Image

നിങ്ങൾ ആവശ്യപ്പെടാത്ത കവിത (വേണുനമ്പ്യാർ)

Published on 08 July, 2025
നിങ്ങൾ ആവശ്യപ്പെടാത്ത കവിത (വേണുനമ്പ്യാർ)

കൈപ്പുസ്തകമുണ്ടെങ്കിൽ
നാക്കുപുസ്തകവും 
ചെവിപ്പുസ്തകവും 
കൺപുസ്തകവുമൊക്കെ കാണും
ഉറക്കെ വായിച്ചാലും
നിശ്ശബ്ദം വായിച്ചാലും
വായന വായന തന്നെ.


2

ഒരു ശബ്ദതാരാവലിയുടെ
താങ്ങാനാവാത്ത ചുമടല്ലയൊ തലപ്പുസ്തകം!
ഹൃദയത്തിന്റെ അത്താണിയിൽ
വല്ലപ്പോഴും അതൊന്ന് ഇറക്കിവെക്കാം
അപ്പോൾ അനന്തമായി
ചുറ്റിത്തിരിഞ്ഞു കളിക്കാനുള്ള
ഒഴിവ് കിട്ടും -
മറ്റു വലിയ പഞ്ഞിമേഘങ്ങൾക്കൊപ്പം
ചെറിയൊരു പഞ്ഞിമേഘമായി
അനന്തമായി ചുറ്റിത്തിരിഞ്ഞു കളിക്കാനുള്ള ഇടം കിട്ടും.

3

പഴയ പുസ്തകത്താളുകളിൽ
പ്രണയവും മയിൽപ്പീലിയും
റോസാച്ചെടിയുടെ മുള്ളും
മണക്കുന്നു
കവിതയിൽ അതെഴുതിപ്പാടിയ
അന്ധനായ കവിയുടെ കരൾ തേട്ടുന്നു.

4

ഭഗ്നപ്രണയത്തിന്റെ
ചിതലരിച്ച പുസ്തകം
ഒരു തലയണയാക്കാൻ പോലും
കൊള്ളില്ല
മഞ്ഞുകാലത്ത് അടുപ്പിലിട്ട്
തീ കായാം
അസ്വസ്ഥതയൊക്കെ അപ്പോൾ സ്വസ്ഥതയാകും.

5

ശരീരത്തിന്റെ ആകൃതിയിൽ
ഇവിടെ ഒരു ശവപ്പെട്ടി കാണുന്നു
അവിടെ കാണുന്നതു 
പഴയ ഒരു വായനശാലയാകാം
അല്ലെങ്കിൽ പുതിയൊരു സുഖഭോഗശയനശാല!

6

നാഭിപ്പുസ്തകത്തിൽ
ശൂന്യത കാണുന്നു
ഞാൻ ഞാനല്ലാതാകുന്ന
അപൂർവ്വനിമിഷങ്ങളിൽ
നിയതിയുടെ പുസ്തകം
എന്നെ താങ്ങുന്നു.

വായിക്കൂ വായിക്കൂ
സ്രഷ്ടാവ് കൽപ്പിക്കുന്നു :
ആകാശം വെള്ളപുസ്തകം
ഭൂമി പച്ചപുസ്തകം
കടൽ നീലപ്പുസ്തകം
വായിക്കൂ വായിക്കൂ
അർദ്ധാന്ധനും അജ്ഞാനിയുമായ
ഇവനെങ്ങനെ വായിക്കാൻ
മേഘച്ചട്ടയ്ക്കും
മരച്ചട്ടയ്ക്കും തിരച്ചട്ടയ്ക്കും
ഉള്ളിലെ ഭൂമിമലയാളമാണെങ്കിൽ
പരദേശഭാഷാലിപിയിലും!
ഒരു തർജ്ജമക്കാരനെ കൂടി 
വിട്ടിരുന്നെങ്കിൽ
വായന വെടിപ്പായേനെ
ഫേസ് ബുക്കിൽ ഒരു പരസ്യമിടാം:
ദൈവത്തിന്റെ നാമത്തിൽ ഉടനെ
ഒരു തർജ്ജമക്കാരനെ
ആവശ്യമുണ്ട്!

7

ചില പുസ്തകങ്ങൾ
അച്ചടിച്ചിരിക്കുന്ന മഷി
പ്രതിവിഷത്തിനുള്ളിലെ
വിഷം തന്നെ
ജീവസ്സുള്ളവരുടെ കണ്ണിൽ
പുസ്തകത്തിനും ജീവൻ വെക്കും
മരിച്ചവരുടെ കണ്ണിൽ
പുസ്തകവും മരിച്ചിരിക്കും
എന്നാൽ പലപ്പോഴും മാന്യമായ
ഒരു ശവസംസ്കാരം
പുസ്തകങ്ങൾക്ക് കിട്ടാറില്ല.


8

സ്വർഗ്ഗമെന്ന അക്ഷരധാമത്തിലേക്ക്
പുസ്തകങ്ങൾക്ക് പ്രവേശനമില്ല
വേദമല്ലയൊ അവസാനത്തെ കെണി!

9

നിന്റെ കരൾ
പൊതിയിടാത്ത ഒരു പുത്തൻ
പുസ്തകം പോലെയുണ്ട്
കുറച്ച് ദിവസത്തേക്ക്
അതൊന്ന് കടം തരാമൊ?
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക