യുഎസ് ഇന്ത്യയുമായി വ്യാപാര കരാറിനു 'തൊട്ടടുത്ത്' എത്തിയെന്നു തിങ്കളാഴ്ച്ച രാത്രി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. 14 രാജ്യങ്ങൾക്കു മേൽ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു സംസാരിക്കയായിരുന്നു പ്രസിഡന്റ്.
ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പങ്കെടുത്ത മാധ്യമ സമ്മേളനത്തിൽ, ചൈനയും ബ്രിട്ടനുമായി കരാർ ഒപ്പുവച്ചെന്നു ട്രംപ് സ്ഥിരീകരിച്ചു.
യുഎസ്-ഇന്ത്യ സമഗ്ര വ്യാപാര കരാറിനുള്ള ചർച്ച ജൂലൈ 9നു ആരംഭിക്കുമെന്ന് സി എൻ ബി സി ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്തു. അതിനു മുന്നോടിയായി ഒരു 'മിനി' വ്യാപാര കരാർ 24-48 മണിക്കൂറിനകം ഒപ്പുവയ്ക്കും. ആ കരാർ അനുസരിച്ചു ശരാശരി തീരുവ 10% ആയിരിക്കും.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു കരാർ ഉണ്ടാക്കാൻ ട്രംപ് നൽകിയിരുന്ന 90 ദിവസം ജൂലൈ 9നു അവസാനിക്കയാണ്.
ഹാർലി-ഡേവിഡ്‌സൺ ഉൾപ്പെടെയുള്ള അമേരിക്കൻ മോട്ടർ സൈക്കിളുകൾക്കും വിസ്‌കിക്കും ഐ ടി ഹാർഡ്‌വെയറിനും ഇന്ത്യ തീരുവ ഇളവ് അനുവദിച്ചു കഴിഞ്ഞു. തർക്കമുളളത് പ്രധാനമായും കാർഷിക-പാൽ ഉത്പന്നങ്ങളിലാണ്. ഈ വിഭാഗത്തിൽ ഉയർന്ന തീരുവ നിലനിർത്തുന്നത് ഇന്ത്യയിലെ കർഷകരുടെ ഉപജീവന മാർഗം സംരക്ഷിക്കണം എന്നത് കൊണ്ടാണ്.
കരാർ ഉണ്ടാക്കാൻ തയ്യാറില്ല എന്നു യുഎസ് കരുതുന്ന രാജ്യങ്ങൾക്കു കത്തയച്ചിട്ടുണ്ടെന്നു ട്രംപ് തിങ്കളാഴ്ച്ച പറഞ്ഞു. അവർക്കു വേണമെങ്കിൽ കരാറാവാം. ഇല്ലെങ്കിൽ ഉയർന്ന തീരുവ ഉണ്ടാകും.
തായ്‌ലൻഡ്, മയന്മാർ, ബംഗ്ലാദേശ്, സൗത്ത് കൊറിയ, ജപ്പാൻ എന്നിവ ഉൾപ്പെടെ 14 രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്കു ചുമത്തിയ തീരുവ ഓഗസ്റ്റ് 1നു നിലവിൽ വരും.
തായ്‌ലൻഡ്, കംബോഡിയ എന്നീ രാജ്യങ്ങൾക്കു 36%, ബംഗ്ലാദേശിനും സെർബിയക്കും 35%, മലേഷ്യക്കും കസാഖ്സ്ഥാനും 25%, മയൻമാറിനും ലാവോസിനും 40% എന്നിങ്ങനെയാണ് തീരുവ. ഇന്തോനേഷ്യക്കു 32%, സൗത്ത് ആഫ്രിക്ക, ബോസ്‌നിയ-ഹെർസിഗോവിന എന്നിവർക്ക് 30%, ട്യൂണിഷ്യക്കു 25%.
ജപ്പാനും സൗത്ത് കൊറിയയും ഇനി 25% ഇറക്കുമതി തീരുവ നൽകേണ്ടി വരും.
Trump says India trade deal imminent