ഗർഭധാനം മുതൽ അന്ത്യേഷ്ടി വരെയുള്ള ഹിന്ദുക്കളുടെ പതിനാറ് സംസ്കാരങ്ങളിൽ അഞ്ചാമത്തെയാണ് നാമകരണം എന്ന ചടങ്ങു. നാമകരണം എന്ന സംസ്കൃത വാക്ക് രണ്ടു വാക്കുകളിൽ നിന്നാണ് ഉണ്ടാകുന്നത്. ഒന്ന് നാം - അർഥം പേര്, രണ്ടാമത്തേത് കരൺ അർഥം സൃഷ്ടിക്കുക. പേര് സൃഷ്ടിക്കുക എന്ന് ചുരുക്കം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പേരുകൾ ഉണ്ട്. എന്നാൽ വിവാഹശേഷം ഭർത്താവിനെ ഭാര്യ പേര് വിളിക്കാൻ പാടില്ലെന്നാണ് ഭാരതത്തിലെ ജനങ്ങളുടെ വിശ്വാസം. ഇതിനു ശിവപുരാണം നൽകുന്ന നിർദേശം ഇങ്ങനെയാണ്. "പവിത്രയായ സ്ത്രീ അവളുടെ ഭർത്താവിനെ പേര് വിളിക്കരുത്. കാരണം ഭർത്താവിന് ഒരു ദേവത സങ്കല്പം നൽകിവരുന്നു” അതാണ് പതി പരമേശ്വർ.
ഭർത്താവിനെ പേര് വിളിച്ചാൽ അദ്ദേഹത്തിന്റെ ആയുസ്സ് കുറഞ്ഞുപോകുമെന്നും സ്ത്രീകൾ വിശ്വസിച്ചിരുന്നു. പുരുഷൻ പ്രബലനും സ്ത്രീ അബലയുമാണെന്ന പണ്ടത്തെ സങ്കൽപ്പങ്ങളിൽ നിന്നായിരിക്കും ഈ ആചാരം ഉണ്ടായത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ഭർത്താക്കന്മാരെ "നോക്കു" "കേൾക്കുന്നുണ്ടോ " തുടങ്ങി കുറെ അസംബന്ധ സംബോധനകളും സന്താനങ്ങളുള്ളവർ മക്കളുടെ പേര് വച്ച് "രമയുടെ അച്ഛാ" അല്ലെങ്കിൽ ഭർത്താവിന്റ ഉദ്യോഗസംബന്ധമായ പദവികൾ പറഞ്ഞു കൊണ്ട് വിളിക്കുകയും ചെയ്തിരുന്നു. വക്കീൽ, ഡോക്ടർ, മാഷ് തുടങ്ങിയവ. ഭർത്താക്കന്മാർ ഭാര്യമാരെ ഓമനപ്പേരിൽ വിളിക്കാറുണ്ടെങ്കിലും ഭാര്യമാർ അതിൽ പിന്നോക്കമാണ്. ഓമനപ്പേര് വിളിക്കുന്നത് മാതാപിതാക്കൾ നൽകിയ പേരുകൾ നല്ലതല്ലാത്തതുകൊണ്ടാണെന്ന ഒരു ആക്ഷേപവുമുണ്ട്.
എന്നാൽ ഈ കാലത്ത് സാരിയും സെറ്റുമുണ്ടും ഒക്കെ ഉപേക്ഷിച്ച് വിദേശവസ്ത്രങ്ങൾ സ്വീകരിച്ച മലയാളി പെണ്ണിന് പി ഭാസ്കരൻ മാഷ് എഴുതിയ പോലെ പ്രിയമുള്ളവനെ പേര് വിളിക്കാൻ സങ്കോചം ഉണ്ടോ? അദ്ദേഹം എഴുതി എൻ പ്രാണനായകനെ എന്ത് വിളിക്കും. മധുരപേരായിരം മനസ്സിലുണ്ടെങ്കിലും മറ്റുള്ളോർ കേൾക്കെ ഞാൻ എന്ത് വിളിക്കും. നമുക്ക് ചുറ്റും കണ്ണോടിക്കുമ്പോൾ ആ പഴമയുടെ മറക്കുള്ളിൽ ഇപ്പോഴും ചിലർ മറഞ്ഞുനിൽക്കുന്നത് കാണാം. ഭർത്താക്കന്മാരെ മാത്രമല്ല അവിഹിതബന്ധത്തിൽ ഏർപ്പെടുന്ന പുരുഷനെയും പേര് പറയാൻ, വിളിക്കാൻ കഴിയാതെ വിമ്മിഷ്ടപെടുന്നവർ ഉണ്ട്. നാട്ടിലെ കോസ്മോപോളിറ്റൻ/മെട്രോപൊളിറ്റൻ നഗരങ്ങളിൽ അവിഹിതബന്ധങ്ങൾ നിർബാധം തുടരുന്നത് നമ്മൾക്കറിയാം. ഇപ്പോൾ ഫോൺ കയ്യിൽ കിട്ടിയതുകൊണ്ട് മനുഷ്യരെല്ലാം വിരൽത്തുമ്പിലെ വിസ്മയങ്ങളിൽ മയങ്ങി കഴിയുകയാണ്. ചുറ്റിക്കളിക്കാർക്ക് ഇത് നല്ല കാലം. പിന്നെ പണ്ടത്തെപ്പോലെ ഗോസിപ്പുകൾക്കും മേല്പറഞ്ഞ ബിസി ബിസി ജീവിതചര്യകളിൽ സ്ഥാനമില്ല. എന്നാൽ ഇയ്യിടെ നാട്ടിൽ വന്നപ്പോൾ പരിചയമുള്ള ഒരു എഴുത്തുകാരിയെ കണ്ടുമുട്ടി. അവരുടെ പെരുമാറ്റ രീതി കണ്ടപ്പോൾ അതിശയം തോന്നി. അവർ അമ്പലത്തിൽ നിന്നും തൊഴുത് വരികയാണ്. പ്രത്യേക വഴിപാട് ഉണ്ടായിരുന്നത്രെ. പാകിസ്താനും ഇന്ത്യയുമായി യുദ്ധമുണ്ടാവുമോ എന്ന സംഘർഷം നിറഞ്ഞു നിൽക്കുന്ന ഒരു സമയമായിരുന്നു. അവർ കരഞ്ഞുകൊണ്ട് പറഞ്ഞു യുദ്ധം ഉണ്ടാകുകയാണെങ്കിൽ അണുശക്തി നഗർ പോലെയുള്ള സ്ഥലത്തല്ലേ ആദ്യം ബോംബ് വീഴുക. അപ്പോൾ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിൽ ആകുകയില്ലേ. അദ്ദേഹം എന്ന് പറയുന്നത് അവരുടെ ഭർത്താവല്ല, ജാരനനാണെന്നു ഞാൻ പിന്നീട് അറിഞ്ഞു. ഒരിക്കൽ അവരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴും ഈ അനുഭവം ഉണ്ടായി. അവരുടെ ഒരു കൂട്ടുകാരിയുടെ പുസ്തക പ്രകാശനകർമ്മത്തിൽ പങ്കെടുത്ത് വരികയാണെന്ന് പറഞ്ഞു. പുസ്തകം എഴുതിയ ആളിനെ അറിയുന്നത്കൊണ്ട് വെറുതെ ചോദിച്ചു ആരാണ് അവതാരിക എഴുതിയിരിക്കുന്നത്. അപ്പോൾ അവർ പറഞ്ഞു ഞാൻ പുസ്തകം കണ്ടില്ല. പിന്നെ എങ്ങനെ അവിടെ പോയി പ്രസംഗിച്ചുവെന്നു ഞാൻ ചോദിച്ചില്ല. അന്വേഷിച്ചപ്പോൾ അറിഞ്ഞു അതെഴുതിയത് അവരുടെ ജാരനാണ്.അയാളുടെ പേര് പറയാനുള്ള സങ്കോചം. ഭാരതക്ഷമേ നിന്റെ പെൺമക്കൾക്ക് ഇനിയും പഴയ ആചാരങ്ങളിൽ നിന്നും മോചനമില്ലേ എന്ന് മനസ്സിൽ ചോദിച്ചു.
ചിലരെ നമ്മൾ ചുരുക്കപ്പേരിൽ വിളിക്കുന്നതിലും ചില അപകടങ്ങളും നേരമ്പോക്കുകളും ഒളിഞ്ഞിരിക്കുന്നുണ്ട്. കുറച്ചുനാൾ മുമ്പ് ദുബായിൽ പോയപ്പോൾ അവിടെ സുഹൃത്തിന്റെ ഫ്‌ളാറ്റിൽ അയാളുടെ ക്ഷണപ്രകാരം അതിഥിയായി കുറച്ചു ദിവസം താമസിച്ചു. സുഹൃത്ത് രവി നായർ ഭാര്യ അജിത. (യഥാർത്ഥ പേരുകളല്ല ) അജിതയെ അജി എന്നാണ് വിളിക്കുന്നത്. പക്ഷെ ഞാൻ അജി നായർ ജി എന്ന് ചിലപ്പോൾ വിളിച്ച് അവരെ സന്തോഷിപ്പിക്കാറുണ്ട്. ആ സമയത്ത് അവിടെ ബിസിനസ്സ് സംബന്ധമായി ഡൽഹിയിൽ നിന്നും വന്നിട്ടുള്ള മുന്നേ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഹരിപ്രസാദ് ശർമ്മയും ഉണ്ടായിരുന്നു. ഈ ഹരി വടക്കേ ഇന്ത്യക്കാരനാണ്. ഇരുപത്തിനാലു മണിക്കൂറും മുറുക്കാണ് മൂപ്പരുടെ ഹോബി.പിന്നെ നിർത്താതെയുള്ള ഫോൺ വിളികളും. എന്നാൽ എല്ലാവരോടും വളരെ ബഹുമാനപൂർവ്വം സംസാരിക്കുന്ന ആളാണ്. അയാൾ നാട്ടിലുള്ള ഓഫീസിലേക്ക് മേലധികാരിക്ക് ഫോൺ ചെയ്യുകയാണ്. മേലധികാരി ഒരു രാമചന്ദ്രൻ നായരാണ്. വടക്കേ ഇന്ത്യക്കാരുടെ സ്റ്റൈലിൽ നായർ ജി. ഹരി വായിലെ മുറുക്കാൻ രുചിച്ച് ഒരു മാതിരി ശബ്ദം ഉണ്ടാക്കികൊണ്ട് നായർ സാറിനെ ബഹുമാനപൂർവ്വം ജി എന്നും ചിലപ്പോൾ നായർ ജി എന്നും പറയുന്നുണ്ട്. എന്തെങ്കിലും നായർ സാർ പറഞ്ഞാൽ അതനുസരിക്കുന്ന മട്ടിൽ വടക്കേ ഇന്ത്യക്കാരുടെ ആചാരപ്രകാരം ആ ജി എന്നും ചേർക്കും. അത് പലപ്പോഴും ആജി നായർ ജി എന്ന് പറയുന്നതിൽ അവസാനിക്കും.
അജി അടുക്കളയിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ. സാമ്പാറിനായുള്ള പച്ചക്കറികൾ കട്ടിങ് ബോർഡിൽ വച്ച് കഷ്ണിച്ചു കൊണ്ടിരിക്കയാണ്. അപ്പോഴാണ് അവർ കേൾക്കുന്നത് ആജി നായർ ജി.അത് ഹരി അയാളുടെ സാറിനോട് വിനയം പ്രകടിപ്പിച്ചതാണ്. എന്നാൽ അജി അതുകേട്ട് അത് അവരെ വിളിച്ചതാണെന്നു ശങ്കിച്ച് ലിവിങ് റൂമിൽ വന്നു നോക്കിയപ്പോൾ അവരുടെ ഭർത്താവ് പേപ്പർ വായിക്കുന്നു. ഞാൻ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന. ഹരി ഫോണിൽ. അവർ കുറച്ച്നേരം ശങ്കിച്ച് നിന്ന് കിച്ചണിലേക്ക് പോയി. വീണ്ടും ഹരിയുടെ ആജി നായർ ജി. അജി ലിവിങ് റൂമിലേക്ക് വന്നു ഹരിയെ നോക്കി. ഹരി ഒരു ഭാവഭേദവുമില്ലാതെ നായർ സാറിനെ സോപ്പിടുകയാണ്. അജി തിരിച്ചു കിച്ചണിലേക്ക് നടക്കുമ്പോൾ ഞാനും രവിയും ശ്രദ്ധിച്ചു. എന്തിനാണ് അജി വന്നു നോക്കുന്നത്. വീണ്ടും ഹരിയുടെ ഉച്ചത്തിലുള്ള ആജി നായർ ജി എന്ന ഉപചാരവും ചിരിയും. അതുകേട്ട് അജി വീണ്ടും വന്നപ്പോൾ രവി ചോദിച്ചു നീ എന്തിനാണ് ഇടക്കിടെ ഇവിടെ വന്നു നോക്കുന്നത്. എന്താണ് വേണ്ടത്. അത് അജിയെ ചൊടിപ്പിച്ചു. അവർ അടുക്കളയിൽ പോയി സാമ്പാറിന്റെ കഷണങ്ങൾ ശക്തിയോടെ കഷ്ണം കഷ്ണമാക്കി.
വീണ്ടും നായരോടുള്ള വിധേയത്വം പ്രകടിപ്പിച്ചുകൊണ്ട് ഹരി അലറി ആജി നായർ ജി.ഇത്തവണ അജി ഒരു കൊടുങ്കാറ്റ് പോലെ വന്നു ഹരിയുടെ മേൽ തട്ടിക്കയറി. അജിയുടെ ഹിന്ദി പരിജ്ഞാനം കമ്മിയായതുകൊണ്ട് ഹരിക്ക് മനസ്സിലായില്ല.അവൻ കരുതി ഓവർസീസ് കാൾ ചെയ്ത അവരുടെ പണം നശിപ്പിക്കരുതെന്നു പറയുകയാണെന്ന്. അവൻ പൊട്ടനെപോലെ നിന്നപ്പോൾ രവി ചോദിച്ചു. എന്താ പ്രശ്‍നം. അപ്പോൾ അജി പറഞ്ഞു നിങ്ങൾ കേട്ടില്ലേ ഇയാൾ എന്നെ ബാർ ബാർ (വീണ്ടും വീണ്ടും) വിളിച്ചത്. ഹിന്ദി കാര്യമായി അറിയില്ലെങ്കിലും ചില ഹിന്ദി വാക്കുകൾ മലയാളം സംസാരിക്കുബോൾ ചേർക്കുന്നത് അവരുടെ രീതിയാണ്. അപ്പോഴാണ് എല്ലാവർക്ക് കാര്യം പിടി കിട്ടിയത്. അത് വിവരിച്ചുകൊടുത്തപ്പോൾ അവൾക്ക് ദ്വേഷ്യവും ചമ്മലുമായി അടുക്കളയിലേക്ക് ഓടിപ്പോയി. ഞങ്ങളെല്ലാവരും പൊട്ടിപ്പൊട്ടി ചിരിച്ചു. വളരെ രസകരമായ നേരമ്പോക്കിന് വഴിയൊരുക്കിയ ഹരിക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാൻ അയാളെ അമേരിക്കയിലേക്ക് ക്ഷണിച്ചു. പേടിക്കേണ്ട എന്റെ ഭാര്യക്ക് നല്ലപോലെ ഹിന്ദി അറിയാമെന്നു പറഞ്ഞപ്പോൾ ഹരി ചിരിച്ചു.
ഇങ്ങനെ പേരുമായി ബന്ധപ്പെട്ട പല അനുഭവങ്ങളും കഥകളുമായി വീണ്ടും വരാം. തുടരും)
ശുഭം