Image

ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിനു നെതന്യാഹു നോമിനേറ്റ് ചെയ്തു (പിപിഎം)

Published on 08 July, 2025
ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിനു നെതന്യാഹു നോമിനേറ്റ് ചെയ്തു (പിപിഎം)

നൊബേൽ സമാധാന സമ്മാനത്തിനു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നോമിനേറ്റ് ചെയ്തു. വൈറ്റ് ഹൗസിൽ നടന്ന ഡിന്നറിനിടയിൽ നോമിനേഷൻ കത്ത് നെതന്യാഹു ട്രംപിനു നൽകി.

"പ്രസിഡന്റ് ട്രംപ് ഓരോ രാജ്യങ്ങളിലും മേഖലകളിലുമായി സമാധാനം സാധ്യമാക്കി വരികയാണ്. അതു കൊണ്ട് നൊബേൽ പ്രൈസ് കമ്മിറ്റിക്കയച്ച കത്ത് അദ്ദേഹത്തിനു നൽകാൻ ഞാനാഗ്രഹിക്കുന്നു" എന്ന് നെതന്യാഹു പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു.

മിഡിൽ ഈസ്റ്റിൽ സമാധാനത്തിനും സുരക്ഷയ്ക്കും ട്രംപ് നടത്തിയ ശ്രമങ്ങളിൽ നെതന്യാഹു മതിപ്പു പ്രകടിപ്പിച്ചു.

നെതന്യാഹുവിന് നന്ദി പറഞ്ഞ ട്രംപ് ഇത് തികച്ചും അപ്രതീക്ഷിതം ആണെന്ന് പറഞ്ഞു. "താങ്കളിൽ നിന്നു വരുന്നു എന്നു പരിഗണിക്കുമ്പോൾ, ഇത് തികച്ചും അർത്ഥവത്താണ്."

നെതന്യാഹുവും ഭാര്യ സാറയും തന്റെ ദീർഘകാല സുഹൃത്തുക്കൾ ആണെന്നു ട്രംപ് പറഞ്ഞു.

ഗാസ പദ്ധതി സജീവം

ഗാസയിൽ നിന്നു പലസ്തീൻകാരെ മൊത്തം ഒഴിപ്പിച്ചു അതൊരു വിനോദ കേന്ദ്രമാക്കണം എന്ന ട്രംപിന്റെ നിർദേശം സജീവമാണെന്ന് ഇരു നേതാക്കളും പറഞ്ഞതായി 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു. ഗാസയിൽ വെടിനിർത്തലിനു ഖത്തറിൽ ചർച്ച നടക്കുന്ന സമയത്താണ് മുസ്‌ലിം ലോകം ശക്തമായി എതിർത്ത പദ്ധതി വീണ്ടും ഇരുവരും ഉയർത്തി പിടിച്ചത്.

പലസ്തീൻകാരെ മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നത് അവർക്കൊരു മെച്ചപ്പെട്ട ജീവിതം നൽകാനാണെന്നു നെതന്യാഹു പറഞ്ഞു. ട്രംപ് തന്റെ പിന്തുണ ആവർത്തിച്ചു.

പലസ്തീൻകാർക്കു സ്വന്തമായ രാജ്യം നൽകുന്നതിനോട് ഇസ്രായേലിനു ഇപ്പോഴും എതിർപ്പാണെന്നു നെതന്യാഹു വ്യക്തമാക്കി.

Netanyahu nominates Trump for Nobel prize 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക