മലയാളത്തില്‍ പട്ടാളക്കഥകള്‍ കുറവല്ല. നന്തനാര്‍, പാറപ്പുറത്ത്, കോവിലന്‍ തുടങ്ങിയ മഹാരഥന്മാരായ പട്ടാളക്കഥാകൃത്തുക്കള്‍ വളര്‍ത്തിയെടുത്ത ആ സാഹിത്യ ശാഖ ഇന്നും മലയാള സാഹിത്യത്തിലെ ശക്തമായ സാന്നിധ്യമാണ്. പുതു തലമുറയില്‍പ്പെടുന്ന രാജീവ്.ജി. ഇടവയുടെ '2ഞഞഉ കമ്പനി' വരെ എത്തി നില്‍ക്കുന്ന ഈ ശാഖയിലേക്ക് ഒരു പുതിയ നോവല്‍ കൂടി വരുന്നു. സലിം ജേക്കബ്ബിന്റെ 'രജൗറിയിലെ മാര്‍ഖോര്‍.'
ഇന്ത്യന്‍ ആര്‍മിയിലെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ തലവനായ ക്യാപ്റ്റന്‍ ജോസിന്റെ സാഹസികവും സംഭവ ബഹുലവുമായ ജീവിതമാണ് നോവലിന്റെ പ്രതിപാദ്യം.
ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും നന്നായി മനസ്സിലാക്കിയിട്ടുണ്ട് സലിം ജേക്കബ്. പാമ്പുകളെപോലും കൊന്നു തിന്നുന്ന കാശ്മീര്‍ മലമ്പ്രദേശത്തെ 'മാര്‍ഖോര്‍' ആടുകളെപ്പറ്റിയുള്ള വിവരണം, അതിര്‍ത്തി പ്രദേശങ്ങളിലെ തീവ്രവാദി പ്രവര്‍ത്തനങ്ങളുടെ രീതികള്‍, നാട്ടുകാരായ ഡബിള്‍ ഏജന്റുമാരെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍, പുരാതനമായ മുഗള്‍ പാതയെപ്പറ്റിയുള്ള വിവരണം, ദ്രൗപതിയുടെ ദേശമായ രാജപുരി കാലാന്തരത്തില്‍ രജൗറി ആയി മാറിയത്, അതിര്‍ത്തി ദേശങ്ങളുടെ ഭൂമിശാസ്ത്ര വിവരണങ്ങള്‍ എല്ലാം അത് തെളിയിക്കുന്നുണ്ട്. എങ്കിലും മിത വാക്കായ നോവലിസ്റ്റ് ഇതൊന്നും തന്റെ പാണ്ഡിത്യ പ്രകടനത്തിന് ഉപയോഗിക്കുന്നതേയില്ല. മറിച്ച് ഇത്തരം വസ്തുകള്‍ ഉചിത സന്ദര്‍ഭങ്ങളില്‍ സൂചിപ്പിച്ചു പോകുന്നതേയുള്ളു. ഈ മിതത്വമാണ് നോവലിന്റെ സവിശേഷത. നൂറുകണക്കിനു പേജുകള്‍ എഴുതി നിറയ്ക്കാവുന്ന ഒരു സബ്ജക്റ്റാണ് സലിംജേക്കബ് വാചാതയില്ലാതെ പറഞ്ഞു പോകുന്നത്. ആഖ്യാനത്തിലെ ഈ കയ്യൊതുക്കം അനുകരണീയമാണ്.
ഒരു സിനിമാക്കഥ പോലെ ഉദ്വോഗഭരിതമായ രംഗങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സലിം ജേക്കബ്ബിന്റെ ദൃശ്യാത്മക ഭാഷ ഒരു പട്ടാള സിനിമ കണ്ടിരിക്കുന്ന സുഖമാണ് നമുക്ക് നല്കുന്നത്. പട്ടാളക്കാരെക്കുറിച്ചും പട്ടാള സേവനത്തെക്കുറിച്ചുമുള്ള സാമാന്യ ജ്ഞാനം അതിര്‍ത്തി ഗ്രാമങ്ങളുടെ ചരിത്ര-ഭൂമിശാസ്ത്രങ്ങളിലുള്ള അറിവ്, സര്‍വ്വോപരി മാനവികതയിലുള്‍ച്ചേര്‍ന്ന ജീവിത വീക്ഷണം ഇവയെല്ലാം ഈ നോവലിനെ ഉയര്‍ത്തി നിര്‍ത്തുന്ന ഘടകങ്ങളാണ്. ചടുലവും ഭയജനകവുമായ അനുഭവങ്ങളുള്ള ആകാശ പന്ഥാവിലൂടെ വിക്ഷുബ്ധ മനസ്സോടെ യാത്രചെയ്ത് ഒടുക്കം പരിചിതവും പ്രാസാദാത്മകവുമായ ഒരന്തരീക്ഷത്തില്‍ പറന്നിറങ്ങുമ്പോള്‍ ഒരാള്‍ക്ക് അനുഭവപ്പെടുന്ന സുഖവും ആശ്വാസവുമാണ് ഈ നോവല്‍ വായിച്ചു കഴിയുമ്പോള്‍ നമുക്ക് അനുഭവപ്പെടുക. കഥയിലെ ആ സസ്‌പെന്‍സ് നമ്മുടെ ചുണ്ടില്‍ ഒരു ചിരി വിരിയിക്കും. പാരായണ സുഖം കൊണ്ട് ശ്രദ്ധേയമാകുന്ന നോവലുകള്‍ക്കിടയില്‍ പട്ടാളക്കഥ എന്ന അധിക മൂല്യത്തോടെ ഈ നോവല്‍ സ്വീകരിക്കപ്പെടും എന്നതില്‍ സംശയമില്ല.
വി.പി. ഏലിയാസ്