ഫോമായുടെ 2026-2028 കാലയളവിലേക്കുള്ള ഭരണസമിതിയിലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അരിസോണയിലെ പ്രശസ്ത ഡോക്ടറും സാമൂഹ്യ പ്രവർത്തകയും കലാകാരിയുമായ ഡോ. മഞ്ജു പിള്ള മത്സരിക്കുകയാണ്.അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായി ഫോമായുടെ ദേശീയ തലത്തിലേക്ക് പ്രൊഫഷണലുകൾ കടന്നുവരേണം എന്ന ഉദ്ദേശത്തോടെയാണ് ബിജു തോണിക്കടവിൽ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയാകുന്ന പാനൽ ഡോ. മഞ്ജു പിള്ളയെ സമീപിച്ചത്.കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അരിസോണ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ ഡോ. മഞ്ജു,നിലവിൽ ഫോമാ വിമെൻസ് ഫോറത്തിന്റെ നാഷണൽ ജോയിന്റ് ട്രഷററായി സ്തുത്യർഹമായ സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ്. അരിസോണ മലയാളീ അസോസിയേഷന്റെ നിരവധി നേതൃ പദവികൾ വഹിച്ചിട്ടുള്ള മഞ്ജു, ഇപ്പോൾ പ്രസ്തുത സംഘടനയുടെ അഡ്വൈസറി കൗൺസിൽ അംഗമാണ്. ഡോ.മഞ്ജു പിള്ള ഇ-മലയാളി വായനക്കാരോട് സംസാരിക്കുന്നു...
കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക്?
സ്വദേശം പാലോടാണെങ്കിലും ജനിച്ചുവളർന്നത് തിരുവനന്തപുരത്താണ്. മാർ ഇവാനിയോസിൽ പ്രീഡിഗ്രി ചെയ്തശേഷം സ്കോളർഷിപ്പോടെ റഷ്യയിൽ മെഡിസിന് ചേർന്നു. പഠനം പൂർത്തിയാക്കി നാട്ടിലെത്തിയിട്ടായിരുന്നു വിവാഹം. അമേരിക്കയിലെത്തിയ ശേഷമാണ് ഫാമിലി മെഡിസിനിൽ റെസിഡൻസി ചെയ്തത്. കഴിഞ്ഞ ഇരുപത് വർഷമായിട്ട് ഇവിടെ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
തിരക്കുകൾക്കിടയിൽ സംഘടനകളിൽ സജീവമായത്?
ആദ്യവർഷങ്ങളിൽ പഠനത്തിന്റെ തിരക്കായിരുന്നു. മക്കൾ ജനിച്ചതോടെ ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടുകൾ വന്നു. മൂത്ത മകൾക്ക് അഞ്ച് വയസ്സായപ്പോഴാണ് അരിസോണയിലെ മലയാളി അസോസിയേഷനുകളിൽ പോയിത്തുടങ്ങിയത്.ചിന്മയ മിഷൻ സ്‌കൂളിൽ ചേർത്തതുകൊണ്ട് മക്കൾക്ക് ഗീതയും പുരാണങ്ങളും നമ്മളെക്കാൾ നന്നായി അറിയാം.നാടുമായി നമ്മുടെ അടുത്ത തലമുറയെ ചേർത്തുനിർത്തണമെന്നത് എന്റെ മുൻഗണനകളിൽ ഒന്നാണ്. അതിൽ മലയാളി സംഘടനകൾക്കുള്ള പങ്കാണ് എന്നെ ഇതിലേക്ക് ആകർഷിച്ചത്. ഡോക്ടർ എന്ന നിലയിൽ നമ്മുടെ കമ്മ്യൂണിറ്റിക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്ന ഉദ്ദേശവുമുണ്ടായിരുന്നു.
സംതൃപ്തി തോന്നിയ അനുഭവങ്ങൾ?
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക കോവിഡ് സമയത്ത് കൺവൻഷൻ നടത്തിയത് അരിസോണയിൽ വച്ചായിരുന്നു. അപ്പോൾ സ്‌ക്രീനിങ്ങും മെഡിക്കൽ ടെസ്റ്റുകളും നടത്തി സുരക്ഷിതത്വം ഉറപ്പാക്കാൻ നേതൃത്വം നൽകിയത് വളരെ നല്ല അനുഭവമായിരുന്നു. ലോക്ഡൗൺ മൂലം നാട്ടിൽ നിന്നെത്തി അമേരിക്കയിൽ കുടുങ്ങിപ്പോയ ഒരുപാട് മാതാപിതാക്കളെ വീട്ടിൽ പോയി ചികിത്സിക്കാൻ സാധിച്ചതും സംതൃപ്തി നൽകിയ ഒന്നാണ്. അവരൊക്കെയും ഇൻഷുറൻസ് തീർന്നിട്ട് ഇനിയെന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു. മലയാളി ഡോക്ടറുടെ സേവനം ആ സമയത്ത് പ്രായമായവരെ സംബന്ധിച്ച് വലിയ സന്തോഷമായിരുന്നു. വ്യായാമത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സൂംബാ ഡാൻസ് പഠിച്ച് ഓൺലൈനായി അരിസോണയിലെ ഇന്ത്യക്കാർക്ക് ക്ലാസ് എടുത്തിരുന്നു.2023 ൽ അറ്റൻഡിങ് ഓഫ് ദി ഇയർ അവാർഡ് നേടിയത് അദ്ധ്യാപിക എന്ന നിലയിൽ ചാരിതാർഥ്യം നൽകിയ അനുഭവമാണ്.അരിസോണയിലെ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഡോക്ടർ എന്ന നിലയിൽ ആദരിച്ചിട്ടുണ്ട്.
ഫോമയുമായുള്ള ബന്ധം? വഹിച്ചിട്ടുള്ള സ്ഥാനങ്ങൾ? ശ്രദ്ധേയമായ പ്രവർത്തനങ്ങൾ?
അരിസോണ മലയാളി അസോസിയേഷനിലൂടെയാണ്(അരിമല) ഫോമായിലേക്ക് എത്തുന്നത്. അരിമലയുടെ സെക്രട്ടറി,കൾച്ചറൽ ചെയർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.വെസ്റ്റേൺ റീജിയന്റെ വിമൻസ് ഫോറത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിലവിൽ ഫോമാ നാഷണൽ വിമൻസ് ഫോറത്തിന്റെ ജോയിന്റ് ട്രഷററാണ്.സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ചുകൊണ്ട് ഒട്ടേറെ കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നുണ്ട്.കേരളത്തിലെ ആദിവാസി മേഖലയിൽ മുളകൊണ്ട് കരകൗശല വസ്തുക്കൾ ഉണ്ടാക്കി വിൽക്കുന്നതിന് ആവശ്യമായ ടൂൾ കിറ്റുകൾ വിമൻസ് ഫോറം അവിടെ നേരിൽ ചെന്ന് വിതരണം ചെയ്തിരുന്നു. വനിതാദിനത്തിൽ ആരോഗ്യത്തെക്കുറിച്ച് ഒരു സൂം സെഷൻ സംഘടിപ്പിച്ചു. കൃഷി കാര്യങ്ങളിൽ തല്പരയായതുകൊണ്ട് അരിസോണ മലയാളീ അസോസിയേഷൻ സംഘടിപ്പിച്ച കൃഷിപാഠം പരിപാടിയുടെ പ്രധാന സംഘാടക ആയി പ്രവർത്തിച്ചിരുന്നു. ആരോഗ്യ സംരക്ഷണത്തെയും പരിപാലനത്തെയും ആധാരമാക്കി നിരവധി ക്ലാസുകൾ സംഘടിപ്പിച്ചുണ്ട്.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാമെന്നുള്ള തീരുമാനത്തിന് പിന്നിൽ?
അരിസോണയിൽ മാത്രം ഒതുങ്ങാതെ അമേരിക്കയിലെ മുഴുവൻ മലയാളികൾക്കും പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യണമെന്ന ആഗ്രഹമാണ് ഫോമായുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിന് പ്രേരണയായത്. ബിജു തോണിക്കടവിൽ പ്രസിഡന്റായി മത്സരിക്കുന്ന പാനലിൽ ഒരു വിശ്വാസം തോന്നി. ചിന്താഗതിയിലെ സമാനതകൾ തന്നെയാണ് കാരണം.
ഭാവിപരിപാടികൾ?
ഫോമായുടെ മുൻകാല കമ്മിറ്റികളും നിലവിലേതും ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.ഡോക്ടർ എന്ന നിലയിൽ ആരോഗ്യ സംബന്ധമായി കൂടുതൽ പദ്ധതികൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം. പക്ഷെ മനസ്സിന് അസുഖം വന്നാൽ ഇപ്പോഴും ചികിത്സ തേടാൻ മലയാളികൾ മടിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകൾ.ഇത്തരം പല പ്രശ്നങ്ങളും പരിഹരിക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.കേരളത്തിലെയും അമേരിക്കയിലെയും ഡോക്ടർമാരെ ഏകോപിപ്പിച്ചുകൊണ്ട് ഒട്ടേറെ സഹായങ്ങൾ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.മെഡിക്കൽ ക്യാമ്പുകളും വിമൻ മീറ്റിംഗ് അങ്ങനെ പല കാര്യങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. ഫോമാ പോലൊരു സംഘടനയുടെ ഭരണസമിതിയിൽ ഭാഗമായാൽ മുൻപിലെ സാധ്യതകൾ വിപുലമാകും. അമേരിക്കയിൽ വളരുന്ന യുവതലമുറ കൂടുതൽ പ്രൈവസി ആഗ്രഹിക്കും. അവരുടേതായ ലോകത്താണ് അവർക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ താല്പര്യം. അതുകൊണ്ടുതന്നെ,രക്ഷകർത്താക്കളുടെ ഒപ്പം വരുന്നതിനേക്കാൾ അവരുടെ പിയർ-ഗ്രൂപ്പിന് പ്രത്യേകമായി ഒരിടം ഫോമായുടെ മറ്റൊരു വിങ്ങായി ഉണ്ടാകുന്നത് ഗുണം ചെയ്യുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. യൂത്തിനോട് സംസാരിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളതും അതാണ്. മത്സരവും അഭിപ്രായവ്യത്യാസങ്ങളുമൊന്നും കാണാൻ അവർക്ക് ഇഷ്ടമില്ല.അതിനുവേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ട്.
കലാപ്രവർത്തനങ്ങൾ?
നൃത്തത്തോട് വലിയ താല്പര്യമാണ് കഥക് അഭ്യസിച്ചിട്ടുണ്ട്. സമയം കിട്ടുമ്പോൾ വേദിയിൽ നൃത്തം അവതരിപ്പിക്കും.നാടകം എഴുതി സ്റ്റേജിൽ പെർഫോം ചെയ്യുന്നതാണ് ഇപ്പോഴത്തെ മറ്റൊരു സന്തോഷം.ഈസ്റ്റ് വാലി തിയറ്റേഴ്‌സ് എന്ന പേരിൽ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ചെറിയൊരു ട്രൂപ്പൂണ്ട്.അരിസോണ മലയാളി അസോസിയേഷനുവേണ്ടി ഇപ്പോൾ ഒരു നൃത്ത നാടകം എഴുതിക്കൊണ്ടിരിക്കുകയാണ്.
കുടുംബം?
ഭർത്താവ് മഹേഷ് നായർ ഇന്റലിൽ ഇലക്ട്രോണിക് എൻജിനിയറാണ്.രണ്ടു പെണ്മക്കൾ: മൂത്തയാൾ വൈഷ്ണവി നിയമ വിദ്യാർത്ഥിനിയാണ്. ഇളയയാൾ ജാൻവി കോളജിൽ രണ്ടാം വർഷ ബിസിനസ് വിദ്യാർത്ഥിനിയാണ്.മക്കൾക്ക് നൃത്തത്തിൽ വലിയ താല്പര്യമാണ്.രണ്ടുപേരുടെയും അരങ്ങേറ്റം കഴിഞ്ഞു.
അച്ഛൻ കൃഷ്ണപിള്ളയും അമ്മ ലളിതാ ഭായിയും അദ്ധ്യാപകരായി വിരമിച്ചവരാണ്. അമേരിക്കയിൽ കുറേവർഷം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു, ഇപ്പോൾ നാട്ടിലാണ്. ഏകസഹോദരൻ മനോജ് കുടുംബസമേതം ന്യൂജേഴ്സിയിലാണ് താമസം.