Image

അവൾ ( കവിത : രമണി അമ്മാൾ )

Published on 09 July, 2025
അവൾ ( കവിത : രമണി അമ്മാൾ )

മറവിയുടെ ചില്ലുമേഞ്ഞ കൂരതൻ
വാതിലിൻനേർക്ക് പ്രതീക്ഷയോടുറ്റു നോക്കുന്ന കണ്ണുകൾ,
അടഞ്ഞും തുറന്നും ഓർമ്മകൾക്കു
ചിറകില്ലാതെ വളർന്നു തളർന്നൊരു 
പറവയുടേത്..!

ഓരോ ദിനവും പൊത്തിലിരുന്നവൾ
കൂകിവിളിച്ചതൊക്കെയും
മൗനത്തിന്റെ 
കനൽപ്പാളിയിൽ തട്ടി
ചിതറിപ്പോയ വാസ്തവങ്ങളായിരുന്നു...!

അവളെ തളർത്തിയ വാക്കുകൾ,
അറിയാതെ നീണ്ട ചുവടുകൾക്കു പിന്നിൽ
ഒറ്റയാക്കപ്പെട്ട കണക്കുകൾ, 
വഴികാട്ടാതെ പോയ മനസ്സുകൾ...!

മിഴിയിലേറ്റിയ ചിരിയും, കാഴ്ചയും
പകരം കൊടുത്തു 
കഥ പറയാൻ നിൽക്കുമ്പോൾ,
കഥയായ് മാറിയ ഒരുവളെ
ആരുമറിയാതെ പോകുന്നു...!

ഭൂമിയുടെ സങ്കടംപോലെ
തന്നെ കേൾക്കാൻ കാതുകളില്ലാതെ,
പച്ചപ്പിനകത്ത് 
മഴയിൽ
കുതിർന്നുകിടക്കുമൊരു പടക്കമായ്, അവൾ..!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക