജയ കക്ഷി) നേതാവ് വിജയിനു അമ്പത്തൊന്നാം പിറന്നാൾ ആശംസകൾ നേരുന്ന പോസ്റ്ററുകൾ രാമേശ്വരം-മധുര ഹൈവേയിൽ  ഉടനീളം കണ്ടു. പ്രൊഡ്യൂസർ ജോസഫ് വിജയിന്റെ  പുത്രൻ  അടിവച്ചടിവച്ചാണ് നീങ്ങുന്നത്. ലക്ഷക്കണക്കിന് ആരാധകർ. രജനികാന്തും കമൽഹാസനും പിൻവാങ്ങിയ രാഷ്‌ടീയ പാതയിൽ കരുതലോടെ മുന്നേറ്റം.  

അടുത്ത തെരഞ്ഞെടുപ്പിൽ വിജയ് മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്നെ മത്സരീക്കണമെന്നാണ് പാർട്ടിയുടെ തീരുമാനം.  

സംഘകാല ഇതിഹാസം ശിലപ്പതികാരത്തിന്റെ നായിക  കണ്ണകിയുടെ ശാപം മൂലം കത്തിച്ചാമ്പലായ പാണ്ഡ്യ രാജ്യ തലസ്ഥാനമാണ് മധുരാപുരി. അവിടെനിന്നു  വടക്കു ചെന്നൈയിലേക്ക് കണ്ണയക്കുമ്പോൾ ദ്രാവിഡ ഭാഷാ സംസ്‌കൃതിയുടെ തലസ്ഥാനമായ തഞ്ചാവൂരും അതിനടുത്തു  കാവേരിനദീ സംഗമത്തിൽ ചോള രാജ്യ തലസ്ഥാനമായിരുന്ന കാവേരിപൂംപട്ടിണവും   കാണാം.

ഈജിപ്ത്തിലേക്കും  റോമായിലേക്കും മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യയിലേക്കും  മത വിശ്വാസങ്ങൾക്കൊപ്പം പവിഴങ്ങളുംകയറ്റുമതി ചെയ്തിരുന്ന ചോളരാരാജ്യ തലസ്ഥാനം സഹസ്രാബ്ദങ്ങൾക്കു മുൻമ്പുണ്ടായ സുനാമിയിൽ  കടലിൽ താണുവതെ. ഗുജറാത്ത്  തീരത്തെ  ദ്വാരകാപുരി എന്ന ശ്രീകൃഷ്ണ തലസ്ഥാനം കടലിനടിയിലേക്കു അന്തർദ്ധാനം ചെയ്‌തതു പോലെ.  

പൂംപുഹാരിനടുത്ത് തരംഗംപാടി എന്ന ട്രാൻക്വിബാറിൽ ഡച്ച്  ഗവർണറുടെ  ബംഗ്ലാവും ഇന്ത്യയിൽ ആദ്യമായി അച്ചടി കൊണ്ടുവന്ന പ്രസും പഴമ വിളിച്ചോതുന്ന ഇംഗ്ളീഷ് പള്ളികളും കാണാം.

ഇളയദളപതി വിജയ്-തമിഴ രാഷ്ട്രീയത്തിലെ സൂര്യോദയം


മധുരക്കടുത്ത് ശിവഗംഗ ജില്ലയിലെ കീലാടിയിൽ നടത്തിയ ഭൗമ പര്യവേക്ഷണത്തിൽ സംഘകാലത്ത് അവിടെ ഒരു നഗരമുണ്ടായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഹരപ്പ, മോഹന്ജദാരോ നാഗരികതയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശിലാലിഖിതങ്ങൾ അവിടെ കണ്ടെത്തി. ആ ലിഖിതങ്ങൾ വായിച്ചെടുക്കുന്നവർക്കു ഒരു കോടി രൂപ സമ്മാനം നൽകുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിക്കുകയും ചെയ്തു.

അതു തെളിഞ്ഞാൽ ആര്യന്മാർ ദക്ഷിണേന്ത്യയിലേക്ക് പ്രവഹിച്ചു നഗരസംസ്കാരങ്ങൾ കെട്ടിപ്പടുത്തു എന്ന സിദ്ധാന്തത്തിനു തടയിടാൻ കഴിയും. പക്ഷെ ആയിരം പേജ് വരുന്ന ആദ്യത്തെ റിപ്പോർട്ട്  തയ്യാറാക്കിയ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഗവേഷകനെ കേന്ദ്രം ആസാമിലേക്കു സ്ഥലം മാറ്റി. അതോടെ ഡിഎംകെയും ബിജെപി ബന്ധമുള്ള എഐഎഡിഎംകെയും തമ്മിൽ വാക്പോരായി. 2026ൽ നടക്കാനിരിക്കുന്ന  സംസ്ഥാന തെരെഞ്ഞെടുപ്പിൽ ഇതൊരു വലിയ വിവാദമായി ജ്വലിക്കും എന്നു തീർച്ച.

.എല്ലാത്തിനും സാക്ഷി രാമനാഥക്ഷേത്രം       
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക