ബൈബിൾ പ്രകാരം, ഗവൺമെന്റ് എന്നത് ദൈവത്താൽ നിയമിക്കപ്പെടുന്നതാണ്. ഗവൺമെന്റ് എന്നത് ദൈവത്തിന്റെ ഒരു സ്ഥാപനമാണ്,അധികാരപ്പെട്ടവരാണ് ആളുകളെ ഭരിക്കുന്നത് എന്നും ബൈബിൾ പഠിപ്പിക്കുന്നു.ജനങ്ങളുടെ ഗവൺമെന്റ്(ഭരണം) എന്നൊന്ന് ഉണ്ടാകണമെന്ന് ദൈവം ഉത്തരവിട്ടിട്ടുമുണ്ട്. ബൈബിൾ മനുഷ്യ മോചനത്തിനായുള്ള ദൈവ നിർദ്ദേശം ആണെന്നതുപോലെ തന്നെ, അതിൽ രാഷ്ട്രീയ ചരിത്രവും അന്തർലീനമായുണ്ട്. രാജാക്കന്മാരുടെ ഭരണത്തെക്കുറിച്ചും അവരുടെ ഉദാരതയ്ക്കോ ആക്രമണത്തിനോ പാത്രമായവരെക്കുറിച്ചും ഇതിൽ വളരെയധികം പ്രതിപാദിച്ചിരിക്കുന്നു. ബൈബിളിൽ ഇങ്ങനെയും പറയുന്നു, "ഓരോ വ്യക്തിയും ഭരണാധികാരങ്ങൾക്ക് വിധേയരായിരിക്കണം, കാരണം ദൈവത്തിൽ നിന്നല്ലാതെ മറ്റൊരു അധികാരവുമില്ല. അതിനാൽ, നമ്മൾ വിശ്വാസികളായാലും അല്ലെങ്കിലും, ഭൂമിയിലെ ഭരണാധികാരികളുടെ അധികാരത്തിന് നാം വിധേയരാണ്. മനുഷ്യ ഗവൺമെന്റിന്റെ തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ ബാധിക്കുമെന്ന് പൂർണ്ണമായി അറിയുന്നതിനാൽ, അത്തരം തീരുമാനമെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് വിശ്വാസികളായ നമ്മളെ പ്രതികൂലമായേ ബാധിക്കൂ. പ്രയോജനപ്രദമായ ഒരു ഫലം നമുക്ക് വേണമെന്നുണ്ടെങ്കിൽ, ഈ പ്രക്രിയയിൽ നമ്മളും പങ്കാളികളായിരിക്കണം. ക്രിസ്തീയ ഉത്തരവാദിത്തത്തിലേക്ക് സജീവ പങ്കാളിത്തം ആവശ്യമാണെന്നും അത് ആളുകളുടെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കുമെന്നും ഞാൻ ഉറച്ച് വിശ്വസിക്കുന്നു,
ദൈവത്തിന്റെ ആളുകൾ രാഷ്ട്രീയ പ്രക്രിയയിൽ ഭാഗമായ നിരവധി ഉദാഹരണങ്ങൾ ബൈബിളിലുണ്ട്. . ജോസഫും ഡാനിയേലും വിദേശ രാജാക്കന്മാരോടൊപ്പം സേവനമനുഷ്ഠിക്കുകയും അവർ ജീവിച്ചിരുന്ന സമൂഹത്തിന് ഗുണം ചെയ്യുന്ന നയങ്ങളും പ്രവർത്തന പദ്ധതികളും രൂപപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ജോസഫിന്റെ സ്വന്തം കുടുംബത്തെ പട്ടിണിയിൽ നിന്ന് പരോക്ഷമായി രക്ഷിച്ചതായും നമുക്ക് കാണാൻ കഴിയും. എസ്ഥേർ രാജ്ഞി തന്റെ പദവി ഉപയോഗിച്ച് രാജാവിനെ സ്വാധീനിക്കുകയും യഹൂദ ജനതയെ ഉന്മൂലനത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. ബാബിലോണിൽ നാടുകടത്തപ്പെട്ടവരോട് ക്ഷേമം അന്വേഷിക്കുകയും നഗരത്തിനുവേണ്ടി പ്രാർത്ഥിക്കാനുമാണ് പ്രവാചകനായ ജെറമിയ ഉപദേശിച്ചത്. അതിനാൽ, ക്രിസ്തീയമത വിശ്വാസികൾ, അവർ എവിടെ താമസിച്ചാലും, അതാത് രാജ്യങ്ങളിലെ നല്ല പൗരന്മാരാകാൻ ശ്രമിക്കുകയും സമൂഹത്തിന്റെ പുരോഗതിക്കായി നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിന് അവരുടെ സ്വാധീനം ഉപയോഗപ്പെടുത്തുകയും വേണം. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, അധികാരം പൗരന്മാരിലാണ്, സർക്കാർ ജനങ്ങളിൽ നിന്നാണ് അധികാരം നേടുന്നത്. കള്ളക്കളികൾ നടന്നിട്ടില്ലെങ്കിൽ, ഇന്ത്യയിലെ ജനങ്ങളാണ് ബാലറ്റ് പെട്ടിയിലൂടെ അവരുടെ രാഷ്ട്രീയ ഭാവി നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ വോട്ടുചെയ്യാനുള്ള നമ്മുടെ അവകാശം നാം വിനിയോഗിക്കുകയും നീതിമാന്മാരും സഹാനുഭൂതിയുള്ളവരുമായ നേതാക്കളെ തിരഞ്ഞെടുക്കുകയും വേണം. നമ്മളാണ് മേല്നോട്ടക്കാർ,നമുക്ക് കൃത്യമായ പങ്കു വഹിക്കാനാകുമെന്ന് പ്രതീക്ഷയുള്ള സ്ഥാനങ്ങളിൽ ദൈവം നമ്മെ ആക്കിയിരിക്കുന്നു. പാസ്റ്ററൽ നേതൃത്വത്തിന്റെ പരാജയം, വിശ്വാസികൾ രാഷ്ട്രീയ പ്രക്രിയയിൽ പങ്കെടുക്കുന്നതിന് ദോഷമായി മാറുമെന്നും ഞാൻ കരുതുന്നു..
ധാർമ്മിക വിഷയങ്ങളിൽ തിരുവെഴുത്തനുസരിച്ച് ചിന്തിക്കാനും ധാർമ്മികതയോടും നിയമവാഴ്ചയോടും പ്രതിജ്ഞാബദ്ധരായ നന്മനിറഞ്ഞ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനും പാസ്റ്ററൽ നേതൃത്വം അംഗങ്ങളെ പഠിപ്പിക്കുകയും സജ്ജരാക്കുകയും വേണം. മതസ്വാതന്ത്ര്യ വിഷയങ്ങളിലും ക്രിസ്ത്യാനികൾ ശ്രദ്ധാലുക്കളായിരിക്കണം. നമ്മുടെ ധാർമ്മികമായ സ്വാതന്ത്ര്യം ദൈവം നൽകിയതും, ജന്മസിദ്ധവും, മാറ്റാനാവാത്തതുമായ അവകാശമാണ്. ലോകത്തിലെ ഒരു ശക്തിക്കും അത് എടുത്തുകളയാൻ അവകാശമില്ല; രാഷ്ട്രീയമോ സാമ്പത്തികമോ പോലുള്ള മറ്റെല്ലാ സ്വാതന്ത്ര്യങ്ങളും ധാർമ്മികമായ സ്വാതന്ത്ര്യത്തിൽ നിന്നാണ് ഉണ്ടാകുന്നത്. അതിനാൽ, അതിനുവേണ്ടി നിലകൊള്ളുക എന്നുള്ളത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്. വിശ്വാസത്തിന്റെ പേരിൽ ക്രിസ്ത്യാനികൾ കൂടുതലായി വേട്ടയാടപ്പെടുന്ന ഇന്ത്യയിൽ, സഭാവ്യത്യാസങ്ങൾ കണക്കിലെടുക്കാതെ, ആരാധനാ സ്വാതന്ത്ര്യം എന്ന ആവശ്യത്തിനുവേണ്ടി അവർ ഒന്നിച്ചുനിൽക്കണം, കാരണം ആ തത്വങ്ങൾ രാജ്യത്തിന്റെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. അധികാരത്തിന് മുൻപിൽ കീഴടങ്ങാനും നികുതി അടയ്ക്കാനും തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു; നല്ല പൗരന്മാരായി നാം അത് അനുസരിക്കണം. "അതിനാൽ, സീസറിന്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും കൊടുക്കുക" എന്ന് യേശു തന്നെ നമ്മെ ഉദ്ബോധിപ്പിച്ചു.
എന്തുതന്നെ ആയാലും, മനുഷ്യരുടെ ഗവൺമെന്റ് ദൈവത്തിന്റെ ധാർമ്മിക നിയമങ്ങൾ ലംഘിക്കുകയും ആളുകളെ തെറ്റിലേക്കും തിന്മയിലേക്കും തള്ളിവിടുകയും ചെയ്യുമ്പോൾ, ക്രിസ്ത്യാനികളും അതിനെ ചെറുത്തുനിൽക്കണം. ബൈബിളിൽ, ഫറവോൻ 'എല്ലാ ആൺ എബ്രായ ശിശുക്കളെയും കൊല്ലുക ' എന്നുള്ള നിയമം നടപ്പിലാക്കിയപ്പോൾ, ഗവൺമെന്റിന്റെ തെറ്റായ നടപടി ധിക്കരിച്ചുകൊണ്ട് ഒരു മിഡ്വൈഫ് ഒരു കുഞ്ഞിനെ രക്ഷിച്ചു എന്നതുപോലെയുള്ള ഉദാഹരണങ്ങളുണ്ട്. ഇന്ത്യയിലെ ക്രിസ്ത്യാനികൾ അനിശ്ചിതമായ ഒരു ഭാവിയെ അഭിമുഖീകരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അവർ ആസ്വദിച്ച സ്വാതന്ത്ര്യത്തിന് ഭീഷണിയായി ഇരുണ്ട മേഘങ്ങൾ ചക്രവാളത്തിൽ കൂടുന്നു. അവർ മുൻപിലുള്ള വെല്ലുവിളികളോട് വിവേകത്തോടെ പ്രതികരിക്കുമോ? നമ്മുടെ മാറ്റത്തിന് നിർബന്ധിതരാകാൻ ദൈവം നമ്മുടെ സാഹചര്യങ്ങളെ രൂപപ്പെടുത്തുന്നു. നാം അവന്റെ വചനത്തിൽ വിശ്വസിക്കുകയും അത് അനുസരിക്കുകയും ചെയ്യുമോ? നാം ആത്മപരിശോധന നടത്തുകയും ദൈവം നമുക്ക് അവന്റെ ആത്മാവിനെ നൽകുകയും ഈ വെല്ലുവിളി നിറഞ്ഞ നേരിടാൻ തയ്യാറാക്കുകയും നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(ന്യൂയോർക്കിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിൽ ജോർജ്ജ് എബ്രഹാം നടത്തിയ പ്രസംഗത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ)