ഫെഡറൽ ഏജൻസികളിൽ നിന്നു കൂട്ട പിരിച്ചു വിടൽ നടത്താൻ ട്രംപ് ഭരണകൂടത്തിനു സുപ്രീം കോടതി അനുമതി നൽകി. ഫെഡറൽ ഏജൻസികൾ അടച്ചു പൂട്ടാനും കോടതിയുടെ പച്ചക്കൊടിയുണ്ട്.
കീഴ്‌ക്കോടതികൾ കൂട്ട പിരിച്ചു വിടൽ തടഞ്ഞു പുറപ്പെടുവിച്ചിരുന്ന ഉത്തരവുകൾക്കു ഇതോടെ പ്രാബല്യം നഷ്ടപ്പെട്ടു. നഗരവികസനം, ട്രഷറി, സ്റ്റേറ്റ് ഡിപ്പാർട്‌മെന്റുകളിൽ ആയിരക്കണക്കിനു ആളുകളെ പിരിച്ചു വിടാൻ ഇതോടെ നിയമതടസമില്ലാതായി.
സുപ്രീം കോടതിയിൽ ജസ്റ്റിസ് കേതൻജി ബ്രൗൺ ജാക്‌സൺ ഉത്തരവിൽ വിയോജിപ്പ് രേഖപ്പെടുത്തി.
ഭരണകൂടത്തിന്റെ വലുപ്പം കുറയ്ക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ നിയമപരമായി ശരിയാവാം എന്നാണ് കോടതി കണ്ടെത്തിയത്. അതിനു ഫലത്തിൽ കോൺഗ്രസ് അനുമതി ആവശ്യമില്ല.
ജൂൺ 27നു സുപ്രീം കോടതി ട്രംപിനു നൽകിയ മറ്റൊരു വൻ വിജയം കീഴ്കോടതികൾ അദ്ദേഹത്തിന്റെ നയങ്ങൾ തടയാൻ പാടില്ല എന്ന ഉത്തരവാണ്. ട്രംപ് അടുത്തിടെ നേടിയ മറ്റൊരു വിജയം ഡി ഓ ജി ഇക്കു സോഷ്യൽ സെക്യൂരിറ്റി ഡാറ്റ പരിശോധിക്കാം എന്ന അനുമതിയാണ്.
ഫെഡറൽ ജീവനക്കാരെ വൻ തോതിൽ പിരിച്ചു വിടാനുള്ള ഉത്തരവ് ഫെബ്രുവരിയിലാണ് ട്രംപ് പുറപ്പെടുവിച്ചത്. തൊഴിലാളി യൂണിയനുകളും അഡ്വക്കസി ഗ്രൂപ്പുകളും പ്രാദേശിക ഭരണകൂടങ്ങളും അത് തടയാൻ ശ്രമിച്ചു. കാലിഫോർണിയ നോർത്തേൺ ഫെഡറൽ ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്‌ജ് സൂസൻ ഇൻസ്റ്റൺ മേയ് 9നു ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ചു. കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ട്രംപിന് അതു ചെയ്യാനാവില്ലെന്ന് അവർ വിധിച്ചു.
ട്രംപ് അപ്പീൽ പോയെങ്കിലും യുഎസ് അപ്പീൽ കോടതി കീഴ്കോടതി തീർപ്പു അംഗീകരിച്ചു. അതിനെതിരെയാണ് ഭരണകൂടം സുപ്രീം കോടതിയിൽ പോയത്.
Supreme Court allows mass firing of federal staff